sections
MORE

ലോകത്തെ മാറ്റിമറിച്ച പൂപ്പൽ! രക്ഷിച്ചത് കോടിക്കണക്കിന് ജനങ്ങളെ, ഫ്ലമിങ്ങിന്റെ പെൻസിലിൻ ഫംഗസ് വീണ്ടും പഠിക്കുന്നു

penicillin-genome
SHARE

ഡോക്ടറും മൈക്രോബയോളജിസ്റ്റുമായിരുന്ന അലക്‌സാണ്ടര്‍ ഫ്‌ളെമിങ് 1928ല്‍ അവിചാരിതമായാണ് പെന്‍സിലിന്‍ കണ്ടെത്തുന്നത്. ഈ പെന്‍സിലിന്‍ വൈദ്യശാസ്ത്രത്തില്‍ ആന്റിബയോട്ടിക്ക് വിപ്ലവത്തിന് തുടക്കം കുറിക്കുകയും ചെയ്തു. ലോകത്ത് കോടിക്കണക്കിന് ജനങ്ങളെ രക്ഷിച്ചതും പെൻസിലിൽ തന്നെയായിരുന്നു. അന്നു മുതല്‍ ശീതീകരിച്ച് സൂക്ഷിച്ചിരുന്ന ഫ്‌ളെമിങ് കണ്ടെത്തിയ പെന്‍സിലിന്റെ ജനിതക ഘടനയും പിന്നീട് വ്യാവസായകമായി വ്യാപകമായി ഉപയോഗിച്ച പെന്‍സിലിന്റെ ജനിതക ഘടനയും താരതമ്യ പഠനം നടത്തിയിരിക്കുകയാണ് ബ്രിട്ടനിലെ ഗവേഷകര്‍. 

ഓക്‌സ്‌ഫഡ്‌ഷെയറിലെ സെന്റര്‍ ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ആൻഡ് ബയോസയന്‍സ് ഇന്റര്‍നാഷണലിലാണ് ഫ്‌ളെമിങ് കണ്ടെത്തിയ പെന്‍സിലിന്റെ സാംപിളുകള്‍ സൂക്ഷിച്ചിരുന്നത്. വ്യാവസായിക അടിസ്ഥാനത്തില്‍ പെന്‍സിലിന്‍ കൂടുതല്‍ കാര്യക്ഷമമായി നിര്‍മിക്കുന്നതിന് ഈ താരതമ്യ പഠനം സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.

സ്റ്റെഫലോകോക്കസ് എന്ന ബാക്ടീരിയയെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി നിരവധി ബാക്ടീരിയകളെ അദ്ദേഹം വളര്‍ത്തിയിരുന്നു. ഒരു ദിവസം ജനാലക്കരികിലിരുന്നിരുന്ന ഒരു പാത്രം അടച്ചുവെക്കാന്‍ മറന്നു പോവുകയും ഈ പാത്രത്തില്‍ പ്രത്യേകതരം പൂപ്പല്‍ വളരുകയും ചെയ്തു. പൂപ്പലിന് ചുറ്റുമുള്ള ബാക്ടീരിയകള്‍ നശിച്ചുപോയതായി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു. ഇതോടെ ഈ പൂപ്പലിനെ വേര്‍തിരിച്ചെടുത്ത് നടത്തിയ പരീക്ഷണങ്ങള്‍ തുടര്‍ന്നതോടെയാണ് വൈദ്യശാസ്ത്രത്തിന്റെ തലവരമാറ്റിയ കണ്ടെത്തല്‍ ഫ്‌ളെമിങ് നടത്തിയത്. 

പെന്‍സിലിയം ഇനത്തില്‍ പെട്ടതാണ് ഈ പൂപ്പലെന്നും അവയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന പദാര്‍ഥങ്ങള്‍ക്ക് രോഗകാരികളായ ബാക്ടീരിയകളെ നശിപ്പിക്കാനുള്ള ശേഷിയുണ്ടെന്നുമാണ് അദ്ദേഹം തിരിച്ചറിഞ്ഞത്. ആദ്യ ആന്റി ബയോട്ടിക്കായ ഈ പദാര്‍ഥത്തിന് പെന്‍സിലിന്‍ എന്ന് പേര് നല്‍കുകയും ചെയ്തു. അലക്‌സാണ്ടര്‍ ഫ്‌ളെമിങിന് 1945ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ ലഭിച്ചത് ഈ കണ്ടുപിടുത്തത്തിന്റെ പേരിലായിരുന്നു.

ഓക്‌സ്‌ഫഡ് സര്‍വ്വകലാശാലയിലേയും ഇംപീരിയല്‍ കോളജ് ഓഫ് ലണ്ടനിലേയും ബയോളജിസ്റ്റായ തിമോത്തി ബറാക്ലോവാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. അലക്‌സാണ്ടര്‍ ഫ്‌ളെമിങ് കണ്ടെത്തിയ പെന്‍സിലിന്റെ സാംപിളുകളുടെ ജനിതകഘടന വേര്‍തിരിക്കാന്‍ ഇതുവരെ ആരും ശ്രമിച്ചില്ലെന്നത് ആശ്ചര്യമായി തോന്നിയെന്ന് തിമോത്തി ബറോക്ലോവ് പറയുന്നു.

ഫ്‌ളെമിങ്ങിന്റെ പെന്‍സിലിനൊപ്പം അമേരിക്കയില്‍ വ്യാവസായികമായി നിര്‍മിക്കുന്ന പെന്‍സിലിന്റെ ജനിതകഘടനയും പരിശോധിച്ചു. പെന്‍സിലിന്‍ നിര്‍മിക്കാന്‍ സഹായിക്കുന്ന എന്‍സൈമുകളിലാണ് ഇവ തമ്മിലുള്ള പ്രധാന വ്യത്യാസമുള്ളത്. 

penicillinwa

വ്യാവസായികമായി നിര്‍മിക്കുന്ന പെന്‍സിലിനില്‍ ഈ എന്‍സൈമുകള്‍ കൂടുതലായി കാണപ്പെടുന്നുണ്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഈ അധിക എന്‍സൈമുകളാണ് വ്യാവസായികായി കൂടുതല്‍ പെന്‍സിലിന്‍ നിര്‍മിക്കാന്‍ സഹായിക്കുന്നതും. സയന്റിഫിക് റിപ്പോര്‍ട്ട്‌സ് ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

English Summary: Penicillin fungus accidentally grown Fleming 1928 genome sequenced time

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA