ADVERTISEMENT

2050 ആകുമ്പോഴേക്കും കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യമാക്കുക എന്നതാണ് ബ്രിട്ടിഷ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇത് യാഥാര്‍ഥ്യമാക്കാനായി അന്തരീക്ഷത്തില്‍ നിന്നും നേരിട്ട് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വലിച്ചെടുക്കുന്ന സാങ്കേതികവിദ്യ ഉപയോഗിക്കാനൊരുങ്ങുകയാണ് ബോറിസ് ജോണ്‍സണ്‍ സര്‍ക്കാര്‍. ഇതിനായി അന്തരീക്ഷത്തില്‍ നിന്നും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് നേരിട്ട് വലിച്ചെടുക്കുന്ന ഡയറക്ട് എയര്‍ ക്യാപ്ചുര്‍ (DAC) മെഷീനുകള്‍ക്കായി 10 കോടി ഡോളര്‍ ചെലവിടണമെന്നാണ്  ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ പ്രധാന ഉപദേഷ്ടാവ് ഡൊമിനിക്ക് കുമ്മിങ്‌സ് അഭിപ്രായപ്പെടുന്നത്. 

 

എളുപ്പത്തില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാന്‍ സാധിക്കാത്ത ഗതാഗതം - വ്യോമയാന മേഖലകളിലായിരിക്കും ഇത്തരം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വലിച്ചെടുക്കുന്ന യന്ത്രങ്ങള്‍ സ്ഥാപിക്കുക. ചെലവും വലിയ തോതില്‍ ഊര്‍ജ്ജം ആവശ്യമാണെന്നതുമാണ് ഈ സാങ്കേതികവിദ്യയുടെ പ്രധാന പോരായ്മയായി വിമര്‍ശകര്‍ എടുത്തുകാണിക്കുന്നത്. 2050 ആകുമ്പോഴേക്കും കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യമാക്കുകയെന്ന ബ്രിട്ടന്റെ ലക്ഷ്യത്തിലേക്കുള്ള ഏറ്റവും ചെലവേറിയ മാര്‍ഗമായും ഇത് വിശേഷിപ്പിക്കപ്പെടുന്നു. വലിച്ചെടുക്കുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഭൂമിക്കടിയില്‍ സൂക്ഷിക്കുന്നതിന്റെ സുരക്ഷിതത്വത്തെക്കുറിച്ചും ആശങ്കകള്‍ ഉയരുന്നുണ്ട്. ഇത്തരത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് സൂക്ഷിക്കുന്നത് സമീപത്തെ ജലശ്രോതസുകളെ മലിനപ്പെടുത്തുമോ എന്നതാണ് പ്രധാന ആശങ്ക.

 

ഏതാണ്ട് എണ്‍പത് വര്‍ഷം പഴക്കമുണ്ട് ഈ സാങ്കേതികവിദ്യക്കെന്നതാണ് മറ്റൊരു കാര്യം. രണ്ടാം ലോകമഹായുദ്ധകാലത്ത് മുങ്ങിക്കപ്പലുകളിലെ വായു ശ്വാസയോഗ്യമാക്കുന്നതിന് ഈ സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നു. തുറസ്സായ പ്രദേശങ്ങളില്‍ നിരനിരയായി അടുക്കിവെച്ച കൂറ്റന്‍ ഫാനുകളിലൂടെ വായു കടത്തിവിട്ട് ഫില്‍റ്ററുകള്‍ ഉപയോഗിച്ച് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വലിച്ചെടുക്കുന്നതാണ് ഇപ്പോഴത്തെ പദ്ധതി. 

 

കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വലിച്ചെടുക്കാന്‍ സഹായിക്കുന്ന ഫില്‍റ്റര്‍ വസ്തുക്കളുടെ ശേഷി പൂര്‍ണമാകുമ്പോള്‍ ഫാനുകള്‍ പ്രവര്‍ത്തനം നിര്‍ത്തും. തുടര്‍ന്ന് ഈ യന്ത്രത്തിലെ ഊഷ്മാവ് 100 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്നതോടെ ഫില്‍റ്ററില്‍ നിന്നും ശേഖരിക്കുന്ന ഭാഗത്തേക്ക് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് എത്തുകയും ചെയ്യുന്നു. ഇത്തരത്തില്‍ ശേഖരിക്കുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഭൂമിക്കടിയില്‍ സൂക്ഷിക്കാന്‍ മാത്രമല്ല മറ്റു പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുകയും ചെയ്യാം. പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മാണം, കാര്‍ഷിക വിളകളുടെ വളര്‍ച്ചക്ക്, കാര്‍ബണേറ്റ് പാനീയങ്ങളുടെ നിര്‍മാണത്തിന് തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് ഇത് ഉപയോഗിക്കാമെന്നാണ് ഗവേഷകരുടെ വിശദീകരണം. 

 

ഒരു ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വലിച്ചെടുക്കാനായി ഏതാണ്ട് 500 പൗണ്ട് ചെലവു വരും. ലോകത്താകെ 15 ഡിഎസി പ്ലാന്റുകളാണ് നിലവിലുള്ളത്. ഇവ വഴി നിലവില്‍ 10,080 ഇംപീരിയല്‍ ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അന്തരീക്ഷത്തില്‍ നിന്നും പ്രതിവര്‍ഷം വലിച്ചെടുക്കുന്നതായും കണക്കാക്കപ്പെടുന്നു. ഇതിനായി ഏതാണ്ട് 47 കോടി രൂപയാണ് ചെലവുവരുന്നത്. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അന്തരീക്ഷത്തില്‍ നിന്നും നേരിട്ട് വലിച്ചെടുക്കുന്ന പ്ലാന്റുകള്‍ സ്ഥാപിക്കുന്നതില്‍ മുന്നിലുള്ളത് അമേരിക്കയാണ്. 2017ല്‍ സ്വിറ്റ്‌സര്‍ലൻഡിലാണ് ആദ്യത്തെ ഡിഎസി പ്ലാന്റ് സ്ഥാപിക്കപ്പെട്ടത്. 

 

ആഗോള താപനത്തിന് കാരണമാകുന്ന കാര്‍ബണ്‍ ബഹിര്‍ഗമനം 2050 ആകുമ്പോഴേക്കും പൂജ്യത്തിലെത്തിക്കുമെന്ന നിയമം കഴിഞ്ഞ വര്‍ഷമാണ് ബ്രിട്ടന്‍ പാസാക്കിയത്. ഇത് യാഥാര്‍ഥ്യമാകണമെങ്കില്‍ ബ്രിട്ടന് പ്രതിവര്‍ഷം 1000 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അന്തരീക്ഷ വായുവില്‍ നിന്നും നീക്കം ചെയ്യണം. മരങ്ങള്‍ വെക്കുകയോ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വലിച്ചെടുക്കുന്ന യന്ത്രങ്ങള്‍ സ്ഥാപിക്കുകയോ മലിനീകരണ ശ്രോതസുകള്‍ കുറക്കുകയോ ചെയ്യുകയെന്നതാണ് നിലവില്‍ ബ്രിട്ടന് മുന്നിലെ മാര്‍ഗങ്ങള്‍. എന്നാല്‍, ഇത്തരം കാര്‍ബണ്‍ വലിച്ചെടുക്കുന്ന യന്ത്രങ്ങള്‍ വ്യാപകമായാല്‍ അവക്ക് 2100 ആകുമ്പോഴേക്കും ആഗോളതലത്തിലുള്ള ഊര്‍ജ്ജ വിതരണത്തിന്റെ നാലിലൊന്നും ആവശ്യമായി വരുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

 

English Summary: Carbon emissions to net-zero by 2050

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com