ADVERTISEMENT

ഭീകരര്‍ വിമാനങ്ങള്‍ തട്ടിയെടുത്ത് 2001 സെപ്റ്റംബര്‍ 11ന് വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇടിച്ചിറക്കിയത് ലോകം മറന്നിട്ടില്ല. അന്നത്തെ ഭീകരാക്രമണത്തില്‍ 2,606 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ലോകത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഭൂമിയില്‍ നിന്നു മാത്രമല്ല ആകാശത്തു നിന്നു പോലും പകര്‍ത്തിയിരുന്നു. 9/11 ഭീകരാക്രമണത്തിന്റെ ആഴവും പരപ്പും വെളിവാക്കുന്നതാണ് ബഹിരാകാശത്തു നിന്നുള്ള ഈ സാറ്റലൈറ്റ് കാഴ്ചകള്‍.

sep-11-nasa

 

terrorist-attack

9/11 ഭീകരാക്രമണത്തിന്റെ പത്തൊമ്പതാം വാര്‍ഷികത്തില്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ തന്നെയാണ് സാറ്റലൈറ്റ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഭൂമിയില്‍ നിന്നും 250 മൈല്‍ ഉയരത്തിലുള്ള രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്നും 9/11ന് എടുത്ത ചിത്രവും അതേ സ്ഥലത്തിന്റെ ഇപ്പോഴത്തെ ദൃശ്യവുമാണ് നാസ പുറത്തുവിട്ടത്. ഇതിന്റെ കൂട്ടത്തില്‍ മറ്റു സാറ്റലൈറ്റുകളില്‍ നിന്നെടുത്ത ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

sep-11-attack

 

sep-11

സെപ്റ്റംബര്‍ 11ന്റെ ഭീകരാക്രമണ ദിവസത്തെ ദൃശ്യങ്ങളും പിന്നീട് ആഴ്ചകള്‍ക്ക് ശേഷമുള്ള നാമാവശേഷമായ ദുരന്തഭൂമിയുടെ ചിത്രങ്ങളും സാറ്റലൈറ്റ് ചിത്രങ്ങളിലൂടെ കാണാനാകും. വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണം നടന്ന് മൂന്ന് മണിക്കൂറിന് ശേഷം ദുരന്തഭൂമിക്ക് മുകളിലൂടെ പോയ സാറ്റലൈറ്റ് എടുത്ത ഇരട്ട ടവറിന്റെ ചിത്രങ്ങളും പുറത്തുവിട്ടു. അന്നത്തെ ന്യൂയോര്‍ക്ക് മേയര്‍ ലോവര്‍ മാന്‍ഹാട്ടനില്‍ നിന്നും എല്ലാവരും ഒഴിയണണെന്ന് നിര്‍ദേശം നല്‍കി അരമണിക്കൂറിനുള്ളിലെടുത്ത ചിത്രമാണിത്. അമേരിക്കയുടെ അഭിമാനമായിരുന്ന ലോകവ്യാപാര കേന്ദ്രത്തില്‍ നിന്നും തീയും ഇരുണ്ട പുകയും ഉയരുന്നതു വരെ വ്യക്തമായി ചിത്രങ്ങളിലുണ്ട്.

 

ലാന്റ്‌സാറ്റ് 7 സാറ്റലൈറ്റ് സെപ്റ്റംബര്‍ 12നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പുക ഉയരുന്നതാണ് ഈ ദൃശ്യങ്ങളിലുള്ളത്. ഇതേ ദിവസം തന്നെ എടുത്ത IKONOS സാറ്റലൈറ്റിന്റെ ചിത്രങ്ങളാണ് കൂടുതല്‍ വ്യക്തമായ കാഴ്ച്ചകളുള്ളത്. IKONOSന്റെ ഹൈ റെസല്യൂഷന്‍ ക്യാമറ ന്യൂയോര്‍ക്കിലെ ദുരന്തഭൂമിയുടെ ക്ലോസ് അപ് ദൃശ്യങ്ങളാണ് പകര്‍ത്തിയത്. ഇതേ സാറ്റലൈറ്റ് സെപ്റ്റംബര്‍ 15നെടുത്ത ചിത്രങ്ങളില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ നിന്നിരുന്ന പ്രദേശം ചാരക്കൂമ്പാരമായി മാറിയതും കാണാനാകും. നാഷണല്‍ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷന്‍ ഭീകരാക്രമണം നടന്ന പ്രദേശത്തിന്റെ ത്രിഡി ചിത്രമാണ് എടുത്തത്. ലിഡാര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു ഇത്.

 

വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇടിച്ച രണ്ട് വിമാനങ്ങള്‍ക്ക് പുറമേ മറ്റു രണ്ട് വിമാനങ്ങള്‍ കൂടി ഭീകരര്‍ റാഞ്ചിയിരുന്നു. ഒന്ന് വിര്‍ജീനിയയിലെ പെന്റഗണ്‍ ആസ്ഥാനത്തില്‍ ഇടിച്ചിറക്കി. യാത്രക്കാരടക്കം 184 പേരാണ് മരിച്ചത്. വൈറ്റ് ഹൗസ് ലക്ഷ്യമാക്കി പറന്ന നാലാമത്തെ വിമാനം യാത്രക്കാരുടെ ചെറുത്തു നില്‍പ്പിനെ തുടര്‍ന്ന് പെന്‍സില്‍വാനിയയിലെ സോമര്‍സെറ്റ് കൗണ്ടിയിലുള്ള ഒരു പാടത്ത് തകര്‍ന്നു വീഴുകയായിരുന്നു.

 

English Summary: Remembering 9/11 from space: Series of satellite images show the devastation in New York City 19 years ago

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com