sections
MORE

ബഹിരാകാശത്തെ സൂപ്പർ പവർ: ചൈനയിൽ നിന്ന് വെല്ലുവിളിയുണ്ടെന്ന് അമേരിക്ക

space-view
SHARE

ഒരു ബഹിരാകാശ ശക്തിയെന്ന നിലയില്‍ ബഹുമുഖമായ ചൈനയില്‍ നിന്നുള്ള വെല്ലുവിളികള്‍ അമേരിക്ക നേരിടുന്നുണ്ടെന്ന് യുഎസ് എയര്‍ഫോഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ പഠനം. ബഹിരാകാശ രംഗത്തെ കുതിപ്പിനൊപ്പം നയപരമായ നീക്കങ്ങളും ചൈനയെ അമേരിക്കയുടെ എതിരാളിയാക്കി മാറ്റുന്നുണ്ടെന്നാണ് ചൈന എയ്‌റോസ്‌പേസ് ഇന്‍സ്റ്റിറ്റ്യൂട്ടും സിഎന്‍എ ഗവേഷണകേന്ദ്രവും സംയുക്തമായി നടത്തിയ പഠനം ഓര്‍മിപ്പിക്കുന്നത്.

'രണ്ട് വന്‍ ശക്തി രാഷ്ട്രങ്ങള്‍ക്ക് ഇടയിലുള്ള ബഹിരാകാശ മത്സരം പുതിയ തലത്തിലേക്കെത്തുമ്പോള്‍ അതിന്റെ ആഴവും പരപ്പും ചെറു നീക്കങ്ങള്‍ പോലും നമ്മള്‍ മനസിലാക്കേണ്ടതുണ്ട്. അവര്‍ എങ്ങനെയാണ് പ്രതികരിക്കുന്നതെന്നും ചിന്തിക്കുന്നതെന്നും തിരിച്ചറിയാന്‍ ശ്രമിക്കേണ്ടതുണ്ടെന്നും ചൈന എയ്റോസ്‌പേസ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ട് (സിഎഎസ്ഐ) ഡയറക്ടര്‍ ബ്രണ്ടന്‍ മുള്‍വാനേ റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ കുറിക്കുന്നു.

അമേരിക്കയും ചൈനയും തമ്മിലുള്ള ബഹിരാകാശ മത്സരത്തിലെ ചൈനീസ് കാഴ്ചപ്പാട് വിശദീകരിക്കാന്‍ ശ്രമിക്കുന്ന സ്ഥാപനമാണ് സിഎഎസ്ഐ. ചൈനീസ് ഭാഷയില്‍ ലഭ്യമായ പൊതു വിവരങ്ങളുടെയും മറ്റും അടിസ്ഥാനത്തിലാണ് ഇവര്‍ ചൈനീസ് കാഴ്ചപ്പാട് കണ്ടെത്തുന്നത്. ദീര്‍ഘകാലമായി മത്സരത്തിലുള്ള രാജ്യങ്ങളാണ് ചൈനയും അമേരിക്കയും. ആഗോളതലത്തില്‍ വന്‍ശക്തിരാജ്യമാകാനുള്ള ചൈനീസ് ശ്രമമാണ് ഈ ബഹിരാകാശ മത്സരത്തിന് കാരണമാകുന്നതെന്നും പഠനം പറയുന്നു.

സാറ്റ്‌ലൈറ്റുകളെ തകര്‍ക്കാന്‍ ശേഷിയുള്ള ആയുധങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്ന ചൈനയെ ബഹിരാകാശ കിടമത്സരത്തിലെ എതിരാളിയായാണ് അമേരിക്ക ഇപ്പോള്‍ കാണുന്നത്. ചൈനയുടെ ബഹിരാകാശ രംഗത്തെ മുന്നേറ്റം സൈനികവും സാമ്പത്തികവും രാഷ്ട്രീയവുമായ വെല്ലുവിളികള്‍ അമേരിക്കക്ക് ഉയര്‍ത്തുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ദേശീയ സുരക്ഷക്കാണ് തങ്ങളുടെ പ്രാഥമിക പരിഗണനയെന്ന് ചൈനീസ് അധികൃതര്‍ ആവര്‍ത്തിക്കുമ്പോള്‍ തന്നെ ബഹിരാകാശ ശക്തിയെന്ന നിലയില്‍ അമേരിക്കയുടെ ശേഷി വര്‍ധിപ്പിക്കാന്‍ ചൈനയുടെ നടപടികള്‍ പ്രേരകമാകുന്നുണ്ട്.

