sections
MORE

അമേരിക്കയിൽ അന്യഗ്രഹജീവിയെ വെടിവച്ചു കൊന്നു, വെളിപ്പെടുത്തലുമായി മുൻ സൈനികൻ

alien
Representative Image
SHARE

പറക്കും തളികകളും അന്യഗ്രഹ ജീവികളും ലോകത്തുണ്ടോ എന്ന കാര്യത്തിൽ ഇപ്പോഴും തർക്കം തീർന്നിട്ടില്ല. ഒരു വിഭാഗം പറക്കും തളികകളുണ്ട് അവയെ കണ്ടിട്ടുണ്ട് എന്നു പറയുമ്പോൾ മറുവിഭാഗം ഇതിനെയെല്ലാം പുച്ഛിച്ചു തള്ളുന്നതാണ് പതിവ്. പക്ഷേ ഇപ്പോൾ പുറത്തുവന്ന മറ്റൊരു വാർത്ത വിശ്വസിക്കാൻ ബുദ്ധിമുട്ടായിരിക്കും. 1978 ൽ യുഎസ് സൈനിക താവളത്തിനു സമീപം ബഹിരാകാശ ഏലിയൻ (അന്യഗ്രഹ ജീവി) കൊല്ലപ്പെട്ടു എന്നാണ്. മുൻ യുഎസ് വ്യോമസേന മേജർ ആണ് ഇത്തരമൊരു അവകാശവാദം നടത്തിയിരിക്കുന്നത്.

പറക്കുന്ന അജ്ഞാത വസ്തുക്കളുടെയും ആകാശ പ്രതിഭാസങ്ങളുടെയും സംഭവങ്ങൾ കണ്ടെത്തുന്നതിനും വിശകലനം ചെയ്യുന്നതിനുമായി കഴിഞ്ഞ മാസം പെന്റഗൺ ഒരു ടാസ്‌ക് ഫോഴ്‌സ് തുടങ്ങിയിരുന്നു. യുഎസ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ തന്റെ ജാപ്പനീസ് കൂട്ടാളി ടാരോ കൊനോയുമായി കൂടിക്കാഴ്ചയും നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ പുതിയ മേഖലയായി യു‌എഫ്‌ഒകളെക്കുറിച്ച് അന്വേഷിക്കുന്ന കാര്യമാണ് ഇരുവരും ചർച്ച ചെയ്തത്.

1978 ൽ യുഎസ് സൈനിക താവളത്തിന് സമീപം ബഹിരാകാശ അന്യഗ്രഹജീവിയെ വെടിവച്ച് കൊന്നതായി മുൻ യുഎസ് വ്യോമസേന മേജർ ജോർജ് ഫില്ലർ ഒരു പുസ്തകത്തിലൂടെയാണ് വെളിപ്പെടുത്തിയത്. ‘സ്ട്രെയ്ൻജ് ക്രാഫ്റ്റ്: ദ ട്രൂ സ്റ്റോറി ഓഫ് ആൻ എയർ ഫോഴ്സ് ഇന്റലിജൻസ് ഓഫിസേഴ്സ് ലൈഫ് വിത്ത് യുഎഫ്ഒഎസ്’ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്. മേജർ ജോർജ് ഫില്ലർ നാലു വർഷത്തോളം യുഎസ് വ്യോമസേനയുടെ ഭാഗമായിരുന്നു.

1978 ജനുവരി 18 നാണ് ഇത് സംഭവിച്ചതെന്നും തന്റെ ഉയർന്ന ഉദ്യോഗസ്ഥർക്ക് മുന്നിൽ ഇത് സംബന്ധിച്ച ഇന്റലിജൻസ് ബ്രീഫിങ് നടത്തിയിരുന്നുവെന്നും ഫില്ലർ പറഞ്ഞു. ‘ഫോർട്ട് ഡിക്സിൽ ഒരു അന്യഗ്രഹജീവിയെ വെടിവച്ചു കൊന്നിട്ടുണ്ട്, നമ്മുടെ (മക്ഗുവെയർ എയർഫോഴ്‌സ് ബേസ്) റൺവേയുടെ അവസാനത്തിലാണ് അവർ ഇത് കണ്ടെത്തിയത്’ എന്ന് മുതിർന്ന മാസ്റ്റർ സർജന്റ് ഫില്ലറോട് പറഞ്ഞു. ‘ഇത് മറ്റൊരു രാജ്യത്ത് നിന്നുള്ള ഒരു അന്യനാണോ?’ ഫില്ലർ ചോദിച്ചു. ‘അല്ല, അത് ബഹിരാകാശത്തുനിന്നുള്ളതാണ്, ഒരു ബഹിരാകാശ അന്യഗ്രഹജീവിയാണ്’, മാസ്റ്റർ സർജന്റ് മറുപടി നൽകി. ബഹിരാകാശ അതിഥിയെ വെടിവച്ച ശേഷം യു‌എഫ്‌ഒകൾ‌ പ്രത്യേകം ശബ്ദത്തിൽ‌ മുഴങ്ങാൻ‌ തുടങ്ങിയെന്നും ഫില്ലർ‌ പറഞ്ഞു.

തന്റെ കാറിനടുത്ത് ‘നേർത്തതും ചാരനിറത്തിലുള്ളതുമായ ഒരു ജീവിയെ’ കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥനാണ് അന്യഗ്രഹജീവിയെ വെടിവച്ചതെന്ന് ഫില്ലർ പറയുന്നു. പൊലീസുകാരൻ മക്ഗുവെയർ എയർഫോഴ്‌സ് ബേസുമായി ബന്ധപ്പെട്ടപ്പോൾ ഒരു പ്രത്യേക മോപ്പ്-അപ്പ് സംഘം സംഭവസ്ഥലത്തെത്തി അന്യഗ്രഹജീവിയുടെ മൃതദേഹം ഒഹായോയിലെ റൈറ്റ്-പാറ്റേഴ്‌സൺ എയർഫോഴ്‌സ് ബേസിലേക്ക് കൊണ്ടുപോയി.

രഹസ്യാന്വേഷണ റിപ്പോർട്ട് തയാറാക്കുന്നതിനായി സാക്ഷികളുമായി സംസാരിക്കാനും സംഭവത്തിന്റെ ഫോട്ടോകൾ കാണാനും താൻ ഒരു അഭ്യർഥന ഫയൽ ചെയ്തതായി ഫില്ലർ അവകാശപ്പെടുന്നു, പക്ഷേ പ്രവേശനം നിഷേധിച്ചു. മുൻ എയർ ഫോഴ്സ് മേജറായ ഫില്ലർ ഇത് സംബന്ധിച്ച് ഗവേഷണം നടത്തുന്ന ഡിസ്ക്ലോസർ പ്രൊജക്ടിലെ ഒരംഗമായിരുന്നു. പിന്നീട്, യുഎഫ്ഒ സംബന്ധിച്ച് മൂന്ന് വിഡിയോകൾ പെന്റഗൺ തന്നെ പുറത്തുവിട്ടിരുന്നു. പൈലറ്റുമായി യുഎഫ്ഒകെളെ പിന്തുടരുന്നതായിരുന്നു ആ വിഡിയോകൾ.

പറക്കുംതളിക വെടിവെച്ചിട്ട റഷ്യന്‍ സൈനികര്‍ കല്ലുകളായെന്ന് സിഐഎ രേഖ!

ഇത് പഴയൊരു വാർത്തയാണ്... അന്യഗ്രഹ ജീവികള്‍ സഞ്ചരിച്ചിരുന്ന പേടകം റഷ്യന്‍ സൈനികര്‍ വിജയകരമായി വെടിവെച്ച് വീഴ്ത്തിയെന്ന് സിഐഎ രേഖയും പുറത്തുവന്നിട്ടുണ്ട്. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ റഷ്യന്‍ സൈനികര്‍ കല്ലായി മാറിയെന്ന അവിശ്വസനീയമായ റിപ്പോര്‍ട്ടാണ് അമേരിക്കന്‍ ചാരസംഘടനയായ സിഐഎ അവരുടെ ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന രേഖകളിൽ പറഞ്ഞിരുന്നത്.

1993ലായിരുന്നു വിവാദമായ സംഭവം. ആകാശത്ത് പറന്നുനടന്ന അന്യഗ്രഹജീവികളുടെ പേടകത്തെയാണ് റഷ്യന്‍ സൈനികര്‍ വെടിവെച്ചിട്ടത്. നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് പതിച്ച പേടകത്തില്‍ നിന്നും അഞ്ച് അന്യഗ്രഹജീവികള്‍ പുറത്തുവന്നു. മനുഷ്യസമാനമായിരുന്നെങ്കിലും ഉയരം കുറഞ്ഞവയായിരുന്നു ഇവ. കറുത്ത വലിയ കണ്ണുകളും വലിയ തലയും ഈ അന്യഗ്രഹജീവികള്‍ക്ക് ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ 23 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തു. സംഭവത്തെ അധികരിച്ചു വന്ന യുക്രൈനിലെ പത്ര റിപ്പോര്‍ട്ടുകളാണ് സിഐഎ റിപ്പോര്‍ട്ടിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങളും മറ്റും ഈ റിപ്പോര്‍ട്ടുകളുടെ ഭാഗമായുണ്ട്.

സൈബീരിയക്ക് സമീപം പരിശീലനത്തിലേര്‍പ്പെട്ടിരുന്ന റഷ്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ഭൂമിയില്‍ നിന്നും വായുവിലേക്ക് തൊടുക്കാവുന്ന മിസൈൽ ഉപയോഗിച്ചായിരുന്നു അന്യഗ്രഹജീവികളുടെ പേടകം വീഴ്ത്തിയത്. സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്ന രണ്ട് സൈനികര്‍ ജീവനോടെ രക്ഷപ്പെട്ടെന്നും രേഖയിലുണ്ട്. കനത്ത ഏറ്റുമുട്ടലിന് പിന്നാലെ അഞ്ച് അന്യഗ്രഹജീവികളും ചേര്‍ന്ന് പ്രകാശഗോളമായി മാറി പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെയാണ് സൈനികര്‍ കല്ലായി മാറിയതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

ഈ സൈനികരുടെ ഭൗതികദേഹങ്ങള്‍ മോസ്‌കോയോടു ചേര്‍ന്നുള്ള ഗവേഷണ കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് കെജിബി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. എന്ത് ഊര്‍ജ്ജ പ്രവാഹത്തെ തുടര്‍ന്നാണ് ഈ സൈനികര്‍ കല്ലായി മാറിയെന്നത് സംബന്ധിച്ച അവ്യക്തത ഇപ്പോഴും തുടരുകയാണ്. ചുണ്ണാമ്പുകല്ലിന് സമാനമായ അവസ്ഥയിലേക്കാണ് ജീവനുള്ള മനുഷ്യരുടെ ശരീരം മാറിപ്പോയതെന്നും രേഖയിലുണ്ട്. മനുഷ്യരുടെ ചിന്തകള്‍ക്കും സാങ്കേതികവിദ്യകള്‍ക്കും പ്രാപ്യമല്ലാത്ത അത്യാധുനിക ആയുധങ്ങള്‍ കൈവശമുള്ള ഇത്തരം അന്യഗ്രഹജീവികള്‍ വസ്തുതയാണെങ്കില്‍ ഭീഷണിയാണെന്നും രേഖ ഓര്‍മിപ്പിക്കുന്നുണ്ട്.

English Summary: Space Alien Was Shot Dead Near US Military Base in 1978, Claims Former US Air Force Major

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA