sections
MORE

കാൻസർ രോഗികൾക്ക് വില കുറഞ്ഞ മരുന്ന്, കണ്ടെത്താൻ നിർമിത ബുദ്ധി

cancer-cell
SHARE

അലോപ്പതിയിലെ പല അര്‍ബുദ മരുന്നുകളും ഒരു ബില്യണ്‍ ഡോളറോളം (ഏകദേശം 7,351 കോടി രൂപ) ചെലവിട്ട് പത്ത് വര്‍ഷത്തോളം നീണ്ട ഗവേഷണങ്ങള്‍ക്കു ശേഷമാണ് കണ്ടെത്തിയിട്ടുള്ളത്. പല അര്‍ബുദ രോഗികളും മരുന്നുകളെത്തും മുൻപെ മരണത്തിന് കീഴയങ്ങുകയും ചെയ്തു. നിലവില്‍ വിപണിയില്‍ ലഭ്യമായ പല ജനറിക് മരുന്നുകളും അര്‍ബുദ ചികിത്സക്ക് ഉപയോഗിക്കാമെങ്കിലും വര്‍ഷങ്ങളെടുക്കും അത് തിരിച്ചറിയാൻ എന്നതാണ് മറ്റൊരു വലിയ വെല്ലുവിളി. നിര്‍മിത ബുദ്ധി (എഐ) ഉപയോഗിച്ച് ജനറിക് മരുന്നുകളുടെ കൂട്ടത്തില്‍ നിന്നും അര്‍ബുദത്തെ നേരിടാന്‍ സാധിക്കുന്ന മരുന്നുകള്‍ തെരഞ്ഞെടുക്കുന്ന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഡോ. ലോറ ക്ലൈമാനും അവരുടെ സ്ഥാപനമായ റോബോട്ട് ആര്‍എക്‌സും. 

വിപണിയില്‍ സുലഭമായ ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് തുല്യമായതും എന്നാല്‍ വിലയില്‍ ഗണ്യമായ കുറവുള്ളതുമായ മരുന്നുകളാണ് ജനറിക് മരുന്നുകള്‍. വിപണന തന്ത്രങ്ങള്‍ ഉപയോഗിക്കാതെ പ്രത്യേകം പേരിലല്ലാതെ മരുന്നിലെ ചേരുവകളുടെ പേരിലായിരിക്കും ഇവ വില്‍ക്കുക. ഗവേഷണം നടത്തി മരുന്ന് വികസിപ്പിക്കുന്ന കമ്പനികള്‍ക്ക് ഇരുപത് വര്‍ഷത്തേക്കാണ് പകര്‍പ്പവകാശം ലഭിക്കുക. ഈ കാലയളവ് കഴിഞ്ഞാല്‍ മറ്റു കമ്പനികള്‍ക്കും ഇതേ മരുന്ന് നിര്‍മിച്ച് വിപണിയിലെത്തിക്കാനാകും. ഇതിന്റെ ഗുണം പലപ്പോഴും സാധാരണക്കാര്‍ക്ക് ലഭിക്കാറില്ലെന്ന് മാത്രം. ജനറിക് മരുന്നുകളുടെ കൂട്ടത്തില്‍ നിന്നും അര്‍ബുദത്തിനെതിരെ ഉപയോഗിക്കാവുന്ന മരുന്നുകളെ നിര്‍മിത ബുദ്ധിയുടെ സഹായത്തില്‍ കണ്ടെത്തുകയാണ് റോബോട്ട് ആര്‍എക്‌സിന്റെ ലക്ഷ്യം. ഫോബ്സിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിലെ പ്രധാന ഭാഗങ്ങൾ:

? നിരവധി പരിശ്രമങ്ങള്‍ക്കൊടുവിലും ഇപ്പോഴും ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന്‍ പ്രതിവര്‍ഷം അര്‍ബുദം എടുക്കുന്നുണ്ട്. അര്‍ബുദവുമായി ബന്ധപ്പെട്ട എന്ത് പ്രശ്‌നത്തിനാണ് റോബോട്ട് ആര്‍എക്‌സ് പരിഹാരം നല്‍കാന്‍ ശ്രമിക്കുന്നത്?

ലോറ ക്ലെയ്മാന്‍: വിപണിയില്‍ ഇപ്പോള്‍ ലഭ്യമായ 250ലേറെ ജനറിക് മരുന്നുകള്‍ അര്‍ബുദ ചികിത്സയില്‍ ഫലപ്രദമാണെന്ന് ഭൂരിഭാഗം പേര്‍ക്കും അറിയില്ല. സുരക്ഷിതവും വിലകുറഞ്ഞതും എളുപ്പത്തില്‍ ലഭ്യമാകുന്നവയുമാണ് ഇവയില്‍ പലതും. അര്‍ബുദബാധിതര്‍ക്ക് താരതമ്യേന ചെലവുകുറഞ്ഞതും ഫലപ്രദവുമായ ഒരു ചികിത്സാ സാധ്യതയാണ് ഇത് തുറക്കുന്നത്.

ഈ മരുന്നുകളുമായി ബന്ധപ്പെട്ട് വളരെ വലിയ അളവിലുള്ള വിവരങ്ങള്‍ പരിശോധിച്ചതിന് ശേഷം മാത്രമേ ഓരോരുത്തരുടേയും ചികിത്സക്കായി ഉപയോഗിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കാനാവൂ. മനുഷ്യന് പകരം നിര്‍മിത ബുദ്ധിയുടെ സഹായത്തില്‍ ഈ വിവരങ്ങളുടെ പരിശോധന നടത്തി അര്‍ബുദ ചികിത്സക്ക് ഫലപ്രദമായ മരുന്ന് തിരഞ്ഞ് കണ്ടെത്തുകയാണ് റോബോട്ട് ആര്‍എക്‌സ് ചെയ്യുന്നത്. 

? എന്തുകൊണ്ടാണ് ഈ പ്രശ്‌നം നിങ്ങള്‍ക്ക് ഇത്ര പ്രധാനപ്പെട്ടതായത്?

ലോറ ക്ലെയ്മാന്‍: മൂന്ന് വര്‍ഷം മുൻപാണ് അര്‍ബുദത്തെ തുടര്‍ന്ന് എനിക്ക് മാതാവിനെ നഷ്ടമായത്. മറ്റു ചികിത്സാ സാധ്യതകള്‍ ലഭ്യമായിരുന്നെങ്കില്‍ മറ്റ് ലക്ഷങ്ങളെ പോലെ എന്റെ മാതാവും അര്‍ബുദത്തിന് മുന്നില്‍ കീഴടങ്ങില്ലായിരുന്നു. അര്‍ബുദത്തിനെതിരായ ബദല്‍ ചികിത്സാ സാധ്യതകളില്‍ ഏറ്റവും എളുപ്പത്തിലുള്ളതാണ് ജനറിക് മരുന്നുകളുടെ തെരഞ്ഞെടുപ്പ്. അര്‍ബുദത്തിനെതിരെ പോരാടുന്നവര്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ മികച്ച ചികിത്സ ലഭ്യമാക്കുകയാണ് എന്റെ ജീവിതലക്ഷ്യം. 

? റോബോട്ട് ആര്‍എക്‌സ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് വിശദമാക്കാമോ ?

ലോറ ക്ലെയ്മാന്‍: അലോപ്പതി മരുന്നുകളിലെ പരീക്ഷണങ്ങള്‍ എപ്പോഴും ചിലവേറിയതും ദൈര്‍ഘ്യമേറിയതുമാണ്. പരീക്ഷണങ്ങള്‍ക്ക് വിധേയരാക്കുന്ന മരുന്നുകളില്‍ ഏറ്റവും സാധ്യതയുള്ളവയെ തെരഞ്ഞ് കണ്ടെത്തുകയാണ് റോബോട്ട് ആര്‍എക്‌സിന്റെ ദൗത്യം. ഈ മരുന്നുകളെക്കുറിച്ചുള്ള വളരെ വലിയ അളവിലുള്ള വിവരങ്ങള്‍ തരംതിരിക്കുകയാണ് ഇതിലെ വെല്ലുവിളി. ഇതില്‍ പലതും മനുഷ്യര്‍ ചെയ്താല്‍ ആയുഷ്‌കാലം വേണ്ടി വരും. 

? ഒരു മരുന്ന് വിവിധ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്നത് പല ഘട്ടങ്ങള്‍ കഴിഞ്ഞാണ്. ഇത്തരത്തില്‍ അര്‍ബുദ ചികിത്സക്ക് ഉപയോഗിക്കുന്ന ഒരു ജനറിക് മരുന്നിന്റെ ഉദാഹരണം പറയാമോ?

ലോറ ക്ലെയ്മാന്‍: തീര്‍ച്ചായായും, ഇപ്പോള്‍ തന്നെ ചില വിജയിച്ച മാതൃകകളുണ്ട്. വൈറ്റമിന്‍ എയുടെ വകഭേദമായ ATRA 1960കള്‍ മുതല്‍ തന്നെ മുഖക്കുരുവിനെതിരെ ഉപയോഗിക്കുന്നുണ്ട്. ഈ മരുന്ന് കണ്ടുപിടിച്ച് മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം രക്താര്‍ബുദത്തിനെതിരെയും ഇത് ഫലപ്രദമാണെന്ന് കണ്ടെത്തി. ഇപ്പോള്‍ ഈ മരുന്നും രക്താര്‍ബുദ ചികിത്സയുടെ ഭാഗമാണ്. 

? ഇപ്പോള്‍ തന്നെ വിപണിയിലുള്ള പല മരുന്നുകളും അര്‍ബുദത്തിനെതിരെ ഫലപ്രദമാകാമെന്ന സാധ്യതയാണ് നിങ്ങള്‍ മുന്നോട്ടുവെക്കുന്നത്. ഇത്തരം ശ്രമങ്ങള്‍ എന്തുകൊണ്ട് നേരത്തെ ചെയ്തില്ല?

ലോറ ക്ലെയ്മാന്‍: നമ്മുടെ മരുന്ന് വിപണിയില്‍ നിലവില്‍ ജനറിക് മരുന്നുകള്‍ കൂടുതല്‍ കാര്യങ്ങള്‍ക്ക് ഉപയോഗിക്കണമെങ്കില്‍ പല ഘട്ടങ്ങളിലൂടെയും കടന്നുപോകേണ്ടതുണ്ട്. സാമ്പത്തികമായി വലിയ ലാഭം നല്‍കാത്തതിനാല്‍ ജനറിക് മരുന്നുകളുടെ കാര്യത്തില്‍ മരുന്നുകമ്പനികള്‍ക്ക് വലിയ താത്പര്യമില്ല. എന്നാല്‍, മറ്റാരേക്കാളും അര്‍ബുദ രോഗികള്‍ക്ക് ജനറിക് മരുന്നുകള്‍ ആവശ്യമാണ്. അത് തിരിച്ചറിഞ്ഞപ്പോഴാണ് ഞങ്ങള്‍ റോബോട്ട് ആര്‍എക്‌സ് സ്ഥാപിച്ചത്. 

? എന്തുകൊണ്ട് ലാഭം വേണ്ടെന്ന് തീരുമാനിച്ചു?

ലോറ ക്ലെയ്മാന്‍: ഞങ്ങളുടെ ദൗത്യത്തില്‍ നൂറ് ശതമാനം അര്‍പണ മനോഭാവത്തോടെ നില്‍ക്കാനും രോഗികള്‍ക്കുവേണ്ടി നിലകൊള്ളാനും ഇത് സഹായിക്കും. ലാഭത്തെക്കുറിച്ച് ചിന്തിക്കാതെ ഏത് മരുന്നാണ് അര്‍ബുദത്തിനെതിരെ ഏറ്റവും ഫലപ്രദമെന്ന് തീരുമാനിക്കാന്‍ ഞങ്ങള്‍ക്കാകും. മാത്രമല്ല ഡോക്ടര്‍മാര്‍, ഗവേഷകര്‍, രോഗികള്‍, മരുന്നു നിയന്ത്രണ ഏജന്‍സികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുമായി വിവരങ്ങള്‍ കൈമാറാനും ശേഖരിക്കാനും കൂടുതല്‍ ഫലപ്രദമായി ഞങ്ങളുടെ ലക്ഷ്യത്തെ ബോധ്യപ്പെടുത്താനും ഈ ലാഭരഹിത മാതൃകയിലൂടെ സാധിക്കും. 

? കോവിഡിനെ തുടര്‍ന്ന് ഏറ്റവും അപകട സാധ്യതയുള്ളവരുടെ കൂട്ടത്തിലാണ് അര്‍ബുദ രോഗികള്‍. അടുത്തിടെയാണ് നിങ്ങള്‍ റീബൂട്ട്: കോവിഡ് കാന്‍സര്‍ പ്രൊജക്ട് പുറത്തുവിട്ടത്. അതേക്കുറിച്ച് വിശദീകരിക്കാമോ?

ലോറ ക്ലെയ്മാന്‍: കോറോണ വ്യാപിച്ചതോടെ ഞങ്ങളുടെ സാങ്കേതികവിദ്യയുടെ പ്രാധാന്യം വര്‍ധിച്ചതായി ഞങ്ങള്‍ തിരിച്ചറിഞ്ഞു. കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലായ അര്‍ബുദ രോഗികളുടെ ചികിത്സക്കുവേണ്ടി കൂടുതല്‍ വിവരങ്ങള്‍ ഡോക്ടര്‍മാര്‍ക്കും ഗവേഷകര്‍ക്കും ആവശ്യമായി വന്നു. വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിന് ഒരു വര്‍ഷത്തോളം എടുക്കുമായിരുന്നത് അഞ്ച് ആഴ്ച്ചകൊണ്ട് ഞങ്ങള്‍ക്ക് ചെയ്യാനായി. കോവിഡ് ബാധിച്ച അര്‍ബുദ രോഗികള്‍ക്കുവേണ്ടി ഞങ്ങള്‍ ഒരു പ്രത്യേകം ഡാഷ്‌ബോര്‍ഡ് തന്നെ തുറന്നിട്ടുണ്ട്. ഈ പദ്ധതിക്കിട്ട പേരാണ് 'റീബൂട്ട്: കോവിഡ് കാന്‍സര്‍ പ്രൊജക്ട്'. ഡോക്ടര്‍മാര്‍ക്കും ഗവേഷകര്‍ക്കും ഫലപ്രദമായ ചികിത്സ കണ്ടെത്തുന്നതിന് ഇത് ഉപയോഗിക്കാനാകും. 

? മറ്റു വനിതാ സംരംഭകരോട് എന്താണ് പറയാനുള്ളത്?

ലോറ ക്ലെയ്മാന്‍: സ്വയം വിശ്വസിക്കൂ. മറ്റുള്ളവര്‍ പതുക്കെ നിങ്ങളെ വിശ്വസിച്ചു തുടങ്ങും. ഇതിന് അല്‍പം സമയമെടുക്കും. അതിന് മുൻപെ തോറ്റു പിന്മാറരുത്. തങ്ങളുടെ വിഷയവുമായി ബന്ധപ്പെട്ട പരമാവധി പേരുമായി സംസാരിക്കുക. നിങ്ങളുടെ പ്രവര്‍ത്തികളേയും നിങ്ങളേയും വിശ്വസിക്കുന്ന ഒരു സൈന്യം തന്നെ നിര്‍മിച്ചെടുക്കുക. 

? റീബൂട്ട് ആര്‍എക്‌സ് പദ്ധതിയിലെ നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിമിഷം

ലോറ ക്ലെയ്മാന്‍: വിദഗ്ധരും അര്‍പ്പണമനോഭാവമുള്ള പ്രദീപ് മംഗലത്ത്, കാതറെയ്ന്‍ ഡെല്‍ വെക്ചിയോ ഫിറ്റ്‌സ് എന്നീ സഹസ്ഥാപകരെ കണ്ടെത്തിയ നിമിഷം. അവര്‍ എത്തിയതോടെ കാര്യങ്ങള്‍ ആകെ മാറിമറിഞ്ഞു. അര്‍ബുദ രോഗികള്‍ക്ക് വേണ്ട മരുന്നുകള്‍ കണ്ടെത്തുന്നതില്‍ ഞങ്ങളുടെ സംഘത്തിനുള്ള കാര്യപ്രാപ്തിയില്‍ എനിക്ക് അങ്ങേയറ്റത്തെ ആത്മവിശ്വാസമുണ്ട്. ഞങ്ങള്‍ക്കിനിയും ഒരുപാട് മുന്നോട്ടു പോകാനുണ്ട്. ഇതൊരു തുടക്കം മാത്രമാണ്.

English Summary: AI to improve cancer care

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA