ADVERTISEMENT

ഐഫോണുകള്‍ക്കു മുൻപും സ്മാര്‍ട് ഫോണുകളുണ്ടായിരുന്നു. ഇവയക്ക് നിരവധി കുറവുകളുണ്ടായിരുന്നു. ഈ സങ്കല്‍പ്പത്തെ ഉടച്ചുവാര്‍ക്കുക എന്ന ചരിത്ര ദൗദ്യമാണ് ആദ്യ ഐഫോണ്‍ നിര്‍വഹിച്ചത്. ഇന്നുളള മറ്റു സ്മാര്‍ട് ഫോണുകളെ വേണമെങ്കില്‍ ഐഫോണ്‍ ക്ലോണുകളെന്നും വിളിക്കാം. എന്നാല്‍, ഐഫോണടക്കം എല്ലാം കുട്ടിക്കളിയായി തള്ളിക്കളയാവുന്ന അവസ്ഥയിലേക്ക് എത്താനുളള ഒരു വാതിലാകാം ഇന്നു തുറക്കുക - മസ്തിഷ്‌ക ശസ്ത്രക്രീയയുടെ ഐഫോണ്‍ നിമിഷം. മനുഷ്യന്റെ ഭാവി നിര്‍ണയിക്കാന്‍ കഴിവുള്ള ഒരു സാങ്കേതികവിദ്യയായിരിക്കാം ഇന്ന് അനാവരണം ചെയ്യപ്പെടാന്‍ പോകുന്നത്. ഇത് അവതരിപ്പിക്കുന്നത് ലോകത്തെ നാലാമത്തെ ധനികനായ ഇലോണ്‍ മസ്‌കിന്റെ കീഴിലുള്ള ന്യൂറാലിങ്ക് ആണ്. മസ്‌കിന്റെ പ്രസ്താവനയ്ക്കായി ശാസ്ത്രലോകത്തിനൊപ്പം, മാനവകുലം തന്നെ ശ്വാസമടക്കിപ്പിടിച്ചിരിക്കുകയാണ്. (ആരെങ്കിലും 1999ല്‍ ഇറങ്ങിയ ദി മെട്രിക്‌സ് എന്ന സയന്‍സ് ഫിക്ഷന്‍ സിനിമ കാണാത്തവരായുണ്ടെങ്കില്‍ അതു കാണുന്നത് ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കും. വെറും കഥയാണത് എങ്കിലും അത്തരമൊരു കാലത്തേക്കുളള ആദ്യ ചുവടുവയ്പ്പായിരിക്കാം ഇതെന്ന് ഒഴുക്കനായി പറയാം.)

 

ന്യൂറാലിങ്കിന്റെ മനുഷ്യരുടെ മേലുള്ള പരീക്ഷണം ഈ വര്‍ഷം തുടങ്ങുമെന്ന പ്രഖ്യാപനം ഇന്നുണ്ടാകുമെന്നു കരുതുന്നു. ന്യൂറോണ്‍ അവതരണത്തിന്റെ ഒരു തത്സമയ പ്രദര്‍ശനം ഇന്നുണ്ടാകുമെന്ന് മസ്‌ക് പ്രഖ്യാപിച്ചിട്ടണ്ട്. ഇതാണ് മസ്തിഷ്‌ക ശസ്ത്രക്രീയയുടെ ഐഫോണ്‍ നിമിഷമായി ശാത്രലോകം കരുതുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ നിര്‍മിത ബുദ്ധിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുക എന്ന ഒരെയൊരു ലക്ഷ്യമാണ് ന്യൂറാലിങ്കിനുള്ളതെന്ന് മസ്‌ക് മുൻപെ പറഞ്ഞിട്ടുള്ളതും ഓര്‍ക്കണം. ന്യൂറാലിങ്ക് എന്നത് ഒരു ബ്രെയിന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്‌സാണ് അഥവാ ബിസിഐ ആണ്. തലച്ചോറില്‍ ഇതു പിടിപ്പിക്കാനുള്ള ശസ്ത്രക്രീയ നടത്തുക റോബോട്ടുകളായിരിക്കും. 

 

കംപ്യൂട്ടറുകൾ നമ്മുടെ തലച്ചോറുമായി നേരിട്ടു ബന്ധപ്പെടുന്ന ഒന്നായിരിക്കും ന്യൂറാലിങ്ക്. തലച്ചോറിലേക്ക് ശരിക്കൊരു ഒരു കടന്നുകയറ്റമായിരിക്കും എന്നതാണ് ഇത് ഒരേ സമയം ഉദ്വേഗവും, ഭീതിയും, ആവേശവും ജനിപ്പിക്കുന്നത്. തലച്ചോറിനുള്ളിലാണ് ഇതു പിടിപ്പിക്കുക. നേര്‍ത്ത വയറുകള്‍ തലച്ചോറിനുള്ളില്‍ വയ്ക്കും. മനുഷ്യ മനസിന്റെ പല പരിമിതികളെയും മറികടക്കാന്‍ ഇതിലൂടെ സാധിച്ചേക്കും. എന്നാല്‍, പുറത്തു നിന്നുള്ള ഒരു ശക്തിക്ക് നിങ്ങളുടെ തലച്ചോറിനെ നിയന്ത്രിക്കാനുമായേക്കും.

 

തങ്ങള്‍ നേര്‍ത്തതും വളയ്ക്കാവുന്നതുമായ ഇലക്ട്രോഡ് ത്രെഡുകള്‍ വികസിപ്പിച്ചകഴിഞ്ഞതായി ഗവേഷര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തിലുള്ള 96 ത്രെഡുകളായിരിക്കും തലച്ചോറില്‍ പിടിപ്പിക്കുക. അതി സൂക്ഷ്മമായി തന്നെയായിരിക്കും ഇതു ചെയ്യുക. ഒരു യുഎസ്ബി-സി കേബിളായിരിക്കും ഡേറ്റയ്ക്കുളള ബാന്‍ഡ്‌വിഡ്ത് നിശ്ചയിക്കുക. അതെ, ന്യൂറാലിങ്ക് അക്ഷരാര്‍ഥത്തില്‍ ഒരു യുഎസ്ബി-സി കോര്‍ഡ് തലച്ചോറില്‍ പിടിപ്പിക്കാന്‍ പോകുന്നു. എന്നാല്‍, ഒരു ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരു രാത്രിയലെ ഉറക്കം മുഴുവന്‍ 30 മിനിറ്റിനുള്ളില്‍ നടത്തിയേക്കാമെന്നൊന്നും ഇപ്പോള്‍ ആവേശംകൊള്ളേണ്ട, കാരണം അത്തരമൊരു കണക്ടിവിറ്റിയല്ല ന്യൂറാലിങ്ക് കൊണ്ടുവരുന്നത്. ഇത്തരം വിശദാംശങ്ങള്‍ ഇനിയും വെളിപ്പെടാനിരിക്കുന്നതെയുള്ളു. പുറത്തുള്ള ഒരു വെയറബിൾ ഉപകരണവുമായി ബന്ധിപ്പിക്കാനായിരിക്കാം യുഎസ്ബി-സി ഉപയോഗിക്കുന്നതെന്നു കരുതുന്നു. ഇവയിലൂടെയായിരിക്കും സിഗ്നലുകള്‍ തുടക്കത്തില്‍ പങ്കുവയ്ക്കുക. എന്നാല്‍, ഇത് മസ്‌കിനെ പോലെയൊരു മസ്തിഷ്‌കത്തില്‍ വിരിഞ്ഞ ആശയമായതിനാല്‍ ആര്‍ക്കും ഒന്നും പറയാനൊക്കില്ല.

 

എന്നാല്‍, ഇത്തരമൊരു ഉപകരണം മനുഷ്യരിൽ ഘടിപ്പിക്കാന്‍ രാജ്യങ്ങളും മറ്റും സമ്മതിക്കുമോ? അതിനാണ് മസ്‌ക് വളഞ്ഞ വഴി സ്വീകരിക്കുന്നത്. ഇതൊരു മെഡിക്കല്‍ ഉപകരണമായാണ് ആദ്യം അവതരപ്പിക്കുക. മറ്റു പല ബിസിഐ ഉപകരണങ്ങളെയും പോലെയായിരിക്കും ഇതും. ഇവ സാധാരണഗതിയില്‍ തലയോട്ടിക്കുള്ളില്‍ ഉദ്വീപനം ( intracranial stimulation) നടത്താനുളള ഉപകരണങ്ങളാണ്. ചികിത്സയ്ക്കാണ് ഇവ ഉപയോഗിക്കുക. തലച്ചോറിലും നാഡീവ്യൂഹത്തിലുമുള്ള പല പ്രശ്‌നങ്ങളും ചില മാനസികാവസ്ഥകളും പരിഹരിക്കാനുള്ള ഒരു ഉപകരണമായാണ് ഇത് ആദ്യം അവതരിപ്പിക്കപ്പെടുക. ഇത് സ്‌ട്രോക്കുകളും അല്‍ഷൈമേഴ്‌സ് രോഗവും മറ്റും ഭേദപ്പെടുത്തുമെന്നൊക്കെയുള്ള അവകാശവാദം മസ്‌ക് ഉയര്‍ത്തിട്ടുണ്ട്. ഓട്ടിസ്റ്റിക് സ്‌പെട്രം പ്രശ്‌നവും പരിഹരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടെങ്കിലും അത് നടക്കാത്ത കാര്യമാണെന്നാണ് ചില ഗവേഷകര്‍ പറയുന്നത്.

 

∙ ഇതൊക്കെ നടക്കുമോ?

 

neuralink-presentation-elon-musk

വെറും വീരവാദം മുഴക്കലും മസ്‌കിന്റെ സ്വഭാവത്തിന്റെ ഭാഗമാണ്. ഭാവിയുടെ സഞ്ചാര രീതിയെന്നു പറഞ്ഞ് അവതരിപ്പിച്ച തുരങ്ക പദ്ധതി കാര്യമായ മുന്നേറ്റമുണ്ടാക്കാതെ നില്‍ക്കുന്നു. 2020ല്‍ 10 ലക്ഷം സെല്‍ഫ് ഡ്രൈവിങ് ടാക്‌സികള്‍ ഓടുമെന്നും അദ്ദേഹം നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ന്യൂറാലിങ്ക് അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്. മനുഷ്യകുലത്തിന്റെ ശേഷിക്കുറവുകളെ സാങ്കേതികവിദ്യയുമായി ബന്ധപ്പെടുത്തുക വഴി പരിഹരിക്കുന്ന ട്രാന്‍സ്ഹ്യൂമനിസത്തിന്റെ കടന്നുവരവാണ് നമ്മള്‍ കാണുന്നതെന്നാണ് ചില ഗവേഷകര്‍ പറയുന്നത്.

 

∙ മെഡിക്കല്‍ രംഗത്തെ ചില സാധ്യതകള്‍

 

ഒരു ഡേക്ടര്‍ വീട്ടിലെത്തി രോഗിയെ പരിശോധിക്കുന്നതുപോലെ, വാഹന മെക്കാനിക്കുകള്‍ വണ്ടിയുടെ പ്രശ്‌നങ്ങള്‍ പഠിച്ചിരുന്ന കാലം അധികം മുൻപല്ല. വാഹനങ്ങള്‍ പുറപ്പെടുവിക്കുന്ന ശബ്ദങ്ങള്‍ക്കു കാതോര്‍ത്തും അവ ഓടിച്ചു നോക്കിയും മറ്റും അവയുടെ പ്രശ്നം എന്തായിരിക്കുമെന്ന് അനുമാനിച്ച ശേഷം അവ തുറന്നു നോക്കി പരിശോധക്കുന്ന രീതിയാണ് കുറച്ചു വര്‍ഷം മുൻപ് വരെ തുടര്‍ന്നുവന്നത്. എന്നാല്‍, വാഹനങ്ങളിലും ബിസിഐ പോലെയുള്ള സാങ്കേതികവിദ്യ ഇണക്കി തുടങ്ങിയത് 1990കളിലാണ്. കംപ്യൂട്ടറുകളെത്തിയതോടെ, വാഹനങ്ങളുടെ നിരവധി പ്രശ്‌നങ്ങള്‍ അവയെ ഒരു വര്‍ക് സ്‌റ്റേഷനുമായി ബന്ധിപ്പിക്കുക വഴി മനസിലാക്കാമെന്ന നിലവന്നു. ഒരു ബിസിഐ മനുഷ്യനേയും ഈ വിധത്തില്‍ മാറ്റിയേക്കാം. ഉദാഹരണത്തിന് ഒരാള്‍ക്ക് പുറമേ കാണുന്നത് കഠിനമായ തലവേദനയാണ്. എന്നാല്‍, നിരവധി ടെസ്റ്റുകള്‍ക്കു ശേഷമായിരിക്കാം ശരിയായ രോഗമെന്താണെന്ന് ഇക്കാലത്തു കണ്ടുപിടിക്കാനാകുക. എന്നാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ തത്സമയം വിശകലനം ചെയ്തുകൊണ്ടിരുന്നാല്‍ എന്താണ് ശരിക്കുള്ള പ്രശ്‌നമെന്ന് അറിയാവുന്ന കാലം വന്നേക്കും.

 

ഇതെല്ലാം താത്പര്യജനകമാണെങ്കിലും, ഒന്നിലും അത്ര പുതുമയൊന്നുമില്ലെന്നും പറയുന്നു. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ഇത്തരം ഒരു ബിസിഐ നിര്‍മിച്ചെടുക്കാന്‍ പതിറ്റാണ്ടുകളായി ശ്രമിക്കുന്ന ശാസ്ത്രജ്ഞരുണ്ട്. എന്നാല്‍, മെഡിക്കല്‍ രംഗത്തിനു വെളിയില്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തിലേക്ക് നടത്തുന്ന ആദ്യ കടന്നകയറ്റമാണ് എന്നിടത്താണ് ന്യൂറാലിങ്കിന്റെ പ്രസക്തി. ഒരു സ്ഥാപനം ഇതിനായി ഇത്ര വിപുലമായ സജ്ജീകരണങ്ങളുമായി മുന്നോട്ടിറങ്ങുന്നതും ആദ്യമായാണ്. ഇതെല്ലാം ആവേശോജ്വലമായ കാര്യങ്ങളാണ്.

 

ഒരു സംശയവും വേണ്ട, ന്യൂറാലിങ്ക് എല്ലാവരെയും ലക്ഷ്യംവച്ചിറക്കുന്ന ഒരു ഉപകരണമാണ്. മെഡിക്കാല്‍ സാധ്യതയ്ക്കു വെളിയില്‍ നിങ്ങളുടെ മനസ് തുറക്കുക, ചിന്തയിലൂടെ ഒരു മെസേജ് സ്വീകരിക്കുകയും അയയ്ക്കുകയും ചെയ്യുക തുടങ്ങിയതിനൊക്കെ നിങ്ങളെ പ്രാപ്തമാക്കുക എന്നത് അദ്ദേഹത്തിന്റെ സ്വപ്‌നങ്ങളാണ്. ഇതൊക്കെ ഒരു പാടുകാലം കഴിഞ്ഞല്ലേ നടക്കൂ എന്നാണ് സംശയമെങ്കില്‍, ഇവയൊക്കെ കുറച്ചുകാലമായി സാധ്യമായിരുന്നു എന്നാണ് പറയുന്നത്. ന്യൂറാലിങ്ക് ചെയ്തിരിക്കുന്നത് തലച്ചോറിലും മറ്റും പിടിപ്പിക്കാനുതകുന്നത്ര വലുപ്പം കുറച്ച് ഉപകരണങ്ങള്‍ നിര്‍മിച്ചിരിക്കുന്നു എന്നതാണ്. സോഫ്റ്റ്‌വെയറും അതിന് അനുസരിച്ച് പരുവപ്പെടുത്തിയിരിക്കുന്നു. അതുപോലെ ഇതെല്ലം പിടിപ്പിക്കാനായി ഒരു ശസ്ത്രക്രീയ എങ്ങനെ നടത്തണമെന്ന കാര്യത്തിലും അവര്‍ കാര്യമായി ഗവേഷണം നടത്തിയിരിക്കുന്നു. തത്സമയം തലച്ചോറിന്റെ പ്രവര്‍ത്തനം നോക്കയിരിക്കുക വഴി മാനസിക പ്രശ്‌നങ്ങളും പരിഹരിക്കാനായേക്കുമെന്നും കരുതുന്നു. ശാരീരിക പ്രശ്‌നങ്ങള്‍ പോലെ മാനസിക പ്രശ്‌നങ്ങളും കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്യാവുന്ന ഒരു കാലവും വന്നണഞ്ഞേക്കാം. കാലുളുക്കിയെന്നു കരുതുക. അത് നമ്മള്‍ ഇപ്പോള്‍ ചികിത്സിക്കുന്നതുപോലെ ചെറിയ മാനസിക പ്രശ്‌നങ്ങളും എളുപ്പത്തില്‍ പരിഹരിക്കാനായേക്കും.

 

ഇതിന്റെ സാധ്യത അനന്തമാണ്. മറ്റൊന്ന് മനുഷ്യരും ഇനി വന്നേക്കാവുന്ന സൂപ്പര്‍ കംപ്യൂട്ടറുകളും തമ്മിലുള്ള ശക്തി വ്യത്യാസം കുറയ്ക്കാനും ഇത് ഉപകരിച്ചേക്കാം. മസ്‌കും മറ്റു ചില എഐ പ്രചാരകരും പറയുന്നത് ഭാവിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യരെ വളര്‍ത്തു മൃഗങ്ങളെ പോലെ ആയിരിക്കും കൊണ്ടുനടക്കുക എന്നാണ്. എന്നാല്‍, ഇതൊക്കെ വെറും ശാസ്ത്ര ഫിക്ഷനല്ലെ എന്നു പറഞ്ഞ് തള്ളക്കളയാനാണ് ഭാവമെങ്കില്‍ നില്‍ക്കൂ - നിങ്ങള്‍ ഇപ്പോള്‍ത്തന്നെ ഒരു മനുഷ്യ-എഐ സങ്കരമാണ്. എല്ലാക്കാര്യത്തിനും ആപ്പുകളെ ആശ്രയിക്കുന്ന ആളല്ലെ നിങ്ങള്‍? നിങ്ങള്‍ എപ്പോള്‍ എഴുന്നേല്‍ക്കണമെന്നും എന്തു വായിക്കണമെന്നും എന്ത് ഇമെയിലാണ് വായിക്കേണ്ടതെന്നും വിഷമംപിടിട്ട സ്‌പെല്ലിങ് എങ്ങനെയാണ് എഴുതേണ്ടതെന്നു പറഞ്ഞു തരാനും യാത്രയില്‍ നിങ്ങളുടെ വഴി പറഞ്ഞു തരാനുമെല്ലാം കംപ്യൂട്ടറുകളെ ആശ്രയിക്കുന്നയാളാണ് അല്ലെ? ഇങ്ങനെ കിട്ടുന്ന മിക്ക നിര്‍ദ്ദേശങ്ങളും കണ്ണുംപൂട്ടി അനുസരിക്കാനും നിങ്ങള്‍ ശീലിച്ചു കഴിഞ്ഞിരിക്കുന്നു. ശരിയല്ലെ? ഇവയെല്ലാം നിയന്ത്രിക്കുന്നത് മെഷീന്‍ ലേണിങ് അല്‍ഗോറിതങ്ങളാണ്. നിങ്ങളുടെ വീട്ടിലും ഓഫിസിലുമുള്ള എല്ലാത്തിനെയും മനസ് മാത്രമുപയോഗിച്ച് നിയന്ത്രിക്കുന്ന ഒരു കാലത്തെക്കുറിച്ചു ചിന്തിക്കൂ. നിങ്ങള്‍ക്ക് മാനസികാസ്വാസ്ഥ്യങ്ങള്‍ പാടെ ഇല്ലാത്ത ഒരു കാലവും വരാം. എന്നാല്‍, നിങ്ങളുടെ സ്വകാര്യത എന്ന സങ്കല്‍പ്പം വേണ്ടെന്നു വയ്‌ക്കേണ്ടതായും വരും.

 

ഈ പ്രവചനങ്ങള്‍ ഇന്നു തന്നെ ശരിയാകുമെന്നല്ല പറയുന്നത്. കാലക്രമത്തിലായിരിക്കും ഇത്തരം കാര്യങ്ങള്‍ വരിക. എന്നാല്‍, ഇതിനെ വളരെ ഭീതിയോടെ കാണുന്നവുരും ഉണ്ട്. ഏകദേശം 200 കൊല്ലമാണ് മനുഷ്യന്‍ ഭൂമിയെ കുഴിക്കാനും ഗണ്യമായ തോതിൽ നിർമാണപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനും തുടങ്ങിയിട്ട്. ഭൂമിയുടെ കാര്യം ഒരു വഴിക്കാക്കി. ഇനി മനസിലേക്കു കയറിപ്പിടിക്കുകയാണ്. അതു നശിക്കാന്‍ അത്ര കാലം പോലും എടുത്തേക്കില്ലെന്നു പേടിക്കുന്നവരും ധാരാളമായുണ്ട്.

 

English Summary: Will the world turn upside down today? Momentous announcement expected today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com