ADVERTISEMENT

1885 ജൂലൈ 6. പ്രൊഫഷണലായി നോക്കിയാൽ ബുദ്ധിമോശമെന്നോ വിവേകശൂന്യതയെന്നോ എടുത്തുചാട്ടമെന്നോ ഒക്കെ വിശേഷിക്കപ്പെടുകയും ഗൗരവതരമായ പരിണതഫലങ്ങൾ വരുത്തിവയ്ക്കുകയും ചെയ്യുമായിരുന്ന ഒരു അതിസാഹസ പ്രവൃത്തിയ്ക്ക് ലൂയി പാസ്റ്റർ എന്ന ഗവേഷകൻ അന്ന് നിർബന്ധിതനായി. പേവിഷബാധയേറ്റ നായയുടെ കടിയേറ്റ് സുനിശ്ചിതമായ മരണത്തെ മുന്നിൽക്കണ്ടിരുന്ന ജോസഫ് മീസ്റ്റർ എന്ന ഒൻപതു വയസ്സുകാരനെ പാസ്റ്ററുടെ ഗവേഷണശാലയിൽ കൊണ്ടുവന്നിരിക്കുന്നു. എമിലി രോക്സ് എന്ന മെഡിക്കൽ ഡോക്ടറും പാസ്റ്ററും ചേർന്ന് പേവിഷത്തിനെതിരായ ഒരു വാക്സീൻ വികസിപ്പിക്കുകയും അൻപതോളം നായ്ക്കളിൽ വിജയകരമായി പരീക്ഷണം നടത്തുകയും ചെയ്തിരുന്ന സമയമായിരുന്നു അത്. എന്നാലത് മനുഷ്യരിൽ അതുവരെ പരീക്ഷിച്ചിരുന്നുമില്ല. ദൈന്യത നിറഞ്ഞ കുഞ്ഞിന്റെയും അമ്മയുടെയും മുഖങ്ങൾ പാസ്റ്ററുടെ മനസ്സലിയിച്ചിട്ടുണ്ടാവണം സഹപ്രവർത്തകരോടുള്ള കൂടിയാലോചനയ്ക്കുശേഷം, സമയത്തിന്റെ വില മനസ്സിലുറപ്പിച്ച് പാസ്റ്റർ നായ്ക്കളിൽ വിജയം കണ്ട അതേ രീതിയിലുള്ള വാക്സീൻ ആ ബാലനു നൽകുകയായിരുന്നു. പാസ്റ്റർ ഒരു മെഡിക്കൽ ഡോക്ടറല്ലായിരുന്നു. സംഭവിക്കാവുന്ന ഓരോ പിഴവിന്റെയും അനന്തരഫലം അതി ഗൗരവമുള്ളതായിരുന്നു. ചരിത്രം തിരുത്തിയെഴുതിക്കൊണ്ട് ജോസഫ് മിസ്റ്റർ പേവിഷബാധയെ പ്രതിരോധിച്ചു. പാസ്റ്ററുടെ എടുത്തു ചാട്ടം വൈദ്യശാസ്ത്രത്തിലെ സുപ്രധാന കുതിച്ചു ചാട്ടമായി മാറി.

 

∙ സെപ്റ്റംബർ 28, ലോക പേവിഷബാധദിനം

 

രസതന്ത്രത്തിലും സൂക്ഷ്മജീവികളേക്കുറിച്ചുള്ള അറിവിലും നിർണായകമായ സംഭാവനകൾ നൽകിയ വിശ്വ പ്രസിദ്ധ ശാസ്ത്രജ്ഞനായ ലൂയി പാസ്റ്ററുടെ (1822-1895) നൂറ്റിയിരുപത്തിയഞ്ചാം ചരമവാർഷിക ദിനമാണ് 2020 സെപ്റ്റംബർ 28. പാസ്റ്ററുടെ ചരമദിനം ആഗോളതലത്തിൽ 2007 മുതൽ ലോക പേവിഷബാധദിനമായി ( World Rabies Day) ആചരിച്ചു വരുന്നു. പേവിഷബാധയെന്ന വൈറസ് രോഗത്തേക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ലോകമെമ്പാടുമായി നടത്തി വരുന്ന ദിനാചരണം ഏകോപിപ്പിക്കുന്നത് യുഎസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്ലോബൽ അലയൻസ് ഫോർ റാബീസ് കൺട്രോൾ എന്ന സന്നദ്ധ സംഘടനയാണ്. ഐക്യരാഷ്ട്രസഭയും റാബീസ് ദിനാചരണമായി നിശ്ചയിച്ചിരിക്കുന്ന ഈ ദിനത്തിന് രാജ്യാന്തര തലത്തിൽ മനുഷ്യ, മൃഗാരോഗ്യത്തിനായി പ്രവർത്തിക്കുന്ന ലോകാരോഗ്യ സംഘടന, പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ, ലോക മൃഗാരോഗ്യ സംഘടന, യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ എന്നിവ പിന്തുണ നൽകുന്നു. പേവിഷബാധ മനുഷ്യരിലും മൃഗങ്ങളിലുമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ബോധവൽക്കരണം ശക്തമാക്കുന്നതോടൊപ്പം, അപകട സാധ്യത കൂടിയ സമൂഹങ്ങളിൽ രോഗ പ്രതിരോധത്തിനായി സ്വീകരിക്കേണ്ട നടപടികളേക്കുറിച്ചുള്ള ഉപദേശവും, അറിവും നൽകുന്ന പരിപാടികൾ ലോകമെമ്പാടും സംഘടിപ്പിക്കുന്നു. പേവിഷബാധ നിയന്ത്രിക്കാനുള്ള പ്രതിരോധ കുത്തിവെയ്പ് ഉൾപ്പെടെയുള്ള മാർഗങ്ങളേക്കുറിച്ചുള്ള മാർഗരേഖകൾ ഈ ദിനത്തിൽ പ്രചരിക്കപ്പെടും. "End Rabies: Collaborate and Vaccinate" എന്നതാണ് ഈ വർഷത്തെ ദിനാചരണം മുന്നോട്ടുവയ്ക്കുന്ന മുഖ്യാശയം. 2030-ൽ പേവിഷബാധയുടെ എണ്ണം പൂജ്യത്തിലെത്തിക്കുന്നതിന് നായ്ക്കളിലെ പ്രതിരോധകുത്തിവയ്പിനു, മനുഷ്യരിൽ നായ് കടിയേറ്റതിനു ശേഷമുള്ള വാക്സീനേഷനും പ്രാധാന്യം നൽകണം. മാത്രമല്ല രാജ്യാതിർത്തികളെ ഭേദിക്കുന്ന ഈ രോഗത്തെ തുടച്ചു നീക്കാൻ ആഗോളതലത്തിൽ ഒരുമയോടെയുള്ള പ്രവർത്തനവും അനിവാര്യമെന്ന് ഈ ദിനാചരണം ഓർമിപ്പിക്കുന്നു.

 

∙ റാബീസ് അപകടകരമായ ജന്തുജന്യരോഗം

 

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന ജന്തുജന്യ രോഗങ്ങളിൽ (zoonotic diseases) ഏറ്റവും അപകടകരമാണ് റാബീസ് എന്ന പേവിഷബാധ. ആർഎൻഎ വിഭാഗത്തിൽ പെടുന്ന ഒരു വൈറസ് മൂലമുണ്ടാകുന്ന ഈ രോഗം ഉഷ്ണരക്തമുള്ള എല്ലാ ജീവജാലങ്ങളെയും ബാധിക്കാം. തലച്ചോറിന്റെ ആവരണ വീക്കമാണ് (encephalitis ) വൈറസുണ്ടാക്കുന്നത്. വീട്ടുമൃഗങ്ങളും വന്യമൃഗങ്ങളുമൊക്കെ വൈറസിന്റെ ഇരയാകാം. പട്ടികളും പൂച്ചകളുമാണ് ഇവയിൽ മുൻപന്തിയിലെന്നു പറയാം. രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരിൽ കാണപ്പെടുകയും കടി, മാന്തൽ എന്നിവയിലൂടെ പേശികളിലെ സൂക്ഷ്മ നാഡികൾ വഴി കേന്ദ്ര നാഡീവ്യൂഹത്തിൽ സഞ്ചരിച്ച് തലച്ചോർ, സുക്ഷുമ്നാ നാഡി എന്നിവയെ ബാധിക്കുന്നു. ഒരാഴ്ച മുതൽ ഒരു കൊല്ലം വരെ എടുത്ത് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാമെന്ന പ്രത്യേകതയുണ്ട്. രോഗലക്ഷണങ്ങൾ കണ്ടു കഴിഞ്ഞാൽ മരണം നിശ്ചയം. ലോകത്ത് നൂറ്റമ്പതോളം രാജ്യങ്ങളിൽ പേവിഷബാധ കാണപ്പെടുന്നു. പ്രതിവർഷം 55,000 ആളുകൾ റാബീസ് മൂലം മരിക്കുന്നുവെന്നാണ് കണക്ക്. മൃഗങ്ങളിൽ നിന്ന് രോഗബാധയേൽക്കുന്നവരിൽ 40 ശതമാനവും 15 വയസിനു താഴെയുള്ള കുട്ടികളാണെന്നത് ഞെട്ടിക്കുന്നതാണ്. 99 ശതമാനം പേവിഷബാധയും നായ്ക്കളിലൂടെ ഉണ്ടാകുന്നതായും കണക്കുകൾ പറയുന്നു. പേവിഷബാധയുടെ എണ്ണത്തിൽ ലോകത്തിൽ ഇന്ത്യയാണ് മുൻപന്തിയിൽ. വലിയ എണ്ണം തെരുവുനായ്ക്കളാണ് ഇവയുടെ പേവിഷബാധ മരണങ്ങളുടെ എണ്ണക്കൂടുതലിന് കാരണം.

 

∙ നമുക്ക് ചെയ്യാവുന്നത്

 

അരുമകളും മറ്റു വളർത്തു മൃഗങ്ങളോടും ഇടപഴകുമ്പോൾ കരുതലുണ്ടാവുന്നത് എപ്പോഴും നല്ലതാണ്. പേവിഷബാധ പട്ടി, പൂച്ച, പശു, ആട് എരുമ തുടങ്ങിയ വളർത്തുമൃഗങ്ങളെയൊക്കെ ബാധിക്കാം. ഇതിൽ നായ്ക്കളും പൂച്ചകളുമാണ്  മുൻപന്തിയിൽ എന്നു മാത്രം. പിടിപെട്ടു കഴിഞ്ഞാൽ ദീകരമായ ദാരുണമായ മരണമുറപ്പുള്ള രോഗമാണിത്. കൂടാതെ പലപ്പോഴും ഏറെ നാളുകൾ, മാസങ്ങൾ കഴിഞ്ഞു വരെ രോഗ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്ന രോഗമാണിത്. എന്നാൽ പ്രതിരോധകുത്തിവയ്പ്പ് കൃത്യസമയത്തെടുത്താൽ നൂറു ശതമാനവും ഒഴിവാക്കാവുന്നതുമാണ്. പേവിഷബാധയേപ്പറ്റി പൊതു ജനങ്ങൾക്കും കുട്ടികൾക്കും പ്രത്യേകിച്ച് അരുമമൃഗങ്ങളെ വളർത്തുന്നവർക്കും ശാസ്ത്രീയമായ ബോധവൽക്കരണം നടത്തുക തന്നെ പ്രധാനം. ഓമന മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതോടൊപ്പം, അവയിൽ നിന്നുണ്ടാകുന്ന ചെറിയ പരിക്കുകൾ, മാന്തലുകൾ പോലും സംശയത്തോടെ കണ്ട് നാമും കത്തിവെയ്പുകൾ എടുക്കുന്നതാണ് ഉചിതം. മേൽ പറഞ്ഞ രണ്ടു കാര്യങ്ങളിലും മൃഗ, മനുഷ്യ ഡോക്ടർമാരുടെ നിർദേശങ്ങൾ പാലിക്കണം.

 

പേ പിടിച്ച മൃഗങ്ങളുടെ കടി മാത്രമല്ല, മാന്തൽ, മുറിവുള്ള ഭാഗത്തെ നക്കൽ ഒക്കെ പേവിഷബാധയ്ക്ക് കാരണമാകും. എപ്പോഴും ശരീരം വൃത്തിയാക്കുന്ന പൂച്ചയുടെ കൈകാലുകളും നഖങ്ങളും ഏറെ അപകടകരമാകുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ വളർത്തു മൃഗങ്ങളിൽ നിന് മുറിവ്, മാന്തൽ, നക്കൽ, സ്പർശനം ഉണ്ടായാൽ ആ ഭാഗം നന്നായി സോപ്പ് തേച്ച് കഴുകണം. വൈറസിനെ നശിപ്പിക്കാൻ ഇത് സഹായിക്കും. ഉടനെ അടുത്തുള്ള ആശുപത്രിയിൽ പോവുക. ഡോക്ടറുടെ നിർദ്ദേശപ്രകാരം ആദ്യ ഡോസ് ആന്റി റാബീസ് കുത്തിവയ്പ്പുമെടുക്കുക. അതാണ് ‘0’ ഡോസ് എന്നു വിളിക്കപ്പെടുന്നത്. സർക്കാർ ആശുപത്രിയിൽ ഈ കുത്തിവയ്പ്പ് സൗജന്യമാണ്.

 

ഇമ്യൂണോ ഗ്ലോബുലിൻ എന്ന മരുന്ന് കൂടി വേണോയെന്നത് മുറിവിന്റെ സ്വഭാവവും സ്ഥാനവും നോക്കി ഡോക്ടർ തീരുമാനിക്കും.

പട്ടി കടിച്ച മുറിവ് സാധാരണഗതിയിൽ തുന്നാറില്ല. ഉണങ്ങാനായി ആന്റിബയോട്ടിക് ഡോക്ടർ നൽകിയാൽ കഴിക്കണം.

0, 3, 7, 28 ഇങ്ങനെയാണ് പിന്നീട് ഇഞ്ചക്ഷൻ എടുക്കേണ്ട ദിവസങ്ങൾ. കടിച്ച അല്ലെങ്കിൽ മാന്തിയ പട്ടി അല്ലെങ്കിൽ പൂച്ചയെ കെട്ടിയോ കൂട്ടിലോ ഇടണം. രോഗലക്ഷണമില്ലാത്ത മൃഗത്തെ കടിയുടെ ദേഷ്യത്തിൽ തല്ലിക്കൊല്ലാൻ നോക്കരുത്. എന്തെങ്കിലും രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ടോന്ന് നോക്കാനാണ് കൂട്ടിലിടുന്നത് രോഗബാധയുള്ളതാണെങ്കിൽ 10 ദിവസത്തിനകം അത് ചത്തു പോകുമെന്ന് ഉറപ്പ്. ഈ സമയത്ത് സാധാരണ ഭക്ഷണവും വെള്ളവുമൊക്കെ കൊടുക്കാം.

 

10 ദിവസം കഴിഞ്ഞും പ്രശ്നമില്ലെങ്കിൽ പേവിഷബാധയല്ലായെന്ന് ഉറപ്പിക്കാം. ഇൻഞ്ചക്ഷൻ ഡോക്ടറുടെ നിർദേശപ്രകാരം പൂർത്തിയാക്കാം. വളർത്തുമൃഗങ്ങൾക്ക് ( നായ,പൂച്ച ) വെറ്ററിനറി ഡോക്ടറുടെ ഉപദേശമനുസരിച്ച് വാക്സീൻ കൃത്യമായി നൽകണം. കുത്തിവയ്പ്പെടുത്തിട്ടുള്ള പട്ടിയും പൂച്ചയും കടിച്ചാലും കുത്തിവെയ്പ് എടുക്കുന്നതാണ് ഉത്തമം. പേയുടെ കാര്യത്തിൽ പൂച്ചകളെ ഏറെ ശ്രദ്ധിക്കണം. പേയുള്ള നായയുടെ കടിയിലൂടെയാണ് സാധാരണ പൂച്ചകള്‍ക്ക് ഈ രോഗം ബാധിക്കുന്നത്.

ഒരു കാര്യം പ്രത്യേകം ഓർക്കുക. ഇന്ത്യ പോലെ പേവിഷബാധ വ്യാപകമായ ഒരു രാജ്യത്ത് വളർത്തു മൃഗങ്ങളിൽ നിന്നുണ്ടാകുന്ന ചെറിയ മുറിവുകൾ, നക്കലുകൾ പോലും സംശയത്തോടെ കണ്ട് സൗജന്യമായി സർക്കാർ ആശുപത്രികളിൽ ലഭിക്കുന്ന കുത്തിവയ്പ് എടുക്കുക. ഓമന മൃഗങ്ങൾക്ക് കണിശമായ സമയക്രമം പാലിച്ച് പ്രതിരോധ കുത്തിവയ്പ് നൽകുക. ഒപ്പം റാബീസ് രോഗത്തേക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ ശാസ്ത്രീയ ബോധവൽക്കരണം നടത്തുകയും വേണം. കാരണം പേവിഷബാധ വന്നാൽ ദാരുണ മരണമല്ലാതെ മറ്റൊരു വഴി നമുക്കു മുൻപിലില്ല.

 

English Summary: Vaccination important for rabies prevention

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com