ADVERTISEMENT

ബിസി 50നും എഡി 100നും ഇടക്ക് ഈജിപ്തില്‍ ജീവിച്ചിരുന്ന ഒരു കുട്ടിയുടെ മമ്മി കണ്ടെത്തിയപ്പോള്‍ അതിനൊപ്പം ആ കുട്ടിയുടേതെന്നു കരുതുന്ന ഛായാചിത്രം കൂടിയുണ്ടായിരുന്നു. ആ ഛായാചിത്രത്തിന് യഥാര്‍ഥത്തില്‍ കുട്ടിയുടെ മുഖവുമായി എത്രത്തോളം സാദൃശ്യമുണ്ടായിരുന്നു എന്നതിന് പിറകെയായിരുന്നു ഒരു കൂട്ടം ഗവേഷകര്‍. സിടി സ്‌കാനിന്റേയും 3ഡി സാങ്കേതിക വിദ്യയുടേയും സഹായത്തില്‍ അവര്‍ അതും കണ്ടെത്തി. അതിശയിപ്പിക്കുന്നതായിരുന്നു ഫലം. 

 

ഗ്രീക്കോ റോമന്‍ കാലത്ത് ഈജിപ്തുകാര്‍ക്കിടയില്‍ മമ്മികള്‍ക്കൊപ്പം വ്യക്തികളുടെ ഛായാചിത്രം കൂടി വെക്കുന്ന പതിവുണ്ടായിരുന്നു. എംബാം ചെയ്ത ശേഷം മമ്മിയില്‍ കുട്ടിയുടെ മുഖത്തിന്റെ മുകളിലായിരുന്നു ഛായാചിത്രം വെച്ചിരുന്നത്. ശരീരത്തിന്റെ ബാക്കി ഭാഗങ്ങള്‍ സാധാരണ മമ്മിയുടേതു പോലെ തന്നെയായിരുന്നു ഒരുക്കിയിരുന്നത്. ആദ്യമായി ഇത്തരമൊരു മമ്മി പോര്‍ട്രെയിറ്റ് (ഛായാചിത്രം) ലഭിക്കുന്നത് 1887ലാണ്. പിന്നീടിന്നുവരെ ആയിരത്തിലേറെ മമ്മി ഛായാചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. 

 

1880ല്‍ കണ്ടെത്തിയ ഒരു ശവകുടീരത്തില്‍ നിന്നായിരുന്നു കുട്ടിയുടെ മമ്മിയും ഛായാ ചിത്രവും ലഭിച്ചത്. ഈജിപ്തിലെ ഹൗറ പിരമിഡിന് സമീപത്തായിരുന്നു ഈ ശവകുടീരം കണ്ടെത്തിയത്. ഛായാചിത്രത്തില്‍ കുട്ടിയുടെ ചുരുണ്ടമുടി ഇരുഭാഗത്തേക്കുമായി പിരിച്ചിട്ട നിലയിലായിരുന്നു. സമാനമായ മുടി തന്നെയാണ് ഗവേഷകരും കുട്ടിയുടെ രൂപത്തിന് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഛായാചിത്രത്തില്‍ നിന്നും ചെറിയ ചില മാറ്റങ്ങള്‍ ഗവേഷകര്‍ നിര്‍മിച്ച കുട്ടിയുടെ രൂപത്തിനുണ്ടായിരുന്നു. 

 

കുട്ടിയുടെ മമ്മി സിടി സ്‌കാനര്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്തശേഷം ഡിജിറ്റല്‍ തലയോട്ടി നിര്‍മിക്കുകയാണ് ഗവേഷകര്‍ ആദ്യം ചെയ്തത്. മമ്മിക്കുള്ളിലെങ്കിലും എല്ലുകളുടേയും പല്ലുകളുടേയും വിശദാംശങ്ങള്‍ സ്‌കാനിങ് വഴി ലഭിച്ചതോടെ കുട്ടിയുടെ പ്രായം കണക്കുകൂട്ടുന്നതില്‍ വിജയിച്ചു. മാത്രമല്ല ശ്വാസകോശത്തിലെ കോശങ്ങള്‍ കട്ടിയേറിയതിനാല്‍ ന്യുമോണിയ ബാധിച്ചായിരിക്കും കുട്ടി മരിച്ചതെന്നും ഊഹിച്ചു. ജര്‍മനിയിലെ അക്കാദമിക് ക്ലിനിക് മ്യൂണിച്ച് ബോഗെന്‍ഹോസനിലെ ആന്ദ്രിയാസ് നെര്‍ലിച്ചാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. 

 

കുട്ടിയുടെ കണ്ണില്‍ നിന്നാണ് രൂപം നിര്‍മിച്ചു തുടങ്ങിയത്. കുട്ടിയുടെ പ്രായം കണക്കിലെടുത്ത് 22 മില്ലിമീറ്ററായി കണ്ണിന്റെ വലുപ്പം തീരുമാനിച്ചു. ത്രീഡി തലയോട്ടിയില്‍ കണ്ണ് വെച്ചു. മൂക്ക് ലെബെഡിന്‍സ്‌കായ രീതിയിലൂടെയാണ് നിര്‍മിച്ചത്. തലയോട്ടിയിലെ മൂക്കിരിക്കുന്ന ഭാഗത്തെ വിടവും മൂക്കിന്റെ രൂപം നിര്‍മിക്കാന്‍ സഹായിച്ചു. മുന്‍നിരയിലെ പല്ലുകളുടെ സ്ഥാനവും വലുപ്പവും ഉപയോഗിച്ച് മൂക്കിന്റെ വീതി നിര്‍ണയിച്ചു. കുട്ടിയുടെ അതേ പ്രായത്തിലുള്ളവരുടെ കോശങ്ങള്‍ക്ക് സമാനമായവ കൃത്രിമമായി നിര്‍മിച്ച് മുഖരൂപം വരുത്തി. 

 

മമ്മിയിലെ ഛായാരൂപവുമായി നിരവധി സമാനതകള്‍ ഗവേഷകര്‍ നിര്‍മിച്ച ത്രീഡി രൂപത്തിനുമുണ്ടെന്നതാണ് അതിശയപ്പെടുത്തുന്ന വസ്തുത. നെറ്റിയുടേയും കണ്ണുകളുടേയും സ്ഥാനവും മൂക്കിനും വായക്കും ഇടയിലെ ഭാഗവും പൂര്‍ണമായി തന്നെ സമാനമായിരുന്നു. അതേസമയം, മൂക്കിന്റേയും വായയുടേയും രൂപത്തില്‍ വ്യത്യാസങ്ങള്‍ കാണാനാകും. 

 

ഛായാചിത്രത്തേക്കാല്‍ നേരിയതും മെലിഞ്ഞതുമാണ് ഗവേഷകര്‍ നിര്‍മിച്ച 3ഡി രൂപത്തിലെ ഈ ഭാഗങ്ങള്‍. കുട്ടി മരിച്ച ശേഷമാണ് ആ ഛായാചിത്രം തയാറാക്കിയതെന്നാണ് ഗവേഷകര്‍ കരുതുന്നത്. യഥാര്‍ഥത്തില്‍ കുട്ടിക്ക് മരിക്കുമ്പോഴുണ്ടായിരുന്നതിനേക്കാള്‍ പ്രായം തോന്നിക്കുന്നതാണ് ഈ ഛായാചിത്രത്തിലെ രൂപത്തിനുള്ളത്. 3ഡി ചിത്രത്തിനുള്ള നേരിയ വ്യത്യാസങ്ങളുടെ കാരണവും ഒരുപക്ഷേ ഇതാകാം.

 

English Summary: Face of an Egyptian boy who died thousands of years ago

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com