ADVERTISEMENT

ഒരുകാലത്ത് എണ്ണയിൽ മാത്രം ലക്ഷ്യമിട്ടിരുന്ന യുഎഇ ഇപ്പോൾ ബഹിരാകാശത്തെ ഗ്രഹങ്ങളിലെയും ഉപഗ്രഹങ്ങളിലേയും ‘നിധി’ തേടി പേടകങ്ങൾ വിക്ഷേപിക്കുകയാണ്. കഴിഞ്ഞ മൂന്നാല് വർഷത്തിനിടെ യുഎഇ ഈ മേഖലയിൽ വലിയ കുതിപ്പാണ് നടത്തിയിരിക്കുന്നത്. ഏറ്റവും പുതിയ വാർത്ത യുഎഇ ചന്ദ്രനിലേക്ക് ആളില്ലാ പേടകം അയക്കാൻ പദ്ധതിയിടുന്നു എന്നതാണ്. 

2024 ൽ ചന്ദ്രനിലേക്ക് ആളില്ലാ ബഹിരാകാശ പേടകം വിക്ഷേപിക്കാനാണ് പദ്ധതി. ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ ലാൻഡ് ചെയ്യുന്ന നാലാമത്തെ രാജ്യമായി യുഎഇ മാറും. യുഎഇയുടെ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയുമായി സേവനമനുഷ്ഠിക്കുന്ന ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് പുതിയ ബഹിരാകാശ പദ്ധതി പ്രഖ്യാപിച്ചത്.

ഇതിനിടെ, യുഎഇയുടെ ചൊവ്വയിലേക്കുള്ള പേടകം ഇപ്പോൾ ബഹിരാകാശത്തിലൂടെ സഞ്ചരിക്കുകയാണ്. ഇതിനുപുറമെ കഴിഞ്ഞ വർഷം യുഇഎയുടെ ആദ്യത്തെ ബഹിരാകാശയാത്രികനെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കും അയച്ചിരുന്നു. യുഎഇ തന്നെ നിർമിച്ച ചാന്ദ്ര റോവറായിരിക്കും വിക്ഷേപിക്കുക. 2024 ൽ ചന്ദ്രന്റെ ഉപരിതലത്തിൽ മനുഷ്യ ദൗത്യങ്ങൾ പര്യവേക്ഷണം ചെയ്യാത്ത പ്രദേശങ്ങളിൽ ഇറങ്ങുമെന്നാണ് ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചത്. എന്നാൽ, യുഎഇ പര്യവേക്ഷണം ചെയ്യാൻ ഉദ്ദേശിച്ച സ്ഥലത്തെക്കുറിച്ച് കൂടുതൽ വിശദീകരിച്ചിട്ടില്ല.

10 കിലോ ഭാരമുള്ള റോവറിൽ രണ്ട് ഉയർന്ന റെസല്യൂഷൻ ക്യാമറകൾ, ഒരു മൈക്രോസ്കോപ്പിക് ക്യാമറ, ഒരു തെർമൽ ഇമേജറി ക്യാമറ, മറ്റ് ഉപകരണങ്ങൾ എന്നിവ ഉണ്ടാകുമെന്നാണ് പ്രാഥമിക റിപ്പോർട്ട്. റോവറിന് ‘റാഷിദ്’ എന്ന് പേരിടുമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. അദ്ദേഹത്തിന്റെ പിതാവ് ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിന്റെ അതേ പേരാണിത്.

ഗവേഷകരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസ് മഹാമാരി കാരണം അദ്ദേഹവും മറ്റുള്ളവരും മാസ്ക് ധരിച്ചാണ് മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. 2024 ലെ ദൗത്യം വിജയിച്ചാൽ സോവിയറ്റ് യൂണിയൻ, ചൈന, യുഎസ്എ എന്നിവയ്ക്ക് ശേഷം ചന്ദ്രനിൽ ബഹിരാകാശ പേടകം ഇറക്കുന്ന ഭൂമിയിലെ നാലാമത്തെ രാജ്യമായി യുഎഇ മാറും. കഴിഞ്ഞ വർഷം ബഹിരാകാശ പേടകം ഇറക്കാൻ ഇന്ത്യ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തു. ഇസ്രായേലിന്റെ ഒരു പേടകവും ടച്ച്ഡൗണിന് മുൻപ് ചാന്ദ്ര ഉപരിതലത്തിലേക്ക് തകർന്നുവീണിരുന്നു.

English Summary: UAE plans to launch unmanned spacecraft to moon in 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com