sections
MORE

കോവിഡ് വ്യാപനം തടയാൻ ഖത്തറിനെ സഹായിച്ചത് മലയാളിയുടെ ടെക്നോളജി

qatar-app
SHARE

‘ഇഹ്തെറാസ്’ എന്ന ആപ് മൂലം ഖത്തറിൽ കോവിഡ് വ്യാപനം നിയന്ത്രിക്കാനായതിൽ മലയാളികൾക്കും ഏറെ അഭിമാനം. കോവിഡ് ബാധിതരുടെ സമ്പർക്ക വിവരം അറിയാനും പട്ടികയിലുള്ളവരെ കണ്ടെത്താനും ഖത്തർ ആരോഗ്യവകുപ്പ് ഉപയോഗിക്കുന്ന ഈ ആപ് വികസിപ്പിച്ചെടുത്തത് ഓർബിസ് സിസ്റ്റം കമ്പനി പ്രോജക്ട് ഡയറക്ടർ കൊല്ലം കൈതക്കുഴി സ്വദേശി ആൽബി ജോയ് ആണ്. സ്മാർട് ഫോണിൽ ‘ഇഹ്തെറാസ്’ ആപ് ഡൗൺ ലോഡ് ചെയ്ത് റജിസ്റ്റർ ചെയ്യുന്നതോടെ ആ വ്യക്തി പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാകും. 

ജിപിഎസ്, ബ്ലൂ ടൂത്ത് എന്നിവയിലൂടെയാണു പ്രവർത്തനം. ആരോഗ്യവാനായ വ്യക്തിയുടെ കളർ കോഡ് പച്ചയാണ്.കോവിഡ് പോസിറ്റീവ് ആണെങ്കിൽ ചുവപ്പ്. ക്വാറന്റീനിൽ കഴിയുന്നവർ മഞ്ഞ. അതേസമയം രോഗിയുമായി സമ്പർക്കത്തിലാവുകയോ പരിശോധനയ്ക്കു വിധേയരാകാതിരിക്കുകയോ ചെയ്യുന്നവർക്കു ചാരനിറം മൊബൈലിൽ തെളിയും. പരിശോധന നടത്തി കോവിഡാണെന്ന് ആശുപത്രികളിൽ തെളിയുന്ന മാത്രയിൽ മൊബൈലിലെ കളർ കോഡ് ചുവപ്പ് നിറമാകും. പരിസരത്ത് കോവിഡ് രോഗിയുണ്ടെങ്കിൽ മുന്നറിയിപ്പും നൽകും. വീടിനു വെളിയിൽ പോകുന്നവർ ആപ് ഉപയോഗിച്ചില്ലെങ്കിൽ പരമാവധി രണ്ടുലക്ഷം റിയാലോ മൂന്നുവർഷം തടവോ ശിക്ഷ ലഭിക്കും.

മേയ് 22ന് ആപ് നിർബന്ധമാക്കിയതിനു ശേഷം കോവിഡ് വ്യാപനം പത്തിലൊന്നായി കുറഞ്ഞു. പോസിറ്റീവ് ആയവരുമായി സമ്പർക്കത്തിലാകുന്നവരെ കണ്ടെത്തി ചികിത്സ നൽകുകയോ ക്വാറന്റീനിലാക്കുകയോ ചെയ്യുന്നതിന് ആപ്  സഹായിക്കുന്നു. ഇതാണ് രോഗവ്യാപനം കുറച്ചതും.

നാളെ പുനരാരംഭിക്കുന്ന പൊതുഗതാഗത സംവിധാനങ്ങളിൽ യാത്രാനുമതി നൽകുന്നത് ‘ഇഹ്തറാസ്’ ആപ്പിൽ പച്ച തെളിയുന്നവർക്കു മാത്രമാവും. ദേവാലയങ്ങൾ, സർക്കാർ ഓഫിസുകൾ തുടങ്ങി എല്ലായിടത്തും പ്രവേശനാനുമതിക്കു പച്ചനിറം നിർബന്ധമാണ്.ഖത്തറിൽ നിന്നുള്ള പ്രവാസി മലയാളികൾക്ക് നാട്ടിലേക്കു വിമാന യാത്രാനുമതി ലഭിക്കാനും ഇഹ്തെറാസ് മതിയെന്ന് കേരള സർക്കാർ തീരുമാനിച്ചതും ഏറെ അഭിമാനകരമായെന്ന് ആൽബി ജോയ് പറഞ്ഞു. ആപ് കേരളത്തിലും നടപ്പാക്കിയാൽ സമ്പർക്കത്തിലൂടെയുള്ള പകർച്ച തടയാനാകുമെന്നു ഖത്തറിൽ ഇഎൻടി സ്പെഷലിസ്റ്റായ ഡോ. മോഹൻ തോമസ് ചൂണ്ടിക്കാട്ടി. ഇതേക്കുറിച്ചു മുഖ്യമന്ത്രി ഉൾപ്പടെയുള്ളവരോട് അഭ്യർഥന നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.

English Summary: Malayali app for covid prevention in Qatar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA