sections
MORE

കോവിഡ്ബാധിതരിലെ‌‌ വൈറസിന്റെ അളവിന്റെ സൂചന നൽകുന്ന സിടി നമ്പർ പരിശോധനാഫലത്തിൽ ഉൾപ്പെടുത്തണമോ? പുതിയ സംവാദം

covid-test
SHARE

കോവിഡ് മഹാമാരിയുടെ തുടക്കം മുതൽ വൈദ്യശാസ്ത്രസമൂഹത്തിൽ രോഗ പരിശോധനാ രീതികളുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള അഭിപ്രായങ്ങൾ ഉയർന്നു വന്നിരുന്നു. ചെയ്യേണ്ട ടെസ്റ്റുകളേത്, ആരൊയൊക്കെ പരിശോധിക്കണം, ടെസ്റ്റുകൾ നടത്തേണ്ട കാലയളവ് അല്ലെങ്കിൽ ഇടവേള എന്നിവയൊക്കെ ചർച്ചാവിഷയമായിരുന്നു. ഇപ്പോഴിതാ രോഗസംക്രമണ ശാസ്ത്രജ്ഞരും പൊതുജനാരോഗ്യവിദഗ്ദരും പുതിയൊരു സംവാദത്തിനു തുടക്കമിട്ടിരിക്കുന്നു. ഒക്ടോബർ 2-ന് പുറത്തിറങ്ങിയ സയൻസ് മാഗസിൻ ഇതുമായി ബന്ധപ്പെട്ട ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാർസ് -കോവ് - 2 വൈറസ് ബാധ കണ്ടെത്താനുള്ള അംഗീകൃത പരിശോധനയായ ( Standard test ) RT - PCR - ന്റെ ഫലം പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് എന്ന വിധത്തിലാണ് നൽകപ്പെടുന്നത്. പോസിറ്റീവായ ഒരു വ്യക്തി എത്രയളവിൽ വൈറസിനെ വഹിക്കുന്നുവെന്ന സൂചന നൽകാൻ കഴിയുന്ന സൈക്കിൾ ത്രെഷ്ഹോൾഡ് മൂല്യ നമ്പർ (Cycle Threshold value - CT value) കൂടി പരിശോധനാ ഫലത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യമാണ് ഒരു വിഭാഗം വിദഗ്ധർ ഉയർത്തുന്നത്. ഒരു വ്യക്തി കോവിഡ് പോസിറ്റീവ് എന്നതിനപ്പുറം, തീവ്ര രോഗാവസ്ഥയിലേക്ക് പോകാനുള്ള സാധ്യത, രോഗം പരത്താനുള്ള ശേഷി എന്നിവയെക്കുറിച്ച് ഡോക്ടർമാർക്ക് സൂചന നൽകാൻ സിടി നമ്പർ സഹായിക്കുമെന്ന് പുതിയ പഠനങ്ങൾ ഉദ്ധരിച്ച് ഇവർ പറയുന്നു. ഇങ്ങനെയുള്ള രോഗികളുടെ ഐസൊലേഷനും സമ്പർക്കം പിന്തുടരലും കൂടുതൽ ഫലപ്രദമായി നിർവഹിക്കാൻ കഴിയുമെന്നും ഒരു വിഭാഗം കരുതുന്നു. CT മൂല്യം എന്ന നമ്പർ പരിപൂർണമായ ഒരു മാനദണ്ഡമല്ലെന്ന് ഇവർ തന്നെ അംഗീകരിക്കുന്നുണ്ടെങ്കിലും, ഇതു നൽകുന്ന സൂചനകൾ പ്രയോജനപ്പെടുത്തണമെന്ന് ഇവർ കരുതുന്നു. എന്തായാലും RT - PCR ഫലത്തോടൊപ്പം CT നമ്പർ കൂടി ഉൾപ്പെടുത്തണമോ വേണ്ടയോ എന്ന ചോദ്യം ശക്തമായി രാജ്യാന്തര ശാസ്ത്ര സമൂഹത്തിൽ ഉയരുന്നുണ്ട്.

∙ എന്താണ് CT ( Cycle Threshold )?

കോവിഡ് രോഗബാധ നിർണയത്തിനായി ഉപയോഗിക്കുന്ന പോളിമെറേയ്സ് ചെയിൻ റിയാക്ഷൻ ( Polymerase Chain Reaction - PCR ) എന്ന ലബോറട്ടറി ടെസ്റ്റിൽ എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം മനസ്സിലാക്കാം. മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നും എടുക്കുന്ന സാംപിളുകളിൽ വൈറസ് സാന്നിധ്യമുണ്ടെങ്കിൽ വൈറസിന്റെ ജനിതകപദാർഥത്തെ വേർതിരിക്കുകയും, അളവിൽ വർധിപ്പിക്കുകയും ( amplification) ചെയ്തു തിരിച്ചറിയുകയാണ് PCR മാർഗത്തിലൂടെ ചെയ്യുന്നത്. കൊറോണ വൈറസിന്റെ ജനിതകപദാർഥം ആർഎൻഎ ( RNA ) ആയതിനാൽ ആർറ്റി പിസിആർ (Reverse Transcription PCR - RT -PCR ) എന്ന ടെസ്റ്റാണ് ഉപയോഗിക്കുന്നത്. ഇതുവഴി അദ്യം ആർഎൻഎ യെ സി-ഡിഎൻഎ (c-DNA) ആക്കി മാറ്റണം എന്നതാണ് സാധാരണ PCR മാർഗത്തിൽ നിന്നുള്ള വ്യത്യാസം. ഇങ്ങനെ റിയൽ ടൈം പിസിആർ വഴി സാംപിളിലെ RNA പല ആവൃത്തി രാസപ്രവർത്തനത്തിലൂടെ കടന്നു പോയി അളവിൽ വർധിക്കുന്നു. ഒരു നിശ്ചിത ആവൃത്തി അല്ലെങ്കിൽ ചക്രങ്ങൾ ( cycle )കടന്നു കഴിയുമ്പോൾ പിസിആർ യന്ത്രത്തിന് തിരിച്ചറിയാവുന്ന അളവിൽ ആർഎൻഎ ഉത്പാദിപ്പിക്കപ്പെടുന്നു. ഇങ്ങനെ വൈറസ് ആർഎൻഎ നിശ്ചിത എണ്ണം ശൃംഖലാപ്രതി പ്രവർത്തനത്തിലൂടെ കടന്നുപോയി തിരിച്ചറിയാൻ കഴിയുന്ന ഘട്ടത്തിൽ PCR യന്ത്രം പ്രവർത്തനം നിർത്തുകയും, സാംപിൾ പോസിറ്റീവായി കണക്കാക്കപ്പെടുകയും ചെയ്യുന്നു.. ഇങ്ങനെ എത്ര ആവൃത്തി അഥവാ ചക്രങ്ങൾക്കു ശേഷമാണ് RNA യെ ആദ്യം കണ്ടെത്താൻ കഴിയുന്നത്, അതാണ് CT നമ്പർ. 37-40 ചക്രങ്ങൾക്കുശേഷവും വൈറസിന്റെ ആർഎൻഎയെ കണ്ടെത്താൻ കഴിയാതെ വന്നാൽ സാധാരണയായി പരിശോധനാഫലം നെഗറ്റീവായി പരിഗണിക്കുന്നു. പോസിറ്റീവാകുന്ന സാംപിളിലെ വൈറസിന്റെ അളവിനെ ആശ്രയിച്ചാണ് എത്ര ആവൃത്തി വേണ്ടിവരുമെന്നും CT നമ്പർ എത്രയാകുമെന്നുമിരിക്കുന്നത്. അതായത് വൈറസിന്റെ അളവിന്റെ വിപരീത അനുപാതത്തിലാണ് CT നമ്പർ. വൈറസ് കൂടുതലുണ്ടെങ്കിൽ CT നമ്പർ കുറവായിരിക്കുമെന്നർഥം. ഉദാഹരണത്തിന് ഒരു സാംപിളിന് 12 ഘട്ടങ്ങൾക്കു ശേഷമാണ് പോസിറ്റീവ് റിസൽട്ട് ലഭിക്കുന്നതെങ്കിൽ CT നമ്പർ 12 ആയിരിക്കും. മറ്റൊരു സാംപിളിന് 35 ഘട്ടങ്ങൾക്കു ശേഷമെങ്കിൽ CT നമ്പർ 35. ഈ രണ്ടു സാംപിളുകൾ തമ്മിൽ താരതമ്യം ചെയ്താൽ ആദ്യത്തെ സാംപിളിൽ തുടക്കത്തിലുള്ള വൈറസിന്റെ അളവ് രണ്ടാമത്തേതിനേക്കാൾ 10 ദശലക്ഷം ഇരട്ടിയോളം അധികമായിരിക്കുമത്രേ.

covid-19-test-result

∙ CT നൽകുന്ന സൂചനകളെന്തൊക്കെ?

ആധികാരികമായ ഒരു അളവായി CT നമ്പറിനെ കാണാത്തപ്പോഴും പല സാഹചര്യങ്ങളിലും ഏറെ സഹായകരമായ സൂചനകൾ നൽകാൻ ഇതു സഹായകരമാകുമെന്ന നിലപാടാണ് ഒരു പറ്റം ഗവേഷകർക്കുള്ളത്. അപൂർണതകളുണ്ടെങ്കിലും വൈറസിന്റെ അളവ് കൂടുതലോ കുറവോ എന്നറിയുന്നത് പ്രാധാന്യമുള്ള സംഗതിയാണ്. അതിനാൽ CT നമ്പർ ഉയർന്നതാണോ താഴ്ന്നതാണോ എന്നറിയുന്നത് പ്രയോജനം ചെയ്യും. മുൻപു നടന്ന പഠനങ്ങളനുസരിച്ച് രോഗബാധയുടെ ആദ്യ ദിനങ്ങളിൽ രോഗികളിൽ CT നമ്പർ 30 - ൽ അല്ലെങ്കിൽ പലപ്പോഴും 20-ൽ താഴെയായിരുന്നു. വൈറസിന്റെ അളവ് ഉയർന്ന നിലയിലെന്ന സൂചനയാണ് ഇത് നൽകുന്നത്. എന്നാൽ ശരീരം വൈറസിനെ പതുക്കെ തുരത്താനാരംഭിക്കുന്നതോടെ CT നമ്പർ കൂടി വരുന്നതായും കാണപ്പെട്ടു. പുതിയ പഠനങ്ങളനുസരിച്ച്, കൂടിയ അളവിൽ വൈറസിനെ വഹിക്കുന്നവർക്ക് തീവ്രരോഗബാധയുണ്ടാകാൻ സാധ്യത കൂടുതലായിരിക്കും. മാത്രമല്ല മറ്റുള്ളവരിലേക്ക് രോഗം പകർത്തുന്നതിലും ഇവർ മുൻപിലായിരിക്കുകയും ചെയ്യും. ഏറ്റവും പുതുതായി ലഭിക്കുന്ന വിവരങ്ങളനുസരിച്ച് ഉയർന്ന CT നമ്പർ ഉള്ള പരിശോധനാഫലം തുടർച്ചയായി പലവട്ടം ലഭിക്കുന്ന രോഗികൾ രോഗാവസ്ഥയുടെ അന്തിമഘട്ടത്തിലായിരിക്കുമെന്നതിനാൽ ഐസൊലേഷനിൽ പോവേണ്ടതില്ലെന്നും വിദഗ്ധർ പറയുന്നു. കൂടാതെ സമ്പർക്ക പരിശോധനയിലേർപ്പെട്ടിരിക്കുന്നവർ ( contract tracers ) ഏറ്റവും പ്രാധാന്യം നൽകി പിൻതുടരേണ്ടത് കുറഞ്ഞ CT നമ്പർ അഥവാ ഉയർന്ന വൈറസ് ബാധ ഉള്ളവരെയായിരിക്കണമെന്നും അവർ അഭിപ്രായപ്പെടുന്നു. 

രോഗബാധപൊട്ടിപ്പുറപ്പെടുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്തുന്ന ഗവേഷകർക്കും CT നമ്പറുകളേക്കുറിച്ച് പൊതുവായ വിവരം ലഭിക്കുന്നത് സഹായകരമാകും. നിരവധി താഴ്ന്ന CT നമ്പറുകൾ രോഗവ്യാപനം വികസിക്കുന്നതിന്റെ സൂചനയാണ്. അതേസമയം, CT നമ്പറുകളെല്ലാം ഉയർന്ന നിലയിലെങ്കിൽ രോഗശമനത്തിന്റെ ഘട്ടമാണ് മുൻപിലുണ്ടാവുക. CT നമ്പർ അറിയുകയെന്നാൽ രോഗി പോസിറ്റീവ് ആണെന്നല്ല എത്രമാത്രം പോസിറ്റീവ് ആണെന്നറിയുകയെന്നർഥം. മരണത്തിലേക്കു നയിക്കാവുന്ന കടുത്ത രോഗബാധയുണ്ടാകാൻ സാധ്യതയുള്ള രോഗികളെ തിരിച്ചറിയാൻ ഡോക്ടർമാരെ CT നമ്പർ സഹായിക്കുമെന്നും വാദമുണ്ട്. കഴിഞ്ഞ ജൂണിൽ വീൽ കോർണൽ മെഡിസിനിൽ നിന്നു പുറത്തിറങ്ങിയ റിപ്പോർട്ടനുസരിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട 678 രോഗികളിൽ CT നമ്പർ 25 അല്ലെങ്കിൽ അതിൽ കുറവായ 35 ശതമാനം പേർ മരണമടഞ്ഞപ്പോൾ, CT 25 നും 30 നും ഇടയിലുണ്ടായിരുന്ന 17.6 ശതമാനവും ,CT 30 ന് മുകളിലായിരുന്ന 6.2 ശതമാനവുമാണ് മരണത്തിന് കീടഴങ്ങിയത്. ബ്രസീലിൽ നിന്നുള്ള പഠനങ്ങളനുസരിച്ച് CT നമ്പർ 25-നു താഴെ വന്നവരിൽ തീവ്ര രോഗബാധയും, മരണസാധ്യതയും കൂടുതലായിരുന്നു.

INDIA-HEALTH-VIRUS

∙ CT നമ്പറിനെ ആശ്രയിക്കുന്നതിലെ പ്രശ്നങ്ങൾ

പരിപൂർണമായ ഒരു അളവുകോലല്ല എന്നതിനാൽ CT നമ്പറിനെ ആശ്രയിക്കാൻ ഡോക്ടർമാർക്ക് താത്പര്യം കുറവാണ്. ഒരേ സാംപിൾ പല യന്ത്രങ്ങളിൽ ചെയ്യുമ്പോഴും ഒരേ രോഗിയുടെ തന്നെ പല സാംപിളുകൾക്കും നമ്പർ വ്യത്യാസപ്പെടുന്നതിനാൽ വിശ്വാസ്യത കുറവുള്ളതായി കണക്കാക്കപ്പെട്ടു വരുന്നു. രോഗവിമുക്തി നേടി ആഴ്ചകളും മാസങ്ങളും കഴിഞ്ഞ പലരുടെയും ടെസ്റ്റ് പോസിറ്റീവും CT വാല്യു ഉയർന്നതായും കാണപ്പെടാറുണ്ട്. രോഗമുണ്ടാക്കാൻ ശേഷിയില്ലാത്ത വൈറസ് അവശിഷ്ടങ്ങളിലെ ജനിതകപദാർഥത്തെ പിസിആർ ടെസ്റ്റ് തിരിച്ചറിയുന്നതാണ് ഇതിനു കാരണം. എല്ലാറ്റിനുമുപരിയായി പറയേണ്ടത് വൈറസിന്റെ ഉയർന്ന അളവ് ഉള്ളവരിൽ പോലും രോഗബാധയുണ്ടാകണമെന്നു നിർബന്ധമില്ലായെന്ന വസ്തുതയാണ്. കൊറോണ വൈറസ് പ്രവേശിക്കുന്ന 40 ശതമാനമെങ്കിലും ആരോഗ്യത്തോടെയാരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. അത്രയും അളവ് വൈറസ് വഹിക്കുന്നവർ രോഗികളാകുന്ന അവസ്ഥയിലാണ് ഇത്രയും പേർ രോഗത്തെ തടഞ്ഞു നിർത്തുന്നത്. അതിനാൽ തന്നെ വൈറസ് അളവിലും CT നമ്പറിനും എന്തു പ്രസക്തിയെന്നു ചോദിക്കുന്നവരുമുണ്ട്.

English Summary: What Is This CT Value? Will A Person With Higher CT Value Not Be Contagious?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA