ADVERTISEMENT

‘ഭൂമിയിലെ നരക’ത്തിന്റെ കാഴ്ചകളാണ് മുകളിൽ നിന്ന് ഉപഗ്രഹങ്ങളിലെ ക്യാമറകൾ പകർത്തുന്നത്. ലോകത്തെ ഒന്നടങ്കം ഭീതിപ്പെടുത്തുന്ന, തീതുപ്പുന്ന കാഴ്ചകളാണ് മിക്കതും. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (എൻ‌എ‌എ‌എ‌എ) അടുത്തിടെ പങ്കിട്ട ഉപഗ്രഹ ചിത്രങ്ങൾ ലോകത്തെ ഭയപ്പെടുത്തുന്നതാണ്. ഡസൻ കണക്കിന് കാട്ടുതീകൾ കലിഫോർണിയ, ഒറിഗൺ, വാഷിങ്ടൺ എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് ആളുകളെ അപകടത്തിലാക്കിയിരിക്കുന്നു. ദുരന്തത്തിന്റെ ഓരോ നിമിഷവും മുകളിലിരുന്ന എൻ‌എ‌എ‌എ‌എ ഉപഗ്രഹങ്ങൾ പകര്‍ത്തി ഭൂമിയിലേക്ക് അയക്കുന്നുണ്ട്. 

 

വ്യാഴം, വെള്ളി ദിവസങ്ങളിൽ എൻ‌എ‌എ‌എ ഉപഗ്രഹങ്ങൾ എടുത്ത ചിത്രങ്ങളിൽ, കനത്ത തീ കാരമണുണ്ടായ പുക പസഫിക് സമുദ്രത്തിന് മുകളിലൂടെ നൂറുകണക്കിന് മൈലുകൾ നീണ്ടുകിടക്കുന്നത് കാണാം. കാട്ടുതീ അനിയന്ത്രിതമായതോടെ കലിഫോര്‍ണിയയിലെ ചൂട് ഭീതിതമാംവിധം ഉയരുമെന്നാണ് മുന്നറിയിപ്പ്. ഓഗസ്റ്റിന് ശേഷം ഇരുപത് ലക്ഷം ഏക്കര്‍ വനമാണ് കാട്ടുതീയില്‍ നശിച്ചത്. കാട്ടുതീയെ തുടര്‍ന്നുണ്ടായ 45,000 അടി വലുപ്പമുള്ള പൈറോക്യുമുലോനിംബസ് മേഘമായി മാറിയിരിക്കുന്നുവെന്ന് എന്‍ഒഎഎ (നാഷണള്‍ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷന്‍) സാറ്റലൈറ്റ് ചിത്രങ്ങളെ പരിശോധിച്ച് വ്യക്തമാക്കി കഴിഞ്ഞു.

 

വലിയ കാട്ടുതീയെ തുടര്‍ന്ന് ഉയരുന്ന കനത്തപുക തണുത്തുറഞ്ഞ് മേഘടപലമായി മാറുന്നതാണ് പൈറോക്യുമുലോനിംബസുകള്‍. ഒരുപ്രദേശത്തെ കാലാവസ്ഥയെ കുറച്ചുകാലം നിയന്ത്രിക്കാന്‍ ഇവയ്ക്കാകും. കനത്ത മഴയും ഇടിമിന്നലുകളും കൊടുങ്കാറ്റുകളും ഇതുവഴിയുണ്ടാകും. ഇവയുടെ ഈ സവിശേഷതകള്‍ കൊണ്ട് പൈറോക്യുമുലോനിംബസ് മേഘങ്ങള്‍ക്ക് തീ തുപ്പുന്ന മേഘവ്യാളി എന്നാണ് വിളിക്കാറ്.

 

ഓഗസ്റ്റ് പതിനഞ്ചിന് ശേഷം ഇതുവരെ കലിഫോര്‍ണ്ണിയയിലെ അഗ്നിശമന സേനക്ക് 900ത്തിലേറെ കാട്ടുതീകളെയാണ് നേരിടേണ്ടി വന്നത്. ഉയര്‍ന്ന ചൂടും ഇടിമിന്നലുകളുമാണ് പലയിടത്തും കാട്ടുതീക്ക് തുടക്കമിട്ടത്. കഴിഞ്ഞ ആഴ്ചയില്‍ മാത്രം കലിഫോര്‍ണ്ണിയയില്‍ അഞ്ച് കാട്ടുതീകളാണ് റിപ്പോര്‍ട്ടു ചെയ്തത്. ഇവ ദിവസങ്ങള്‍ക്കകം ചാമ്പലാക്കിയതാകട്ടെ ഒരു ലക്ഷം ഏക്കര്‍ വനവും.

 

വടക്കന്‍ കലിഫോര്‍ണ്ണിയയില്‍ കാട്ടുതീയെ തുടര്‍ന്ന് കുടുങ്ങിപോയ 207 പേരെ സൈന്യമെത്തിയാണ് രക്ഷിച്ചത്. സിയേറ നാഷണല്‍ ഫോറസ്റ്റിലെ ഒരു സ്ഥിരം ക്യാപിംങ് സൈറ്റില്‍ എത്തിയ സഞ്ചാരികളായിരുന്നു ഇവര്‍. ഇവിടെ മാത്രം ഒന്നരലക്ഷം ഏക്കര്‍ സ്ഥലം കാട്ടുതീയെടുത്തു. സയേറ നാഷണല്‍ ഫോറസ്റ്റിന് സമീപത്തെ വീടുകളില്‍ ചിലതും കാട്ടുതീയില്‍ പെട്ടിരുന്നു. തൊട്ടടുത്തുള്ളവരെ പോലും പുകമൂലം കാണാന്‍ കഴിഞ്ഞിരുന്നില്ലെന്നും ആകാശം ചുവന്ന നിറമായി മാറിയിരുന്നുവെന്നുമാണ് കാട്ടുതീയുടെ അനുഭവത്തെക്കുറിച്ച് പ്രദേശവാസിയായ ജാക് മക്കാഡോ പറയുന്നത്. 

 

പ്രദേശത്തെ വരണ്ട കാലാവസ്ഥയും കാറ്റും തീചുഴലിക്കാറ്റുകളും തുടര്‍ച്ചയായുണ്ടായ ഇടിമിന്നലുകളും പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കിയെന്ന് സ്‌പേസ് ഡോട്ട്‌കോം റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതേ തുടര്‍ന്നാണ് പൈറോക്യുമുലോനിംബസ് മേഘങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. അന്തരീക്ഷത്തിലെ രണ്ടാമത്തെ പാളിയായ സ്ട്രാറ്റോസ്ഫിയറിലേക്ക് ഈ പുകമേഘം എത്തിയില്ലെങ്കില്‍ ദീര്‍ഘകാലത്തേക്ക് ഇത് അന്തരീക്ഷത്തില്‍ തുടരാനുള്ള സാധ്യത ഏറെയാണ്. മാസങ്ങളും വര്‍ഷങ്ങളും വരെ ഇവ ട്രോപോസ്ഫിയറിന്റെ താഴ്ന്ന ഭാഗത്താണെങ്കില്‍ തുടരും.

 

English Summary: Here's What the Massive Amount of Smoke Created by West Coast Wildfires Looks Like From Space

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com