sections
MORE

5.40 കോടി വര്‍ഷങ്ങള്‍ക്ക് മു‍ൻപ് ദിനോസറുകള്‍ക്കൊപ്പം ജീവിച്ചിരുന്ന പലരും ഇന്ന് ഭൂമിയിലുണ്ട്!

dinosaur
SHARE

ദിനോസറുകളെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഒരിക്കലെങ്കിലും നമ്മളും അവയ്‌ക്കൊപ്പം ജീവിച്ചാല്‍ എങ്ങനെയിരിക്കും എന്ന് പലരും ചിന്തിച്ചിരിക്കും. അന്നത്തെ ദിനോസറുകള്‍ക്കൊപ്പം ജീവിക്കാനായില്ലെങ്കിലും ദിനോസറുകള്‍ക്കൊപ്പം ജീവിച്ചിരുന്ന പല ജീവജാലങ്ങളും കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ ഇപ്പോഴും നമുക്ക് ചുറ്റിലുമുണ്ട്. അതിലൊന്നാണ് പല്ലികള്‍. 5.40 കോടി വര്‍ഷങ്ങള്‍ക്ക് മുൻപ് ജീവിച്ചിരുന്ന പല്ലികളിലൊന്നിന് ഒരബദ്ധം പറ്റി. അതാണ് ഇന്നും വലിയൊരു ശാസ്ത്ര കൗതുകമായി അവശേഷിക്കുന്നത്. അബദ്ധത്തില്‍ പൈന്‍ മരത്തിന്റെ പശക്കുള്ളില്‍ പല്ലി അകപ്പെടുകയായിരുന്നു. പിന്നീട് അഞ്ച് കോടി 40 ലക്ഷം വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യര്‍ കണ്ടെത്തുമ്പോഴും പല്ലി അതേ ഇരിപ്പിരിക്കുകയാണ്.

ദിനോസറുകളുടെ ഫോസില്‍ അവശിഷ്ടങ്ങള്‍ പലതും ലഭിച്ചിട്ടുണ്ടെങ്കിലും ഇത്രയും ജീവസ്സുറ്റ അധികം അവശിഷ്ടങ്ങള്‍ ഭൂതകാലത്തില്‍ നിന്നും നമുക്ക് ലഭിച്ചിട്ടില്ല. ലഭിച്ച ഫോസിലുകളില്‍ നിന്നും ജീവജാലങ്ങളെ പുനഃസൃഷ്ടിച്ചെടുക്കുകയാണ് ചെയ്തതെങ്കില്‍ ഈ പല്ലിയുടെ 5.40 കോടി വര്‍ഷം മുൻപത്തെ നോട്ടത്തിന് പോലും മാറ്റം വന്നിട്ടില്ല.

5.4 കോടി വര്‍ഷങ്ങള്‍ പൈന്‍ മരത്തിന്റെ കറയില്‍ കുരുങ്ങിപ്പോയ പല്ലി എന്ന അടിക്കുറിപ്പില്‍ ഈ ദിനോസര്‍ കാലത്തെ പല്ലിയുടെ ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയും ചെയ്തു. സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക് പോലും ഈ ചിത്രത്തിനടിയില്‍ കമന്റിട്ടതോടെ സംഭവം വൈറലായി. 'കാലത്തെ പരീക്ഷിക്കുകയാണ് ഈ ജീവി' എന്നായിരുന്നു മസ്‌കിന്റെ കമന്റ്. 

ഇപ്പോള്‍ വീണ്ടും ചര്‍ച്ചകളില്‍ വന്നെങ്കിലും 16 വര്‍ഷങ്ങള്‍ക്ക് മുൻപ് തന്നെ ഈ ദിനോസര്‍ കാലത്തെ പല്ലിയെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധം പുറത്തിറങ്ങിയിട്ടുണ്ട്. വില്ലനോവ സര്‍വകലാശാലയിലെ ആരോണ്‍ എം ബോറും ഹാംബര്‍ഗ് സര്‍വകലാശാലയിലെ ഗവേഷകരുമായിരുന്നു പഠനത്തിന് പിന്നില്‍. 

വടക്കു പടിഞ്ഞാറന്‍ റഷ്യയില്‍ നിന്നാണ് ഈ അമൂല്യ പല്ലിയെ കണ്ടെത്തുന്നത്. കണ്ടെത്തിയതില്‍ വെച്ച് എല്ലുകളേക്കാള്‍ കൂടുതല്‍ അവശിഷ്ടങ്ങളുള്ള ഏറ്റവും പഴക്കമേറിയ ജീവിയെന്നാണ് ഈ പല്ലിയെ ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. പല്ലിയെ സുരക്ഷിതമായി പൊതിഞ്ഞുവച്ച പൈന്‍ മരക്കറയെക്കുറിച്ചും നിര്‍ണായക നിരീക്ഷണങ്ങള്‍ പഠനത്തിലുണ്ട്. ഇത് കണ്ടെത്തിയതോടെ നേരത്തെ കരുതിയതിലും മൂന്ന് കോടി വര്‍ഷങ്ങള്‍ക്ക് മുൻപെങ്കിലും ഇത്തരം പൈന്‍ മരത്തിന്റെ കറകള്‍ ഭൂമിയിലുണ്ടായിരുന്നു എന്നാണ് കരുതപ്പെടുന്നത്. അതായത് ഇത്രയും നീണ്ട കാലത്തോളം പ്രകൃതിയിലുണ്ടായ മാറ്റങ്ങളെയെല്ലാം അതിജീവിക്കാന്‍ പല്ലികളെ പോലെ തന്നെ ഈ പൈന്‍ മരങ്ങള്‍ക്കും സാധിച്ചെന്നതാണ് വസ്തുത.

English Summary: Gecko Trapped In Amber Is 54 Million Years Old, Still Looks Alive

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA