ADVERTISEMENT

ഭൂമിയില്‍ നിന്നും 27,000 മൈല്‍ ദൂരത്തില്‍ ഒരു വസ്തു കറങ്ങുന്നതായി അടുത്തിടെയാണ് ഗവേഷകര്‍ കണ്ടെത്തിയത്. 2020 എസ്ഒ എന്ന് പേരിട്ട ഈ വസ്തു കഴിഞ്ഞ നവംബറോടെയാണ് ഭൂമിക്ക് ചുറ്റും നിശ്ചിത ഭ്രമണപഥത്തില്‍ കറങ്ങുന്നത് ശ്രദ്ധയില്‍പെട്ടത്. കണ്ടെത്തിയ ഈ വസ്തു ഒരു ഛിന്നഗ്രഹമാണെങ്കില്‍ അതിനെ ചെറിയൊരു ചന്ദ്രനായി കണക്കാക്കേണ്ടി വരും. എന്നാല്‍,. അതൊരു ഛിന്നഗ്രഹമല്ലെന്നും മനുഷ്യ നിര്‍മിത വസ്തുവാണെന്നുമാണ് ഇപ്പോള്‍ ഉയരുന്ന വാദം. 

 

നാസയുടെ ഭൂമിക്കടുത്തുള്ള വസ്തുക്കളെക്കുറിച്ച് പഠിക്കുന്ന കേന്ദ്രത്തിന്റെ ഡയറക്ടറായ ഡോ. പോള്‍ ചോഡാസാണ് ഈ വാദം മുന്നോട്ടുവെച്ചിരിക്കുന്നത്. 1960 കളില്‍ ഉപയോഗിച്ചിരുന്ന ഒരു റോക്കറ്റിന്റെ ഭാഗമാണിതെന്നാണ് അദ്ദേഹം പറയുന്നത്. ഭൂമിക്ക് വളരെ ചേര്‍ന്നുകൊണ്ടാണ് ഈ വസ്തുവിന്റെ ഭ്രമണപഥമെന്നും ഇതാണ് തന്റെ സംശയത്തിന്റെ കാരണമെന്നുമാണ് ഡോ. പോള്‍ ചൂണ്ടിക്കാണിക്കുന്നത്.

 

ചന്ദ്രനിലേക്ക് മനുഷ്യര്‍ അയക്കുന്ന പേടകങ്ങളെ വഹിക്കുന്ന റോക്കറ്റുകളുടെ ബൂസ്റ്ററുകള്‍ വേര്‍പെടുന്ന പ്രദേശമാണിത്. ഭൂമിയില്‍ നിന്നും ഇത്ര അടുത്ത് സാധാരണഗതിയില്‍ ഛിന്നഗ്രഹങ്ങള്‍ നിശ്ചിത ഭ്രമണപഥത്തിലൂടെ കറങ്ങാറില്ലെന്നും എന്നാല്‍ അത് തീര്‍ത്തും അസംഭവ്യമല്ലെന്നും ഡോ. പോള്‍ തന്നെ പറഞ്ഞു. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. 

 

1966 സെപ്റ്റംബര്‍ 20ന് ചന്ദ്രനിലേക്കയച്ച സര്‍വെയര്‍ 2 പേടകത്തിന്റെ റോക്കറ്റ് ഭാഗമാണിതെന്നാണ് അദ്ദേഹം ഊഹിക്കുന്നത്. ചന്ദ്രനില്‍ ഇറങ്ങാന്‍ നിശ്ചയിച്ചിരുന്ന സര്‍വെയര്‍ 2 ചന്ദ്ര ഉപരിതലത്തിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. അന്നത്തെ ക്രാഷ് ലാന്റിന് മുൻപ് റോക്കറ്റില്‍ നിന്നും വേര്‍പെട്ട ഭാഗം ഭൂമിക്ക് ചുറ്റും കറങ്ങുകയായിരുന്നുവെന്നും ഇപ്പോഴാണ് ഗവേഷകരുടെ ശ്രദ്ധയില്‍ പെട്ടുവെന്നുമാണ് നിഗമനം.

 

ഒരു മാസത്തിലേറെയായി എസ്ഒ ഛിന്നഗ്രഹമാണോ എന്ന കാര്യത്തില്‍ സംശയം ആരംഭിച്ചിട്ട്. അത് റോക്കറ്റിന്റെ ഭാഗമാണെങ്കില്‍ ഛിന്നഗ്രഹത്തേക്കാള്‍ സാന്ദ്രത കുറവായിരിക്കും. കൂടുതല്‍ വിവരശേഖരണം നടത്തിയാല്‍ ഛിന്നഗ്രഹമാണോ റോക്കറ്റ് ഭാഗമാണോ ഇതെന്ന് ഉറപ്പിക്കാനാകുമെന്നും ഗവേഷകര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്. നേരത്തെ ഒരു തവണ മാത്രമാണ് ഭൂമിക്ക് ചുറ്റും ദീര്‍ഘകാലമായി കറങ്ങുന്ന റോക്കറ്റ് ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. നേരത്തെ അപ്പോളോ 12ന്റെ റോക്കറ്റായ സാറ്റേണ്‍ 5ന്റെ ഭാഗം 2002ല്‍ കണ്ടെത്തിയിരുന്നു.

 

English Summary: Asteroid or space junk? Approaching object might become Earth’s mini-moon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com