sections
MORE

ഇത് അപകടകരം! കൊറോണവാക്സീൻ കൈയ്യടക്കി സമ്പന്നർ, പാവപ്പെട്ടവർ കാത്തിരിക്കേണ്ടിവരും

corona-vaccine-cargo
SHARE

ഒരുപക്ഷേ ലോകം ഒന്നടങ്കം, ഒരുമെയ്യായി ഒരു വിപത്തിനെ നേരിടുന്നത് കൊറോണ വൈറസിന്റെ കാര്യത്തിലായിരിക്കാം. വൈറസ് വ്യാപനത്തെത്തുടര്‍ന്ന് മനുഷ്യരാശി നിരവധി പുതിയ കാര്യങ്ങള്‍ പഠിക്കുകയും പ്രാവര്‍ത്തികമാക്കുയും ചെയ്തുവെന്നും കാണാം. പ്രത്യക്ഷത്തില്‍ ഒറ്റക്കെട്ടായി തന്നെയാണ് ലോകം ഈ വിപത്തിന് ശാശ്വതമായ ഒരു പ്രതിവിധി അന്വേഷിക്കുന്നതും. എന്നാല്‍, വിവിധ രാജ്യങ്ങള്‍ തങ്ങളുടെ ദേശത്തിന് ഗുണകരമായി വാക്‌സീന്‍ എത്തിച്ചുകിട്ടാന്‍ താത്പര്യപ്പെടുന്നു എന്നതാണ് ഇപ്പോള്‍ കാണുന്ന ഒരു കാഴ്ച. ഉദാഹരണത്തിന് അമേരിക്കയുടെ കാര്യമെടുക്കാം. ഒരു സമ്പന്ന രാഷ്ട്രമെന്ന നിലയില്‍ അവര്‍ ബില്ല്യന്‍ കണക്കിനു ഡോളറാണ് തങ്ങള്‍ക്ക് ആദ്യം വാക്‌സീന്‍ കിട്ടാനായി എറിയുന്നത്. കുറഞ്ഞത് ആറു വാക്‌സീന്‍ നിര്‍മാണ കമ്പനികളുമായാണ് അവര്‍ ഇന്നേവരെ കരാറിലേര്‍പ്പെട്ടിരിക്കുന്നത്. ഈ കമ്പനികളില്‍ നിന്നായി മൊത്തം 800 ദശലക്ഷം ഡോസാണ് അവര്‍ ഇതുവരെ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. ഇവ വ്യത്യസ്ത വാക്‌സീനുകള്‍ക്കു വേണ്ടിയാണ്. ഒരു അമേരിക്കക്കാരന് 2 ഡോസു വരെ ഇതിനകം ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു. കരാറിലേര്‍പ്പെട്ട ഏതെങ്കിലും കമ്പനി ഉണ്ടാക്കിവരുന്ന വാക്‌സീന്‍ വിജയകരമായെങ്കില്‍, അമേരിക്കയ്ക്ക് ആദ്യം നല്‍കിയ ശേഷം മാത്രമായിരിക്കും മറ്റുള്ളവര്‍ക്ക് നല്‍കാന്‍ പറ്റുക. എച്1എന്‍1 വാക്സീൻ പാവപ്പെട്ട രാജ്യങ്ങൾക്ക് ഏറ്റവും അവസാനമാണ് ലഭിച്ചിരുന്നത്.

ബ്രിട്ടനും ഒട്ടും മോശമല്ല. അവരും വിവിധ കമ്പനികളില്‍ നിന്നായി ഇതുവരെ 340 ദശലക്ഷം ഡോസുകള്‍ ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു. യൂറോപ്യന്‍ യൂണിയന്‍, മെക്‌സിക്കോ തുടങ്ങിയ പ്രദേശങ്ങളും ഇത്തരം നീക്കങ്ങള്‍ നടത്തിക്കഴിഞ്ഞു. കൊറോണാവൈറസിന് ഫലപ്രദമായ ഒരു വാക്‌സീന്‍ എന്നത് ഇപ്പോഴും ഒരു വിദൂര സ്വപ്‌നമാണെന്ന് ചില വിദഗ്ധര്‍ പറയുന്നു. അതായത് റഷ്യയുടെയും ചൈനയുടെയും വാക്‌സീന്‍ ഒഴിവാക്കിയാല്‍. ഈ രണ്ടു രാജ്യങ്ങളുടെ വാക്‌സീന്‍ എത്ര രാജ്യങ്ങള്‍ സ്വീകരിക്കുമെന്ന കാര്യം ഇനിയും തിട്ടപ്പെടുത്തിയിട്ടില്ലെന്നും പറയുന്നു. 

എന്നാല്‍, പല രാജ്യങ്ങളും നൂറുകണക്കിനു ഡോളറെറിഞ്ഞ് ഇല്ലാത്ത വാക്‌സീനു വേണ്ടി ഇപ്പോള്‍ നടത്തുന്ന പ്രീ-ബുക്കിങ് പുതിയ പല ചോദ്യങ്ങളുമുയര്‍ത്തുന്നു. വാക്‌സീന്‍ പല രാജ്യങ്ങളിലുമെത്താന്‍ വൈകില്ലെ? വാക്‌സീന്‍ വന്നാല്‍ അതിന്റെ വില അവികസിത രാജ്യങ്ങള്‍ക്കു താങ്ങാന്‍ പറ്റുമോ തുടങ്ങിയവയൊക്കെ അതില്‍ പെടും. പുതിയതായി ഉടലെടുത്ത ഈ പ്രശ്‌നങ്ങളെ വിശേഷിപ്പിക്കുന്ന പദാവലിയാണ് വാക്‌സീന്‍ ദേശീയത എന്നത്.

ഇതെന്തുകൊണ്ടാണ് ഉല്‍കണ്ഠയുണര്‍ത്തുന്നത്? കാശുകാരായ രാഷ്ട്രങ്ങള്‍ നടത്തിയിരിക്കുന്ന പ്രീ-ബുക്കിങ് മൂലം ലോകത്തിന്റെ വലിയൊരു വിഭാഗം ജനതയ്ക്കും വാക്‌സീന്‍ ലഭിക്കുന്നതു വൈകുമെന്നതു തന്നെ ഒരു കാര്യമാണ്. വിജയിക്കുമോ എന്നുറപ്പില്ലാത്ത ഒരു വാക്‌സീനു വേണ്ടി നൂറുകണക്കിനു ഡോളര്‍ എറിഞ്ഞുകളയാന്‍ സാധ്യമല്ലാത്ത രാജ്യങ്ങള്‍ക്ക് ഇതു പ്രതിസന്ധി സൃഷ്ടിച്ചേക്കും. ഒരേ സമയത്ത് ഉണ്ടാക്കാവുന്ന വാക്‌സീന്‍ ഡോസുകളുടെ എണ്ണത്തിന് പരിമിതിയുണ്ട്. പാവപ്പെട്ട രാജ്യങ്ങള്‍ക്ക് മാസങ്ങളോ എന്തിന് വര്‍ഷങ്ങളോ വാക്‌സീനായി കാത്തിരിക്കേണ്ടി വന്നേക്കാം എന്നതാണ് പ്രശ്‌നം. കാശെറിഞ്ഞ രാജ്യങ്ങള്‍ക്ക് കരാര്‍ പ്രകാരമുള്ള ഡോസുകള്‍ എത്തിച്ചുകൊടുത്ത ശേഷമെ വാക്‌സീന്‍ നിര്‍മാണ കമ്പനികള്‍ക്ക് മറ്റുള്ളവരുടെ കാര്യം പരിഗണക്കാനൊക്കൂ.

പരീക്ഷിക്കപ്പെടുന്നതില്‍ എല്ലാ വാക്‌സീനുകളും വിജിയിക്കില്ല. വിജയിക്കുന്നവയ്ക്ക് വന്‍ ഡിമാന്‍ഡ് ആയിരിക്കുകയും ചെയ്യും. കമ്പനികളുമായി ഏര്‍പ്പെട്ടിരിക്കുന്ന കരാറുകളില്‍ വികസിത രാജ്യങ്ങള്‍ തങ്ങള്‍ക്ക് വേണ്ടത്ര തന്ന ശേഷമെ മറ്റുള്ള രാജ്യങ്ങള്‍ക്ക് നല്‍കാവൂ എന്ന ഉപവാക്യവും ചേര്‍ത്തിരിക്കും. ഫലപ്രദമായ ഒരു വാക്‌സീന്‍ വികസിപ്പിക്കാന്‍ സാധിച്ചാല്‍ അത് ആദ്യം ലഭിക്കേണ്ടത് മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍, മുതിര്‍ന്നവര്‍, രോഗികള്‍, ഗര്‍ഭിണികള്‍ തുടങ്ങി വൈറസ് ബാധിച്ചാല്‍ ജീവന്‍ അപകടത്തിലാകാന്‍ സാധ്യതയുള്ളവര്‍ക്കൊക്കെ ആയിരിക്കണം എന്ന കാര്യത്തില്‍ ലോകമെമ്പാടുമുള്ള വിദഗ്ധര്‍ക്ക് സംശയമില്ല. എന്നാല്‍, പ്രായോഗിക തലത്തില്‍ അതു നടപ്പാക്കപ്പെടില്ല എന്നാണ് വാക്‌സീന്‍ ദേശീയത മൂലം സംഭവിക്കുന്ന പ്രധാന പ്രശ്‌നം.

∙ വാക്‌സീന്‍ മസിലുപെരുപ്പിക്കല്‍

സ്വന്തം രാജ്യത്തെ പൗരന്മാരുടെ മുന്നിലും, രാജ്യാന്തര തലത്തിലും തങ്ങള്‍ വലിയവരാണെന്നു വരുത്തിത്തീര്‍ക്കാന്‍ വേണ്ടി ചില രാജ്യങ്ങള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നു. തങ്ങളുടെ ശാസ്ത്രജ്ഞരുടെ മികവ് കണ്ടോ എന്നു പറയിക്കുക എന്ന ലക്ഷ്യം ഇതിനുണ്ട്. ചൈനയുടെയും റഷ്യയുടെയും വാക്‌സീന്റെ കാര്യത്തില്‍ ഈ അഭിപ്രായം പറയുന്നവരുണ്ട്. വേണ്ടത്ര ട്രയലുകള്‍ പോലും നടത്താതെ വാക്‌സീന്‍ വിജയകരമാണെന്നു വിളിച്ചുപറയുന്നത് മറ്റെന്താണ് കാണിച്ചുതരുന്നതെന്നാണ് അവര്‍ ചോദിക്കുന്നത്. ഇതില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളും അടങ്ങും.

∙ ലഭ്യത പ്രശശ്‌നമാകുമോ?

ലഭ്യതക്കുറവും വിലക്കൂടുതലും പ്രശ്‌നമാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ഇതിനൊരു ഉദാഹരണമാണ് 2009ല്‍ പൊട്ടിപ്പുറപ്പെട്ട എച്1എന്‍1 അഥവാ പന്നിപ്പനി. വികസിത രാജ്യങ്ങള്‍ വാക്‌സിന്‍ പ്രീ-ബുക്കിങിലൂടെ വാങ്ങിക്കൂട്ടി. തുടര്‍ന്ന് ആഫ്രിക്കയിലേയും മറ്റും രോഗബാധിത പ്രദേശങ്ങള്‍ക്ക് മാസങ്ങളോളം വാക്‌സീന്‍ ലഭിക്കാതിരുന്നു. അവസാനം തങ്ങള്‍ വാങ്ങിയതില്‍ 10 ശതമാനം വിട്ടുനല്‍കാമെന്നു പറഞ്ഞാണ് വികസിത രാജ്യങ്ങള്‍ പ്രശ്‌നം പരിഹരിച്ചത്. എന്നാല്‍, തങ്ങള്‍ക്ക് വാക്‌സീന്റെ ആവശ്യം വേണ്ടിവരില്ല എന്നുറപ്പിക്കുന്നതു വരെ അവരതു പിടിച്ചുവച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതുപോലെ എയ്ഡ്‌സിനുള്ള ആന്റീ-റിട്രോവൈറല്‍ വാക്‌സീനുകള്‍ ആഫ്രിക്കയിലെത്താന്‍ വര്‍ഷങ്ങള്‍ വൈകിയതും സമാനമായ ഒരു സന്ദര്‍ഭമാണ്. ആഫ്രിക്കയിലായിരുന്നു ഏറ്റവുമധികം എയ്ഡ്‌സ് രോഗികള്‍ ഉണ്ടായിരുന്നതെങ്കിലും അവിടെ വാക്‌സിനെത്താന്‍ വൈകി.

∙ എന്താണ് പ്രിതവിധി?

എനിക്കാദ്യം എന്ന വാദമുയര്‍ത്തി പല വികസിത രാജ്യങ്ങളും വാക്‌സീനുകള്‍ സ്വന്തമാക്കാന്‍ നില്‍ക്കുന്നു. ഇവിടെയാണ് ലോകാരോഗ്യ സംഘടന പോലെയുള്ള പ്രസ്ഥാനങ്ങള്‍ ഇടപെടേണ്ടത്. എല്ലാ രാജ്യങ്ങള്‍ക്കും വാക്‌സീന്‍ കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയായിരിക്കും അവരുടെ ചുമതല. അവര്‍ തുടങ്ങിയ കോവാക്‌സ് ഫെസിലിറ്റിയില്‍ (COVAX facility) ചേരാന്‍ രാജ്യങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. ഫണ്ട് സ്വരൂപിച്ച് അമേരിക്കയും മറ്റും ചെയ്യുന്ന രീതിയില്‍ വാക്‌സീന്‍ നിര്‍മാണമാണ്, കമ്പനികളുമായി കരാറിലേര്‍പ്പെടുകായണ് കോവാക്‌സും ചെയ്യുന്നത്. ഇതിലൂടെ വാക്‌സീന്‍ വിജയിക്കുകയാണെങ്കില്‍ വാങ്ങാന്‍ കഴിവില്ലാത്ത വിവിധ രാജ്യങ്ങള്‍ക്ക് അവ എത്തിച്ചുകൊടുക്കാന്‍ അവര്‍ക്ക് സാധിച്ചേക്കും. ഒരു പരിധിവരെ ഇതു വജയിക്കുമെങ്കിലും വികസിത രാജ്യങ്ങളുടെ എനിക്കാദ്യം മുറവിളി മറ്റുള്ളവര്‍ക്ക് ഭീഷണിയായേക്കാം.

English Summary: Why vaccine nationality is going to be a threat?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA