ADVERTISEMENT

കോവിഡ്-19 ന്റെ വ്യാപനം ഇന്ത്യയില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തല്‍ റഷ്യയുടെ കോവിഡ്-19 വാക്‌സീന്‍ ആയ സ്പുട്‌നിക് വി കുത്തിവയ്ക്കുന്ന കാര്യം രാജ്യം സജീവമായി പരിഗണിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ പറയുന്നു. ഈ വിഷയം ഈ ആഴ്ച മോസ്‌കോ സന്ദര്‍ശിക്കാനിരിക്കുന്ന വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ റഷ്യയുമായി ചര്‍ച്ചചെയ്‌തേക്കുമെന്നും പറയുന്നു. വാക്‌സീന്റെ ഭാവി ടെസ്റ്റിങ്ങിലടക്കം ഇന്ത്യയും റഷ്യയും സഹകരിച്ചു പ്രവര്‍ത്തിക്കുന്നതും ഒരു സാധ്യതയാണ്. ഇന്ത്യയിലെ റഷ്യന്‍ സ്ഥാനപതി നിക്കൊളെയ് കുഡഷേവ് പറയുന്നത് വാക്‌സീന്റെ കാര്യത്തില്‍ മോസ്‌കോ ഇന്ത്യന്‍ സർക്കാരുമായി ചര്‍ച്ച തുടങ്ങിക്കഴിഞ്ഞുവെന്നാണ്. ഇരു രാജ്യങ്ങളും ഒരുമിച്ച് സ്പുട്‌നിക് വി വാക്‌സീന്‍ വികസിപ്പിക്കുകയും, നിർമിച്ചെടുക്കുകയും എത്തിച്ചുകൊടുക്കകുകയും ചെയ്യാമെന്ന ആശയമാണ് റഷ്യ മുന്നോട്ടുവയ്ക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ പല തലത്തിലുളള സഹകരണം ആകാമെന്ന് റഷ്യന്‍ സ്ഥാനപതി പറഞ്ഞു. സ്പുട്‌നിക് വി യാണ് ലോകത്തെ ആദ്യത്തെ കോവിഡ് വാക്‌സീന്‍. ലാന്‍സെറ്റ് പഠനം പറയുന്നത് വാക്‌സീന് ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും ഇല്ലെന്നാണ്.

വാക്‌സീന്‍ വികസിപ്പിക്കലടക്കമുള്ള കാര്യങ്ങളുടെ പ്രാഥമിക നീക്കങ്ങളില്‍ എങ്ങനെയാണ് ഇരു രാജ്യങ്ങള്‍ക്കും ഒരുമിച്ചു പ്രവര്‍ത്തിക്കാനാകുക എന്ന വിഷയത്തില്‍ തങ്ങളുടെ അഭിപ്രായം റഷ്യ ഇന്ത്യയുമായി പങ്കുവച്ചു കഴിഞ്ഞുവെന്ന് ചില ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇന്ത്യാ ഗവണ്‍മെന്റ് ഇക്കാര്യങ്ങള്‍ പരിഗണിച്ചുവരികയാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. കഴിഞ്ഞ മാസമാണ് സ്പുട്‌നിക് വി ക്ക് റഷ്യയില്‍ അംഗീകാരം ലഭിക്കുന്നത്. കുറച്ചു പേരില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ഇത് ആന്റിബോഡി ഉണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു. പ്രാഥമിക കണ്ടെത്തലുകള്‍ ദി ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ചിരുന്നു. വാക്‌സീന്റെ രണ്ടു കൂട്ടുകള്‍ക്ക് (formulation) നല്ല സുരക്ഷാ പ്രൊഫൈലുകളുണ്ടെന്നാണ് കണ്ടെത്തല്‍. ഇത് 42 ദിവസത്തെ പരീക്ഷണം കൊണ്ട് കണ്ടെത്തിയതാണ്. വാക്‌സീന്‍ കുത്തിവച്ചവരില്‍ 21 ദിവസത്തിനുള്ളില്‍ ആന്റീബോഡി ഉണ്ടായതായും പഠനം പറയുന്നു.

തനിക്ക് അറിയാവുന്നിടത്തോളം ഏതാനും സാങ്കേതിക നടപടിക്രമങ്ങള്‍ കൂടെ കഴിഞ്ഞാല്‍ വിദേശത്തടക്കം വാക്‌സീന്‍ വിപുലമായി ഉപയോഗിക്കാനാകുമെന്നാണ് കുഡഷേവ് പറയുന്നത്. ചില രാജ്യങ്ങള്‍ തങ്ങളുടെ ആധിപധ്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. റഷ്യ അത്തരം രാഷ്ട്രീയത്തിനൊന്നുമിറങ്ങുന്നില്ല. പല ധ്രുവങ്ങളുള്ള ഒരു ലോകക്രമമാണ് റഷ്യയുടെ താത്പര്യമെന്നും അദ്ദേഹം പറയുന്നു. അതേസമയം, വാക്‌സീനെക്കുറിച്ച് ഇരു രാജ്യങ്ങളും ചില ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞതായും റഷ്യ സ്പുട്‌നക് വി വാക്‌സീനെക്കുറിച്ചുള്ള ചില വിവരങ്ങള്‍ ആരോഗ്യ വകുപ്പിന് കൈമാറിയതായും വാര്‍ത്തകളുണ്ട്. അവര്‍ ഇന്ത്യയുടെ സഹകരണത്തിനാണ് ശ്രമിക്കുന്നത്. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി തങ്ങള്‍ കാത്തരിക്കുകയാണ് എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

എന്നാല്‍, ഇതൊരു പ്രാധാന്യമര്‍ഹിക്കുന്ന നീക്കമായി കാണുന്നവരുമുണ്ട്. ചൈനീസ് സൈന്യം നടത്തുന്ന നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യാ-റഷ്യ സഹകരണത്തിന് മറ്റൊരു മാനം കൈവരുന്നതായും ചില നിരീക്ഷകര്‍ കരുതുന്നു. റഷ്യ-ഇന്ത്യ-ജപ്പാന്‍ സഹകരണത്തിനുള്ള സാധ്യത തെളിയുന്നുണ്ടോ എന്നും അവര്‍ ആരായുന്നു. എന്നാല്‍, ഇന്തോ-പസിഫിക് നീക്കം അമേരിക്കയുടെ ചരടുവലിയിലൂടെ നടന്ന ഒന്നാണെന്നാണ് റഷ്യ വിലയിരുത്തുന്നത്. അതാകട്ടെ ചൈനയെ നിലയ്ക്കുനിർത്താനുള്ളതുമാണ്. എന്നാല്‍, ഇക്കാര്യത്തില്‍ റഷ്യയുടെ സംശയദുരീകരണത്തിന് ഇന്ത്യ മുന്‍കൈ എടുത്തേക്കുമെന്നും കേള്‍ക്കുന്നു. ഇന്തോ-പാസിഫിക് എന്നത് ഒരു സ്വതന്ത്ര സങ്കല്‍പ്പമാണെന്നായിരിക്കും ഇന്ത്യ വാദിക്കുക.

മഹാമാരിയുടെ പശ്ചാത്തലത്തിലും ചില രാജ്യങ്ങള്‍ രാഷ്ട്രീയം കളിക്കുന്നു എന്നാണ് കുഡഷേവ് പറഞ്ഞത്. ഐക്യരാഷ്ട്ര സംഘടന, ലോകാരോഗ്യ സംഘടന തുടങ്ങിയവയെ വരെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമം നടക്കുന്നതായും അദ്ദേഹം നിരീക്ഷിക്കുന്നു. ഇതെല്ലാം പരസ്പരവിശ്വാസം ഇല്ലാതാക്കുന്നു. ഈ കാലത്തു രാജ്യങ്ങള്‍ വേണ്ട സഹകരണം ഇല്ലാതാക്കുന്നുവെന്നും അദ്ദേഹം വാദിക്കുന്നു. എന്നാല്‍, ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി കൂടുതല്‍ സൗഹാര്‍ദ്ദത്തിലാകാനാണ് റഷ്യയുടെ ശ്രമമെന്നും അദ്ദേഹം പറയുന്നു. കൂട്ടായി പരഹാരങ്ങള്‍ കാണാന്‍ ശ്രമിക്കണം. പ്രതിരോധവകുപ്പു മന്ത്രി രാജ്‌നാഥ് സിങ് ഈ വര്‍ഷം രണ്ടു തവണ റഷ്യ സന്ദര്‍ശിച്ചതും, വിദേശകാര്യ മന്ത്രി ഇപ്പോള്‍ നടത്താനിക്കുന്ന സന്ദര്‍ശനവും പ്രാധാന്യമര്‍ഹിക്കുന്നത് ഇതിനാലാണെന്നും അദ്ദേഹം പറയുന്നു.

വാക്‌സീന്റെ വികസനം ഇരു രാജ്യങ്ങളുമൊരുമിച്ചു മുന്നോട്ടുകൊണ്ടുപോകുന്ന കാര്യങ്ങളടക്കം ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്‌തേക്കും. എന്നാല്‍, ഈ വാക്‌സീനെക്കുറിച്ച് എതിരഭിപ്രായങ്ങളും ഉയര്‍ന്നിട്ടുള്ളതിനാല്‍ അതെല്ലാം പരിഗണിച്ചു മാത്രമായിരിക്കും ഇന്ത്യയുടെ ഭാവി നീക്കങ്ങള്‍.

English Summary: India looks at Russia for COVID-19 vaccine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com