ADVERTISEMENT

അമേരിക്കയില്‍ ഇത് തിരഞ്ഞെടുപ്പു വര്‍ഷമാണ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി വീണ്ടും മത്സരിക്കുന്നുണ്ട്. കൊറോണാവൈറസ് പ്രതിസന്ധി നേരിട്ടതടക്കമുള്ള പല പ്രശ്‌നങ്ങളും സജീവ തിരഞ്ഞെടുപ്പു വിഷയങ്ങളുമാണ്. തന്നെ കൊറോണാവൈറസിനെ പിടിച്ചുകെട്ടാനുള്ള വാക്‌സീന്‍ കണ്ടുപിടിച്ച രാജ്യത്തിന്റെ നേതാവാക്കി ഉയര്‍ത്തിക്കാട്ടി അത്തരം പ്രശ്‌നങ്ങളെല്ലാം മറികടക്കാമെന്നാണ് ട്രംപ് കരുതുന്നത്. ഈ വര്‍ഷം വാക്‌സീന്‍ വരുമെന്ന് അദ്ദേഹം പല തവണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അമേരിക്കയിലെ ശാസ്ത്ര സമൂഹം അത് അംഗീകിരിക്കില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. 

 

പക്ഷെ, പുതിയ വാര്‍ത്തകള്‍ പ്രകാരം, അമേരിക്കയില്‍ വാക്‌സീന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള അംഗീഗകാരം നല്‍കേണ്ട സ്ഥാപനമായ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അഥവാ എഫ്ഡിഎ ഇപ്പോള്‍ പറയുന്നത്, അടിയന്തര സാഹചര്യത്തില്‍ ഇപ്പോള്‍ വികസിപ്പിച്ചുവരുന്ന വാക്‌സീനുകള്‍ നല്‍കുന്ന കാര്യം പരിഗണനയിലാണ് എന്നാണ്. മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഫലമറിഞ്ഞ ശേഷം മാത്രമായിരിക്കും പ്രഖ്യാപനമെന്ന് പറഞ്ഞുവന്ന എഫ്ഡിഎ ആണ് ഇപ്പോള്‍ മലക്കംമറിഞ്ഞിരിക്കുന്നത്. മൂന്നാം ഘട്ട ട്രയലാണ് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതും വിശദമായി വാക്‌സീന്റെ ഗുണമേന്മ വിലയിരുത്തുന്നതും. മൂന്നാം ഘട്ടം പൂര്‍ത്തിയാകുന്നതിനു മുൻപ് അടിയന്തര ഘട്ടങ്ങളില്‍ വാക്‌സീന്‍ ഉപയോഗിക്കാമെന്ന പ്രഖ്യാപനം അമേരിക്കയില്‍ നിന്ന് പ്രതീക്ഷിക്കാമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍. ആ സാധ്യത അംഗീകരിക്കാനോ, തള്ളിക്കളയാനോ പറ്റില്ലെന്നാണ് എഫ്ഡിഎ കമ്മിഷണര്‍ ഡോക്ടര്‍ സ്റ്റീഫന്‍ ഹാന്‍ (Dr Stephen Hahn) പറഞ്ഞത്.

 

എന്നാല്‍, ഈ തീരുമാനം ശാസ്ത്ര ഡേറ്റയെ അടിസ്ഥാനമാക്കിയായിരിക്കും. അല്ലാതെ രാഷ്ട്രീയ തീരുമാനമായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അങ്ങനെ അംഗീകാരം നല്‍കിയാല്‍ പോലും അത് രോഗബാധിതര്‍ക്കും മറ്റുമായിരിക്കുമെന്നും അല്ലാതെ പൊതുജനത്തിനായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എത്രയും വേഗം വാക്‌സീന്‍ പ്രഖ്യാപിക്കണമെന്ന ട്രംപിന്റെ സമ്മര്‍ദ്ദമാണിതിനു പിന്നിലെന്നാണ് പലരും കരുതുന്നത്. നംവംബര്‍ 3നു നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനു മുൻപ് വാക്‌സീന്‍ വരുമെന്ന് ട്രംപ് അനുകൂലികളും കരുതുന്നു.

 

കഴിഞ്ഞയാഴ്ച ട്രംപ് എഫ്ഡിഎയെ കടന്നാക്രമിക്കുകയുണ്ടായി. അവിടെ ഡീപ് സ്റ്റേറ്റാണിരിക്കുന്നത് എന്നാണ് അദ്ദേഹം ആരോപിച്ചത്.  അവര്‍ മനപ്പൂര്‍വ്വം കാര്യങ്ങള്‍ വച്ചു താമസിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തന്റെ തിരഞ്ഞെടുപ്പു വിജയം തകര്‍ക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് എഫ്ഡിഎയുടെ ഒരു ഉദ്യോഗസ്ഥന്‍ ഫലമറിയാത്ത ഒരു വാക്‌സീന്‍ പ്രഖ്യാപിക്കേണ്ടിവന്നാല്‍ താന്‍ രാജിവയ്ക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എഫ്ഡിഎയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ബയളോജിക്‌സ് ആന്‍ഡ് ഇവാല്യുവേഷന്‍ ആന്‍ഡ് റീസേർച്ചിന്റെ മേധാവി പീറ്റര്‍ മാര്‍ക്‌സ് ആണ് താന്‍ രാജിവയ്ക്കുമെന്ന് അറിയിച്ചത്.

 

കൊറോണാവൈറസിനെതിരെ 175ലേറെ വാക്‌സീനുകള്‍ ലോകമെമ്പാടുമായി വികസിപ്പിച്ചുവരുന്നുണ്ട്. ഇവയില്‍ പലതും അടുത്ത വര്‍ഷമാദ്യം ഉല്‍പ്പാദനം തുടങ്ങാമെന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും വാര്‍ത്തകളുണ്ട്. അതിനിടെ റഷ്യയും ചൈനയും വാകസീന്‍ റെഡിയാണെന്നു പ്രഖ്യാപിച്ചതും അമേരിക്കയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നു കരുതുന്നവരുമുണ്ട്. റഷ്യയോ ചൈനയോ മൂന്നാം ഘട്ട പരീക്ഷണങ്ങളിലേക്കു കടന്നിട്ടുപോലുമില്ല എന്നതാണ് ശാസ്ത്രലോകത്തെ ഭീതിപ്പെടുത്തിയത്. നിശ്ചയമായും പാലിക്കേണ്ട നടപടിക്രമങ്ങളിലൂടെയൊന്നും കടന്നു പോകാതെ വെറുതെ വാക്‌സീന്‍ റെഡിയാണ് എന്നു പ്രഖ്യാപിക്കുകയാണ് ഇരു രാജ്യങ്ങളും ചെയ്തതെന്നാണ് ആരോപണം.

 

തങ്ങളുടെ സിനോവാക് ബയോടെക് നിര്‍മിച്ച വാക്‌സീനും അടിയന്ത്ര ഘട്ടത്തില്‍ ഉപോയഗിക്കാന്‍ ചൈന അംഗീകാരം നല്‍കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ചൈനയില്‍ അംഗീകാരം കിട്ടുന്ന മൂന്നാമത്തെ വാക്‌സീനാണത്രെ ഇത്. ഇവയൊന്നുപോലും മൂന്നാം ഘട്ട ട്രയലിലൂടെ കടന്നുപോയിട്ടില്ല. ഇപ്പോള്‍ യുഎഇയില്‍ പരീക്ഷണം നടന്നുകൊണ്ടിരിക്കുന്ന വാക്‌സീന്‍ ചൈനീസ് സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സിനോഫാം എന്ന കമ്പനി വികസിപ്പിച്ചതാണ്. ഇത് ജൂലൈ 22ന് കുറച്ചാളുകളില്‍ കുത്തിവച്ചിരുന്നു എന്ന വാര്‍ത്തയും ഇപ്പോള്‍ പുറത്തായിരിക്കുകയാണ്. അതിനും മുൻപ് ചൈനീസ് സൈന്യവും കാന്‍സിനോ ബയളോജിക്‌സ് എന്ന കമ്പനിയും ചേര്‍ന്നു വികസിപ്പിച്ച വാക്‌സീനും ചൈന അംഗീകാരം നല്‍കിയിരുന്നു. ഇപ്പോള്‍ ക്ലിനിക്കല്‍ ട്രയല്‍ നടന്നുവരുന്ന 33 വാക്‌സീനുകളില്‍ എട്ടെണ്ണം ചൈനീസ് കമ്പനികള്‍ വികസിപ്പിക്കുന്നവയാണ്.

 

∙ വാക്‌സീന്‍ വികസനം - കഥ ഇതുവരെ

 

ലോകമെമ്പാടുമായി 175ലേറെ വാക്‌സീനുകള്‍ വികസിപ്പിച്ചുവരുന്നു ( ഇവയില്‍ പലതും പ്രീ ക്ലിനിക്കല്‍ ഘട്ടത്തിലാണ്.)

ഇവയില്‍ 33 എണ്ണം ക്ലിനിക്കല്‍ ട്രയലിലേക്കു കടന്നു. എട്ടെണ്ണം അവസാന ഘട്ടത്തിലാണ്. മനുഷ്യരുടെ മേലുള്ള മൂന്നാം ഘട്ട പരീക്ഷണം നടക്കുന്നു. ഇന്ത്യയില്‍ കുറഞ്ഞത് 8 വാക്‌സീനുകളെങ്കിലും വികസിപ്പിക്കുന്നുണ്ട്. ഇവയില്‍ രണ്ടെണ്ണം രണ്ടാം ഘട്ട ട്രയലിലേക്ക് കടന്നിരിക്കുന്നു.

 

English Summary: America likely to get vaccine this year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com