sections
MORE

കൊറോണവൈറസ് ‘കഥയും സ്ക്രിപ്റ്റും’ തിരുത്തി ചൈന, വുഹാനിലെ കാഴ്ചകളിൽ സത്യമുണ്ടോ?

wuhan
SHARE

ലോകത്ത് ഇന്ന് മാസ്‌ക് വേണ്ടാത്ത ചുരുക്കം ചില സ്ഥലങ്ങളിലൊന്ന് വുഹാനാണ്. കൊറോണാവൈറസിനെ കുടഞ്ഞെറിഞ്ഞ അതിജീവനത്തിന്റെ കഥ പറഞ്ഞ് പുനര്‍ജന്മം ലഭിച്ച വുഹാനെ അവതിരിപ്പിക്കുന്ന ഒരു ഡോക്യുമന്ററി അവതരിപ്പിക്കുമ്പോഴാണ് നഗരത്തിന്റെ പുതിയ ചിത്രം ചൈന അവതരിപ്പിക്കുന്നത്. വുഹാനിലാണ് കോവിഡ്-19 ഉത്ഭവിച്ചതെന്നത് എന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. എന്നാല്‍, വുഹാനല്ല കൊറോണാവൈറസിന്റെ പ്രഭവകേന്ദ്രം എന്നൊരു പുതിയ വാദമാണ് ചൈന ഡോക്യുമെന്ററിയില്‍ ഉയര്‍ത്തുന്നത്. വുഹാന്‍ ഇരയാകുകയായിരുന്നു എന്നാണ് അവരുടെ വാദം. ഈ നഗരത്തില്‍ കോവിഡ് രോഗം വ്യാപിച്ചു തുടങ്ങിയ കാര്യം ചൈന മൂടിവച്ചുവെന്ന ഗുരുതര ആരോപണം രാജ്യത്തിനെതിരെ ഉയര്‍ത്തി അവരെ ഒറ്റപ്പെടുത്താനുള്ള സാധ്യത പോലും നിലനില്‍ക്കുമ്പോഴാണ് പുതിയ വാദവുമായി ചൈന ഇറങ്ങിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

മാധ്യമങ്ങളിലൂടെ ചൈന നടത്തിയ അതിജീവനത്തിന്റെ കഥ ഉദ്യോഗസ്ഥര്‍ വാതോരാതെ വിളമ്പുന്നുമുണ്ട് ഇപ്പോള്‍. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ചൈനയുടെ മഹാവ്യാധി നിയന്ത്രണോപാധികള്‍ എത്രമേല്‍ ഫലവത്തായിരുന്നു എന്നും അവര്‍ വാഴ്ത്തുന്നു. അമേരിക്കയും മറ്റും പ്രയാസപ്പെടുന്നിടത്താണ് തങ്ങള്‍ വിജയം കൈവരിച്ചിരിക്കുന്നത് എന്നതും അവര്‍ ഉയര്‍ത്തിക്കാണിക്കുന്നു. കഴിഞ്ഞയാഴ്ച ചൈനയിലെ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ആരവങ്ങളോടെ സ്‌കൂളുകളിലേക്ക് ഒഴുകിയെത്തി. വുഹാനാകട്ടെ പാനസോണിക്, ഡൗ, നോക്കിയ തുടങ്ങി വിവിധ മള്‍ട്ടിനേഷണല്‍ കമ്പനികളുടെ മേധാവികള്‍ക്ക് അതിഥേയത്തവും വഹിച്ചു. ഇവരെയെല്ലാം വുഹാനില്‍ പ്രദിക്ഷിണം നടത്തി സ്ഥിതിഗതികള്‍ നേരിട്ടു വിലയിരുത്താനും ചൈന അവസരമൊരുക്കി.

വൈറസിനെതിരെ വിജയം നേടിയ വുഹാന്‍ തിരിച്ച് പഴയ പ്രഭാവത്തിലേക്കു മടങ്ങുന്നുവെന്ന സന്ദേശമാണ് ചൈന നല്‍കാന്‍ ശ്രമിക്കുന്നത്. എന്നാല്‍, വുഹാനിലെ ഒരു മാര്‍ക്കറ്റില്‍ നിന്നാകാം ഈ വൈറസ് വന്നതെന്ന കാര്യം പരാമര്‍ശിക്കുന്നുമില്ല. യൂറോപ്യന്‍ പര്യടനത്തിനിടയില്‍ ഓഗസ്റ്റ് 28ന് ചൈനയുടെ വിദേശകാര്യ മന്ത്രി മറ്റൊരു കാര്യവും പറഞ്ഞു- ചൈനയില്‍ നിന്നായിരിക്കണമെന്നില്ല കൊറോണാവൈറസ് വന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്.

ബ്രാന്‍ഡ് ചൈനയുടെ മുഖത്തിനേറ്റ അടിയാണ് കൊറോണാവൈറസ് വ്യാപനം. ഉടനടി നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ രാജ്യാന്തര തലത്തില്‍ തങ്ങള്‍ ഒറ്റപ്പെട്ടേക്കാമെന്ന തോന്നലാണ് പുതിയ ഡോക്യുമെന്ററി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. തുടക്കത്തില്‍ വൈറസിനെക്കുറിച്ചുള്ള യഥാര്‍ഥ വിവരങ്ങള്‍ പുറത്തുവിട്ടില്ല എന്ന കാര്യത്തില്‍ ചൈന വിചാരണ നേരിടുമെന്നതില്‍ ആര്‍ക്കും തന്നെ തര്‍ക്കമില്ല. ഹോങ്കോങ്ങില്‍ ചൈന പിടിമുറുക്കുന്ന കാര്യത്തിലും രാജ്യാന്തര സമൂഹത്തിന് എതിരഭിപ്രായമുണ്ടെന്നും ബെയ്ജിങ്ങിനറിയാം.

china-wuhan

∙ ചൈന നല്‍കുന്ന സന്ദേശമിതാണ്

പുതിയ നീക്കങ്ങളിലൂടെ ചൈന ലോകത്തിനു നല്‍കാന്‍ ശ്രമിക്കുന്ന സന്ദേശമിതാണ്- ഞങ്ങള്‍ കൊറോണാവൈറസ് ബാധയെ വിജയകരമായി തരണം ചെയ്തു. ഇക്കാര്യത്തില്‍ നിങ്ങള്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ ഞങ്ങളെ ആശ്രയിക്കൂ. ഞങ്ങള്‍ വാക്‌സീന്‍ പോലും ഉണ്ടാക്കിയിട്ടുണ്ട്. ഞങ്ങളോട് സഹകരിക്കൂ, എന്നതായിരിക്കാം ചൈനയുടെ സന്ദേശമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. വൈറസ് ബാധയേറ്റ് ചൈനയില്‍ പതിനായിരിക്കണക്കിന് ആളുകള്‍ മരിച്ചു എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. മറ്റെല്ലാ രാജ്യത്തേക്കാളും നാശനഷ്ടങ്ങള്‍ അവർക്കാണുണ്ടായത്. അവരതു പുറത്തുകാണിക്കുന്നില്ല എന്നാണ് ട്രംപ് കഴിഞ്ഞ ദിവസം ഫോക്‌സ് ന്യൂസിനു നല്‍കിയ ഇന്റര്‍വ്യൂവില്‍ പറഞ്ഞത്.

എന്നാല്‍, കൊറോണാവൈറസിനെ നിയന്ത്രിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ പാളുന്നത് ചൈനയ്ക്ക് തിരിച്ചു വരാനുള്ള അവസരമൊരുക്കിയേക്കുമെന്നു കരുതുന്നവരുമുണ്ട്. അമേരിക്ക ആവശ്യത്തിനു പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്നതും, അമേരിക്കക്കാര്‍ക്ക് വേണ്ട പ്രതിരോധം ഒരുക്കുന്നില്ലെന്നുള്ളതും ചൈനയ്ക്കു തിരിച്ചുവരവിനുള്ള വഴിയായിരിക്കും ഒരുക്കുകയത്രെ.

വുഹാനിലേക്കു തിരിച്ചുവന്നാല്‍, അവിടെ വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്കടക്കം മൂന്നു ദിവസത്തെ ടൂറാണ് ചൈന സംഘടിപ്പിച്ചത്. പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ അവരെ പരമ്പരാഗത ചൈനീസ് ബാലെ അവതരിപ്പിച്ച് സ്വാഗതം ചെയ്തു. പുതുക്കി പണിത വിവാദ മാര്‍ക്കറ്റ് വൃത്തിയുടെ മാതൃക തന്നെ ആയിരിക്കുകയാണെന്നു പറയുന്നു. നഗരത്തില്‍ 11 ദശലക്ഷം ആളുകളാണുണ്ടായിരുന്നത്. ചൈന റിപ്പോര്‍ട്ടു ചെയ്ത 4,634 കൊറോണാവൈറസ് മരണങ്ങളില്‍ 80 ശതമാനവും ഇവിടെയാണ് ഉണ്ടായത്. ഒരു പ്രേത നഗരമാണോ ഇത് എന്നാണ് അത് വ്യാധി പടര്‍ന്നു തുടങ്ങിയ നാളുകളില്‍ തോന്നിപ്പിച്ചത്. എന്നാലിപ്പോള്‍ മാസങ്ങളായി പ്രാദേശികമായി പുതിയ ഒരു കേസുപോലും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. ട്രാഫിക് ജാമുകള്‍ സ്ഥിരമായിരിക്കുന്നു. മാളുകളില്‍ പൊതിഞ്ഞ് ആളുകളെ കാണാം. ഭക്ഷണശാലകളിലും ആള്‍ത്തിരക്കാണ്. പലരുടെയും കഴുത്തിലാണ് ഫെയ്‌സ്മാസ്‌ക് തൂങ്ങിക്കിടക്കുന്നത്. ചിലരാകട്ടെ മാസ്‌ക് പൂര്‍ണമായും ഉപേക്ഷിച്ചും കഴിഞ്ഞു. ആത്മവിശ്വാസം വുഹാനിലെ സ്വിമ്മിങ് പൂളില്‍ മാസ്‌ക് ഇല്ലാതെ നടത്തിയ പാര്‍ട്ടിയില്‍ തന്നെ കാണാം. മാസ്‌ക് ഇല്ലാതെ നടത്തിയ ഈ പ്രകടനം തീക്കളിയാണെന്ന് വിദേശങ്ങളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നുവെങ്കിലും, അത് വൈറസിനെതിരെ തങ്ങള്‍ നേടിയ വിജയത്തെയാണ് കാണിക്കുന്നതെന്നു ചൈനയും തിരിച്ചടിച്ചു. എന്തു റിസ്‌കാണുള്ളത്? വുഹാനിപ്പോള്‍ പരിപൂര്‍ണമായും സുരക്ഷിതമാണ്, ഒരു ഫാക്ടറി ജീവനക്കാരന്‍ പറഞ്ഞു.

wuhan-movie

∙ എല്ലാവര്‍ക്കുമില്ല ശുഭാപ്തിവിശ്വാസം

എന്നാല്‍ എല്ലാവരും വിജയഘോഷങ്ങളില്‍ പങ്കെടുക്കുന്നില്ല. വേണ്ട രീതിയിലുള്ള ഒരു രക്ഷപെടലല്ല നടന്നിരിക്കുന്നത്. രോഗം വീണ്ടും തിരിച്ചുവരാം. സമ്പദ്‌വ്യവസ്ഥയ്ക്ക് ക്ഷീണം സംഭവിച്ചുകഴിഞ്ഞു. ജോലിക്കെത്താനാകുന്നു എന്നതില്‍ അമിതാഹ്ലാദം പ്രകടിപ്പിച്ചിട്ടു കാര്യമില്ല എന്നു പറയുന്ന വുഹാന്‍കാരുമുണ്ട്. പല കടകളിലും സാധനങ്ങള്‍ നിരത്തിവച്ചിട്ടുണ്ടെങ്കിലും ആവശ്യക്കാരില്ല. മഹാവ്യാധിക്കു മുൻപ് ലഭിച്ചിരുന്നതിന്റെ പകുതി കച്ചവടം പോലും ലഭിക്കുന്നില്ലെന്നു പല കടക്കാരും പറയുന്നു. രോഗം പടര്‍ന്നതോടെ ദശലക്ഷക്കണക്കിന് ആളുകള്‍ നഗരത്തിനു പുറത്തേക്കു പാഞ്ഞു. അവരാരും തിരിച്ചുവരാത്തതാണ് പ്രശ്‌നങ്ങളിലൊന്ന് എന്നാണ് ചിലര്‍ വിശ്വസിക്കുന്നത്. ആളുകള്‍ പോയതോടെ വുഹാനില്‍ ആവശ്യത്തിനു ജോലിക്കാരെ കിട്ടാതായതായും പറയുന്നു. വൈറസ് തിരിച്ചുവരുമെന്ന് എല്ലാവരു ഭയപ്പെടുന്നു. തത്കാലത്തേക്കു രക്ഷപെട്ടെങ്കിലും വൈറസ് തിരിച്ചുവന്നാല്‍ വീണ്ടു പ്രശ്‌നമാകുമെന്നാണ് നഗരവാസികളില്‍ പലരും പറയുന്നത്. എന്തായാലും, നഗരം കൊറോണാവൈറസിനെ അതിജീവിച്ചത് ചൈന ആഘോഷമാക്കി മാറ്റുകയാണ്.

English Summary: China tries to flip the pandemic script, starring a 'reborn' Wuhan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA