ADVERTISEMENT

ഇന്ത്യൻ ബഹിരാകാശ ഏജൻസിയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ പേടകത്തിന്റെ (ആർ‌എൽ‌വി) ലാൻഡിങ് അടുത്ത നവംബറിലോ ഡിസംബറിലോ പരീക്ഷിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളെ വിന്യസിച്ച് അടുത്ത ദൗത്യത്തിനായി ഭൂമിയിലേക്ക് തിരിച്ചുവരുന്ന സ്പേസ്എക്സിന്റെ ഫാൽക്കൺ റോക്കറ്റുകൾക്ക് സമാനമായ പേടകമാണ് ഇന്ത്യയും ലക്ഷ്യമിടുന്നത്.

 

റീയൂസബിൾ ലാൻഡിങ് വെയ്ക്കിൾ (ആർ‌എൽ‌വി) നിർമിക്കാൻ ഇസ്‌റോ നേരത്തെ തന്നെ നീക്കം തുടങ്ങിയിരുന്നു. ഇത് ഉപഗ്രഹ വിക്ഷേപണച്ചെലവ് കുറയ്ക്കുമെന്നാണ് കരുതുന്നത്. ഇപ്പോൾ ഉപയോഗിക്കുന്ന രണ്ട് ഇന്ത്യൻ റോക്കറ്റുകൾ - പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പി‌എസ്‌എൽ‌വി), ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (ജി‌എസ്‌എൽ‌വി) എന്നിവയും വരാനിരിക്കുന്ന സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്‌എസ്‌എൽ‌വി) എന്നിവയും ഈ ടെക്നോളജിയുടെ സഹായത്തോടെ പരിഷ്കരിച്ച് ഉപയോഗിക്കാനായാൽ വൻ നേട്ടമാകും.

 

കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ പുനരുപയോഗിക്കാവുന്ന ലോഞ്ച് വെഹിക്കിളിന്റെ ലാൻഡിങ് പരീക്ഷിക്കാൻ ഞങ്ങൾ പദ്ധതിയിട്ടിട്ടുണ്ട്. ഈ വർഷം നവംബർ / ഡിസംബർ മാസങ്ങളിൽ പരീക്ഷണം നടത്താൻ ആഗ്രഹിക്കുന്നു എന്നാണ് വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം (വിഎസ്എസ്‌സി) ഡയറക്ടർ എസ്. സോമനാഥ് പറഞ്ഞത്.

 

പദ്ധതി പ്രകാരം ആർ‌എൽ‌വി ഒരു ഹെലികോപ്റ്റർ വഴി ഉയർത്തി നാല് കിലോമീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് ലാൻഡ് ചെയ്ത് പരീക്ഷിക്കാനാകും നീക്കം. ഹെലികോപ്റ്ററില്‍ നിന്ന് വേർപ്പെടുത്തുന്ന ആർ‌എൽ‌വി പറന്ന് പാരച്യൂട്ട് വഴി താഴേക്ക് ഇറങ്ങും. ചിത്രദുർഗ ജില്ലയിലെ ഒരു എയർഫീൽഡിലാണ് ആർഎൽവി ലാൻഡ് ചെയ്യുക എന്നും സോമനാഥ് പറഞ്ഞു.

 

ഹെലികോപ്റ്ററുമായി ഇന്റർഫേസ് ചെയ്യുന്നതിനുള്ള ആർ‌എൽ‌വി ഇന്റർഫേസ് സിസ്റ്റം (ആർ‌ഐ‌എസ്), ലാൻഡിങ് ഗിയറിന്റെ ക്വാളിഫിക്കേഷൻ മോഡൽ എന്നിവ സജ്ജമാണെന്നും ഇസ്‌റോ അറിയിച്ചു. ലളിതമായി പറഞ്ഞാൽ, ആർ‌എൽ‌വി ഭ്രമണപഥത്തിലേക്ക് ഉയരും, അവിടെ ഭൂമിക്ക് ചുറ്റും സഞ്ചരിക്കും, വീണ്ടും തിരിച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച് ഒരു വിമാനം പോലെ റൺ‌വേയിൽ ഇറങ്ങും.

 

പരീക്ഷണം നടത്തുന്നതിനായി 30-40 ഓളം ഇസ്‌റോ ഉദ്യോഗസ്ഥരെ ചിത്രദുർഗയിലേക്ക് കൊണ്ടുപോയി രണ്ടാഴ്ചയോളം അവിടെ താമസിപ്പിക്കണമെന്ന് സോമനാഥ് പറഞ്ഞു. 2016 ൽ, 65 കിലോമീറ്റർ ഉയരത്തിൽ നിന്ന് ആർ‌എൽ‌വിയുടെ ലാൻഡിങ് ഇസ്‌റോ വിജയകരമായി പരീക്ഷിച്ചിരുന്നു. സുരക്ഷിത ലാൻഡിങ്ങിന് പേടകത്തിന്റെ നാവിഗേഷൻ, മാർഗനിർദ്ദേശ– നിയന്ത്രണ സംവിധാനം എന്നിവ ഈ ഘട്ടത്തിൽ കൃത്യമായി പ്രവർത്തിച്ചിരുന്നതായി ഇസ്‌റോ പറഞ്ഞു.

 

തെർമൽ പ്രൊട്ടക്ഷൻ സിസ്റ്റത്തിന്റെ (ടിപിഎസ്) സഹായത്തോടെ റീ എൻട്രി സമയത്തെ ഉയർന്ന താപനിലയെ വിജയകരമായി അതിജീവിച്ച പേടകം ബംഗാൾ ഉൾക്കടലിനു മുകളിലൂടെ സഞ്ചരിച്ച് വിജയകരമായാണ് ഇറങ്ങിയത്. ഈ മിഷന്റെ വിക്ഷേപണം മുതൽ ലാൻഡിങ് വരെയുള്ള മൊത്തം ഫ്ലൈറ്റ് ദൈർഘ്യം ഏകദേശം 770 സെക്കൻഡ് നീണ്ടുനിന്നു.

 

മുൻനിര ബഹിരാകാശ ഏജൻസികൾ പോലും കോടികൾ മുടക്കി പരീക്ഷിച്ച് ഏറെ പരാജയപ്പെട്ട പദ്ധതിയാണ് ഇസ്രോ കുറഞ്ഞ ചെലവിൽ പരീക്ഷിക്കാൻ പോകുന്നത്. ശതകോടീശ്വരനും ടെക്‌നോളജി പ്രേമിയുമായ ഇലോണ്‍ മസ്‌കിന്റെ കമ്പനിയായ സ്‌പെയ്‌സ്എക്‌സ് (SpaceX) വീണ്ടും ഉപയോഗിക്കാവുന്ന (reusable) റോക്കറ്റുകള്‍ വിജയകരമായി പരീക്ഷിച്ച് കയ്യടി നേടിയതാണ്. എന്നാലിപ്പോള്‍, രാജ്യത്തിന്റെ അഭിമാനമായ ഇസ്രോ വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റുകള്‍ അല്ലെങ്കിൽ പേടകങ്ങൾ പരീക്ഷിക്കാനൊരുങ്ങുകയാണ്.

 

ഇത് 2016ലാണ് ആദ്യമായി ടെസ്റ്റു ചെയ്തത്. ഇസ്രോ എൻജിനീയര്‍മാര്‍ ആര്‍എല്‍വിയെ കംപ്യൂട്ടറിലൂടെ നിയന്ത്രിച്ച്, പ്രത്യേകമായി തയാര്‍ ചെയത എയര്‍സ്ട്രിപ്പില്‍ ലാന്‍ഡ് ചെയ്യിച്ച് വീണ്ടും ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. ലോകത്ത് ഏറ്റവുമധികം വാണിജ്യ (commercial) റോക്കറ്റുകള്‍ വിക്ഷേപണങ്ങള്‍ നടത്തുന്നത് സ്‌പെയ്‌സ്എക്‌സ് ആണ്. 65 ശതമാനത്തോളം ലോഞ്ചുകളും നടത്തുന്നത് അവരാണ്. എന്നാല്‍ ഇത്തരം ദൗത്യങ്ങള്‍ നടത്തുന്ന കമ്പനികളുടെ പട്ടികയില്‍ ചൂണ്ടികാണിക്കാൻ അഞ്ച് പേരു പോലും ഇപ്പോഴില്ല. അതുകൊണ്ട് തന്നെ രണ്ടുഘട്ടമുള്ള റോക്കറ്റ് വിക്ഷേപണ സാങ്കേതികവിദ്യ വികസിപ്പിക്കാനായാല്‍ ഐഎസ്ആര്‍ഒയ്ക്ക് ഈ മേഖലയില്‍ വന്‍വിജയം നേടാനായേക്കാം.

 

ബഹിരാകാശ മേഖലയിൽ ഏറ്റവും ചെലവേറിയ ഒന്നാണ് മികച്ച റോക്കറ്റ് നിർമാണം. വിക്ഷേപിച്ച റോക്കറ്റ് വീണ്ടും ഉപയോഗിക്കാൻ കഴിഞ്ഞാൽ അത് വലിയ നേട്ടം തന്നെയാണ്. നാലു വർഷം മുൻപാണ് അമേരിക്കയിലെ സ്വകാര്യ കമ്പനിയായ സ്പേസ് എക്സ് ഈ നേട്ടം കൈവരിച്ചത്. എന്നാൽ ഭൂരിഭാഗം പരീക്ഷണങ്ങളും പരാജയപ്പെട്ടതിനു ശേഷമാണ് വിജയം നേടിയത്.

 

English Summary: ISRO plans to test ground landing of ‘desi’ space shuttle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com