ADVERTISEMENT

മനുഷ്യ വംശപരമ്പരയില്‍ പൂര്‍വ്വിക വിഭാഗങ്ങള്‍ പലപ്പോഴായി പരസ്പരം ബന്ധപ്പെട്ടിട്ടുണ്ട്. ഇതേ തുടര്‍ന്ന് കൈമാറ്റം ചെയ്യപ്പെട്ട ജീനുകള്‍ നിരവധി തലമുറകള്‍ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഏതാണ്ട് മൂന്ന് ലക്ഷം വര്‍ഷങ്ങള്‍ക്ക് മുൻപ് ഇത്തരത്തില്‍ നടന്ന കൂടിച്ചേരലിലൂടെ ഒരു അജ്ഞാത പൂര്‍വ്വിക വംശത്തിന്റെ ജനിതക അവശേഷിപ്പിക്കുകള്‍ ആധുനിക മനുഷ്യരില്‍ ഇപ്പോഴുമുണ്ടെന്നാണ് അമേരിക്കന്‍ ഗവേഷകരുടെ കണ്ടെത്തല്‍.

 

പ്രത്യേകമായി തയാറാക്കിയ അല്‍ഗോരിതത്തിന്റെ സഹായത്തിലാണ് കോള്‍ഡ് സ്പ്രിങ് ഹാര്‍ബര്‍ ലബോറട്ടറിയിലെ ബയോളജിസ്റ്റ് ആദം സീപെലും സംഘവും ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. മറ്റു ജീവിവര്‍ഗങ്ങളില്‍ നിന്നും ഉപവിഭാഗങ്ങളില്‍ നിന്നുമുള്ള ഡിഎന്‍എയിലെ ഭാഗങ്ങള്‍ തിരിച്ചറിയാന്‍ ഈ അല്‍ഗോരിതം അടിസ്ഥാനമാക്കി നിര്‍മിച്ച പുതിയ സോപ്റ്റ്‌ഫെയറിനാകും. രണ്ട് നിയാഡര്‍താലുകളിലേയും ഒരു ഡെനിസോവന്റേയും രണ്ട് ആഫ്രിക്കന്‍ മനുഷ്യരുടേയും ജനിതക സാംപിളുകളാണ് പഠനവിധേയമാക്കിയത്.

 

പരിശോധനയില്‍ നിയാഡര്‍താല്‍ മനുഷ്യരുടെ ജനിതക രേഖയില്‍ ചെറിയൊരു ഭാഗം പൗരാണിക മനുഷ്യവിഭാഗത്തില്‍ നിന്നുള്ളതാണെന്ന് കണ്ടെത്തി. ഡെനിസോവന്‍ ജീനുകളില്‍ ഒരു ശതമാനം അജ്ഞാതരായ ഒരു പൂര്‍വ്വിക വംശത്തില്‍ നിന്നുള്ളതാണ്. ഈ പൂര്‍വ്വിക മനുഷ്യവംശത്തില്‍ നിന്നും കൈമാറ്റം ചെയ്യപ്പെട്ട ജീനുകളില്‍ ഏതാണ്ട് 15 ശതമാനത്തോളം ഇപ്പോഴും മനുഷ്യരിലുണ്ടെന്നതാണ് ഗവേഷകരുടെ പ്രധാന കണ്ടെത്തലുകളിലൊന്ന്. 

 

മനുഷ്യരുമായിബന്ധപ്പെട്ട ഏത് വംശത്തില്‍ നിന്നാണ് ഈ ജനിതക കൂടിച്ചേരലുണ്ടായതെന്ന് ഇപ്പോഴും വ്യക്തമല്ല. അതേസമയം, ഹോമോ ഇറക്ടസ് വിഭാഗക്കാരാണ് ഈ അജ്ഞാത സംഘമെന്നാണ് ഗവേഷകര്‍ ഊഹിക്കുന്നത്. ഏതാണ്ട് ഇരുപത് ലക്ഷം വര്‍ഷങ്ങള്‍ക്ക് മുൻപ് ഭൂമിയില്‍ ഉടലെടുത്ത മനുഷ്യവിഭാഗമാണ് ഹോമോ ഇറക്ടസ്. നിയാഡര്‍താലുകള്‍ക്ക് സമാന്തരമായി ഭൂമിയില്‍ ജീവിച്ചിരുന്ന വിഭാഗക്കാരാണ് ഡെനിസോവന്‍സ്. സൈബീരിയ മുതല്‍ തെക്കുകിഴക്കന്‍ ഏഷ്യയിലെ പ്രദേശങ്ങള്‍ വരെയായിരുന്നു ഇവരുണ്ടായിരുന്നതെന്നാണ് കരുതപ്പെടുന്നത്. സൈബീരിയയിലെ അള്‍ട്ടായി മലനിരകളിലെ ഡെനിസോവ ഗുഹയില്‍ നിന്നാണ് ഇവരുടെ അവശിഷ്ടങ്ങള്‍ ലഭിച്ചിട്ടുള്ളൂ. 

 

കാലാകാലങ്ങളില്‍ മനുഷ്യവംശത്തിലെ പല ഉപവിഭാഗങ്ങളും തമ്മില്‍ പരസ്പരം കൂടിച്ചേര്‍ന്ന് ജീവിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായുള്ള ജനിതക കൈമാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ഏതാണ്ട് അരലക്ഷം വര്‍ഷങ്ങള്‍ക്ക് മുൻപാണ് ആഫ്രിക്കയില്‍ നിന്നും ഒരു കൂട്ടം മനുഷ്യര്‍ യുറേഷ്യയിലേക്ക് കുടിയേറിയത്. അവിടെവെച്ച് നിയാഡര്‍താലുകളുമായി കൂടിച്ചേര്‍ന്ന ഇവര്‍ വഴി ജനിതക കൈമാറ്റങ്ങള്‍ നടന്നിട്ടുണ്ട്. 

 

മനുഷ്യര്‍ക്കിടയിലെ വംശപരമായ ജനിതക കൈമാറ്റങ്ങള്‍ മാത്രമല്ല മറ്റു ജീവിവര്‍ഗങ്ങള്‍ക്കിടയിലെ ജനിതക കൈമാറ്റങ്ങളും ഇതേ സാങ്കേതികവിദ്യ ഉപയോഗിച്ച് കണ്ടെത്താനാകും. ഉദാഹരണത്തിന് ചെന്നായ്ക്കളുടേയും നായ്ക്കളുടേയും പൂര്‍വ്വികര്‍ ഏത് കാലഘട്ടത്തില്‍ വെച്ചാണ് വേര്‍പിരിഞ്ഞു പോയതെന്ന് കണ്ടെത്താനാകും. PLOS ജനറ്റിക്‌സ് എന്ന ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

English Summary: DNA unknown human ancestor bred Denisovans exists people today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com