ADVERTISEMENT

കോവിഡാനന്തര ലോകത്താണ് നമ്മള്‍ മനുഷ്യര്‍ സമ്പര്‍ക്കവിലക്കിനെക്കുറിച്ചും സാമൂഹ്യ അകലത്തെക്കുറിച്ചും വലിയ തോതില്‍ അറിഞ്ഞത്. എന്നാല്‍ കോവിഡിന് മുൻപ് തന്നെ മറ്റു പലജീവജാലങ്ങളും വിജയകരമായി തന്നെ സാമൂഹ്യ അകലം പാലിക്കുകയും രോഗങ്ങളെ അകറ്റുകയും ചെയ്തിരുന്നു. മനുഷ്യന് സാമൂഹ്യ അകലത്തിന്റെ പാഠം പഠിക്കാനുള്ളത് മറ്റു ജീവജാലങ്ങളില്‍ നിന്നാണെന്നാണ് പലകാലങ്ങളില്‍ നടത്തിയ ഗവേഷണങ്ങള്‍ വിരല്‍ചൂണ്ടുന്നത്. 

 

പക്ഷികളും കുരങ്ങുവര്‍ഗങ്ങളും മീനുകളും തുടങ്ങി പ്രാണികള്‍ വരെ അസുഖം വരുമ്പോള്‍ സാമൂഹ്യ അകലം പാലിക്കാറുണ്ട്. ഉന്മേഷക്കുറവ്, വിശപ്പ് കുറവും തുടങ്ങി പല ലക്ഷണങ്ങളും കാണുമ്പോഴാണ് ഇവ അസുഖത്തെ തിരിച്ചറിയുന്നത്. കരീബിയന്‍ വിഷ ഒച്ചുകള്‍ തങ്ങളുടെ കൂട്ടത്തില്‍ ആരെയെങ്കിലും പകര്‍ച്ചവ്യാധി ബാധിച്ചുവെന്ന് തിരിച്ചറിയുന്നത് രോഗിയുടെ മൂത്രത്തില്‍ നിന്നുള്ള ഒരു പ്രത്യേകതരം രാസവസ്തുവിന്റെ സാന്നിധ്യം തിരിച്ചറിയുമ്പോഴാണ്. 

 

പാറകളിലോ പവിഴപ്പുറ്റുകളിലോ ഒക്കെയാണ് സാധാരണഗതിയില്‍ ഇവ കൂട്ടമായി പറ്റിപ്പിടിച്ചിരിക്കാറ്. പകര്‍ച്ചവ്യാധി സൂചന ലഭിക്കുന്നതോടെ മറ്റ് ആരോഗ്യമുള്ള ഒച്ചുകള്‍ നേരെ ജല ഉപരിതലത്തിലേക്ക് നീങ്ങും. താരതമ്യേനെ ശത്രുക്കള്‍ ആക്രമിക്കാനുള്ള സാധ്യത ഇത്തരം സാഹചര്യത്തില്‍ കൂടുതലാണ്. എങ്കില്‍ പോലും ഇത്തരത്തില്‍ സാമൂഹ്യ അകലം പാലിക്കുന്നതിലൂടെ കൂട്ടവംശഹത്യയില്‍ നിന്ന് ഈ ഒച്ചുകള്‍ രക്ഷപ്പെടുകയാണ് ചെയ്യുന്നതെന്ന് വിര്‍ജിനിയ പോളിടെക്‌നിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബയോളജിസ്റ്റായ ഡാന ഹൗലേ സയന്‍സ് മാഗസിനോട് പറയുന്നു. 

 

മൈന വര്‍ഗത്തില്‍ പെട്ട ചില പക്ഷികളും കൂട്ടത്തില്‍ ആര്‍ക്കെങ്കിലും അസുഖം വന്നാല്‍ അവരെ ഒഴിവാക്കാറുണ്ട്. 2013ല്‍ ബയോളജി ലറ്റേഴ്‌സില്‍ ഇത് സംബന്ധിച്ച് ഒരു പഠനം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചില മൈനകള്‍ക്ക് മയക്കം വരാനുള്ള കുത്തിവെപ്പ് നല്‍കിയായിരുന്നു പരീക്ഷണം. കൂട്ടത്തില്‍ ആരോഗ്യം കുറവുള്ള മൈനകള്‍ ഇത്തരത്തില്‍ തൂങ്ങിയിരിക്കുന്ന മൈനകളെ പൂര്‍ണമായും ഒഴിവാക്കി. അതേസമയം ആരോഗ്യമുള്ള ചില മൈനകള്‍ അത്രക്ക് വലിയ തോതില്‍ ഒഴിവാക്കിയില്ലെന്നും പഠനം പറയുന്നുണ്ട്.

 

നൈജീരിയയിലും മറ്റും കണ്ടുവരുന്ന വര്‍ണ്ണാഭമായ മുഖമുള്ള കുരങ്ങുകളായ മാന്‍ഡ്രില്ലുകള്‍ക്കിടയിലും അസുഖക്കാര്‍ സാമൂഹ്യ അകലം പാലിക്കാറുണ്ട്. എന്നാല്‍ ഈ കുരങ്ങുകള്‍ അസുഖം വന്നയാളെ ഒറ്റപ്പെടുത്തുകയല്ല ചെയ്യുക. മറിച്ച് അസുഖം ബാധിച്ചെന്ന് തിരിച്ചറിയുന്ന മാന്‍ഡ്രിലുകള്‍ സ്വയം മറ്റുള്ളവയുമായുള്ള സമ്പര്‍ക്കം കുറക്കുകയാണ് ചെയ്യുന്നത്. 

മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമൊന്നും രോഗാണുക്കളെ കാണാനാവില്ലെങ്കിലും അവര്‍ക്ക് രോഗത്തെക്കുറിച്ച് പല സൂചനകള്‍ ലഭിക്കാറുണ്ട്. രോഗം ഭേദമാകുന്ന മുറക്ക് പല ജീവികളുടേയും സമ്പര്‍ക്കവിലക്ക് അവസാനിക്കുകയും ചെയ്യും. 

രക്തംകുടിക്കുന്നയിനം വവ്വാലുകളും രോഗത്തിന്റെ അവസരത്തില്‍ കൂട്ടാളികളുമായി അകലം പാലിക്കാറുണ്ട്. എന്നാല്‍ ഇവ രോഗികളായ വവ്വാലുകള്‍ക്ക് ഭക്ഷണം എത്തിക്കാറുണ്ടെന്നും രോഗകാലത്തെ സാമൂഹ്യ അകലത്തിലൂടെ കൂട്ടത്തിലുള്ള കൂടുതല്‍ വവ്വാലുകള്‍ക്ക് രോഗം വരുന്നത് തടയാന്‍ സാധിക്കുന്നുവെന്നും ബയോളജിസ്റ്റ് ഡാന ഹൗലേ ഓര്‍മിപ്പിക്കുന്നുണ്ട്. ചിലയിനം ഉറുമ്പുകള്‍ അസുഖബാധിതരാണെന്ന് തിരിച്ചറിഞ്ഞാല്‍ സ്വയം ഉറുമ്പുകോളനികളില്‍ നിന്നും പുറത്തുവരാറുണ്ട്. ശരീരത്തില്‍ രോഗാണു ബാക്ടീരിയകള്‍ കടന്നുകൂടിയാല്‍ മറ്റുചില ചിതലുകളുടെ ശരീരത്തില്‍ ചില ഫംഗസുകള്‍ വളരുകയാണ് പതിവ്. ഇത് സഹജീവികളായ ചിതലുകള്‍ക്കുള്ള അപായസൂചനയാണ്. ഈ ഫംഗസുകളെ കാണുന്നതോടെ സഹജീവികളായ ചിതലുകള്‍ രോഗിയില്‍ നിന്നും അകലം പാലിക്കുകയും രക്ഷപ്പെടുകയും ചെയ്യുന്നു.

 

രോഗകാരികളായ ബാക്ടീരിയകളുമായി തേനീച്ചകള്‍ ബന്ധപ്പെട്ടാല്‍ അവയില്‍ നിന്നും ചില രാസവസ്തുക്കള്‍ പുറത്തുവരും. ഇത് തിരിച്ചറിയുന്ന തേനീച്ചകള്‍ രോഗിയായ തേനീച്ചയെ കൂട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്യും. മനുഷ്യരില്‍ വലിയൊരു പങ്കിനും സാമൂഹ്യ അകലം പാലിക്കുന്നത് പുതിയ കാര്യമാണെങ്കിലും അന്യ ജീവജാലങ്ങളില്‍ പലതിലും ഇതിന് പുതുമയില്ലെന്ന് മാത്രമല്ല അവ അതിന്റെ ഗുണഫലം നേരത്തെ തന്നെ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

 

English Summary: Animals Use Social Distancing to Avoid Disease

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com