sections
MORE

ന്യൂറാലിങ്കിന്റെ രണ്ടാം തലമുറ അവതരിപ്പിച്ചു; മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഇനിയും സമയമെടുക്കും

neuralink-brain
SHARE

ലോക കോടീശ്വരൻ ഇലോൺ മസ്കിന്റെ പുതിയ പദ്ധതിയായ ന്യൂറാലിങ്കിന്റെ രണ്ടാം തലമുറ അവതരിപ്പിച്ചു. ജെട്രൂഡ് എന്നു പേരിട്ട ഒരു പന്നിയിലാണ് ന്യൂറാലിങ്ക് ബ്രെയിൻ കംപ്യൂട്ടര്‍ ഇന്റര്‍ഫെയസ് അഥവാ ബിസിഐ പ്രദര്‍ശിപ്പിച്ചത്. തലച്ചോറിനെ കംപ്യൂട്ടറുമായി നേരിട്ടു ബന്ധിപ്പിക്കുക എന്ന സുപ്രധാന സ്വപ്‌നം യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണ് മസ്‌കിന്റെ കമ്പനി. സ്റ്റേജിലെത്തിയ ജെട്രൂഡ് അവിടെ വച്ചിരുന്ന ഒരു പേനയ്ക്കു ചുറ്റും മണംപിടിച്ചു നടന്നപ്പോള്‍ അതിന്റെ തലച്ചോറില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ വയര്‍ലെസായി പ്രദര്‍ശിപ്പിക്കുകയാണ് മസ്‌ക് ഇത്തവണ ചെയ്തത്. നേരത്തെ ന്യൂറാലിങ്ക് പ്രദര്‍ശിപ്പിച്ചത് 2019 ലായിരുന്നു. അക്കാലത്തേക്കാള്‍ വലിയ പുരോഗതി അതിനു കൈവന്നു കഴിഞ്ഞു. 2019ല്‍ ന്യൂറാലിങ്ക് കണക്ടു ചെയ്ത ഒരു എലിയെ യുഎസ്ബി-സി പോര്‍ട്ടുമായി ബന്ധിപ്പിച്ചാണ് കാണിച്ചത്. എന്നാല്‍, ന്യൂറാലിങ്ക് ഇനിയും യാഥാര്‍ഥ്യമായിട്ടില്ല. എന്നാല്‍, മസ്‌കിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'ഈ പ്രതിബന്ധങ്ങളെ പൊട്ടിച്ചെറിഞ്ഞ ടെക്‌നോളജിയില്‍' കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താനുള്ള അനുമതി അമേരിക്കയുടെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അഥവാ എഫ്ഡിഎ നല്‍കിക്കഴിഞ്ഞു.

ആദ്യ തലമുറയിലെ ന്യൂറാലിങ്കിനെക്കാളും കൂടുതല്‍ ഒതുക്കമുള്ളതാണ് പുതിയ വേര്‍ഷനെന്ന് മസ്‌ക് പറഞ്ഞു. ഇത് തലയൊട്ടിയില്‍ ചെറിയൊരു പഴുതുണ്ടാക്കി പിടിപ്പിക്കാനാകും. തലയോട്ടിയില്‍ ഒരു ഫിറ്റ്ബിറ്റ് സ്മാര്‍ട് വാച്ച് വച്ചിരിക്കുന്നതു പോലെയാണിതെന്നാണ് മസ്‌ക് പറയുന്നത്. അത് തലച്ചോറിലെ കോശങ്ങളുമായി 1,024 നേര്‍ത്ത ഇലക്ട്രോഡുകള്‍ ഉപയോഗിച്ചാണ് ഇടപെടുന്നത്. തലച്ചോറിലെ കോശങ്ങളിലേക്ക് അവ ആഴ്ത്തി വയ്ക്കുകയാണ് ചെയ്തരിക്കുന്നത്. ന്യൂറാലിങ്കില്‍ നിന്ന് ഒരു ബ്ലൂടൂത്ത് ലിങ്ക് ഉപയോഗിച്ചാണ് പുറത്തുവച്ചിരിക്കുന്ന ഉപകരണവുമായി ഇപ്പോൾ സംവാദിക്കുന്നത്. മറ്റേതെങ്കിലും റേഡിയോ ടെക്‌നോളജിയിലേക്ക് മാറാനുള്ള ശ്രമത്തിലാണ് കമ്പനി. അങ്ങനെ ചെയ്യുമ്പോള്‍ മാത്രമെ ഡേറ്റാ ലിങ്കുകളുടെ എണ്ണം നാടകീയമായി ഉയര്‍ത്താനാകൂ.

പന്നിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം വയര്‍ലെസായി ബ്രോഡ്കാസ്റ്റു ചെയ്തു പ്രദര്‍ശിപ്പിച്ചുവെങ്കിലും, അതിന് മസ്‌കും മറ്റും പറഞ്ഞുവന്ന അതിമോഹംപിടിച്ച പ്രവര്‍ത്തനത്തിലേക്ക് എത്താന്‍ ഇനിയും കാലതാമസമെടുക്കുമെന്ന കാര്യവും വ്യക്തമാണ്. എന്തു തരം പ്രവര്‍ത്തനമാണ് തലച്ചോറില്‍ നടക്കുന്നതെന്നൊക്കെ കംപ്യൂട്ടറിന് മനസിലാക്കിയെടുക്കാവുന്ന കാലം എത്തിയിട്ടില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ആദ്യകാലത്ത് ന്യൂറാലിങ്ക് തലച്ചോറിനും നട്ടെല്ലിനും ക്ഷതമേറ്റവര്‍ക്കും ജന്മവൈകല്യമുള്ളവര്‍ക്കും മറ്റും സഹായകമായ പ്രവര്‍ത്തനം നടത്തുക എന്നതാണ് ഉദ്ദേശം. നട്ടെല്ലിനുണ്ടാകുന്ന ആഘാതം മൂലം അരക്കെട്ടിനു താഴെ തളര്‍വാതം ബാധിക്കുന്നവര്‍ക്ക് (paraplegics) സഹായകമാകുക എന്നതായിരിക്കും മനുഷ്യര്‍ക്ക് ആദ്യം നല്‍കുന്ന സേവനങ്ങളിലൊന്ന്. തലച്ചോറിനും നട്ടെല്ലിനുമേറ്റ ആഘാതംമൂലം ചലനശേഷി നഷ്ടപ്പെട്ടവരെ സാധാരണഗതിയിലെത്തിക്കാന്‍ ന്യൂറാലിങ്കിന് ഭാവിയില്‍ സാധിക്കുമെന്ന കാര്യത്തില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നാണ് മസ്‌ക് പറഞ്ഞിരിക്കുന്നത്.

എന്നാല്‍, മസ്‌ക് ന്യൂറാലിങ്കിലൂടെ നേടാന്‍ ശ്രമിക്കുന്നത് സമൂലമാറ്റമാണ്. ഉദാഹരണത്തിന് കണ്‍സെപ്ച്വല്‍ ടെലിപതി - രണ്ടുപേര്‍ക്കു തമ്മില്‍ ചിന്ത മാത്രം ഉപയോഗിച്ച് ഇലക്ട്രോണിക്കലി സംവാദിക്കുക എന്നതടക്കം അദ്ദേഹത്തിന്റെ മനസിലുണ്ട്. സംസാരിക്കുകയോ എഴുതുകയൊ ചെയ്യേണ്ട ആവശ്യമില്ല. കൂടാതെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സമ്മേളിപ്പിച്ച് ഇന്നുളളതിനേക്കാള്‍ വളരെ സമര്‍ഥരായ മനുഷ്യരെ സൃഷ്ടിക്കുക എന്ന ലക്ഷ്യവും അദ്ദേഹത്തിനുണ്ട്. ഓരോരുത്തര്‍ക്കും ഒരു ഡിജിറ്റല്‍ അവതാരം നല്‍കുക. അതിലൂടെ ഭൂമിയിലെ മനുഷ്യരുടെയെല്ലാം ഇച്ഛാശക്തി ഒരിടത്തേക്ക് കേന്ദ്രീകരിച്ച് ഭാവിയെ നിയന്ത്രിക്കുക തുടങ്ങിയ സ്വപ്‌നങ്ങളും മസ്‌ക് കാണുന്നുണ്ട്. ഭൂമിയിലെ മനുഷ്യരുടെ നിലനില്‍പ്പിന് അവര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ഒത്തുപ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണെന്നാണ് അദ്ദേഹം പറയുന്നത്.

∙ നിങ്ങളുടെ ഓര്‍മകളുടെ പകര്‍പ്പെടുത്തു സൂക്ഷിക്കാം

ഭാവി വളരെ വിചിത്രമായിരിക്കുമെന്നാണ് മസ്‌ക് പറയുന്നത്. ശാസ്ത്ര നോവലുകളില്‍ മാത്രം കണ്ടു ശീലിച്ച തരം കാര്യങ്ങള്‍ സാധ്യമാക്കും. നിങ്ങളുടെ ഓര്‍മകള്‍ സേവു ചെയ്തു വയ്ക്കാന്‍ സാധിക്കും. ഓര്‍മകളുടെ പകര്‍പ്പെടുത്തു സൂക്ഷിക്കാം. എപ്പോഴെങ്കിലും ആവശ്യമായി വന്നാല്‍ ഓര്‍മകള്‍ പുഃനസ്ഥാപിക്കുകയും ചെയ്യാമെന്നും മസ്‌ക് അവകാശപ്പെടുന്നു. നിങ്ങള്‍ക്ക് അവയെ ഒരു റോബോട്ടിന്റെ ശരീരത്തിലേക്ക് ഡൗണ്‍ലോഡ് ചെയ്യാനുള്ള സാധ്യതയും നിലനില്‍ക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ന്യൂറാലിങ്ക് കുറേ പേരുടെ ഉറക്കംകെടുത്തുമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് സംശയമൊന്നുമില്ല. ഇതൊക്കെ ബ്ലാക് മിറര്‍ ടിവി സീരിസില്‍ കണ്ടതുപോലെയുള്ള കാര്യങ്ങളായി ഇതൊക്കെ തോന്നാമെന്നും അദ്ദേഹം പറയുന്നു. ഇന്‍ഫ്രാറെഡ്, അള്‍ട്രാവൈലറ്റ്, എക്‌സ്-റെ തുടങ്ങിയവയുടെ ഡിജിറ്റല്‍ ഡേറ്റ ഉപയോഗിച്ച് മനുഷ്യര്‍ക്ക് സൂപ്പര്‍കാഴ്ച ലഭിക്കുന്ന കാലം വരാമെന്നും അദ്ദേഹം സ്വപ്‌നം കാണുന്നു.

ന്യൂറാലിങ്ക് മനുഷ്യരുടെ തലയോട്ടിക്കുളളില്‍ പിടിപ്പിക്കുക എന്നതാണ് മസ്‌കിന്റെ സ്വപ്നം. ഇതിനായി ഒരു റോബോട്ടിക്ക് ഇന്‍സ്‌റ്റാളറെയും കമ്പനി നിര്‍മിക്കുന്നുണ്ട്. ഒരു മുഴുവന്‍ സര്‍ജിക്കല്‍ ഇന്‍സ്റ്റാലേഷന്‍ നടത്താനുള്ള ശേഷിയായിരിക്കും അതിനുണ്ടാകുക. തലയോട്ടി തുറക്കുക, ഒരു ഭാഗമെടുത്തു നീക്കുക, നൂറുകണക്കിന് ത്രെഡ് ഇലക്ട്രോഡുകളും, അവയെ നിയന്ത്രിക്കുന്ന കംപ്യൂട്ടര്‍ ചിപ്പും പിടിപ്പിക്കുക, തുടര്‍ന്ന് ദ്വാരം അടയ്ക്കുക ഇവയെല്ലാം അതിന് ചെയ്യാനാകുമെന്നാണ് അവകാശവാദം. മുറിക്കപ്പെടുന്ന ഞരമ്പുകളില്‍ നിന്ന രക്തം വരാതിരിക്കാന്‍ കൃത്രിമോപായം നടത്തുക തുടങ്ങി നിരവധി കാര്യങ്ങള്‍ക്കും അതിന് ശേഷിയുണ്ടായിരിക്കുമെന്നും മസ്‌ക് അവകാശപ്പെടുന്നു.

neuralink-presentation-elon-musk

ആപ്പിള്‍ വാച്ച്, ഫിറ്റ്ബിറ്റ് തുടങ്ങിയ സ്മാര്‍ട് വാച്ചുകളെപ്പോലെ ഊഷ്മാവ് അളക്കാനും, മര്‍ദ്ദമളക്കാനും, ചലനങ്ങള്‍ രേഖപ്പെടുത്താനും ന്യൂറാലിങ്കിനും സാധിക്കും. ഇതിലൂടെ ഹൃദായാഘാതവും സ്‌ട്രോക്കും ഒഴിവാക്കാനാകുമെന്നും അദ്ദേഹം പറയുന്നു. തന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകാന്‍ ഇനിയും വളരെയധികം കടമ്പകള്‍ കടക്കാനുണ്ടെന്നും മസ്‌കും ന്യൂറാലിങ്കും പറയുന്നു. ഈ മേഖലയില്‍ ഇതുവരെ നടത്തിയിട്ടുള്ള പരീക്ഷണങ്ങള്‍ പരിഗണിച്ചാല്‍, ന്യൂറാലിങ്ക് നടത്തിയ പുരോഗതി അസൂയാവഹമാണെന്നും പറയുന്നു.

English Summary: Elon Musk shows Neuralink brain link working

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA