sections
MORE

കൊറോണ: ഞെട്ടിക്കും വെളിപ്പെടുത്തലിൽ യാനിനെ ഒതുക്കി, യുഎസ് കമ്പനികളും ചൈന നിയന്ത്രണത്തിൽ!

wuhan-lab
SHARE

ചൈനാ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള, എന്നാല്‍ അമേരിക്കയുടെ ഫണ്ടിങ് ലഭിക്കുന്ന, വുഹാനിലെ ഒരു ലാബില്‍ സൃഷ്ടിച്ചതാണ് കൊറോണാവൈറസ് എന്നതിന് തന്റെ കൈയ്യില്‍ വ്യക്തവും ശാസ്ത്രീയമായ തെളിവുണ്ടെന്നാണ് ചൈനീസ് വൈറോളജിസ്റ്റായ ഡോ. ലി-മെങ് യാന്‍ ഫോക്‌സ് ന്യൂസ് ഷോയ്ക്കിടെ അവകാശപ്പെട്ടത്. അത് പ്രകൃതിയില്‍ നിന്നു വന്നതല്ലെന്നും ജൈവായുധത്തിന്റെ ഭാഗമായി ലോകമെമ്പാടും വ്യാപിക്കപ്പെടുകയായിരുന്നു എന്നും യാന്‍ അവകാശപ്പെട്ടു. വൈറസ് മനുഷ്യ നിര്‍മിതമാണെന്നു തെളിയിക്കപ്പെട്ടാല്‍ അത് ലോക ചരിത്രത്തലെ തന്നെ ഏറ്റവും വലിയ വെളിപ്പെടുത്തലായിരിക്കും എന്നതിനാൽ ശാസ്ത്രലോകം യാന്‍ പുറത്തുവിടുന്ന തെളിവുകള്‍ക്കായി കാത്തിരുന്നു. തുടര്‍ന്ന് യാന്‍ തന്റെ കൈയ്യിലുള്ള തെളിവുകള്‍ പുറത്തുവിട്ടു. ചിലര്‍ പറയുന്നു ഇനിയും തെളിവുകള്‍ പുറത്തുവിടുമെന്ന്. 

എന്തായാലും യാന്‍ പുറത്തുവിട്ട തെളിവുകള്‍ പരിശോധിച്ച പടിഞ്ഞാറന്‍ ഗവേഷകരടക്കം അഭിപ്രായപ്പെട്ടത് അതില്‍ ഗൗരവത്തിലെടുക്കാനുള്ള തെളിവുകള്‍ കുറവാണെന്നും അതിനെ ഒരു അവകാശവാദം മാത്രമായേ കാണാനാകുമെന്നുമാണ്. ഇതേ തുടര്‍ന്ന് ട്വിറ്റര്‍ യാനിന്റെ അക്കൗണ്ട് സസ്‌പെന്‍ഡു ചെയ്തു. ഇത് ചൈനയുടെ താത്പര്യം സംരക്ഷിക്കാനല്ലെ എന്നാണ് ഇപ്പോള്‍ ചിലര്‍ ഉയര്‍ത്തുന്ന ചോദ്യം. പ്രധാന ടെക്‌നോളജി കമ്പനികളായ ട്വിറ്ററിന്റെ മേധാവി ജാക് ഡോര്‍സിയും മൈക്രോസോഫ്റ്റ് മേധാവി ബില്‍ ഗെയ്റ്റ്‌സുമെല്ലാം ലോകത്തെ ആരോഗ്യ മാഫിയയുടെ കണ്ണികളാണോ എന്ന ചോദ്യവും ഇതിനിടയില്‍ ഉന്നയിക്കപ്പെടുന്നു. അതുകൊണ്ടല്ലെ, ആളുകള്‍ക്ക് സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്താനുള്ള അവസരം പോലും ഇല്ലാതാക്കിക്കളയുന്നത് എന്നാണ് ഉയരുന്ന ചോദ്യം.

അതേസമയം, അവര്‍ ചൈനയെ സംരക്ഷിക്കാനുള്ള എല്ലാ പ്രതിരോധവും ചമയ്ക്കുകയും ചെയ്യുന്നുവെന്നും ആരോപിക്കപ്പെടുന്നു. യാനിന്റെ അക്കൗണ്ട് സസ്‌പെന്‍ഡു ചെയ്യാനുള്ള ട്വിറ്ററിന്റെ തീരുമാനം അതിന്റ ഭാഗമല്ലെ എന്നാണ് ആരോപണം. പ്രമുഖ ടെക്‌നോളജി കമ്പനികള്‍ സംയുക്തമായി ഉയര്‍ത്താന്‍ ആഗ്രഹിക്കുന്ന ആരോപണം എല്ലാത്തിന്റെയും പിന്നില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണെന്നല്ലെന്നും ചോദ്യമുയരുന്നു. ബെയ്ജിങ്ങിനു മുന്നില്‍ മുട്ടുമടക്കുന്നതിനാലാണ് യാനിന്റെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തതെന്നാണ് ഈ വാദമുയര്‍ത്തുന്നവര്‍ പറയുന്നത്. അവര്‍ക്കു സത്യം പുറത്തുവരുന്നത് ഇഷ്ടമില്ല. അതുകൊണ്ടാണ് എന്റെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്. തന്നെ അപ്രത്യക്ഷയാക്കാന്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ആഗ്രഹിക്കുന്നുവെന്നാണ് യാന്‍ ഫോക്‌സ് ന്യൂസിനോടു പറഞ്ഞത്. നിങ്ങളെ ട്വിറ്ററും, ബഹു ഭൂരിപക്ഷം വരുന്ന അമേരിക്കന്‍ മാധ്യമങ്ങളും അവഗണക്കുന്നത് എന്തിനാണ് എന്നു മനസിലായില്ല എന്നാണ് അവരോടു സംസാരിക്കുകയായിരുന്ന ഫോക്‌സ് ന്യൂസിന്റെ ടക്കര്‍ കാള്‍സണ്‍ പറഞ്ഞത്. 

എന്നാല്‍, യാനിന്റെ അഭിപ്രായം മുഖവിലയ്ക്ക് എടുക്കാനാവില്ലെന്നു വാദിക്കുന്നവരുമുണ്ട്. വൈറസിനെ പരിശോധിച്ച ബഹു ഭൂരിപക്ഷം ശാസ്ത്രജ്ഞരും പറയുന്നത് അത് ലാബില്‍ സൃഷ്ടിച്ച ജൈവായുധമല്ല എന്നാണ്. അതു കൂടാതെ യാനിനെ കുറിച്ചു കൂടുതല്‍ പഠിച്ച ന്യൂയോര്‍ക് പോസ്റ്റ് പറയുന്നത് അവര്‍ ഒരിക്കലും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കു പകരുന്ന രോഗങ്ങളെക്കുറിച്ചുള്ള ഗവേഷണത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നാണ്. അപ്പോള്‍ യാന്‍ തട്ടിപ്പുകാരിയാണോ? അത് വരുന്ന ദിവസങ്ങളില്‍ താന്‍ ഇനിയും പുറത്തുവിടുന്ന തെളിവുകളെ ആ്‌സപദമാക്കി മാത്രമെ നിര്‍ണയിക്കാനാകൂ എന്നാണ് ഒരു വാദം.

എന്തായാലും, കാള്‍സണുമായുള്ള അഭിമുഖം വൈറലാകുകയായിരുന്നു. തുടര്‍ന്ന് ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും അവരുടെ അവകാശവാദത്തെ സംബന്ധിച്ചുളള പോസ്റ്റുകള്‍ ഫ്‌ളാഗു ചെയ്യാന്‍ തുടങ്ങി. നിരവധി സ്വതന്ത്ര ഫാക്ട്-ചെക്കിങ് വെബ്‌സൈറ്റുകളും ഗവേഷകരം മറ്റും തെറ്റാണെന്ന് സ്ഥാപിച്ചു കഴിഞ്ഞ ആരോപണം വെറുതെ ആവര്‍ത്തിക്കുക മാത്രമാണ് യാന്‍ ചെയ്യുന്നതെന്നു കാണിച്ചാണ് അവരുമായി ബന്ധപ്പെടുത്തിയ പോസ്റ്റുകള്‍ ഫ്‌ളാഗു ചെയ്യാന്‍ ഫെയ്‌സ്ബുക് തീരുമാനിച്ചെതന്നാണ് വാര്‍ത്ത. എന്നാല്‍, ട്വിറ്റര്‍ യാനിന്റെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തതോടെ അമേരിക്കന്‍ സെനറ്റര്‍ജോഷ് ഹൗളി, ട്വിറ്റര്‍ ബെയ്ജിങ്ങിന്റെ പക്ഷം പിടിക്കുകയാണെന്നു പറഞ്ഞ് രംഗത്തെത്തി. ഈ ആരോപണത്തെക്കുറിച്ച് ട്വിറ്ററിന്റെ വക്താവ് പ്രതികരിക്കാന്‍ തയാറായില്ല.

ലോകാരോഗ്യ സംഘടനയും അമേരിക്കയുടെ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനുമടക്കം വിവിധ രാജ്യങ്ങളിലെ പൊതുജനാരോഗ്യ അധികൃതര്‍ പറയുന്നത് വൈറസ് എവിടെ നിന്നു വന്നുവെന്ന് കൃത്യമായി പറയാനാവില്ലെങ്കിലും അത് പ്രകൃതിയില്‍ സ്വാഭാവികമായി ഉണ്ടായതു തന്നെയാണ് എന്നാണ്. അമേരിക്കയിലെ രോഗികളില്‍ കണ്ട സീക്വന്‍സുകളും ചൈനയില്‍ ആദ്യം ബാധിച്ച രോഗികളില്‍ കണ്ടതിനോടു സമാനമാണ്. അതില്‍ നിന്നു മനസിലാകുന്നത് ഇത് ഒരേ വൈറസ് തന്നെയാണെന്നും, അടുത്ത കാലത്ത് അതൊരു മൃഗത്തില്‍ നിന്നോ, വവ്വാല്‍ പോലെയൊരു ജീവിയില്‍ നിന്നോ പകര്‍ന്നതായിരിക്കുമെന്നാണ്, സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നു. കൂടാതെ യാനിന്റെ ആരോപണത്തിനു പിന്നില്‍ രാഷ്ട്രീയ ലാക്കുണ്ടോ എന്ന ചോദ്യവും ഉയരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, മൈക് പോംപിയോ തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ ഈ വാദമയുയര്‍ത്തിയിരുന്നുവെങ്കിലും അമേരിക്കന്‍ ഇന്റലിജന്‍സ് വിഭാഗത്തിന് ഇക്കാര്യത്തില്‍ ഒരു തെളിവും ലഭിക്കാത്തതിനാല്‍ അവരും ഇപ്പോള്‍ ഈ ആരോപണം ഉന്നയിക്കാറില്ലെന്നും പറയുന്നു. എന്നാല്‍, യാനിന് അമേരിക്കയില്‍ പല വലതുപക്ഷ മാധ്യമങ്ങളും സ്വാഗതം നല്‍കുന്നു. എന്തായാലും യാന്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടട്ടെ, എന്നിട്ടാകാം കൂടുതല്‍ വാദപ്രതിവാദങ്ങളെന്നാണ് നിഷ്പക്ഷമതികള്‍ ഇപ്പോള്‍ പറയുന്നത്.

English Summary: Big Tech using China to increase its influence in US?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA