sections
MORE

കോവിഡ്- 19 പത്താം മാസത്തിലേക്ക്, വാക്സീൻ ഗവേഷണവികസന ഭൂപടം ഇങ്ങനെ

1200-Covid-Vaccine
പ്രതീകാത്മക ചിത്രം
SHARE

ലോകത്തിലെ 750 കോടി ജനങ്ങളും (ശാസ്ത്രവിരുദ്ധർ ഒഴികെ ) പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ഫലപ്രദവും സുരക്ഷിതവുമായ കോവിഡ്- 19 വാക്സീന്റെ വരവിനുവേണ്ടിയാണ്. വികസന ഘട്ടത്തിലിരിക്കുന്ന സാധ്യതാ വാക്സീനുകളിൽ മുൻനിരയിൽ നിൽക്കുന്നവയിലൊന്നായ ഓക്സ്ഫഡ് സർവകലാശാല - ആസ്ട്രസനേക മരുന്നു കമ്പനിയുടെ വാക്സീൻ ഗവേഷണത്തിനു നേതൃത്വം നൽകുന്ന ഗവേഷകയായ സാറാ ഗിൽബർട്ടിന്റെ ഒടുവിൽ ലഭിക്കുന്ന പ്രതികരണമനുസരിച്ച് അതിവേഗത്തിൽ തന്നെയാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത് എന്നാണ്. 

പക്ഷേ, സുരക്ഷിതത്വമെന്നത് പരമപ്രധാനമാകയാൽ അതീവശ്രദ്ധയോടെയുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾക്കു ശേഷം ലഭിക്കാവുന്ന ഫലങ്ങൾക്കുവേണ്ടി ക്ഷമയോടെ കാത്തിരിക്കണമെന്നും സിനിമയിൽ കാണുന്നതുപോലുള്ള കഥാഗതികളും അന്ത്യ രംഗങ്ങളും പ്രതീക്ഷിക്കരുതെന്നും ഗിൽബർട്ട് തുറന്നു പറഞ്ഞിരിക്കുന്നു. ഓക്സ്ഫഡ് വാക്സീൻ പരീക്ഷിച്ച ഒരാളിൽ കണ്ടെത്തിയ ആരോഗ്യ പ്രശ്നത്തേത്തുടർന്ന് താൽക്കാലികമായി നിർത്തിവച്ചിരുന്ന പരീക്ഷണങ്ങൾ പുനരാരംഭിച്ചിരുന്നു. എന്തായാലും 2020 സെപ്റ്റംബർ 3 വരെയുള്ള കണക്കനുസരിച്ച് ലോകമെമ്പാടുമായി 321 സാധ്യതാ വാക്സീനുകളാണ് ഗവേഷണ വികസനത്തിന്റെ ചിത്രത്തിലുള്ളതെന്ന് നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു. ഏപ്രിൽ മാസത്തിലെ 115-ൽ നിന്ന് എണ്ണത്തിൽ മാത്രം രണ്ടര ഇരട്ടിയോളം വർധനവ്. അഭൂതപൂർവമായ വേഗത്തിലും അളവിലുമാണ് കോവിഡ് വാക്സീൻ ഗവേഷണത്തിന്റെ വളർച്ചയെന്ന് ചുരുക്കം.

∙ വാക്സീനുകളുടെ ചിത്രം ഇങ്ങനെ

ഗവേഷണ ചിത്രത്തിലുള്ള 321 സാധ്യതാ വാക്സീനുകളിൽ 33 എണ്ണം മനുഷ്യരിലെ ക്ലിനിക്കൽ ട്രയൽ ഘട്ടത്തിലാണ്. 34 രാജ്യങ്ങളിലെ ചുരുങ്ങിയത് 470 സ്ഥലങ്ങളിൽ നിന്ന് 280,000 സന്നദ്ധ സേവകരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾക്കാണ് പദ്ധതിയിടപ്പെടുന്നത്. മുപ്പത്തിമൂന്നിൽ മനുഷ്യരിലെ മൂന്നാം ഘട്ട പരീക്ഷണഘട്ടത്തിലെത്തിയവയാണ് വികസനത്തിന്റെ മുൻപന്തിയിലെത്തിയെന്നു പറയാവുന്നത്. മനുഷ്യരിൽ വാക്സീനായി ഉപയോഗിക്കാനുള്ള ലൈസൻസ് ലഭിക്കുന്നതിനാവശ്യമായ ഗവേഷണ വിവരങ്ങളും ഫലങ്ങളും ഈ വർഷാവസാനത്തോടെയെങ്കിലും ചില പരീക്ഷണങ്ങളെങ്കിലും നൽകുമെന്നാണ് ശുഭപ്രതീക്ഷ. മുൻനിര സാധ്യതാ വാക്സീനുകൾ പലതിന്റെയും വൻതോതിലുള്ള ഉത്പാദനത്തിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു. നിയമപരമായ അനുമതി ലഭിക്കുന്നതോടെ അതിവേഗം വാക്സീൻ മുൻഗണനപ്രകാരം ജനങ്ങളിലെത്തിക്കാനാണ് ഇങ്ങനെ കാലേകൂട്ടിയുള്ള ഒരുക്കങ്ങൾ. ചൈനയുടെ കൊറോണവാക്, ബ്രിട്ടന്റെ AZD1222, അമേരിക്കയുടെ mRNA-1273, ജർമനിയുടെ BNT162, റഷ്യയുടെ സ്പുട്നിക് V, ഇന്ത്യയുടെ കോവാക്സീൻ എന്നിവ മനുഷ്യരിലെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിൽ എത്തി നിൽക്കുന്ന മുൻനിര വാക്സീനുകളാണ്. ഇവയിൽ റഷ്യൻ, ചൈനീസ് വാക്സീനുകൾ പരീക്ഷണ ഘട്ടം പൂർത്തിയാക്കുന്നതിനു മുൻപേ ഉപയോഗം തുടങ്ങിയെന്നു റിപ്പോർട്ട് ചെയ്യപ്പെട്ടവയാണ്.

covid-vaccine-saudi

∙ സാങ്കേതികവിദ്യ നവീനവും പരമ്പരാഗതവും

എണ്ണത്തിലും അളവിലും മാത്രമല്ല ഉപയോഗിക്കപ്പെടുന്ന സാങ്കേതികവിദ്യയുടെ കാര്യത്തിലും കോവിഡ് വാക്സീൻ ഗവേഷണവും വികസനവും അനന്യമായ വ്യത്യസ്തത പുലർത്തുന്നു. സാധ്യതാ വാക്സീനായുള്ള പ്രാഥമിക പരിശോധന, പരീക്ഷണ മൃഗങ്ങളിലെ പ്രീ ക്ലിനിക്കൽ ട്രയൽ, മനുഷ്യരിലെ ഒന്നും രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ എന്നീ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതാണ് ഓരോ വാക്സീന്റെയും വികസന ഘട്ടം. നിലവിൽ സാധ്യതാപരിശോധന, പ്രീ ക്ലിനിക്കൽ ഘട്ടത്തിൽ ഏകദേശം 288 സാധ്യതാ വാക്സീനുകളുണ്ട്. മനുഷ്യരിലെ പല ഘട്ട പരീക്ഷണങ്ങളിലുള്ളത് 33 എണ്ണമാണ്. ഇതിൽ ആറെണ്ണമാണ് അവസാനഘട്ടത്തിലെത്തി നിൽക്കുന്നത്. മേൽപറഞ്ഞ പല ഘട്ടത്തിലുള്ള സാധ്യതാ വാക്സീനുകൾ പരിശോധിച്ചാൽ, അവ ഒന്നുകിൽ പരമ്പരാഗത വാക്സീൻ വികസന സാങ്കേതികവിദ്യകളോ പുത്തൻ സങ്കേതങ്ങളോ ഉപയോഗിക്കുന്നതായി മനസ്സിലാക്കാം. സജീവവും എന്നാൽ ക്ഷീണിപ്പിച്ചതുമായ (Live attenuated) അല്ലെങ്കിൽ നിർജീവമാക്കപ്പെട്ട (inactivated) വൈറസുകൾ ഉപയോഗിക്കപ്പെടുന്ന കാലങ്ങളായി ഉപയോഗിച്ചു വരുന്ന സാധാരണ രീതികൾക്കൊപ്പം പുത്തൻ രീതികളായ വൈറൽ വെക്ടർ (viral vector), ഡിഎൻഎ(DNA), ആർഎൻഎ(RNA), റിക്കോമ്പിനന്റ് പ്രോട്ടീൻ (recombinant protein), പെപ്റ്റെഡുകൾ (peptide based), വൈറസ് സദൃശ്യ കണികകൾ ( viral-like particles) എന്നിവയും ഉപയോഗിക്കുന്നുണ്ട്. കൊറോണ വൈറസിന്റെ സ്പൈക്ക് (S) പ്രോട്ടീനേയും വകഭേദങ്ങളേയും ലക്ഷ്യം വയ്ക്കുന്നവയാണ് ക്ലിനിക്കൽ പരീക്ഷണത്തിലുള്ള ഭൂരിപക്ഷം സാധ്യതാ വാക്സീനുകളും. എങ്കിലും വൈറസിന്റെ N പ്രോട്ടീൻ, പെപ്പറ്റൈഡുകൾ, ക്ഷീണിപ്പിക്കപ്പെട്ട വൈറസുകൾ, നിർജീവ വൈറസുകൾ എന്നിവയെ ശത്രുവായി (antigen) കാണാൻ കഴിയുന്ന സാധ്യതാ വാക്സീനുകളും വികസനവഴിയിലുണ്ട്. അവസാനഘട്ട ക്ലിനിക്കൽ പരീക്ഷണത്തിലുള്ള ആറു വാക്സീനുകളിൽ രണ്ടെണ്ണം വീതം Inactivated virus,Non-replicating viral vector,RNA വിഭാഗത്തിലുള്ളവയാണ്. ഇവയുടെ പരീക്ഷണഫലങ്ങൾ നൽകുന്ന പ്രാഥമിക വിവരങ്ങൾ ആന്റിബോഡി, T കോശങ്ങൾ എന്നിവയുടെ പ്രതികരണകാര്യത്തിൽ ആശാവഹമാണെന്നു പറയപ്പെടുന്നുവെങ്കിലും, അവയുടെ താരതമ്യേനയുള്ള അന്തിമ ഫലപ്രാപ്തിയേക്കറിച്ചുള്ള പ്രവചനം ഇപ്പോൾ പറയുന്നത് അസമയത്തുള്ള പ്രസ്താവനയാകുമെന്നും നേച്ചർ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

covid-vaccine-representational-image

∙ രംഗത്ത് വമ്പൻ ബഹുരാഷ്ട്ര കമ്പനികൾ

ഏപ്രിൽ മാസത്തിലെ വാക്സീൻ ഗവേഷണവുമായി താരതമ്യം ചെയ്യുമ്പോൾ പ്രകടമായ മാറ്റമാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. ഇതിൽ ഏറ്റവും പ്രധാനം വൻകിട ബഹുരാഷ്ട്ര കമ്പനികളുടെ ഇടപെടൽ വർധിച്ചിരിക്കുന്നു എന്നതാണ്. നേച്ചർ ജേണൽ റിപ്പോർട്ടനുസരിച്ച് ക്ലിനിക്കൽ പരീക്ഷണത്തിലുള്ള സാധ്യതാ വാക്സീനുകളിൽ പതിനൊന്നെണ്ണം വികസിപ്പിച്ചത് ചൈനീസ് സംഘടനകളാണ്. അമേരിക്കയുടെ ഓപ്പറേഷൻ വാർപ് സ്പീഡ് (warp speed) പദ്ധതിയുടെ പിന്തുണയുള്ളവയാണ് ഏഴ് വാക്സീനുകൾ. 2021 ജനുവരിയോടെ 30 കോടി ഡോസ് വാക്സീൻ നൽകാൻ ലക്ഷ്യമിടുന്ന യുഎസ്, പദ്ധതിക്കായി 1000 കോടി ഡോളർ മാറ്റിവച്ചിരിക്കുന്നു. Coalition for Epidemic Preparedness Innovations (CEPI) ന്റെ ധനസഹായം ലഭിച്ച 8 സാധ്യതാ വാക്സീനുകൾ പരീക്ഷണ ഘട്ടത്തിലുണ്ട്. ഈ എട്ടു വാക്സീനുകളും ഇപ്പോൾ ലോകാരോഗ്യ സംഘടന, CEPl, Gavi (The Global Alliance for Vaccinations and Immunisations) എന്നിവയുടെ സംയുക്ത സംരഭമായ COVAX വകുപ്പിലുൾപ്പെടുത്തപ്പെട്ടിരിക്കുന്നു. 2021 അവസാനത്തോടെ ആഗോളതലത്തിൽ 200 കോടി വാക്സീൻ ഡോസുകൾ എത്തിക്കാൻ ഇവർ ലക്ഷ്യമിടുന്നു. വടക്കൻ അമേരിക്ക, യൂറോപ്പ്, ഏഷ്യ, ഓസ്ട്രേലിയ, ദക്ഷിണ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലായി പൊതുമേഖലാ സ്ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ, അക്കാദമിക് സ്ഥാപനങ്ങൾ, ബഹുരാഷ്ട്ര മരുന്നു കമ്പനികൾ, മറ്റു വ്യവസായ സ്ഥാപനങ്ങൾ എന്നിങ്ങനെയുള്ള വിഭാഗത്തിലുള്ളവർ വാക്സീൻ വികസന രംഗത്ത് സജീവമായിരിക്കുന്നു. സമ്പൂർണ വാക്സീൻ നിർമാണ ഘട്ടങ്ങൾ, ക്ലിനിക്കൽ പരീക്ഷണങ്ങൾ, വാണിജ്യഘട്ടം തുടങ്ങിയ മേഖലകളിൽ ഇവർ പൂർണമായോ ഭാഗികമായോ സാന്നിധ്യമറിയിക്കുന്നു.

∙ ലോകാരോഗ്യ സംഘടനയുടെ ഇടപെടൽ

നിലവിൽ ക്ലിനിക്കൽ പരീക്ഷണത്തിലുള്ള സാധ്യതാ വാക്സീനുകളുടെ പഠനം പുരോഗമിക്കുന്നതോടെ ലഭിക്കുന്ന പുതിയ ഉൾക്കാഴ്ചകൾ ഭാവിയിൽ കോവിഡ്- 19 വാക്സീൻ വികസന ശ്രമങ്ങൾക്കും ഭാവിയിലുണ്ടായേക്കാവുന്ന രോഗബാധകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന വിധം ഗവേഷണവും വികസനവും രൂപപ്പെടുത്താനും സഹായകരമാകും. കോവിഡ്- 19 വാക്സീനുണ്ടായിരിക്കേണ്ട ഏറ്റവും ചുരുങ്ങിയ സ്വീകാര്യമായ ലക്ഷ്യസവിശേഷതകൾ ( target product profile - TPP) ലോകാരോഗ്യ സംഘടന പുറത്തിറക്കിയിരിക്കുന്നു. ഉയർന്ന രോഗ ഭീഷണിയുള്ള ആരോഗ്യ പ്രവർത്തകർക്ക് ദീർഘകാല പ്രതിരോധം നൽകാനും രോഗം പൊട്ടിപ്പുറപ്പെടുന്ന സ്ഥലങ്ങളിൽ ദ്രുതവേഗത്തിൽ പ്രതിരോധം സൃഷ്ടിക്കാനും കഴിയുന്ന സവിശേഷതകൾ TPP നിർദ്ദേശിക്കുന്നു. കോവിഡ് സാധ്യതാ വാക്സീനുകളുടെ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ രൂപകൽപന, നിർവഹണം, അവലോകനം, തുടർപരിശോധന എന്നിവ സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ ഇതിലുണ്ട്.

കോവിഡ്- 19 സാധ്യതാ വാക്സീനുകളുടെ ക്ലിനിക്കൽ വികസനവുമായി ബന്ധപ്പെട്ട് പരിഗണിക്കേണ്ട സുപ്രധാന വിഷയങ്ങളിൽ പരീക്ഷണ രൂപകൽപന, ക്ലിനിക്കൽ എൻഡ് പോയിന്റ്, സംരക്ഷണ മാനദണ്ഡങ്ങൾ ( ആന്റിബോഡി, T കോശ പ്രതികരണങ്ങൾ ), പരീക്ഷണത്തിനായി തിരഞ്ഞെടുക്കുന്ന ജനവിഭാഗം, സുരക്ഷാ പരിഗണനകൾ ഇവയൊക്കെ ഉൾപ്പെടുന്നു.

Covid-Vaccine-test

അതിദ്രുതഗതിയിലാണ് കോവിഡ് സാധ്യതാ വാക്സീനുകൾ അവസാനഘട്ട പരീക്ഷണ ഘട്ടങ്ങളിലെത്തിയിരിക്കുന്നത്. സാധാരണ രീതിയിൽ ലഭിക്കുന്നതു പോലെ സുദൃഢമായ ക്ലിനിക്കൽ വിവരങ്ങളുടെ കുറവ് അനിശ്ചിതത്വങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഒരു പുത്തൻ ആഗോള മഹാമാരിയുടെ പരിണാമം സൃഷ്ടിച്ച അസാധാരണ സാഹചര്യത്തിൽ വാക്സീന്റെ ലൈസൻസ് സംബന്ധിച്ച പ്രശ്നങ്ങളും അസാധാരണമാകുന്നു. വരും മാസങ്ങളിൽ പുറത്തു വരുന്ന സുപ്രധാന ഫലങ്ങൾ നൽകുന്ന ശുഭസൂചനകളാവും ആദ്യ തലമുറ വാക്സീനുകൾക്ക് അതിവേഗ ലൈസൻസ് ലഭിക്കാനുള്ള സൂചകമാക്കുക.

(അവലംബം: നേച്ചർ റിവ്യൂസ് ഡ്രഗ് ഡിസ്കവറി)

English Summary: Evolution of the COVID-19 vaccine development landscape

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA