sections
MORE

ഭൂമി സഞ്ചരിക്കുന്നത് സൂപ്പര്‍നോവ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ, തെളിവ് കണ്ടെത്തിയത് സമുദ്രത്തിൽ നിന്ന്

Supernova
SHARE

സൂപ്പര്‍നോവ സ്‌ഫോടനഫലമായുള്ള റേഡിയോആക്ടീവ് അവശിഷ്ടങ്ങള്‍ക്കിടയിലൂടെയാണ് ഭൂമിയുടെ സഞ്ചാരമെന്ന് ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍. സമുദ്രത്തിന്റെ അടിത്തട്ടിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നടത്തിയ പഠനങ്ങളാണ് ഇവരെ ഈ നിഗമനത്തിലേക്ക് നയിച്ചത്. കഴിഞ്ഞ 33000ത്തിലേറെ വര്‍ഷങ്ങളായി ഏതോ നക്ഷത്ര സ്‌ഫോടനത്തിന്റെ ഫലമായുണ്ടായ കൂറ്റന്‍ റേഡിയോആക്ടീവ് മേഘങ്ങള്‍ക്കിയിലൂടെയാണ് ഭൂമിയുടെ സഞ്ചാരമെന്നാണ് പഠനം പറയുന്നത്.

നക്ഷത്രങ്ങള്‍ ഇല്ലാതാവുമ്പോള്‍ ഉണ്ടാകുന്ന അയേണ്‍ 60 എന്ന ഐസോടോപിന്റെ സാന്നിധ്യമാണ് ഗവേഷകര്‍ക്ക് വഴികാട്ടിയായത്. കഴിഞ്ഞ കുറച്ച് സഹസ്രാബ്ദങ്ങളായി ഭൂമി അടങ്ങുന്ന ക്ഷീരപഥത്തിന്റെ സഞ്ചാരം അയേണ്‍ 60 അടങ്ങിയ അവശിഷ്ടങ്ങള്‍ക്ക് ഇടയിലൂടെയാണ്. ഇതാണ് നമ്മുടെ സമുദ്രത്തിന്റെ അടിത്തട്ടില്‍ അയേണ്‍ 60 എന്ന ഐസോടോപ്പിന്റെ സാന്നിധ്യം ഉറപ്പിക്കുന്നതെന്നാണ് ഗവേഷകരുടെ വാദം.

ഏതാണ്ട് ഒന്നര കോടി വര്‍ഷങ്ങളെടുത്ത് മാത്രം നശിക്കുന്ന ഐസോടോപാണ് അയേണ്‍ 60. വളരെ നേരിയ പൊടിരൂപത്തിലുള്ള ഇവ മനുഷ്യര്‍ക്ക് അപകടമല്ല. ഭൂമിയില്‍ നിന്നും കണ്ടെത്തിയ അയേണ്‍ 60യുടെ പ്രായം കണക്കാക്കിയതില്‍ നിന്നും ഏതെങ്കിലും സൂപ്പര്‍നോവ സ്‌ഫോടനത്തിന്റെ ഫലമായാണ് ഇവയുണ്ടായതെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. ആന്റണ്‍ വാല്‍നര്‍ പറയുന്നത്. പൊടിയും വാതകങ്ങളും പ്ലാസ്മയും നിറഞ്ഞ ലോക്കല്‍ ഇന്റര്‍സ്‌റ്റെല്ലര്‍ ക്ലൗഡ് എന്ന് വിളിക്കുന്ന വന്‍ മേഘത്തിലൂടെയാണ് നമ്മുടെ ക്ഷീരപഥം പോകുന്നതെന്ന് നേരത്തെ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ മേഘം നിര്‍മിക്കപ്പെട്ടത് ഏതോ നക്ഷത്രത്തിന്റ സൂപ്പര്‍നോവ സ്‌ഫോടനത്തിന്റെ ഫലമാണെന്നാണ് പ്രൊഫ. വാല്‍നര്‍ കൂട്ടിച്ചേര്‍ക്കുന്നത്. 

സൂപ്പര്‍നോവ സ്‌ഫോടനത്തിന് കുറച്ച് ദശലക്ഷം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ മേഘം രൂപപ്പെട്ടതെങ്കില്‍ അയേണ്‍ 60 ഐസോടോപിന്റെ അവശിഷ്ടം കണ്ടെത്താനാകുമെന്നായിരുന്നു ഗവേഷകരുടെ നിഗമനം. വളരെ കുറഞ്ഞ അളവിലാണെങ്കിലും അയേണ്‍ 60യുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു. സൂപ്പര്‍നോവ സ്‌ഫോടനത്തിന്റെ ഫലമായുണ്ടായ അയേണ്‍ 60 ഐസോടോപുകള്‍ ഭൂമിയിലെത്തി സമുദ്രത്തിനടിയില്‍ എത്തിപ്പെടുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ഏതാണ്ട് 26 ലക്ഷം വര്‍ഷത്തിനും 60 ലക്ഷം വര്‍ഷത്തിനും ഇടയിലാണ് ഈ അയേണ്‍ 60 ഐസോടോപുകള്‍ ഭൂമിയിലെത്തിപ്പെട്ടതെന്നാണ് പ്രൊഫ. വാല്‍നെര്‍ വിശദീകരിക്കുന്നത്. കുറഞ്ഞത് ഒന്നര കോടി വര്‍ഷങ്ങളെങ്കിലും കഴിഞ്ഞാലേ അവ നശിക്കുകയുള്ളൂ. 

പൊടികള്‍ക്കിടയില്‍ കുടുങ്ങികിടക്കുന്ന അയേണ്‍ 60 ഐസോടോപുകള്‍ നക്ഷത്രസമൂഹങ്ങള്‍ക്കിടയില്‍ പറന്നുനടക്കാറുണ്ടെന്ന് കാണിക്കുന്ന പല പഠനഫലങ്ങളും പുറത്തുവന്നിരുന്നു. അങ്ങനെ നോക്കുമ്പോള്‍ മുൻപ് നടന്നിട്ടുള്ള പല സൂപ്പര്‍നോവ സ്‌ഫോടനങ്ങളുടെ മാറ്റൊലികളാണോ ഇത്തരം അയേണ്‍ 60 ഐസോടോപുകളുടെ സാന്നിധ്യത്തിലൂടെ നമ്മള്‍ അറിയുന്നതെന്ന ചോദ്യവും പ്രൊഫ. വാള്‍നറും സംഘവും മുന്നോട്ടുവെക്കുന്നുണ്ട്. സൂപ്പര്‍നോവ സ്‌ഫോടനം മൂലമല്ല ഈ കൂറ്റന്‍ മേഘം ഉണ്ടായതെങ്കില്‍ പിന്നെന്തുകൊണ്ടാണ് ഇവയുണ്ടായത്? ബഹിരാകാശത്ത് എല്ലായിടത്തുമായി എങ്ങനെയാണ് അയേണ്‍ 60 പരന്നുകിടക്കുന്നത്? ഇങ്ങനെ ഉത്തരങ്ങള്‍ക്കൊപ്പം ചോദ്യങ്ങളും കൂടിയാണ് പിഎന്‍എഎസ് ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനം മുന്നോട്ടുവെക്കുന്നത്.

English Summary: Earth has been travelling through a cloud of radioactive debris left behind by ancient star explosion

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA