ADVERTISEMENT

ദൂരെ നിന്നും നോക്കുന്നതുപോലെ നിര്‍മിച്ചിട്ടുള്ള നമ്മുടെ സൗരയൂഥത്തിന്റെ ചിത്രങ്ങളില്‍ ഒരു കാര്യം ശ്രദ്ധിച്ചാല്‍ മനസിലാകും. സൂര്യന് ചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെ ഒരേ സാങ്കല്‍പിക നിരപ്പിലായിരിക്കും സജ്ജീകരിച്ചിരിക്കുക. ഇതിനെ ഇക്‌ലിപ്റ്റിക് അഥവാ ക്രാന്തിവൃത്തം (ഭൂമിയിൽ നിന്നും നിരീക്ഷിക്കുമ്പോൾ നക്ഷത്രങ്ങൾക്ക് ഇടയിലൂടെയുള്ള സൂര്യൻ സഞ്ചാരിക്കുന്നതായി അനുഭവപ്പെടുന്ന പാതയാണ് ക്രാന്തിവൃത്തം) എന്നാണ് വിളിക്കുക. ഡിസ്‌ക് രൂപത്തില്‍ കറങ്ങുന്ന പൊടിപടലങ്ങളും പാറക്കൂട്ടങ്ങളും ഛിന്നഗ്രഹങ്ങളും കാലാന്തരത്തില്‍ ഗ്രഹങ്ങളും വാല്‍നക്ഷത്രങ്ങളുമായി മാറുകയായിരുന്നുവെന്നാണ് കരുതുന്നത്. 

 

ക്ഷീരപഥത്തില്‍ ഗ്രഹങ്ങള്‍ കാണപ്പെടുന്ന ഈ സാങ്കല്‍പിക നിരപ്പിലല്ലാതെ സഞ്ചരിക്കുന്ന വസ്തുക്കളുമുണ്ട്. പ്രത്യേകിച്ചും ദീര്‍ഘദൂര സഞ്ചാരികളായ വാല്‍നക്ഷത്രങ്ങള്‍. നൂറുകണക്കിനോ പതിനായിരക്കണക്കിനോ വര്‍ഷങ്ങള്‍ നീണ്ട ഭ്രമണ കാലയളവുള്ളവയാണിവ. ക്ഷീരപഥത്തിന്റെ അതിര്‍ത്തിയായി കരുതപ്പെടുന്ന തണുത്തുറഞ്ഞ ഊര്‍ട്ട് മേഘങ്ങളുടെ അടുത്തു വരെയെത്തിയാണ് ഈ വാല്‍നക്ഷത്രങ്ങള്‍ സൂര്യനിലേക്ക് മടങ്ങാറ്.

 

ക്ഷീരപഥത്തിന്റെ അച്ചുതണ്ടിന് 180 ഡിഗ്രിയില്‍ 'empty ecliptic' എന്ന് വിശേഷിപ്പിക്കുന്ന ഭാഗത്തിലൂടെയാണ് ഈ വാല്‍നക്ഷത്രങ്ങളുടേയും മറ്റും സഞ്ചാരം. നമ്മുടെ സൗരയൂഥത്തില്‍ വാല്‍ നക്ഷത്രങ്ങള്‍ എങ്ങനെ പിറവിയെടുത്തു എന്നത് അടക്കമുള്ള കാര്യങ്ങളില്‍ കൂടുതല്‍ വെളിച്ചം വീശാന്‍ ഈ കണ്ടെത്തലിന് സാധിക്കുമെന്ന് കരുതപ്പെടുന്നു. 

ദീര്‍ഘകാലത്തെ ഇടവേളകളില്‍ വരുന്ന വാല്‍നക്ഷത്രങ്ങളില്‍ വളരെക്കുറച്ച് എണ്ണത്തെക്കുറിച്ച് മാത്രമേ നമുക്ക് വിവരമുള്ളൂ. ഇവയുടെ വലുപ്പക്കുറവും നൂറുകണക്കിനോ ആയിരക്കണക്കിനോ വര്‍ഷങ്ങളുടെ ഇടവേളയിലേ ഭൂമിക്കും സൂര്യനും അടുത്തുകൂടി പോകാറുള്ളൂ എന്നതുമാണ് കാരണം. അതുകൊണ്ടുതന്നെ ജാപ്പനീസ് ജ്യോതിശാസ്ത്രജ്ഞയായ അരിക ഹിഗുച്ചിയും സഹപ്രവര്‍ത്തകരും ഗണിതമാതൃകകളുടെയും കംപ്യൂട്ടര്‍ നിര്‍മിതികളുടേയും സഹായത്തിലാണ് ഈ വാല്‍നക്ഷത്രങ്ങളെക്കുറിച്ച് പഠിക്കാന്‍ ശ്രമിച്ചത്.

 

ആഫിലിയന്‍ എന്ന് അറിയപ്പെടുന്ന ഒരു പ്രദേശത്തുകൂടെയാണ് മിക്കവാറും എല്ലാ ദീര്‍ഘസഞ്ചാരികളായ വാല്‍ നക്ഷത്രങ്ങള്‍ പോകുന്നത്. എന്നാല്‍, ചുരുക്കം ചില വാല്‍ നക്ഷത്രങ്ങള്‍ ഈ പ്രദേശത്തുകൂടെ പോകുന്നുമില്ല. അതിന്റെ കാരണം തിരഞ്ഞപ്പോഴാണ് മറ്റൊരുകാര്യം വ്യക്തമാകുന്നത്. ക്ഷീരപഥത്തിന്റെ സാങ്കല്‍പിക പ്രതലത്തില്‍ നിന്നും 60 ഡിഗ്രി മാറിയാണ് ആഫിലിയന്‍ പ്രദേശമുള്ളത്. നേരെ എതിര്‍വശത്തേക്ക് 60 ഡിഗ്രി മാറിയുള്ള പ്രദേശത്തുകൂടിയാണ് ആഫിലിയന്‍ പ്രദേശത്തുകൂടി പോകാത്ത വാല്‍നക്ഷത്രങ്ങളുടെ സഞ്ചാരമെന്നാണ് കണ്ടെത്തല്‍. ക്ഷീരപഥത്തിന്റെ തുടക്കത്തില്‍ ഈ പ്രദേശത്തുകൂടിയാകാം വാല്‍നക്ഷത്രങ്ങള്‍ സഞ്ചരിച്ചതെത്തും പിന്നീട് ക്ഷീരപഥത്തിന്റെ കാന്തികമണ്ഡലത്തിലുണ്ടായ മാറ്റമാകാം പുതിയ വാല്‍നക്ഷത്ര സഞ്ചാരപദത്തിന് കാരണമായതെന്നുമാണ് നിഗമനം. 

 

ക്ഷീരപഥത്തിലെ വാല്‍നക്ഷത്രങ്ങളുടെ സൂര്യനില്‍ നിന്നും ഏറ്റവും അകലെയുള്ള ഭാഗം ഇക്‌ലിപ്റ്റികിലോ ശൂന്യ ഇക്‌ലിപ്റ്റികിലോ ആണ് അവസാനിക്കുന്നത്. വാല്‍നക്ഷത്രങ്ങളുടെ ഭ്രമണപഥത്തിലെ ഈ കൂര്‍ത്തഭാഗം ഇക്‌ലിപ്റ്റികിനോ ശൂന്യ ഇക്‌ലിപ്റ്റിനോ ചേര്‍ന്നുള്ള ഭാഗത്താണ് അവസാനിക്കുന്നതെന്നും ഹിഗുച്ചി ഓര്‍മിപ്പിക്കുന്നു. ദ അസ്‌ട്രോണമിക്കല്‍ ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

English Summary: Radical Discovery Suggests The Solar System Has Two Planes of Orbital Alignment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com