sections
MORE

വളർത്തുമൃഗങ്ങൾക്കും കോവിഡ് പിടിപെട്ടിരിക്കാന്‍ സാധ്യത, സൂക്ഷിക്കണമെന്ന് ഗവേഷകർ

cat
SHARE

വളര്‍ത്തുമൃഗങ്ങളില്‍ നേരത്തെ പ്രതീക്ഷിച്ചതിനേക്കാളും കൂടുതല്‍ എണ്ണത്തിന് കോവിഡ് പിടിപെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്ന് സൂചന. കോവിഡ്-19 ആദ്യം വ്യാപകമായി പടര്‍ന്നു പിടിച്ച ചൈനീസ് നഗരമായ വുഹാനില്‍ ഏതാണ്ട് 15 ശതമാനത്തോളം പൂച്ചവര്‍ഗത്തില്‍ പെട്ട ജീവികള്‍ക്ക് കോവിഡ് ഉണ്ടെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഇത് മനുഷ്യരില്‍ നിന്നും വളര്‍ത്തുമൃഗങ്ങളിലേക്ക് കോവിഡ് പകരാനുള്ള സാധ്യതയയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 

വുഹാനില്‍ പരിശോധിച്ച പൂച്ചകളില്‍ 10 മുതല്‍ 15 ശതമാനത്തിനും കോവിഡ് ഉണ്ടെന്ന പഠനമാണ് ആശങ്കക്കിടയാക്കുന്നത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലത്ത് വുഹാനിലെ മാര്‍ജ്ജാരവര്‍ഗത്തില്‍പെട്ട നൂറിലേറെ വളര്‍ത്തുമൃഗങ്ങളില്‍ നിന്നും ശേഖരിച്ച സാംപിളുകളുടെ കോവിഡ് പരിശോധനയാണ് പഠന വിധേയമാക്കിയത്. കോവിഡ് ബാധിക്കുന്നവര്‍ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളില്‍ നിന്നു കൂടി സാമൂഹ്യ അകലം പാലിക്കണമെന്ന് ഇതോടെ അധികൃതര്‍ നിര്‍ദേശിച്ചുകഴിഞ്ഞു. ഹുവാസോങ് കാര്‍ഷിക സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

ഇതില്‍ ഒരു പൂച്ചക്ക് പോലും കോവിഡ്-19 രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. എങ്കിലും വളര്‍ത്തുമൃഗങ്ങളിലും കോവിഡ് ഒരു വിനാശകാരിയായ രോഗമായാണ് കണക്കാക്കപ്പെടുന്നത്. കോവിഡ് വ്യാപകമാവുന്നതിന് മുൻപ് ശേഖരിച്ച 39 സാംപിളുകളും കോവിഡിന് ശേഷം എടുത്ത 102 സാംപിളുകളുമാണ് പരിശോധിച്ചത്. ഇതില്‍ കോവിഡിന് ശേഷം എടുത്തവയില്‍ 46 പൂച്ചകളെ മൃഗ പരിപാലന കേന്ദ്രങ്ങളില്‍ നിന്നാണ് തെരഞ്ഞെടുത്തത്. 41 എണ്ണത്തിന്റെ സാംപിളുകള്‍ മൃഗാശുപത്രികളില്‍ നിന്നും 15 എണ്ണം കോവിഡ് സ്ഥിരീകരിച്ചവരുടെ വീടുകളിലെ പൂച്ചകളില്‍ നിന്നും എടുത്തു. 

ആകെയുള്ള 102 സാംപിളുകളില്‍ 15 എണ്ണത്തിന്റെ (14.7 ശതമാനം) ശരീരത്തില്‍ കോവിഡ് 19 ആന്റിബോഡികള്‍ കണ്ടെത്തി. 11 എണ്ണത്തില്‍ സാര്‍സ് കോവ് 2 വൈറസിനെ നിരായുധരാക്കുന്ന ആന്റിബോഡികളും ഉണ്ടായിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ആന്റിബോഡികള്‍ കണ്ടെത്തിയത് കോവിഡ് 19 രോഗിയായ ഒരാളുടെ വീട്ടിലുണ്ടായിരുന്ന മൂന്ന് പൂച്ചകളിലായിരുന്നു.

പൂച്ചകളില്‍ കോവിഡ് സ്ഥിരീകരിച്ചെങ്കിലും അത് മനുഷ്യരില്‍ നിന്നും പകര്‍ന്നതാണെന്ന് സ്ഥിരീകരിക്കാന്‍ പഠനത്തില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പൂച്ചകളില്‍ നിന്നും പൂച്ചകളിലേക്ക് മൂക്കില്‍ നിന്നും വായില്‍ നിന്നും തെറിക്കുന്ന സൂഷ്മ ജലകണികകള്‍ വഴി കോവിഡ് പകരാമെന്ന് കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച പഠനം പറഞ്ഞിരുന്നു. വ്യത്യസ്ത തരം മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഇടയില്‍ കോവിഡ് പകരുന്നത് എങ്ങനെയെന്ന് തിരിച്ചറിയാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങള്‍ തന്നെ മൃഗങ്ങളെ വളര്‍ത്തുന്നവര്‍ ഇടപഴകുമ്പോള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് വ്യക്തമാക്കുന്നതാണ്. 

പൂച്ചകളിലും മറ്റു വളര്‍ത്തുമൃഗങ്ങളിലും കോവിഡ് എത്തിയത് പൂര്‍ണമായും മനുഷ്യര്‍ വഴിയാണെന്ന് ഉറപ്പിക്കാനുമാകില്ല. തെരുവില്‍ അലയുന്ന നാല് പൂച്ചകളിലും മറ്റു നാല് പൂച്ചവര്‍ഗത്തില്‍ പെട്ട ജീവികളിലും വുഹാനിലെ മൃഗാശുപത്രിയില്‍ വെച്ച് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വളര്‍ത്തു പൂച്ചകളിലെ കോവിഡ് സാംപിളുകള്‍ ശേഖരിക്കുന്നതിന് വളരെ മുൻപ് ഉള്ളതാണോ എന്നകാര്യവും വ്യക്തമല്ല. എങ്കില്‍ പോലും പട്ടി, പൂച്ച തുടങ്ങിയ വളര്‍ത്തുമൃഗങ്ങളില്‍ നിന്നും കോവിഡ് സ്ഥിരീകരിച്ചവര്‍ വ്യക്തമായ അകലം പാലിക്കേണ്ടത് ആവശ്യമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ മെയ്‌ലിന്‍ ജിന്‍ പറയുന്നു. വളര്‍ത്തുമൃഗങ്ങള്‍ക്കും കോവിഡ് ക്വാറന്റീൻ നിര്‍ബന്ധമാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

English Summary: More cats might be COVID-19 positive than first believed after study

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA