sections
MORE

കൊറോണവൈറസ് കാരണം ലോകം കണ്ടത് വൻ മാറ്റങ്ങൾ, കണ്ടെത്തലുമായി ഗവേഷകർ

covid-19-market
SHARE

കൊറോണ വൈറസിന്റെ വരവ് നമ്മുടെയെല്ലാം ശീലങ്ങളെ പാടേ മാറ്റിയിരിക്കുന്നു. ആളുകള്‍ കൈ കഴുകുന്നത് വര്‍ധിച്ചു, കൈകള്‍ സാനിറ്റൈസ് ചെയ്യുന്ന പുതിയ ശീലം വന്നു. വീടുകളിലേക്ക് വാങ്ങി വരുന്നതോ എത്തിക്കുന്നതോ ആയ സാധനങ്ങള്‍ അണുവിമുക്തമാക്കാനുള്ള ശ്രമങ്ങളും പല രീതിയില്‍ നടക്കുന്നുണ്ട്. ശരിയായ അണുനാശിനികള്‍ ലഭിച്ചില്ലെങ്കില്‍ വിനാഗിരിയും ബേക്കിങ് സോഡയും തുടങ്ങി പലവസ്തുക്കളും അണുനാശിനികളായി മാറുകയാണ്. ആളുകളുടെ ഈ മാറിയ ചിന്താഗതിയും സ്വഭാവത്തിലെ മാറ്റങ്ങളും ഗുണകരമാണോ? അതോ മറ്റൊരു അനാവശ്യ ശീലം മാത്രമാണോ ഇത്.

കോവിഡ് മഹാമാരിയായി പടരുകയും ലോകം മുഴുവന്‍ പല വിധ ഭയങ്ങളിലാവുകയും ചെയ്തതോടെയാണ് അതി ജാഗ്രത ഒരു സ്വഭാവമായി മാറിയിരിക്കുന്നത്. ടൊറന്റോയിലെ റൈര്‍സണ്‍ സര്‍വകലാശാലക്ക് കീഴിലുള്ള സ്‌കൂള്‍ ഓഫ് ഒക്യുപേഷന്‍ ആൻഡ് പബ്ലിക് ഹെല്‍ത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ ഇയാന്‍ യുങ്ങിന്റെ നേതൃത്വത്തിലാണ് ഇതേക്കുറിച്ച് പഠനം നടത്തിയിരിക്കുന്നത്. medRxiv.orgലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. യുങും സംഘവും 42 പേരെയാണ് പഠനത്തിന് വിധേയരാക്കിയത്. പുതിയ ശീലങ്ങള്‍ ചെറുതല്ലാത്ത സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 

കോവിഡ് 19 രോഗത്തിന് കാരണമാകുന്ന കൊറോണ വൈറസ് ദിവസങ്ങളോളം പല പ്രതലത്തിലും സജീവമായിരിക്കുമെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തണുത്ത കാലാവസ്ഥയും അന്തരീക്ഷത്തിലെ ഈര്‍പ്പവും കൂടും തോറും കൊറോണ വൈറസ് കൂടുതല്‍ സമയം സജീവമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇത്തരം മുന്നറിയിപ്പുകളാണ് വലിയൊരു വിഭാഗം ജനങ്ങളുടെ സ്വാഭാവത്തെ തന്നെ മാറ്റുന്ന നിലയിലേക്കാണ് എത്തിയിരിക്കുന്നത്. മാര്‍ക്കറ്റും മാംസ സംസ്‌ക്കരണ കേന്ദ്രങ്ങളുമൊക്കെ കോവിഡിന്റെ പ്രഭവകേന്ദ്രമായെന്ന വാര്‍ത്തകളും ഇത്തരം ഭയം വര്‍ധിക്കാന്‍ ഇടയാക്കി.

ഏതെങ്കിലും സൂപ്പര്‍മാര്‍ക്കറ്റിലോ മറ്റോ പോയാല്‍ തനിക്ക് ചുറ്റുമുള്ളതിലെല്ലാം വൈറസുണ്ടെന്ന പോലെയാണ് തോന്നാറെന്നാണ് പഠനത്തില്‍ പങ്കെടുത്ത ഒരു സ്ത്രീ പറഞ്ഞത്. പരമാവധി കുറച്ച് സ്ഥലങ്ങളില്‍ മാത്രമേ തൊടാറുള്ളൂ. സാനിറ്റൈസര്‍ ഉപയോഗിക്കുകയോ കഴുകുകയോ ചെയ്യുന്നതുവരെ കയ്യില്‍ അദൃശ്യമായൊരു ചളി പുരണ്ടതുപോലെയുള്ള തോന്നലാണ് പലപ്പോഴും ഉണ്ടാവാറ്.

19നും 76നും ഇടക്ക് പ്രായമുള്ള വ്യത്യസ്ത വിഭാഗക്കാരായിരുന്നു പഠനത്തില്‍ പങ്കെടുത്ത 42 പേരും. കാനഡയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇവര്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഗവേഷകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും പഠനത്തില്‍ പങ്കാളികളാവുകയും ചെയ്തത്. ഇവര്‍ തമ്മിലുള്ള ഗ്രൂപ്പ് ഡിസ്‌ക്കഷനും ഒരുക്കിയിരുന്നു. പഠനത്തിന് പങ്കാളികളായവരില്‍ 70 ശതമാനം പേരും സ്ത്രീകളായിരുന്നു. 

കൊറോണ വൈറസ് ബാധ വ്യാപകമായതോടെ പല പുതിയ ശീലങ്ങളും ലോകമാകെ വ്യാപിച്ചിട്ടുണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണ് ഗവേഷകര്‍ നല്‍കുന്നത്. പലപ്പോഴും ആശുപത്രികളിലെ രോഗികളുമായി അടുത്തിടപഴകേണ്ടി വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ പാലിക്കേണ്ട ശുചിത്വമാണ് പലരും പുലര്‍ത്തുന്നത്. എന്നാല്‍ ഇത് ഗുണത്തേക്കാളേറെ പലപ്പോഴും ദോഷമാണ് ചെയ്യുക. തുടര്‍ച്ചയായുള്ള ഈ അമിത ശ്രദ്ധ ഉത്കണ്ഠയും സമ്മര്‍ദവും വര്‍ധിപ്പിക്കുകയും ചെയ്യും. 

ദ ലാന്‍സറ്റ് മെഡിക്കല്‍ ജേണലില്‍ അടുത്തിടെ കൊറോണ വൈറസ് എത്രത്തോളും പൊതുപ്രതലത്തില്‍ സജീവമായിരിക്കും എന്നത് സംബന്ധിച്ച ഒരു പഠനം പ്രസിദ്ധീകരിച്ചുവന്നിരുന്നു. ഏതാണ്ട് ഒരു കോടി വൈറസുകള്‍ അടങ്ങുന്ന ജല കണികകള്‍ പൊതു സ്ഥലത്ത് നിക്ഷേപിച്ചാല്‍ ഏതാണ്ട് നൂറുകണക്കിനെണ്ണത്തിന് മാത്രമേ അനുകൂല സാഹചര്യങ്ങളില്‍ പോലും അതിജീവിക്കാന്‍ സാധിക്കൂ എന്നായിരുന്നു ഇതില്‍ പറഞ്ഞിരുന്നു. എങ്കില്‍ പോലും ഗ്ലൗസുകളും ഒന്നിലേറെ മാസ്‌കുകളും അടക്കം അതീവ ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യേണ്ട ആവശ്യം ആശുപത്രികളില്‍ ജോലിയെടുക്കുന്നവര്‍ക്കുണ്ട്. എന്നാല്‍ അതേ മുന്‍കരുതലുകള്‍ സാധാരണക്കാര്‍ എല്ലായ്‌പോഴും പുലര്‍ത്തുന്നതില്‍ വലിയ കാര്യമില്ലെന്നാണ് റുട്ട്‌ഗേര്‍സ് സര്‍വകലാശാലയിലെ മൈക്രോ ബയോളജിസ്റ്റ് ഇമ്മാനുവല്‍ ഗോള്‍ഡ്മാന്‍ ഓര്‍മിപ്പിക്കുന്നത്. 

കൈകള്‍ കഴുകുന്നതും മാസ്‌ക് ശരിയായി ധരിക്കുന്നതും സാമൂഹ്യ അകലം പാലിക്കുന്നതും കോവിഡിനെ അകറ്റി നിര്‍ത്താനുള്ള സുവര്‍ണ നിയമമാണെന്നതില്‍ സംശയമില്ല. എങ്കിലും വീടുകളില്‍ ഇരിക്കുമ്പോള്‍ പോലും തൊടുന്നതിലെല്ലാം കൊറോണ വൈറസുണ്ടെന്ന ചിന്തയില്‍ തുടര്‍ച്ചയായി കൈകള്‍ കഴുകുന്നതും അണുവിമുക്തമാക്കാന്‍ ശ്രമിക്കുന്നതും മാനസിക സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ മാത്രമേ ഉപകരിക്കൂ. അധികമായാല്‍ കോവിഡിനെതിരായ മുന്‍കരുതലുകളും ദോഷമായേക്കാമെന്നാണ് മുന്നറിയിപ്പ്.

English Summary: The pandemic has changed shoppers’ behaviour and heightened cleanliness anxiety, Canadian study finds

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA