sections
MORE

അതിതീവ്ര കോവിഡ് രോഗബാധയ്ക്ക് സാധ്യതയേറ്റുന്ന സുപ്രധാന ജനിതക അപകടഘടകം നിയാണ്ടർത്തൽ മനുഷ്യനിൽ നിന്ന് പാരമ്പര്യമായി കിട്ടിയത്: പഠനം

corona-italy
SHARE

ഭൂമിയിലെ മൂന്നു കോടിയിലധികം മനുഷ്യരെ രോഗബാധിതരാക്കി, പത്തു ലക്ഷത്തിലധികം ആളുകളുടെ ജീവനെടുത്ത് സാർസ് - കോവ് -2 വൈറസ് തന്റെ ജൈത്രയാത്ര തുടരുകയാണ്. ചില ആളുകളിൽ  ലക്ഷണങ്ങളൊന്നുമില്ലാതെ, മറ്റു ചിലരിൽ മൃദുവായ രോഗബാധയുമായി, വേറൊരു കൂട്ടരിൽ ശ്വസനപരാജയമെന്ന അതിതീവ്ര രോഗാവസ്ഥയിലെത്തുന്ന വിധത്തിലുമായി വ്യത്യസ്ത രൂപങ്ങളിലാണ് കോവിഡ് ബാധയെത്തുന്നത്. വയസായവരിൽ, പുരുഷൻമാരിൽ, മറ്റു രോഗബാധയുള്ളവരിൽ രോഗബാധ അതീതീവ്രമാകാനുള്ള അപകടഘടകങ്ങൾ ഏറെ കൂടുതലാണെന്നത് നാം മനസിലാക്കിയിരുന്നു. എന്നിരുന്നാലും മേൽപ്പറഞ്ഞ അപകടഘടകങ്ങൾ കൊണ്ടു മാത്രം കോവിഡ് പല മനുഷ്യരിൽ ഏറിയും കുറഞ്ഞുമുള്ള തീവ്രതയിൽ പ്രത്യക്ഷപ്പെടുന്നതിന്റെ കാരണം മുഴുവനായി വിശദീകരിക്കാൻ പര്യാപ്തമാകുന്നില്ലായിരുന്നു. കോവിഡ് രോഗബാധയുടെ തീവ്രതയിൽ ജനിതക അല്ലെങ്കിൽ പാരമ്പര്യ ഘടകങ്ങൾക്ക് പങ്കുണ്ടെന്നുള്ളത് അംഗീകരിക്കപ്പെട്ട വസ്തുതയായിരുന്നു. ഇപ്പോഴിതാ കോവിഡിന്റെ ജനിതക ബാന്ധവുമായി ബന്ധപ്പെട്ടു നടന്ന പുതിയ പഠനഫലങ്ങൾ ഈയാഴ്ചത്തെ നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. തീവ്ര കോവിഡ് രോഗബാധയ്ക്കു കാരണമാകുന്ന ജനിതക ഘടകം നിയാണ്ടർത്തൽ മനുഷ്യർ നമുക്ക് പാരമ്പര്യമായി സമ്മാനിച്ചതാണത്രേ! നിയാണ്ടർത്തലുകൾ വഴി വന്ന മേൽപ്പറഞ്ഞ ജനിതകഅംശം, ദക്ഷിണേഷ്യയിലെ 50 ശതമാനവും, യൂറോപ്പിലെ 16 ശതമാനവും ജനങ്ങൾ ഇന്നും വഹിക്കുന്നുണ്ടെന്നും പഠനം വെളിപ്പെടുത്തുന്നു.

∙ ക്രോമസോം നമ്പർ 3 പറയുന്നത്

കോവിഡ് രോഗവും ജനിതക ഘടനയുമായി ബന്ധപ്പെട്ടു മുൻപു നടന്ന പഠനമനുസരിച്ച് മനുഷ്യന്റെ ജനിതക ഘടനയിലെ രണ്ടു ഭാഗങ്ങളാണ് തീവ്രരോഗബാധയ്ക്കു കാരണമാകുന്നതായി കണ്ടെത്തിയിരുന്നത്. ക്രോമസോം 3-ൽ കാണപ്പെടുന്ന ആറു ജീനുകൾ അടങ്ങിയ ഭാഗം ഭാഗമായിരുന്നു ആദ്യത്തേത്, ക്രോമസോം 9-ൽ ABO ബ്ലഡ് ഗ്രൂപ്പുമായി ബന്ധപ്പെട്ട ഭാഗം രണ്ടാമത്തേതും. ഇപ്പോഴിതാ ‘കോവിഡ്- 19 ഹോസ്റ്റ് ജനറ്റിക്സ് ഇനിഷ്യേറ്റീവ് ’ പുറത്തു വിടുന്ന പുതിയ പഠനഫലങ്ങളനുസരിച്ച് ക്രോമസോം 3-ലെ ഭാഗമാണ് മാത്രമാണ് കാര്യമായ രീതിയിൽ ജനിതകതലത്തിൽ കോവിഡ് തീവ്രതയുമായി ബന്ധപ്പെട്ടിരിക്കുന്നത്. ഈ ഭാഗത്തിന്റെ ഭേദരൂപമുള്ളവരിലാണ് കടുത്ത രോഗബാധയ്ക്കും ആശുപത്രിവാസത്തിനുമുള്ള ജനിതക അപകട സാധ്യത കൂടുതലായുള്ളത്. ക്രോമസോം 3-ലെ ഈ ജനിതക രൂപ ഭേദത്തിന് ( chr3:45,859,651-45,909,024,hg 19) 49.4 kb(Kilo-base)  വലുപ്പമാണുള്ളത്. വംശനാശം സംഭവിച്ച നിയണ്ടർത്തൽ, ഡെനിസോവൻ മനുഷ്യ പൂർവികർ വർത്തമാനകാല മനുഷ്യന്റെ പൂർവികർക്ക് 40,000-60,000 വർഷങ്ങൾക്ക് മുൻപ് ഇത്തരം ജനിതകഭേദങ്ങൾ പകർന്നു നൽകിയതായി ശാസ്ത്രലോകത്തിനറിയാം. അൻപതിനായിരം വർഷങ്ങൾക്കു മുൻപ് ദക്ഷിണ യൂറോപ്പിലെ ക്രൊയേഷ്യയിൽ ജീവിച്ചിരുന്ന Vindija33.19 നിയണ്ടർത്തലിന്റെ ജനിതകഘടനയിൽ മേൽപ്പറഞ്ഞ ജനിതകഭേദം ഗവേഷകർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു. ആധുനിക മനുഷ്യന് പാരമ്പര്യമായി ലഭിച്ച മുഖ്യജനിതക ഭാഗത്തിന്റെ (Core haplotype) 13 നാനാ രൂപങ്ങളിൽ (SNPs) പതിനൊന്നെണ്ണം ക്രൊയേഷ്യൻ Vindija33.19 നിയണ്ടർത്തലുകളുടെ ജനിതകത്തിലും മൂന്നെണ്ണം ദക്ഷിണ സൈബീരിയയിൽ നിന്നുള്ള Altai, Chagyrskaya8 നിയണ്ടർത്തലുകളിലും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവയിലൊന്നു പോലും ഡെനിസോവൻ ( Denisovan) ജനിതകത്തിൽ ഉണ്ടായിരുന്നില്ല. 333.8 kb ഹാപ്ലോടൈപ്പിൽ തീവ്ര കോവിഡ് ബാധയുമായി ബന്ധപ്പെടുത്തുന്ന ജീനുകൾക്ക് കൂടുതൽ സാമ്യം ക്രൊയേഷ്യൻ നിയണ്ടർത്തലുകളുമായിട്ടായിരുന്നു. ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന 49.4kb  വലുപ്പമുള്ള ജനിതക ഭാഗം ആധുനിക മനുഷ്യന് നിയാണ്ടർത്തലുകളിൽ നിന്ന് ( Vindija33.19) പകർന്നു കിട്ടിയതാണെന്ന ഉറച്ച നിഗമനമാണ് പഠനം നൽകുന്നത്.

Neanderthal-family

∙ 1000 ജീനോംസ് പ്രോജക്ട് പറയുന്നത്

2008 ജനുവരിയിലാണ് 1000 ജീനോംസ് ( 1000 Genomes Project- 1KGP ) എന്ന രാജ്യാന്തര ഗവേഷണത്തിന് തുടക്കമിടുന്നത്. മനുഷ്യനിലെ ജനിതക വ്യതിയാനവുമായി ബന്ധപ്പെട്ട  വിശദ പഠനമായിരുന്നു ലക്ഷ്യം. ഇതിനായി വ്യത്യസ്ത വംശങ്ങളിൽപ്പെട്ട അജ്ഞാതരായ ആയിരം മനുഷ്യരുടെ മുഴുവൻ ജനിതക ഘടനയും പഠിച്ചെടുത്തു. 2015-ൽ പൂർത്തിയായ പഠനഫലമനുസരിച്ച് നോക്കിയാൽ നിയണ്ടർത്തലുകളിൽ നിന്ന് ലഭിച്ച ജനിതകഭാഗം ( haplotype) ആഫ്രിക്കക്കാരിൽ തീരെയില്ലായിരുന്നു. ദക്ഷിണേഷ്യക്കാരിൽ 30 %, യൂറോപ്പിൽ 8%, സങ്കര അമേരിക്കക്കാരിൽ 4%, കിഴക്കനേഷ്യയിൽ അൽപ്പസൊൽപ്പം എന്നിങ്ങനെയായിരുന്നു നിയാണ്ടർത്തൽ ബന്ധം. ബംഗ്ലാദ്ദേശികളിൽ ഇത് 63 ശതമാനം വരെയുണ്ടായിരുന്നു. പ്രായം പോലെയുള്ള മറ്റു അപകടഘടകങ്ങൾക്കൊപ്പം നിയാണ്ടർത്തൽ പാരമ്പര്യ ഘടകവും കോവിഡ് തീവ്രതയിൽ പങ്കു വഹിക്കുന്നതായി പുതിയ പഠനം വെളിപ്പെടുത്തുന്നു. യുകെയിലെ ബംഗ്ലാദേശ് വംശജർക്ക് മറ്റുള്ളവരേക്കാൾ കോവിഡ് മരണസാധ്യത ഏകദേശം രണ്ടിരട്ടിയായി കണ്ടെത്തിയ പഠനം ഇതോടു ചേർത്തു വായിക്കാം. നിയാണ്ടർത്തലിൽ നിന്നു ലഭിച്ച ജനിതക ഭാഗത്തിന്റെ എന്തു പ്രത്യേകതയാണ് കോവിഡിനെ തീവമാക്കുന്നതെന്നാണ് ഇനി കണ്ടെത്താനുള്ളത്. 

covid-19

∙ കോവിഡ്- 19 ഹോസ്റ്റ് ജനറ്റിക്സ് ഇനിഷ്യേറ്റീവ് (COVID-19 Host Genetics Initiative)

മനുഷ്യന്റെ പാരമ്പര്യശാസ്ത്ര പഠിതാക്കളുടെ സമൂഹത്തിന്റെ ആഗോള ഗവേഷണസഹകരണ സംരഭമാണിത്. കോവിഡ് രോഗബാധയുടെ സാധ്യത, തീവ്രത, അനന്തരഫലങ്ങൾ എന്നിവയെ ജനിതക ഘടകങ്ങൾ എങ്ങനെ സ്വാധീനിക്കുമെന്നുള്ളതാണ് മുഖ്യ ഗവേഷണ ലക്ഷ്യം. അപകടസാധ്യത കൂടുതലുള്ള വ്യക്തികൾ, സമൂഹങ്ങൾ എന്നിവയെ തിരിച്ചറിയാനും, പ്രതിവിധി ഔഷധങ്ങൾ രൂപകൽപന ചെയ്യാനും സർവോപരി കോവിഡ് സംബന്ധമായ പുത്തൻ അറിവുകൾ കണ്ടെത്താനും ഇവർ ശ്രമിക്കുന്നു. 3199 ആശുപത്രി വാസത്തിലായ രോഗികളിൽ നടത്തിയ പഠനത്തിലൂടെ നിയണ്ടർത്തൽ പാരമ്പര്യം കോവിഡ് അപകടകരമാക്കാൻ കാരണമാകുന്ന മുഖ്യ പാരമ്പര്യ ഘടകങ്ങളിലൊന്നാണെന്ന് കൺസോർഷ്യം സ്ഥാപിക്കുന്നു.

English Summary: Risk Variant for Severe COVID‐19 Inherited from Neanderthals

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA