sections
MORE

168 കോടിയുടെ ടോയ്‌ലറ്റും മുള്ളങ്കിയുടെ വിത്തും ബഹിരാകാശ നിലയത്തിലെത്തി

space-station
SHARE

ഭൂമിയില്‍ നിന്നും പുതിയ ചരക്കെത്തിയതിന്റെ സന്തോഷത്തിലാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലെ സഞ്ചാരികള്‍. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഏതാണ്ട് 3600 കിലോഗ്രാം ഭാരമുള്ള ചരക്കു പേടകം വിജയകരമായി ബഹിരാകാശ നിലയത്തില്‍ എത്തിച്ചേര്‍ന്നത്. ഭക്ഷണ സാധനങ്ങളും മുള്ളങ്കിയുടെ വിത്തും തുടങ്ങി പ്രത്യേകമായി തയാറാക്കിയ 23 ദശലക്ഷം ഡോളറിന്റെ (ഏതാണ്ട് 168 കോടി രൂപ!) ടോയ്‌ലറ്റും വരെ ഇക്കുറി ബഹിരാകാശ നിലയത്തിലേക്ക് എത്തിച്ചിട്ടുണ്ട്.

തെളിഞ്ഞ കാലാവസ്ഥയില്‍ നടന്ന റോക്കറ്റ് വിക്ഷേപണം അമേരിക്കയിലെ കരോലിനാസ് മുതല്‍ ന്യൂ ഇംഗ്ലണ്ട് വരെയുള്ള പ്രദേശങ്ങളില്‍ നിന്നും കാണാന്‍ സാധിച്ചിരുന്നു. 'അതിഗംഭീരം' എന്നാണ് വിക്ഷേപണത്തെ നാസയുടെ ഡെപ്യൂട്ടി സ്‌പേസ് സ്റ്റേഷന്‍ പ്രോഗ്രാം മാനേജര്‍ കെന്നി ടോഡ് വിശേഷിപ്പിച്ചത്. നേരത്തെ ഒരു തവണ മോശം കാലാവസ്ഥയെ തുടര്‍ന്ന് വിക്ഷേപണം നീട്ടിവെച്ചിരുന്നു. ഇന്ത്യന്‍ വംശജയായ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയായ കല്‍പനാ ചൗളയുടെ പേരാണ് ചരക്ക് ക്യാപ്‌സ്യൂളിന് നല്‍കിയിരുന്നത്. ആന്ററെസ് റോക്കറ്റില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച വിര്‍ജിനിയയിലെ വാലോപ്‌സ് ദ്വീപില്‍ നിന്നായിരുന്നു വിക്ഷേപണം. 

40 മുള്ളങ്കി വിത്തുകളാണ് ബഹിരാകാശത്തേക്ക് എത്തിച്ചിരിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ ഇവ ബഹിരാകാശ നിലയത്തില്‍ വളര്‍ത്തി വിളവെടുക്കുകയാണ് ലക്ഷ്യം. ബഹിരാകാശത്ത് കൂടുതല്‍ വിപുലമായ 'കൃഷി' ആരംഭിക്കുന്നതിന്റെ ആദ്യ പടിയായാണ് മുള്ളങ്കി വിത്തുകളെ കണക്കാക്കുന്നത്. ബഹിരാകാശത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയെന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടികളായാണ് ഇതിനെ കണക്കാക്കുന്നത്. ഭാവിയിലെ ചാന്ദ്ര- ചൊവ്വാ ദൗത്യങ്ങളില്‍ സഞ്ചാരികളുടെ ഭക്ഷണം അവര്‍ തന്നെ വിളയിച്ചെടുക്കുകയെന്നതും ലക്ഷ്യമാണ്. വേരുകളില്‍ വളരുന്ന ഭക്ഷ്യവസ്തുക്കളും കുരുമുളകും തക്കാളിയുമൊക്കെ വരും വര്‍ഷങ്ങളില്‍ ബഹിരാകാശത്ത് വിളയുമെന്നാണ് പ്രതീക്ഷ.

ഇപ്പോള്‍ ബഹിരാകാശ നിലയത്തിലെത്തിച്ച ടോയ്‌ലറ്റ് വരും വര്‍ഷങ്ങളില്‍ ചന്ദ്രനിലെത്തുന്ന സഞ്ചാരികള്‍ക്ക് കൂടി പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്. സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് പുതിയ ബഹിരാകാശ ടോയ്‌ലറ്റിന്റെ നിര്‍മാണം. ബഹിരാകാശ സഞ്ചാരികള്‍ തൃപ്തിപ്പെട്ടാല്‍ 2024ല്‍ ചന്ദ്രനിലേക്ക് ഒറിയോണ്‍ സ്‌പേസ്ഷിപ്പില്‍ ഈ ടോയ്‌ലറ്റും ഉണ്ടാകും. ഒറിയോണില്‍ ആദ്യ വനിതാ ചാന്ദ്ര യാത്രിക ചന്ദ്രനിലേക്കെത്തുമെന്നാണ് കരുതപ്പെടുന്നത്. 

ബഹിരാശത്ത് പരീക്ഷണത്തിനായുള്ള അര്‍ബുദ മരുന്നുകളും പ്രത്യേകം വിആര്‍ ക്യാമറയും ഇത്തവണ എത്തിയിട്ടുണ്ട്. സഞ്ചാരികളുടെ ബഹിരാകാശ നടത്തം കൂടുതല്‍ വ്യക്തതയോടെ ഈ വിആര്‍ ക്യാമറയില്‍ ഇനി പകര്‍ത്താനാകും. കഴിഞ്ഞ ഫെബ്രുവരിയിലും ഇതേ അളവിലുള്ള ചരക്ക് ബഹിരാകാശ നിലയത്തിലേക്ക് നാസ എത്തിച്ചിരുന്നു. പഴങ്ങളും മിഠായികളും ചീസും അടക്കമുള്ളവയായിരുന്നു അന്ന് സഞ്ചാരികള്‍ക്കായി ഭൂമിയില്‍ നിന്നെത്തിയത്.

English Sumamry: Astronauts aboard the International Space Station receive 8,000 pound cargo that includes fancy meats and cheeses

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA