ADVERTISEMENT

ഉപഭോക്താക്കൾ ആവശ്യപ്പെടാതെ തന്നെ ആയിരക്കണക്കിന് പാക്കറ്റുകൾ വന്നതിനെ തുടർന്ന് ആമസോൺ അമേരിക്കയിൽ വിദേശ വിത്തുകൾ നിരോധിച്ചു. വരുംദിവസങ്ങളിൽ യുഎസ് ആസ്ഥാനമായുള്ള വിൽപനക്കാർക്ക് മാത്രമാണ് വിത്ത് വിൽക്കാൻ അനുവദിക്കുക എന്ന് ഇ-കൊമേഴ്‌സ് ഭീമൻ ശനിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

 

അമേരിക്കൻ കാർഷിക മേഖലയ്ക്ക് അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്നും വിത്തുകൾ നടരുതെന്നും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ജൂലൈ അവസാനത്തിലാണ് കൃഷി വകുപ്പ് വിചിത്ര വിത്തുകളുടെ റിപ്പോർട്ട് പുറത്തുവിട്ടത്. വിചിത്ര പാക്കുകളുടെ പരിശോധനയിൽ പുതിന, കടുക്, റോസ്മേരി, ലാവെൻഡർ, ഹൈബിസ്കസ്, റോസാപ്പൂവ് എന്നിവയുൾപ്പെടെ കുറഞ്ഞത് 14 വ്യത്യസ്ത വിത്തുകളെങ്കിലും കണ്ടെത്തി.

 

ചൈനയിൽ നിന്ന് അമേരിക്കയിലേക്ക് എത്തിയത് വിചിത്ര വിത്തുകൾ, നട്ടുപിടിപ്പിച്ചപ്പോൾ സംഭവിച്ചതോ?

 

ചൈനയില്‍ നിന്നും പാഴ്‌സലായി വിത്തുകള്‍ ലഭിക്കുന്ന കാര്യം കഴിഞ്ഞ മാസമാണ് അമേരിക്കയിലെ പല സ്റ്റേറ്റുകളില്‍ നിന്നും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. മേല്‍വിലാസം കൃത്യമായി രേഖപ്പെടുത്തിയ പാഴ്‌സലുകള്‍ ലഭിച്ചവരാരും അത് ആവശ്യപ്പെട്ടിരുന്നില്ല എന്നതാണ് വിചിത്രം. ചൈനീസ് വിത്ത് പാഴ്‌സലുകള്‍ വ്യാപകമായതോടെ സര്‍ക്കാര്‍ അധികൃതര്‍ തന്നെ ഇത്തരം വിത്തുകള്‍ നടുകയോ വളര്‍ത്തുകയോ പാടില്ലെന്ന കര്‍ശന നിര്‍ദേശം ജനങ്ങള്‍ക്ക് നല്‍കി. എന്നാല്‍, അതിന് മുൻപ് തന്നെ അമേരിക്കന്‍ സ്റ്റേറ്റ്സായ അര്‍ക്കന്‍സാസിലെ ഡോയല്‍ ക്രന്‍ഷോ ഈ വിത്തുകള്‍ മുളപ്പിച്ചു കഴിഞ്ഞിരുന്നു.

 

തികച്ചും കൗതുകത്തിന്റെ പുറത്താണ് ക്രന്‍ഷോ തനിക്ക് ലഭിച്ച അജ്ഞാത വിത്തുകള്‍ മണ്ണിലിട്ടത്. രണ്ട് മാസങ്ങള്‍ക്ക് മുൻപാണ് ക്രന്‍ഷോക്ക് വിത്തുകള്‍ ലഭിച്ചത്. ചൈനീസ് വിത്തുപാഴ്‌സലുകള്‍ വ്യാപകമാവുകയും അധികൃതരുടെ ശ്രദ്ധയില്‍ പെടുകയും നിര്‍ദേശം വരികയും ചെയ്യുമ്പോഴേക്കും ക്രന്‍ഷോയുടെ തോട്ടത്തില്‍ ഈ ചൈനീസ് വിത്തുകള്‍ തഴച്ചുവളര്‍ന്നിരുന്നു. തന്റെ തോട്ടത്തില്‍ നട്ട ഈ ചൈനീസ് വിത്തുകള്‍ ഭ്രാന്തമായി പടര്‍ന്നുപിടിച്ചെന്നാണ് ക്രന്‍ഷോ തന്നെ പറയുന്നത്. 