ചൈനീസ് താത്പര്യങ്ങള്‍ക്ക് അനുസൃതമായി രാജ്യാന്തര നയങ്ങളെയും മറ്റു രാജ്യങ്ങളെയും മാറ്റുന്നതില്‍ ചൈനയുടെ ബഹിരാകാശ പദ്ധതിക്കും വലിയ പങ്കുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. അമേരിക്കയെ അപേക്ഷിച്ച് മറ്റുള്ള രാജ്യങ്ങളുമായി സഹകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നതാണ് തങ്ങളുടെ ബഹിരാകാശ പദ്ധതിയെന്ന നിലയിലാണ് ചൈന അവരുടെ ബഹിരാകാശ പരിപാടിയെ അവതരിപ്പിക്കുന്നത്. അതേസമയം, ചൈനീസ് മാധ്യമങ്ങള്‍ അമേരിക്കയെ ബഹിരാകാശത്തെ കുത്തക രാഷ്ട്രമായും ചൈനയുടെ ബഹിരാകാശ ശ്രമങ്ങളെ എതിര്‍ക്കുന്ന രാജ്യമായുമാണ് അവതരിപ്പിക്കുന്നത്. ഇതിനൊപ്പം ചൈനയുടെ ബഹിരാകാശ പദ്ധതിയില്‍ സൈന്യത്തിനുള്ള സ്വാധീനത്തെക്കുറിച്ച് ചൈനീസ് മാധ്യമങ്ങള്‍ മൗനം പാലിക്കുകയും ചെയ്യുന്നു. 

അമേരിക്കയിലെ സ്വകാര്യ ബഹിരാകാശ വ്യവസായത്തിന് സമാനമായ ഒന്ന് ചൈനയിലും വേണമെന്ന് ചൈനീസ് ബഹിരാകാശ വിദഗ്ധരില്‍ ഒരു വിഭാഗം വാദിക്കുന്നവരുമുണ്ട്. അമേരിക്കയുടെ ബഹിരാകാശത്തെ മേല്‍കയ്യിനുള്ള പ്രധാന കാരണമായി ചൈനീസ് വിദഗ്ധരില്‍ പലരും കരുതുന്നത് ശക്തമായ സ്വകാര്യ കമ്പനികളുടെ സാന്നിധ്യമാണ്. ഇത് പരസ്പരമുള്ള മത്സരം വര്‍ധിപ്പിക്കുന്നുവെന്നാണ് വിലയിരുത്തല്‍. ചൈനയില്‍ സര്‍ക്കാര്‍ കമ്പനികള്‍ക്ക് ലഭിക്കുന്ന അമിത പ്രാധാന്യം ഒഴിവാക്കിയാല്‍ മാത്രമേ ഗുണമുണ്ടാകൂ എന്നാണ് ഇവരുട വാദം.

മറ്റു ബഹിരാകാശ കമ്പനികളേയും ഏജന്‍സികളെയും അപേക്ഷിച്ച് എൻജിനുകളും മറ്റ് ഇലക്ട്രോണിക് ഭാഗങ്ങളും നാവിഗേഷന്‍ സംവിധാനങ്ങളും ഗ്രൗണ്ട് സപ്പോര്‍ട്ട് സംവിധാനവുമെല്ലാം സ്‌പേസ് എക്‌സ് സ്വന്തമായി വികസിപ്പിച്ചെടുക്കുകയാണ് ചെയ്തിട്ടുള്ളത്. എന്നാല്‍ മറ്റു ബഹിരാകാശ കമ്പനികളും ഏജന്‍സികളുമെല്ലാം ഇതെല്ലാം പുറംകരാറായി മറ്റുള്ളവര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. ചെലവ് കുറക്കാനും ആവശ്യമായ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിക്കാനും സ്‌പേസ് എക്‌സിന്റെ ഈ മാതൃക പിന്തുടരണമെന്ന നിര്‍ദേശത്തിന് ചൈനയില്‍ ജനപ്രീതി കൂടി വരുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

English Summary: US watching as Beijing’s space power grows

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA