ADVERTISEMENT

സൂര്യനില്‍ നിന്നും അപ്രതീക്ഷിതമായി വരുന്ന സൗരക്കാറ്റിന്റെ ഭീഷണിയിലാണ് എക്കാലത്തും നമ്മളും ഭൂമിയും ഉള്ളത്. വൈദ്യുതി വിതരണ സംവിധാനം, മൊബൈല്‍, റേഡിയോ സിഗ്നലുകള്‍ എന്നിവ തകരാറിലാക്കാനും സാറ്റലൈറ്റുകളെയും ബഹിരാകാശ സഞ്ചാരികളെയും ബാധിക്കാനും സൗരക്കാറ്റുകള്‍ക്ക് കഴിയും. സൂര്യനില്‍ നിന്നുള്ള ഈ അതീവ ഊര്‍ജ്ജ പ്രവാഹത്തെ മുന്‍കൂട്ടി കണ്ടെത്താന്‍ ഗവേഷകരെ സഹായിക്കാന്‍ പൊതു ജനങ്ങള്‍ക്കും സാധിക്കുന്ന സോളാര്‍ സ്‌റ്റോംവാച്ച് എന്ന സംവിധാനം ഒരുക്കുകയാണ് ബ്രിട്ടനിലെ റീഡിംഗില്‍ നിന്നുള്ള ഊര്‍ജ്ജതത്രജ്ഞര്‍.

 

സൂര്യനില്‍ നിന്നുള്ള അതീവ ഊര്‍ജ്ജ പ്രവാഹങ്ങളാണ് കൊറോണ മാസ് ഇജക്ഷന്‍ എന്ന് വിളിക്കുന്ന സൗര കാറ്റുകള്‍. സൂര്യനില്‍ നിന്നും സൗരവാതങ്ങളും തിളച്ചുമറിയുന്ന പ്ലാസ്മയും കാന്തിക നക്ഷത്രങ്ങളുമെല്ലാം കൂട്ടത്തോടെ പുറംതള്ളപ്പെടുന്ന അവസ്ഥയാണിത്. ഭൂമിയുടെ കാന്തികമണ്ഡലത്തെ പോലും ബാധിക്കാനുള്ള ശേഷി ഇവയ്ക്കുണ്ട്. വലിയ തോതിലുള്ള ഊര്‍ജ്ജ പ്രവാഹമാണ് ഇത്തരം സൗരക്കാറ്റുകള്‍ വഴി സൃഷ്ടിക്കപ്പെടുക. ഇതുവഴി ഭൂമിയിലെ വൈദ്യുത വിതരണ സംവിധാനങ്ങളിലെ ട്രാന്‍സ്‌ഫോര്‍മറുകള്‍ തകരാറിലാകും. മൊബൈല്‍ സിഗ്നലുകളെയും റേഡിയോ സിഗ്നലുകളെയും തകരാറിലാക്കാനും ഭൂമിക്ക് ചുറ്റുമുള്ള മനുഷ്യ നിര്‍മിത സാറ്റലൈറ്റുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാനും ഇവക്ക് സാധിക്കും. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ അടക്കമുള്ള ബഹിരാകാശ സഞ്ചാരികളായ മനുഷ്യര്‍ക്കും ഈ സൗരകാറ്റുകള്‍ ഭീഷണിയാണ്.

 

1859ല്‍ കാരിങ്ടണ്‍ സംഭവം എന്ന പേരില്‍ ഒരു സൗരക്കാറ്റ് സംഭവിച്ചതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന് ടെലഗ്രാഫ് വയറുകളില്‍ നിന്നും തീപ്പൊരി ചിതറിയതായും ടെലഗ്രാഫ് ഓപറേറ്റര്‍മാര്‍ക്ക് ഷോക്കേറ്റതായും രേഖപ്പെടുത്തിയിട്ടുണ്ട്. അന്നത്തെ അപേക്ഷിച്ച് വൈദ്യുതിയുടെയും റേഡിയോ മൊബൈല്‍ സിഗ്നലുകളുടേയും ഉപയോഗം പലമടങ്ങ് വര്‍ധിച്ച ഇന്നത്തെ കാലത്ത് ഒരു സൗരകാറ്റ് സംഭവിച്ചാല്‍ ഉണ്ടാവുന്ന പ്രത്യാഘാതങ്ങളും വലുതായിരിക്കും.

 

ഒരു മണിക്കൂറില്‍ പത്ത് ലക്ഷം മൈല്‍ ദൂരം വരെ സഞ്ചരിക്കാന്‍ സൗരകാറ്റുകള്‍ക്ക് ശേഷിയുണ്ടെന്ന് റീഡിങ് സര്‍വകലാശാലയയിലെ ബഹിരാകാശ കാലാവസ്ഥാ ഗവേഷകനായ ലൂക്ക് ബെര്‍ണാര്‍ഡ് ഓര്‍മിപ്പിക്കുന്നു. ഇത്തരം സൗരക്കാറ്റുകളുടെ ദിശയും വേഗവും വലിയ തോതില്‍ വ്യത്യാസപ്പെടുന്നതിനാല്‍ തന്നെ ഇവ ഭൂമിയെ ബാധിക്കുന്നതാണോ അല്ലയോ എന്ന് തിരിച്ചറിയുക എളുപ്പമല്ല. ബഹിരാകാശത്തുകൂടി സഞ്ചരിക്കുമ്പോള്‍ തുടര്‍ച്ചയായി ഇവയുടെ രൂപത്തില്‍ മാറ്റം സംഭവിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.

 

കംപ്യൂട്ടര്‍ മോഡലുകളുടെ സഹായത്തിലാണ് സൗരക്കാറ്റുകളുടെ സ്വഭാവം നിര്‍ണയിക്കാന്‍ ഗവേഷകര്‍ ശ്രമിക്കാറുള്ളത്. ഈ സംവിധാനത്തിലേക്ക് താത്പര്യമുള്ള പൊതുജനങ്ങള്‍ക്കു കൂടി പ്രവേശനം നല്‍കിക്കൊണ്ട് വിപുലപ്പെടുത്താനാണ് പദ്ധതി. അതുവഴി സാധാരണക്കാരുടെ ശാസ്ത്ര പദ്ധതിയായി സോളാര്‍ സ്‌റ്റോം വാച്ചിനെ അവതരിപ്പിക്കാമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. 

സൗരക്കാറ്റുകള്‍ പുറപ്പെട്ടുകഴിഞ്ഞുള്ള നിരീക്ഷണത്തിനാണ് പൊതുജനങ്ങളുടെ കൂടി സഹകരണം ഉറപ്പുവരുത്തുന്നത്. ഈ സമയത്താണ് സൗരക്കാറ്റുകളുടെ രൂപത്തിലും ദിശയിലും വളരെ പെട്ടെന്നു തന്നെ മാറ്റങ്ങളുണ്ടാവാറ്. കൂടുതല്‍ പേര്‍ നിരീക്ഷണത്തിന് തയാറാകുന്നതോടെ സൗരക്കാറ്റ് ഭൂമിയിലെത്തുമോ എന്ന് കൂടുതല്‍ കൃത്യമായി പ്രവചിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

സൂര്യനില്‍ നിന്നും സാധാരണയായി ഉണ്ടാവാറുള്ള സൗരവാതങ്ങള്‍ ഭൂമിയുടെ ദിശയിലല്ല വരാറുള്ളത് എന്നതാണ് ആശ്വാസകരം. പല സൗരവാതങ്ങളും ഭൂമിയിലെത്താന്‍ ഒന്ന് മുതല്‍ മൂന്ന് ദിവസം വരെ എടുക്കാറുണ്ട്. അതേസമയം 15 മണിക്കൂറിനകം ഭൂമിയിലെത്താനും ഇവയ്ക്കാകും. ശാസ്ത്രതല്‍പ്പരരായ പൗരന്മാരുടെ ഒരു കൂട്ടായ്മതന്നെ ഉണ്ടാക്കാനായാല്‍ സൗരക്കാറ്റിനെ പ്രവചിക്കുന്നതില്‍ കൂടുതല്‍ കൃത്യത ലഭിക്കുമെന്നും അതുവഴി ഭൂമിക്കും മനുഷ്യനുമുണ്ടാകുന്ന ആഘാതങ്ങളുടെ ശേഷി കുറക്കാനാകുമെന്നുമാണ് പ്രതീക്ഷ. എജിയു അഡ്വാന്‍സസ് ജേണലിലാണ് പഠനത്തിന്റെ പൂര്‍ണരൂപം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

English Summary: Improved Solar Storm Forecasts for Earth With Help From the Public

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com