ADVERTISEMENT

അമേരിക്കയില്‍ നവംബര്‍ ആദ്യമോ അതിനു മുൻപോ പോലും വാക്‌സീന്‍ കിട്ടാനുള്ള സാധ്യത തെളിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അഥവാ സിഡിസി, രാജ്യമെമ്പാടും ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരോട് വാക്‌സീനേഷന്‍ പരിപാടിക്കു സജ്ജരായിരിക്കാന്‍ ആവശ്യപ്പെട്ടതായി ദി ന്യൂ യോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഇത് ചില വിഭാഗങ്ങള്‍ക്കു മാത്രമായിരിക്കുമെന്നും കേള്‍ക്കുന്നു. ഉദാഹരണത്തിന് ആരോഗ്യ പ്രവര്‍ത്തകരും മറ്റും ഈ വിഭാഗത്തില്‍ പെട്ടേക്കും. ഇവര്‍ക്ക് ഒക്ടോബറിലോ, നവംബറിലോ വാക്‌സീനേഷന്‍ തുടങ്ങിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

 

എന്നാല്‍, ഇപ്പോള്‍ വികസിപ്പിച്ചുവരുന്ന ഒരു വാക്‌സീന്റെയും പരീക്ഷണഘട്ടം ആ കാലത്തിനിടെ പൂര്‍ത്തിയാവില്ല. ഏറ്റവും മുൻപോട്ടുപോയിരിക്കുന്ന വാക്‌സീന്‍ വികസിപ്പിക്കുന്ന കമ്പനികള്‍ പോലും തങ്ങളുടെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണഘട്ടത്തിലാണ്. ഇവ ഈ വര്‍ഷം ആവസാനമായലും തീര്‍ന്നേക്കില്ലെന്നാണ് അനുമാനം. വാക്‌സീന്‍ വികസിപ്പിക്കുന്നവരും, ശാസ്ത്രജ്ഞരും, ഗവേഷകരും എല്ലാം പറഞ്ഞുവരുന്നത് ഫലപ്രദമെന്ന് ഉറപ്പിക്കാനായാല്‍ വാക്‌സീന്‍ അടുത്ത വര്‍ഷം എപ്പോഴെങ്കിലുമായിരിക്കും എത്തുക എന്നാണ്. അതിനു മുൻപ് സാധ്യമാവില്ലെന്നു തന്നെയാണ് അവര്‍ ഏകകണ്ഠമായി എടുത്തിരുന്ന നിലപാട്.

 

∙ ട്രംപിന്റെ ഇടപെടല്‍

 

എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അമേരിക്കക്കാര്‍ക്ക് വാക്‌സീന്‍ ഈ വര്‍ഷം കിട്ടുമെന്ന് ഉറപ്പു നല്‍കിയിരിക്കുകയാണ്. മിക്കാവറും നവംബര്‍ 3നുള്ള അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുൻപ് തന്നെ ലഭിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞുവരുന്നു. ഈ തെരഞ്ഞെടുപ്പില്‍ അദ്ദേഹം വീണ്ടും പ്രസിഡന്റാകാന്‍ മത്സരിക്കുന്നുണ്ട്. കൊറോണാവൈറസിനുള്ള വാക്‌സീന്‍ പുറത്തിറക്കാന്‍ കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ സാധ്യത വര്‍ധിപ്പിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

 

ലോകാരോഗ്യ സംഘടനയടക്കം പല ഭാഗത്തു നിന്നും വേണ്ടത്ര സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കാത്ത വാക്‌സീന്‍ കുത്തിവയ്ക്കുന്നതിനെതിരെ ഉല്‍കണ്ഠ രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും അമേരിക്കയില്‍ ഇക്കാര്യത്തില്‍ അവസാന വാക്കു പറയേണ്ട സ്ഥാപനങ്ങള്‍ ട്രംപിന്റെ കടുപിടുത്തത്തിനു വഴങ്ങുകയാണ് എന്നതിന്റെ വ്യക്തമായ സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അടിയന്തര ഘട്ടത്തില്‍ മൂന്നാം ഘട്ട പരീക്ഷണം അവസാനിക്കാത്ത വാക്‌സീന്‍ ഉപയോഗിക്കട്ടെ എന്നു പറയാനാണ് അവര്‍ ഒരുങ്ങുന്നതെന്നാണ് വാര്‍ത്ത.

 

∙ പന്ത് മരുന്നു കമ്പനികളുടെ കോര്‍ട്ടില്‍

 

അമേരിക്കയിലെ മരുന്നിനെക്കുറിച്ചുള്ള തീരുമാനം എടുക്കുന്ന സ്ഥാപനമായ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അഥവാ എഫ്ഡിഎ ഇപ്പോള്‍ പറയുന്നത് അടിയന്തര ഘട്ടത്തില്‍ ഫെയ്‌സ് 3 ട്രയല്‍ തീരാത്ത വാക്‌സീന്‍ ഉപയോഗിക്കുന്നതിന് തങ്ങള്‍ക്ക് തുറന്ന സമീപനമായിരിക്കും ഉള്ളതെന്നാണ്. എമര്‍ജന്‍സി യൂസ് ഓതറൈസേഷന്‍ എന്ന വിഭാഗത്തില്‍ പെടുത്തിയായിരിക്കും വാക്‌സീന് അംഗീകാരം നല്‍കുക. ആദ്യ പരീക്ഷണ ഘട്ടങ്ങളില്‍ ലഭിച്ച ഡേറ്റ, അതു ഗുണകരമായേക്കാമെന്ന സൂചന നല്‍കുന്നുണ്ടെങ്കില്‍ അടിയന്തര ഘട്ടത്തില്‍ അവ ഉപയോഗിക്കാനുള്ള അനുമതി നല്‍കാമെന്ന് നിയമമായിരിക്കും അവര്‍ പ്രയോഗത്തില്‍ വരുത്തുക. ഇതിനായി അപേക്ഷവയ്ക്കാന്‍ വാക്‌സീന്‍ വികസിപ്പിച്ചുവരുന്ന കമ്പനികളോട് എഫ്ഡിഎ കമ്മിഷണര്‍ സ്റ്റീവന്‍ ഹാന്‍ ഒന്നിലേറെ ഇന്റര്‍വ്യൂകളില്‍ ആവശ്യപ്പെടുകയുമുണ്ടായി. അങ്ങനെ ഏതെങ്കിലും കമ്പനി അപേക്ഷവച്ചാല്‍, മൂന്നാം ഘട്ട പരീക്ഷണം കഴിയട്ടെ എന്നു പറഞ്ഞ് അത് എഫ്ഡിഎ തള്ളിക്കളയില്ല എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. എന്നാല്‍, വാക്‌സീന്‍ വികസിപ്പിക്കുന്ന കമ്പനികള്‍ സമര്‍പ്പിക്കുന്ന ശാസ്ത്രീയമായ ഡേറ്റ പരിശോധിച്ച ശേഷം മാത്രമായിരിക്കും അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാനുള്ള അംഗീകാരം നല്‍കുക എന്നും സ്റ്റീവന്‍ ഊന്നിപ്പറയുന്നു. അതില്‍ രാഷ്ട്രീയം കലര്‍ത്തില്ലെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ഡീപ് സ്റ്റെയ്റ്റിന്റെ സാന്നിധ്യമാണ് എഫ്ഡിഎയില്‍ കാണുന്നതെന്നു പറഞ്ഞ് ആ സ്ഥാപനത്തിനെതിരെ ട്രംപ് ആഞ്ഞടിച്ചിരുന്നു.

 

സാംക്രമിക രോഗങ്ങളെക്കുറിച്ച് അമേരിക്കയുടെ ഏറ്റവും പ്രശസ്തനായ വിദഗ്ധനായി അറിയപ്പെടുന്ന ഡോ. ആന്റണി ഫൗച്ചി ആവര്‍ത്തിച്ചു പറഞ്ഞു വന്നത് അടുത്ത വര്‍ഷം ആദ്യം വാക്‌സീന്‍ വരുമെന്നാണ് തന്റെ പ്രതീക്ഷ എന്നാണ്. എന്നാല്‍, ജനങ്ങളുടെ താത്പര്യം നേരത്തെ വാക്‌സീന്‍ കിട്ടുന്നതാണെങ്കില്‍ അങ്ങനെ നടക്കട്ടെ എന്ന അഭിപ്രായമാണ് അദ്ദേഹവും ഇപ്പോള്‍ പ്രകടിപ്പിക്കുന്നതെന്നു പറയുന്നു. കഴിഞ്ഞ ഏതാനം ദിവസമായി ഫൗച്ചി നല്‍കുന്ന ഇന്റര്‍വ്യൂകളില്‍ അദ്ദേഹം പറയുന്നത് മൂന്നാം ഘട്ട പരീക്ഷണങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ പ്രതീക്ഷനല്‍കുന്നതാണ് എന്നാണ്. അതിനാല്‍ അതു വേണമെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പോലെ വളരെ റിസ്‌കെടുത്തു ജോലി ചെയ്യുന്നവര്‍ക്ക് കുത്തിവച്ചു തുടങ്ങാമെന്നാണ്. മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാകാതെ റഷ്യയും ചൈനയും അവതരിപ്പിച്ച  വാക്‌സീനുകളെ ഫൗച്ചി നിശിതമായി വിമര്‍ശിച്ചിരുന്നു. അതേസമയം, അമേരിക്കയില്‍ വികസിപ്പിക്കുന്ന വാക്‌സീനുകള്‍ക്ക് ഫൗച്ചി പിന്തുണ നല്‍കിയാല്‍ അതിന് കൂടുതല്‍ ആധികാരികത ലഭിച്ചേക്കുമെന്നും കരുതുന്നു.

 

എന്തായാലും ആരോഗ്യ പ്രവര്‍ത്തകരോട് തയാറായിരിക്കാന്‍ സിഡിസി നല്‍കിയ നിര്‍ദ്ദേശം, ഇക്കാര്യത്തില്‍ അടുത്തിടെ നടന്നുവരുന്ന നീക്കങ്ങളില്‍ ഏറ്റവും പുതിയതാണ് എന്നാണ് വിലയിരുത്തല്‍. അതോടെ അമേരിക്കയില്‍ വാക്‌സീന്‍ കുത്തിവച്ചു തുടങ്ങാനുള്ള നിലമൊരുങ്ങുകയാണ് എന്നാണ് വിശകലന വിദഗ്ധര്‍ വിലയിരുത്തുന്നത്. മിക്കവാറും, നവംബര്‍ 3ന്റെ തെരഞ്ഞെടുപ്പിനു മുൻപ് തന്നെ കുത്തിവയ്പ്പു തുടങ്ങിയേക്കും. മനുഷ്യരിലുള്ള ഫെയ്‌സ് 3 ട്രയല്‍സില്‍ കുറഞ്ഞത് 7 കമ്പനികളുടെ വാക്‌സീനുകള്‍ ഉണ്ട്. ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റി അസ്ട്രാസെനക്കാ കമ്പനിയുടെ സഹകരണത്തോടെ വികസിപ്പിച്ചു വരുന്ന വാക്‌സീന്‍, മോഡേണാ, ഫൈസര്‍ എന്നീ കമ്പനികള്‍ അവയില്‍ ഉള്‍പ്പെടും.

 

English Summary: The US could have Covid-19 shot by early November

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com