ADVERTISEMENT

ഗര്‍ഭിണിയാണോ എന്ന് വീട്ടില്‍ നിന്നു തന്നെ എളുപ്പത്തില്‍ അറിയാനുള്ള മാര്‍ഗമാണ് ഗര്‍ഭ പരിശോധന കിറ്റുകള്‍. സാമ്പ്രദായിക പ്രഗ്നന്‍സി കിറ്റുകളില്‍ തെളിയുന്ന വര നോക്കിയാണ് ഗര്‍ഭിണിയാണോ എന്ന് അറിയുക. ഇതിന് പകരമായെത്തുന്ന ഡിജിറ്റല്‍ കിറ്റുകള്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് ഞെട്ടിയത്. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്ന് പറഞ്ഞതു പോലായിരുന്നു കാര്യങ്ങള്‍. തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന ഒരു ചോദ്യമാണ് ഹാര്‍ഡ്‌വെയര്‍ ഗവേഷകനായ ഫോണിയെ ഡിജിറ്റല്‍ പ്രഗ്നന്‍സി കിറ്റി തുറന്ന് പരിശോധിക്കാന്‍ പ്രേരിപ്പിച്ചത്. അധികം പണം കൊടുത്ത് ഡിജിറ്റല്‍ പ്രഗ്നെന്‍സി ടെസ്റ്റ് തന്റെ ഭാര്യക്ക് വേണ്ടി നടത്തുന്നതില്‍ പ്രത്യേകിച്ച് എന്തെങ്കിലും ഗുണമുണ്ടോ എന്നതായിരുന്നു ചോദ്യം. ഉത്തരം വ്യക്തമായി അറിയാത്തതുകൊണ്ട് ഡിജിറ്റല്‍ ഗര്‍ഭ പരിശോധന കിറ്റ് തുറന്നു പരിശോധിക്കാന്‍ തന്നെ ഫോണി തീരുമാനിച്ചു.

 

സാധാരണ ഗര്‍ഭ പരിശോധന കിറ്റുകളില്‍ തെളിയുന്ന വരകളെ നോക്കിയാണ് ഫലം അറിയുന്നതെങ്കില്‍ ഡിജിറ്റല്‍ ഗര്‍ഭ പരിശോധന കിറ്റുകളില്‍ ഗര്‍ഭിണിയാണോ അല്ലയോ എന്ന് സ്‌ക്രീനില്‍ എഴുതിക്കാണിക്കുകയാണ് ചെയ്യുന്നത്. വാള്‍മാര്‍ട്ടിന്റെ ഇക്വേറ്റ് ഡിജിറ്റല്‍ പ്രഗ്നെന്‍സി ടെസ്റ്റിന്റെ കിറ്റാണ് പരീക്ഷണത്തിനായി ഫോണി തുറന്നു നോക്കിയത്. സാധാരണ പേപ്പര്‍ ഗര്‍ഭ പരിശോധനക്ക് സമാനമായിരുന്നു ഈ ഡിജിറ്റല്‍ പരിശോധനയിലേയും സംവിധാനങ്ങള്‍.

 

രണ്ടിലും നടക്കുന്നത് പേപ്പര്‍ ഉപയോഗിച്ചുള്ള പരിശോധനയാണ്. മൂത്രത്തിലെ ഹ്യൂമന്‍ കോറിയോണിക് ഗോണോഡോട്രോപിന്‍ ഹോര്‍മോണിന്റെ സാന്നിധ്യമാണ് പരിശോധിക്കുന്നത്. ഈ ഹോര്‍മോണിന്റെ സാന്നിധ്യമുണ്ടെങ്കില്‍ നിറം മാറുന്ന രാസവസ്തുക്കളാണ് പേപ്പര്‍ ഗര്‍ഭ പരിശോധന കിറ്റിലുണ്ടാവുക. ഇതേ സംവിധാനം തന്നെ ഉപയോഗിച്ച് ഫലം മനസിലാക്കിയ ശേഷം ഗര്‍ഭിണിയാണോ അല്ലയോ എന്ന് സ്‌ക്രീനില്‍ എഴുതി കാണിക്കുകയാണ് ഡിജിറ്റല്‍ ഗര്‍ഭ പരിശോധന കിറ്റില്‍ ചെയ്യുക. 

 

ഐബിഎമ്മിന്റെ ആദ്യ കാല ഹോം കംപ്യൂട്ടറിലെ സിപിയുവിനേക്കാള്‍ ശക്തിയേറിയ സര്‍ക്യൂട്ട് ബോര്‍ഡാണ് ഈ ചെറു ഉപകരണത്തിലെന്ന അതിശയവും ഫോണി പങ്കുവെക്കുന്നുണ്ട്. പേപ്പര്‍ ടെസ്റ്റിനേക്കാള്‍ നാലിരട്ടിയോ അതിലധികമോ ഈടാക്കുന്ന ഡിജിറ്റല്‍ ടെസ്റ്റിലും ഒരേ രീതിയിലാണ് പരിശോധന നടക്കുന്നതെന്നും ഫലം കാണിക്കുന്നതില്‍ മാത്രമാണ് വ്യത്യാസമെന്നുമാണ് ഫോണിയുടെ കണ്ടെത്തല്‍. 

 

അതേസമയം, ഡിജിറ്റല്‍ ഗര്‍ഭ പരിശോധന കിറ്റിനെ അനുകൂലിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. പലപ്പോഴും പേപ്പര്‍ ഗര്‍ഭ പരിശോധനക്കിടെ വര തെളിയുന്നത് വ്യക്തമാകാറില്ലെന്നും ഡിജിറ്റല്‍ കിറ്റില്‍ ആ പ്രശ്‌നമുണ്ടാകില്ലല്ലോ എന്നുമാണ് ഇവരുടെ വാദം. നമ്മുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഫലങ്ങളിലൊന്നാണിത്. അതുകൊണ്ടുതന്നെ മാനുവല്‍ ആവര്‍ത്തിച്ച് വായിച്ച് സമ്മര്‍ദത്തിലാകുന്നതിനേക്കാളും ഡിജിറ്റല്‍ പരിശോധന കിറ്റ് വാങ്ങുകയാണ് ചെയ്യുകയെന്നാണ് മറ്റൊരു ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുള്ള പ്രതികരണം. അതേസമയം മറ്റൊരു കാര്യമാണ് ടെക് ജേണലിസ്റ്റായ കേറ്റ് ബീവന്‍ ചൂണ്ടിക്കാണിക്കുന്നത്. 

അനാവശ്യമായ ഇ മാലിന്യത്തിനിടയാക്കുന്നതാണ് ഈ ഡിജിറ്റല്‍ ഗര്‍ഭ പരിശോധന കിറ്റെന്നാണ് കേറ്റ് ബീവന്‍ ഓര്‍മിപ്പിക്കുന്നത്.  ഡിജിറ്റല്‍ ഗര്‍ഭ പരിശോധന കിറ്റില്‍ ഈര്‍പ്പം വലിച്ചെടുക്കുന്നതിന് ഗുളിക രൂപത്തില്‍ ഒരു വസ്തുവെച്ചിട്ടുണ്ട്. ഇത് ഡിജിറ്റല്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന രഹസ്യ ഗര്‍ഭ നിരോധന ഔഷധമാണെന്ന വ്യാജ പ്രചരണവും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ഏതാണ്ട് 45 ലക്ഷം തവണയാണ് ഈ വ്യാജവിവരം പറയുന്ന ഒരു വീഡിയോ ട്വിറ്ററില്‍ കണ്ടിരിക്കുന്നത്. ഈ ഗുളിക രൂപത്തിലുള്ള ഈര്‍പ്പം വലിച്ചെടുക്കുന്ന വസ്തു യഥാര്‍ഥത്തില്‍ സര്‍ക്യൂട്ടുകളില്‍ ജലാംശമില്ലെന്ന് ഉറപ്പിക്കാനാണ്. മാത്രമല്ല വിഷാംശമുള്ള ഇവ ഭക്ഷ്യയോഗ്യമല്ലെന്നും ഒരിക്കലും കഴിക്കരുതെന്ന മുന്നറിയിപ്പാണ് വിദഗ്ധര്‍ നല്‍കുന്നത്.

 

English Summary: The surprising secret hidden in a pregnancy test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com