ADVERTISEMENT

നാസയുടെ നാന്‍സി റോമന്‍ ടെലസ്‌കോപിന്റെ നിര്‍മാണത്തിലെ നിര്‍ണായക ഘട്ടം പിന്നിട്ടു. ടെലസ്‌കോപിന്റെ പ്രധാന സ്ഫടികത്തിന്റെ നിര്‍മാണമാണ് പൂര്‍ത്തിയായിരിക്കുന്നത്. ഇതോടെ 2025ല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കരുതുന്ന നാന്‍സി റോമന്‍ ടെലസ്‌കോപിന്റെ ഹൃദയഭാഗം പൂര്‍ത്തിയായെന്നാണ് നാസ അറിയിക്കുന്നത്.

 

ഏതാണ്ട് 2.4 മീറ്റര്‍ (7.9 അടി) വലുപ്പമുള്ള സ്ഫടികത്തിന്റെ നിര്‍മാണം പ്രതീക്ഷിച്ചതിലും നേരത്തെയാണ് പൂര്‍ത്തിയായിരിക്കുന്നത്. 2016 ഫെബ്രുവരിയില്‍ അനുമതി ലഭിച്ച ബഹിരാകാശ ടെലസ്‌കോപിന് WFIRST (വൈഡ് ഫീല്‍ഡ് ഇന്‍ഫ്രാറെഡ് സ്‌പേസ് ടെലസ്‌കോപ്) എന്നാണ് ആദ്യം പേരിട്ടത്. പിന്നീട് 2020 മെയ് മാസത്തിലാണ് നാസ പേര് മാറ്റിയത്. നാസയിലെ ആദ്യ വനിതാ എക്‌സിക്യൂട്ടീവായിരുന്ന 2018ല്‍ വിടപറഞ്ഞ നാന്‍സി ഗ്രേസ് റോമന്റെ പേരാണ് നല്‍കിയത്. ഹബിള്‍ ടെലസ്‌കോപിന്റെ മാതാവ് എന്നാണ് നാന്‍സി അറിയപ്പെട്ടിരുന്നത്. ബഹിരാകാശത്ത് ഒരു ടെലസ്‌കോപ് എന്ന ആശയത്തെ നിരവധി പ്രതിബന്ധങ്ങള്‍ മറികടന്ന് യാഥാര്‍ഥ്യമാക്കിയതില്‍ നാന്‍സിയുടെ ഇച്ഛാശക്തിക്ക് വലിയ പങ്കുണ്ടായിരുന്നു.

 

ഇത്തരം ടെലസ്‌കോപുകളുടെ പ്രാഥമിക സ്ഫടിക ഭാഗമാണ് അവയുടെ ഹൃദയഭാഗമായി അറിയപ്പെടുന്നത്. ഇതുവഴി ശേഖരിക്കുന്ന പ്രകാശമാണ് മറ്റു ഭാഗങ്ങളിലേക്കും ഉപകരണങ്ങളിലേക്കും തിരിച്ചുവിടുന്നത്. ഹബിള്‍ ടെലസ്‌കോപിന്റെ അതേ വലിപ്പമുള്ള പ്രാഥമിക സ്ഫടികമാണ് നാന്‍സി റോമന്‍ സ്‌പേസ് ടെലസ്‌കോപിനും (ആര്‍.എസ്.ടി) ഉള്ളത്. എന്നാല്‍ ഹബിളിനേക്കാള്‍ നൂറിരട്ടി വിസ്താരമുള്ള കാഴ്ചാശേഷിയാണ് ആര്‍എസ്ടിയെ വ്യത്യസ്ഥമാക്കുന്നത്. ഈ കാഴ്ച്ചയിലെ വിസ്തൃതി ഉപയോഗിച്ച് അടുത്തും ദൂരത്തമുള്ള പ്രപഞ്ച വസ്തുക്കളെ നിരീക്ഷിക്കാന്‍ ആര്‍എസ്ടിക്കാകും.

 

ജെയിംസ് വെബ്ബ് സ്‌പേസ് ടെലസ്‌കോപിനെ (ജെഡബ്ല്യുഎസ്ടി) പോലെ ഇന്‍ഫ്രാറെഡ് ഒബ്‌സര്‍വേറ്ററിയാണ് ആര്‍എസ്ടി പ്രപഞ്ചത്തിന്റെ പരമാവധി ദൂരത്തേക്ക് നോട്ടമെത്തിച്ച് ആദി വെളിച്ചത്തിന്റെ തെളിവുകള്‍ ശേഖരിക്കുകയാണ് ജെഡബ്ല്യുഎസ്ടിയുടെ ലക്ഷ്യം. എന്നാല്‍, റോമന്‍ സ്‌പേസ് ടെലസ്‌കോപിന്റെ പ്രധാന ലക്ഷ്യം ഡാര്‍ക്ക് എനര്‍ജി അഥവാ ഇരുണ്ട ഊര്‍ജ്ജത്തെക്കുറിച്ചും വിദൂര ഗ്രഹങ്ങളെക്കുറിച്ചും പഠിക്കുകയാണ്. 

 

ഏത് തരംഗ ദൈര്‍ഘ്യത്തിലുള്ള പ്രകാശത്തെയാണോ സ്വീകരിക്കേണ്ടത് എന്നതിന് അനുസരിച്ച് ടെലസ്‌കോപ് സ്ഫടികങ്ങളില്‍ ഉപയോഗിക്കുന്ന നിര്‍മാണ വസ്തുക്കള്‍ വ്യത്യാസപ്പെട്ടിരിക്കും. ഇന്‍ഫ്രാറെഡ്, അള്‍ട്രാവയലറ്റ് പ്രകാശ രശ്മികളെ ഉപയോഗിക്കുന്ന ഹബിള്‍ ടെലസ്‌കോപിന്റെ സ്ഫടികം നിര്‍മിച്ചിരിക്കുന്നത് അലൂമിനിയം മഗ്നീഷ്യം ഫ്‌ളൂറോയിഡ് കൊണ്ടാണ്. ജെഡബ്ല്യുഎസ്.ടിയുടെ സ്ഫടികത്തില്‍ സ്വര്‍ണമാണ് പൂശിയിരിക്കുന്നത്. 

 

അസാധാരണമാം വിധം നേര്‍ത്ത വെള്ളിയാണ് റോമന്‍ സ്‌പേസ് ടെലസ്‌കോപിന്റെ സ്ഫടികത്തില്‍ പൂശിയിരിക്കുന്നത്. ഇന്‍ഫ്രാറെഡ് രശ്മികളെ പ്രതിഫലിപ്പിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. തലമുടിയേക്കാള്‍ ഇരുന്നൂറിരട്ടി നേര്‍ത്ത ഏതാണ്ട് 400 നാനോ മീറ്റര്‍ മാത്രമാണ് സ്ഫടികത്തിന് മുകളിലെ വെള്ളിയുടെ കനം. ഇതില്‍ പരമാവധി ഉയര്‍ന്നു നില്‍ക്കുന്ന ഭാഗം വെറും 1.2 നാനോ മീറ്റര്‍ മാത്രമാണ്. നാസ പ്രതീക്ഷിച്ചതിലും ഇരട്ടി മിനുസമാണ് ആര്‍എസ്ടിയുടെ കണ്ണാടിക്ക് ലഭിച്ചിരിക്കുന്നത്. 

അതുകൊണ്ടുതന്നെ പ്രതീക്ഷക്കപ്പുറത്തെ ഫലങ്ങള്‍ ഈ ബഹിരാകാശ ടെലസ്‌കോപില്‍ നിന്നും ലഭിക്കുമെന്നും കരുതപ്പെടുന്നു. 

പ്രാഥമിക സ്ഫടികം ശേഖരിക്കുന്ന ഇന്‍ഫ്രാറെഡ് വെളിച്ചം കൊറോണഗ്രാഫ് ഉപകരണത്തിലേക്കും വൈഡ് ഫീല്‍ഡ് ഇന്‍സ്ട്രുമെന്റിലേക്കുമാണ് വഴിതിരിച്ചുവിടുക. വിദൂര ഗ്രഹങ്ങളുടെ നക്ഷത്രങ്ങളില്‍ നിന്നുള്ള വെളിച്ചം തടഞ്ഞ് കൂടുതല്‍ കാഴ്ച്ച നല്‍കാന്‍ സഹായിക്കുന്നതാണ് കൊറോണഗ്രാഫ് ഉപകരണങ്ങള്‍. നക്ഷത്രത്തേക്കാള്‍ നൂറുകോടി തെളിച്ചം കുറഞ്ഞ ഗ്രഹങ്ങളേയും തിരഞ്ഞുപിടിക്കാന്‍ ആര്‍എസ്ടിക്കാകും. 

 

വലിയൊരു 300 മെഗാപിക്‌സല്‍ ക്യാമറയാണ് വൈഡ് ഫീല്‍ഡ് ഇന്‍സ്ട്രുമെന്റ്. ഹബിളിനേക്കാള്‍ നൂറിരട്ടി വിസ്താരത്തിലുള്ള കാഴ്ചകള്‍ കാണിച്ചുതരാന്‍ ആര്‍എസ്ടിയുടെ ഈ ഡബ്ലുഎഫ്ഐക്ക് സാധിക്കും. പ്രപഞ്ചത്തിലെ ഇരുണ്ട ഊര്‍ജ്ജത്തിന്റെ രൂപവും വിതരണവും മനസിലാക്കാന്‍ ഇത് സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. 

 

പ്രപഞ്ചശാസ്ത്രത്തെ ഏറ്റവും കുഴക്കിയിട്ടുള്ള ചോദ്യങ്ങളിലൊന്ന് പ്രപഞ്ചത്തിന്റെ നിരന്തരമായ വികാസത്തിന്റെ നിരക്കാണ്. ഹബിള്‍ സ്ഥിരാംഗം എന്ന പേരില്‍ പ്രപഞ്ച വികാസനിരക്കിനെ പല ഗവേഷകരും ചോദ്യം ചെയ്യുന്നുമുണ്ട്. 67 മുതല്‍ 77 (കിലോമീറ്റര്‍/സെക്കൻഡ്)/മെഗാപാര്‍സെക്കൻഡ് ആണ് പ്രപഞ്ച വികാസ നിരക്കായി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കരുതപ്പെടുന്നത്. പ്രപഞ്ച വികാസ നിരക്ക് കൂടുതല്‍ കൃത്യമാക്കാന്‍ റോമന്‍ സ്‌പേസ് ടെലസ്‌കോപ് ശ്രമിക്കും. പ്രത്യേകിച്ച് ഒരു നക്ഷത്രത്തേയും വലം വെക്കാതെ പ്രപഞ്ചത്തില്‍ സ്വതന്ത്രമായി സഞ്ചരിക്കുന്ന ഗ്രഹങ്ങളുണ്ട്. ഇത്തരം വളരെക്കുറച്ച് ഗ്രഹങ്ങളെക്കുറിച്ചേ നമുക്ക് നിലവില്‍ അറിവുള്ളൂ. ഈ അറിവും വിപുലപ്പെടുത്താന്‍ ആര്‍എസ്ടി ശ്രമിക്കും. ക്ഷീരപഥത്തില്‍ ഏതാണ്ട് ഒരു ലക്ഷം കോടി ഗ്രഹങ്ങളുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.

 

സ്ഫടികത്തിന്റെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും നിരവധി പരീക്ഷണങ്ങള്‍ ഇവയുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്താന്‍ നടത്തേണ്ടതുണ്ട്. താപവ്യതിയാനങ്ങളുടെ അവസരങ്ങളില്‍ ഈ സ്ഫടികം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതടക്കം വരും ദിവസങ്ങളില്‍ പരീക്ഷിക്കപ്പെടും. സ്ഫടികത്തിനൊപ്പം ടെലസ്‌കോപിലെ മറ്റ് ഉപകരണങ്ങളും പരീക്ഷണവിധേയമാക്കും. അഞ്ച് വര്‍ഷത്തെ ആയുസ്സ് കണക്കാക്കുന്ന റോമന്‍ സ്‌പേസ് ടെലസ്‌കോപ് 2025ല്‍ വിക്ഷേപിക്കുമെന്നാണ് കരുതപ്പെടുന്നത്.

 

English Summary: NASA Reveals The 'Heart' of The Nancy Roman Space Telescope Is Now Complete

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com