 

ക്രന്‍ഷോയുടെ തോട്ടത്തില്‍ വളര്‍ന്ന ചൈനീസ് വിത്തുകളില്‍ നിന്നും വള്ളിച്ചെടിയുണ്ടാവുകയും അവ പടര്‍ന്ന് പന്തലിച്ച് പൂവും കായുമൊക്കെയുണ്ടാവുകയും കൂടി ചെയ്തു. ഓറഞ്ച് പൂവും നീളമുള്ള കായും കണ്ട് കുമ്പളത്തിന്റെ വര്‍ഗത്തില്‍ പെട്ട ഏതോ ചെടിയാണിതെന്ന സൂചനയാണ് നല്‍കുന്നത്. സംഭവം അറിഞ്ഞതോടെ സര്‍ക്കാര്‍ തലത്തിലുള്ള കൃഷി വകുപ്പിലെ ഉദ്യോഗസ്ഥര്‍ ക്രന്‍ഷോയുടെ തോട്ടത്തിലെത്തുകയും ചെടികള്‍ മൂടോടെ കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. ചൈനീസ് വിത്തുകള്‍ വഴി പുതിയ തരം കീടങ്ങളും രോഗങ്ങളും പരക്കുമോ എന്നതാണ് പ്രധാന ആശങ്കയെന്ന് അര്‍ക്കന്‍സാസ് കാര്‍ഷിക വകുപ്പിലെ സ്‌കോട്ട് ബ്രേ പറയുന്നു. 

 

ക്രന്‍ഷോക്ക് ലഭിച്ച ചൈനയില്‍ നിന്നുള്ള പാഴ്‌സലുകള്‍ക്ക് മുകളില്‍ കമ്മലുകള്‍ എന്നാണ് എഴുതിയിരിക്കുന്നത്. ഭൂമിയുടെ മറുവശത്തു നിന്നും എന്തിന് കൃത്യമായ വിലാസത്തില്‍ ആരെങ്കിലും പാഴ്‌സലുകള്‍ സൗജന്യമായി അയക്കണം? ഇതിന് പിന്നിലെ കാരണം ചികഞ്ഞു പോയാല്‍ ബ്രഷിങ് എന്ന പേരില്‍ നടക്കുന്ന തട്ടിപ്പിലേക്കാകും എത്തുക. ഇത് സംബന്ധിച്ച സൂചനയാണ് വൈറ്റ് ഹൗസ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലും പറയുന്നത്. 

 

പല കമ്പനികളും തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ഓണ്‍ലൈനില്‍ റീച്ച് കൂട്ടാന്‍ സ്വീകരിക്കുന്ന എളുപ്പവഴിയാണ് ബ്രഷിങ്. ഉപഭോക്താക്കളല്ലാത്തവരുടെ വിലാസങ്ങളില്‍ വിലകുറഞ്ഞ ഉത്പന്നങ്ങള്‍ അയച്ചുകൊടുത്ത് ഇവരുടേതെന്ന രീതിയില്‍ പോസിറ്റീവ് റിവ്യൂസ് ഇടുന്നതാണ് ബ്രഷിങിലൂടെ ചെയ്യുന്നത്. ഇതുവഴി ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ സെര്‍ച്ചില്‍ കൃത്രിമമായി ഉയര്‍ത്തിക്കൊണ്ടുവരികയാണ് ലക്ഷ്യം. 

 

ബ്രഷിങിനായി അമേരിക്കയിലെ പാഴ്‌സല്‍ സംവിധാനത്തിലെ ഒരു പഴുതാണ് ചൈനീസ് വ്യാപാരികള്‍ ഉപയോഗിക്കുന്നത്. അധികം ഭാരമില്ലാത്ത ഉത്പന്നങ്ങള്‍ ചൈനയില്‍ നിന്നും അമേരിക്കയിലേക്ക് അയക്കുന്നതിന് വളരെ കുറവ് പണം മാത്രമേ ചെലവാകൂ. ചൈനയില്‍ ഒരു പ്രദേശത്തു നിന്നും മറ്റൊരിടത്തേക്ക് അയക്കുന്നതിനേക്കാള്‍ കുറഞ്ഞ ചിലവില്‍ അമേരിക്കയിലേക്ക് പാഴ്‌സലുകളെത്തിക്കാനാകും. മാത്രമല്ല ചൈനയില്‍ ബ്രഷിങ് നിയമവിരുദ്ധവുമാണ്. സ്വന്തം കമ്പനിയുടെ കൃത്രിമ വളര്‍ച്ചക്കുവേണ്ടി ചൈനീസ് വ്യാപാരികള്‍ നടത്തുന്ന ബ്രഷിങ് തട്ടിപ്പിന്റെ ഫലമായാണ് അമേരിക്കക്കാര്‍ക്ക് വിത്തുകളും മുടിപ്പിന്നുകളുമൊക്കെ ആവശ്യപ്പെടാതെ തന്നെ കിട്ടുന്നത്.

 

English Summary: Amazon Bans Foreign Seeds In US After Thousands Got Unsolicited Packets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com