ADVERTISEMENT

അമേരിക്കക്ക് നിരന്തരം തലവേദനയാകുന്ന ചുഴലിക്കാറ്റുകളെ നിയന്ത്രിക്കാന്‍ അല്‍പം കടന്ന ആശയവുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. ക്യൂബക്കും മെക്‌സിക്കോക്കും ഇടയിലെ ഉള്‍ക്കടലില്‍ 135 മൈല്‍ ദൂരത്ത് കടലിനടിയില്‍ നിന്നും കൃത്രിമമായി കുമിളകള്‍ ഉണ്ടാക്കുകയാണ് പദ്ധതി. ഇതുവഴി ചൂടായി കിടക്കുന്ന കടല്‍ വെള്ളം തണുപ്പിക്കാന്‍ സാധിക്കുമെന്നും അങ്ങനെ ചുഴലിക്കാറ്റിനെ പ്രാരംഭത്തിലേ നിര്‍വീര്യമാക്കാന്‍ സാധിക്കുമെന്നുമാണ് ആശയം.

 

നോര്‍വീജിയന്‍ ഗവേഷണ സ്ഥാപനമായ SINTEFല്‍ ഗ്രിം എയ്‌ഡെന്‍സും സംഘവും നടത്തിയ പഠനങ്ങളില്‍ സമുദ്രജലത്തിന്റെ ഊഷ്മാവ് 26.5 ഡിഗ്രി സെല്‍ഷ്യസോ അതിലേറെയോ ആകുമ്പോഴാണ് ചുഴലിക്കാറ്റിന് അനുകൂലമായ സാഹചര്യം രൂപപ്പെടുന്നതെന്ന് കണ്ടെത്തിയിരുന്നു. 2017 ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലത്ത് മെക്‌സിക്കോ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഹാര്‍വി, ഇര്‍മ, മരിയ തുടങ്ങിയ ചുഴലിക്കാറ്റുകളെക്കുറിച്ചും പഠനം നടത്തിയിരുന്നു. ഈ ചുഴലിക്കാറ്റുകള്‍ രൂപം കൊണ്ടപ്പോള്‍ സമുദ്രജലത്തിന്റെ ഊഷ്മാവ് 32 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയിരുന്നു. 

 

രണ്ട് കപ്പലുകള്‍ക്കിടയില്‍ സ്ഥാപിക്കുന്ന പൈപ്പുകള്‍ കടലിനടിയില്‍ ഏതാണ്ട് 100-150 മീറ്റര്‍ ആഴത്തില്‍ നിന്നാണ് കുമിളകള്‍ പുറത്തേക്ക് വിടുക. അന്തരീക്ഷ മര്‍ദത്തേക്കാള്‍ സാന്ദ്രത കൂടിയ വായു നിറച്ച പൈപ്പിലെ തുളകള്‍ വഴിയാണ് വായു സമുദ്രത്തിനടിയില്‍ നിന്നും ഉപരിതലത്തിലേക്ക് വരിക. കടലിനടിയിലെ തണുത്ത വെള്ളം മുകളിലെത്തുമെന്ന് ഉറപ്പുവരുത്താനാണ് ഇത്രയും അടിയില്‍ പൈപ്പുകള്‍ സ്ഥാപിക്കുന്നത്. ഏതാണ്ട് 20 കപ്പലുകളും നിരന്തരം കുമിളകള്‍ പുറത്തേക്ക് വരാന്‍ വേണ്ട കംപ്രസറുകളും ജനറേറ്ററുകളും ഉണ്ടെങ്കില്‍ കടലിന്റെ ചൂട് കുറച്ച് ചുഴലിക്കാറ്റിനെ തടയാനാകുമെന്നാണ് കണക്കുകൂട്ടുന്നത്. 

 

സമാനമായ രീതിയില്‍ കുമിളകള്‍ പുറം തള്ളുന്ന സംവിധാനം നോര്‍വേയില്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെ ചുഴലിക്കാറ്റുകളെ നിയന്ത്രിക്കാനല്ല ഇതുപയോഗിക്കുന്നതെന്ന് മാത്രം. ചൂടുള്ള ആഴക്കടലിലെ വെള്ളത്തെ തണുത്ത ഉപരിതലത്തിലെത്തിക്കാനാണ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. മഞ്ഞുകാലത്ത് നോര്‍വീജിയന്‍ തീരത്തെ കടലിലെ ഉപരിതലജലത്തിന് ആഴക്കടലിനെ അപേക്ഷിച്ച് തണുപ്പ് കൂടുതലായിരിക്കും. ചൂടുകൂടിയ ആഴക്കടലില്‍ നിന്നും കുമിളകള്‍ മുകളിലേക്കെത്തുമ്പോള്‍ കടല്‍ നിരപ്പിലെ താപനില വര്‍ധിക്കുന്നു. ഇതുവഴി ഈ പ്രദേശത്തെ കടല്‍ കൂടുതല്‍ തണുക്കുകയും മഞ്ഞു നിറയുകയും ചെയ്യുന്ന അവസ്ഥ ഒഴിവാവുകയും ചെയ്യുന്നു. നോര്‍വീജിയന്‍ തീരത്ത് വിജയകരമായി നടപ്പിലാക്കിയ ഈ പദ്ധതി മെക്‌സിക്കോ ഉള്‍ക്കടലില്‍ നടപ്പാക്കിയാല്‍ അമേരിക്കയിലെ ചുഴലിക്കാറ്റുകളെ പിടിച്ചുകെട്ടാമെന്നാണ് പ്രതീക്ഷിക്കുന്നത്. 

 

ചുഴലിക്കാറ്റുകളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ ഏറെക്കാലമായി അമേരിക്ക നടത്തുന്നുണ്ടെങ്കിലും ഒന്നും വിജയിച്ചിട്ടില്ല. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ചുഴലിക്കാറ്റുകളില്‍ അണുബോംബിട്ട് തകര്‍ക്കാനാകുമോ എന്ന ചോദ്യം പല ഘട്ടങ്ങളിലായി ഉയര്‍ന്നിട്ടുണ്ട്. ട്രംപിന്റെ ഭരണകാലത്ത് പോലും ഈ സാധ്യത ചര്‍ച്ചയായിരുന്നു. എന്നാല്‍ ചുഴലിക്കാറ്റിനൊപ്പം ആറ്റംബോംബ് സ്‌ഫോടനത്തെ തുടര്‍ന്നുള്ള ആണവ വികിരണങ്ങള്‍ പറന്നെത്തുമെന്നതാണ് അപകടം. 

 

ചുഴലിക്കാറ്റിന് അടുത്തുള്ള മേഘങ്ങളില്‍ ഡ്രൈ ഐസ് വിതറി കാറ്റിന്റെ ശക്തി കുറക്കുക, ആര്‍ട്ടിക്കില്‍ നിന്നും മഞ്ഞുമലകള്‍ കടലിലൂടെ മെക്‌സിക്കോ ഉള്‍ക്കടലിലെത്തിച്ച് താപനില കുറക്കുക തുടങ്ങി നിരവധി ആശയങ്ങള്‍ ചുഴലിക്കാറ്റുകള്‍ക്കെതിരെ സജീവമായുണ്ട്. മേഘങ്ങളില്‍ കടലുപ്പ് വിതറുകയെന്നതും മറ്റൊരു ആശയമാണ്. ഇതുവഴി മേഘങ്ങള്‍ കൂടുതല്‍ വെളുത്തതാവുകയും അവകൂടുതല്‍ പ്രതിഫലിക്കുന്നതോടെ സമുദ്ര നിരപ്പിലെ ഊഷ്മാവ് കുറയുമെന്നുമാണ് ഇതു മുന്നോട്ട് വെക്കുന്നവര്‍ പറയുന്നത്. ആശയങ്ങള്‍ പലതുണ്ടെങ്കിലും ഇന്നും ചുഴലിക്കാറ്റുകളെ നിയന്ത്രിക്കാന്‍ മനുഷ്യനിര്‍മിത സാങ്കേതികവിദ്യകള്‍ക്ക് സാധിച്ചിട്ടില്ല.

 

English Summary: Underwater 'bubble net' stretching 135 miles between Cuba and Mexico could stop deadly hurricanes battering the US coast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com