ADVERTISEMENT

പശുവിന്റെ ചാണകത്തിന് ആന്റി റേഡിയേഷൻ ഗുണങ്ങളുണ്ടെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് (ആർ‌കെ‌എ) മേധാവി വല്ലഭായ് കതിരിയ അവകാശപ്പെട്ടു. ചാണകത്തിൽ നിന്ന് നിർമിച്ച ചിപ്പ് അനാച്ഛാദനം ചെയ്തു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

പശു ചാണകം മൊബൈൽ ഹാൻഡ്‌സെറ്റുകളിൽ നിന്നുള്ള റേഡിയേഷൻ കുറയ്ക്കുന്നുവെന്നും ഇതിനാൽ ഉപയോക്താക്കളെ രോഗങ്ങളിൽ നിന്ന് സംരക്ഷണമായി ചാണക ചിപ്പ് പ്രവർത്തിക്കുമെന്നും ആർ‌കെ‌എ ചെയർമാൻ അവകാശപ്പെട്ടു. രാജ്യത്ത് ചാണക ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യവ്യാപകമായി `കാമദേനു ദീപാവലി അഭിയാൻ 'എന്ന പേരിൽ ഒരു ക്യാംപെയിൻ ആരംഭിച്ച സമയത്താണ് കതിരിയ ഇക്കാര്യം വ്യക്തമാക്കിയത്. ‘ഗൗസത്വ കവച്ച്’ എന്നറിയപ്പെടുന്ന ചാണക ചിപ്പിന്റെ പ്രവർത്തനത്തെ കുറിച്ചും അദ്ദേഹം വിവരിച്ചു. ക്യാംപെയ്നിന്റെ ഭാഗമായാണ് ഇത് നിർമിക്കുന്നത്. രാജ്കോട്ട് ആസ്ഥാനമായുള്ള ശ്രീജി ഗൗശാലയാണ് ചാണക ചിപ്പ് നിർമിക്കുന്നത്.

 

ചാണകം എല്ലാവരേയും സംരക്ഷിക്കും, ഇത് ആന്റി റേഡിയേഷനാണ്... ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്... ഇത് റേഡിയേഷൻ കുറയ്ക്കുന്നതിന് മൊബൈൽ ഫോണുകളിൽ ഉപയോഗിക്കാൻ കഴിയുന്ന റേഡിയേഷൻ ചിപ്പാണ്. ഇത് രോഗങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെടുമെന്നും കതിരിയ പറഞ്ഞു.

 

ഇത് (ചാണകം ചിപ്പ്) ഒരാളുടെ വീട്ടിലേക്ക് കൊണ്ടുവന്നാൽ വീട് മുഴുവൻ പരിസ്ഥിതി സൗഹൃദമാകും. വീട് ആന്റി റേഡിയേഷനായി സംരക്ഷിക്കപ്പെടും. ഇതെല്ലാം ശാസ്ത്രം തെളിയിച്ചിട്ടുണ്ടെന്നും കതിരിയ കൂട്ടിച്ചേർത്തു. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞത് ഇങ്ങനെ, ‘ഇതാണ് ആന്റി റേഡിയേഷൻ ചിപ്പ്. നിങ്ങളുടെ മൊബൈലിൽ സൂക്ഷിക്കാൻ കഴിയും. ചാണക ചിപ്പ് മൊബൈലിൽ സൂക്ഷിക്കുമ്പോൾ വികിരണം കുറയുന്നതായി ഞങ്ങൾ കണ്ടു’.

 

പശു ചാണക അധിഷ്ഠിത ഉൽ‌പന്നങ്ങളായ മൺപാത്രങ്ങൾ, മെഴുകുതിരികൾ, ധൂപവർഗ്ഗങ്ങൾ എന്നിവയിലൂടെ ഈ വിപണിയെ വിപുലീകരിക്കാനാണ് കാം‌മദേനു ദീപാവലി അഭിയാൻ തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മെയ്ക്ക് ഇൻ ഇന്ത്യ' ആശയം ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു.

 

English Summary: Cow-Dung Chip Will Protect Users From Phone Radiations, Claims RKA Chief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com