sections
MORE

ലോകത്ത് ഇത് ആദ്യ സംഭവം, കൊമേഴ്‌സ്യല്‍ വിമാനം പറന്നത് ഹൈഡ്രജന്‍ ഇന്ധനത്തിൽ

flight
SHARE

ഹൈഡ്രജന്‍ ഇന്ധനമായുള്ള ലോകത്തെ ആദ്യ കൊമേഴ്‌സ്യല്‍ വിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ നടന്നു. അമേരിക്കന്‍ ബ്രിട്ടിഷ് കമ്പനിയായ സീറോഅവിയയാണ് മലിനീകരണമില്ലാത്ത ഈ ഹരിതവിമാനത്തിന് പിന്നില്‍. ടാക്‌സിയായി ഉപയോഗിക്കാവുന്ന വിമാനത്തിന്റെ 20 മിനിറ്റ് നീണ്ട പരീക്ഷണ പറക്കലാണ് പൂര്‍ത്തിയായത്. ഈ വര്‍ഷം തന്നെ 250 മൈല്‍ ദൂരത്തില്‍ ഹൈഡ്രജന്‍ വിമാനം പറത്താനും സീറോഅവിയക്ക് പദ്ധതിയുണ്ട്.

സീറോഅവിയയുടെ ഗവേഷണ നിര്‍മാണ കേന്ദ്രത്തിന് സമീപത്തെ ക്രാന്‍ഫീല്‍ഡ് വിമാനത്താവളത്തില്‍ നിന്നാണ് ആറ് പേര്‍ക്ക്  യാത്ര ചെയ്യാവുന്ന പൈപ്പര്‍ എം ക്ലാസ് ഹൈഡ്രജന്‍ വിമാനം പരീക്ഷണ പറക്കല്‍ നടത്തിയത്. വായുവില്‍ നിന്നുള്ള ഹൈഡ്രജനേയും ഓക്‌സിജനേയും വലിച്ചെടുത്ത് ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകള്‍ വഴിയുണ്ടാക്കുന്ന വൈദ്യുതി നിര്‍മിക്കുകയാണ് ഈ വിമാനത്തില്‍ ചെയ്യുന്നത്. ഈ വൈദ്യുതി ബാറ്ററിയിലേക്ക് കടത്തിവിട്ടുകൊണ്ട് വിമാനത്തിനു വേണ്ട ഇന്ധനമായി മാറുകയും ചെയ്യുന്നു. ഹൈഡ്രജന്‍ വിമാനത്തിന്റെ ഏക മാലിന്യം വെള്ളമാണ്.

ആഗോളതാപനത്തിന് കാരണമാകുന്ന മനുഷ്യന്‍ പുറന്തള്ളുന്ന ഹരിതഗൃഹവാതകങ്ങളില്‍ 3.5 ശതമാനവും വ്യോമയാന മേഖലയുടെ സംഭാവനയാണ്. മലിനീകരണത്തിന്റെ ഈ ചീത്തപ്പേര് ഇല്ലാതാക്കാന്‍ വ്യാവസായികമായി നിര്‍മിക്കപ്പെടുന്ന ഹൈഡ്രജന്‍ വിമാനങ്ങള്‍ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതിന്റെ പ്രാധാന്യം അറിയുന്നതുകൊണ്ട് തന്നെ 'ഈ നേട്ടം എത്രത്തോളം വലുതാണെന്ന് വാക്കുകളിലാക്കുക എളുപ്പമല്ല' എന്ന് സീറോഅവിയ ചീഫ് എക്‌സിക്യൂട്ടീവ് വാല്‍ മിഫ്താകോവ് പറഞ്ഞത്. കഴിഞ്ഞ വര്‍ഷം 2.7 ദശലക്ഷം പൗണ്ട് സര്‍ക്കാര്‍ ധനസഹായം സീറോഅവിയയുടെ ഹൈഫ്‌ളെയര്‍ പദ്ധതിക്ക് ലഭിച്ചിരുന്നു.

ജര്‍മനിയിലെ സ്റ്റുട്ട്ഗാര്‍ട്ട് വിമാനത്താവളത്തില്‍ നിന്നും 2016ല്‍ നാല് പേരെ വഹിക്കാന്‍ ശേഷിയുള്ള ഒരു ഹൈഡ്രജന്‍ വിമാനം വിജയകരമായി പരീക്ഷണ പറക്കല്‍ നടത്തിയിരുന്നു. എച്ച്‌വൈ 4 എന്ന് പേരിട്ടിരുന്ന വിമാനം ജര്‍മന്‍ എയറോസ്‌പേസ് സെന്റര്‍ മറ്റ് വിദഗ്ധ കമ്പനികളുമായി സഹകരിച്ചാണ് നിര്‍മിച്ചത്. എന്നാല്‍ എച്ച്‌വൈ 4നെ അപേക്ഷിച്ച് സീറോഅവിയയുടെ പൈപ്പര്‍ എംക്ലാസ് വിമാനം വാങ്ങാന്‍ സാധിക്കുമെന്നതാണ് വ്യത്യസ്തമാക്കുന്നത്. അന്തരീക്ഷ മലിനീകരണത്തിനെതിരായ വ്യോമയാന മേഖലയുടെ ഉത്തരമാണ് ഹൈഡ്രജന്‍ വിമാനമെന്നാണ് കരുതപ്പെടുന്നത്.

മുന്‍നിര ആഗോള വിമാന കമ്പനിയായ എയര്‍ ബസ് തന്നെ മൂന്ന് ഹൈഡ്രജന്‍ വിമാനങ്ങള്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ടര്‍ബോഫാന്‍, ടര്‍ബോപ്രോപ്, ബ്ലെന്‍ഡഡ് വിങ് ബോഡി എന്നീ വിമാനങ്ങളാണ് എയര്‍ബസ് 2035ഓടെ പുറത്തിറക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ഇതില്‍ ടര്‍ബോഫാനാണ് ഇപ്പോഴത്തെ വിമാനങ്ങളുടെ ആകൃതിയുമായി ഏറ്റവും ചേര്‍ന്നു നില്‍ക്കുന്നത്. ചിറകുകളില്‍ എൻജിന്‍ ഘടിപ്പിച്ചിട്ടുള്ള ടര്‍ബോഫാനില്‍ 200 പേരെയാണ് ഉള്‍ക്കൊള്ളാന്‍ സാധിക്കുക. ഏതാണ്ട് 2300 മൈല്‍ ദൂരം വരെ ഒരു തവണ ഇന്ധനം നിറച്ചാല്‍ ടര്‍ബോഫാനിന് പറക്കാനാകും. 

ടര്‍ബോപ്രോപ്പിന് 100 പേരെ വഹിച്ച് 1150 മൈല്‍ ദൂരം വരെ സഞ്ചരിക്കാന്‍ സാധിക്കും. കൂട്ടത്തില്‍ ഏറ്റവും വലുതും വ്യത്യസ്ത രൂപത്തിലുള്ളതുമായ ഈ വിമാനത്തിന് 2000 പേരെ ഉള്‍ക്കൊള്ളാനാകും. ആകൃതിയുടെ സവിശേഷതയാണ് ടര്‍ബോപ്രോപ്പിന് കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാനുള്ള ശേഷി നല്‍കുന്നത്. 2300 മൈല്‍ ദൂരേക്ക് വരെ ഈ 'V' ആകൃതിയിലുള്ള വിമാനത്തിന് പറക്കാനും സാധിക്കും. 

ഭാവിയില്‍ ഹൈഡ്രജന്‍ ഇന്ധനമാക്കാന്‍ ലക്ഷ്യമിടുന്നവയില്‍ വിമാനങ്ങള്‍ മാത്രമല്ല ട്രെയിനുകളുമുണ്ട്. അടുത്ത വര്‍ഷം മുതല്‍ ബ്രിട്ടനില്‍ ഹൈഡ്രജന്‍ ഇന്ധനമായുള്ള ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്നാണ് കരുതപ്പെടുന്നത്. സഞ്ചരിക്കുമ്പോള്‍ ശബ്ദം തീരെയില്ലാത്ത ഈ ട്രയിനുകള്‍ക്ക് 'ബ്രീസ്' എന്നാണ് പേരിട്ടിരിക്കുന്നത് മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗം വരെ എടുക്കാനാകും. ഒറ്റത്തവണ ഇന്ധനം നിറക്കുന്നതിലൂടെ ഏതാണ്ട് ആയിരം കിലോമീറ്റര്‍ ദൂരം വരെ ഈ ഹൈഡ്രജന്‍ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാനാകും. ഇത് നിലവിലുള്ള ഡീസല്‍ ട്രെയിനുകള്‍ക്ക് സമാനമായ ദൂരമാണെന്നതും ശ്രദ്ധേയമാണ്. മലിനീകരണമില്ലാത്ത ഇന്ധനങ്ങളുടെ കാര്യത്തില്‍ മുന്നിലാണ് ഹൈഡ്രജന്‍ എന്നാണ് ഈ വിമാനങ്ങളും ട്രെയിനും കാണിക്കുന്നത്.

English Summary: World's first 'commercially available' full-scale plane powered by hydrogen

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA