ADVERTISEMENT

പൈലറ്റുമാര്‍ അപ്രതീക്ഷിതമായി റെക്കോഡു ചെയ്ത വിചിത്ര വസ്തുക്കള്‍ എന്താണെന്ന് അറിയില്ലെന്ന് അമേരിക്കന്‍ നാവിക സേന തുറന്നു സമ്മതിച്ചത് അടുത്തിടെയാണ്. പൈലറ്റുമാർ മാത്രമല്ല റഡാര്‍ ഓപറേറ്റര്‍മാരും ബന്ധപ്പെട്ട ടെക്‌നീഷ്യന്‍മാരും സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നും വെളിപ്പെടുത്തലുകളുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് യുഎസ് നേവി യുഎപി (അണ്‍ഐഡന്റിഫൈയ്ഡ് ഏരിയല്‍ ഫിനോമിന) ദൗത്യസേനക്ക് തന്നെ രൂപം നല്‍കിയത്. പലരും അന്യഗ്രഹ ജീവികളും പറക്കും തളികകളുമെന്ന് പ്രചരിപ്പിക്കുമ്പോഴും ഇതിന് പിന്നിലെ യാഥാര്‍ഥ്യം മനസിലാക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ അത്യാവശ്യമാണെന്നാണ് ശാസ്ത്രലോകം ആവശ്യപ്പെടുന്നത്. 

 

ഒരു ശരാശരി മനുഷ്യ ശരീരത്തിന് കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന പരമാവധി ഭൂഗുരുത്വ ബലം 6 ജി ഫോഴ്‌സ് ആണ്. എന്നാല്‍ പോര്‍വിമാനങ്ങളുടെ പൈലറ്റുമാര്‍ 9ജി ഫോഴ്‌സ് വരെ അനുഭവിക്കാറുണ്ട്. എന്നാല്‍ അടുത്തിടെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ഒരു യുഎപിയുടെ വേഗം 100 മുതല്‍ ആയിരങ്ങള്‍ വരെയാണ് ജി ഫോഴ്‌സ് വരെയായിരുന്നു. ഇത് ഒരു മനുഷ്യ ശരീരത്തിന് താങ്ങാന്‍ പോലും സാധിക്കാത്തതിന്റെ എത്രയോ മടങ്ങാണിത്. ഈ യുഎപികളില്‍ രേഖപ്പെടുത്തപ്പെട്ട വസ്തുക്കള്‍ ഒരു അധിക ഇളക്കം പോലുമില്ലാതെയാണ് അതിവേഗത്തില്‍ കുതിക്കുന്നതെന്നും ദൃശ്യങ്ങളില്‍ വ്യക്തം. മാത്രമല്ല സാധാരണ ശബ്ദത്തേക്കാള്‍ സഞ്ചരിക്കുന്ന ജെറ്റ് വിമാനങ്ങള്‍ സൃഷ്ടിക്കുന്നതു പോലുള്ള ശബ്ദ വിസ്‌ഫോടനം (സോണിക് ബൂം) ഇവയില്‍ നിന്നും ഉണ്ടാകുന്നുമില്ല.

 

ശാസ്ത്രത്തിന് ഇതുവരെ വിശദീകരിക്കാന്‍ സാധിക്കാത്ത ഇത്തരം വസ്തുക്കളുടെ സാന്നിധ്യവും ചലനവും അന്യഗ്രഹ ജീവികളുണ്ടെന്ന് വിശ്വസിക്കുന്നവരുടെ പ്രധാന വാദങ്ങളാണ്. ഇത്തരം 'പറക്കും തളിക'കള്‍ യാഥാര്‍ഥ്യമാണെന്ന് സമ്മതിക്കുമ്പോഴും അവ എന്താണെന്ന് വ്യക്തമായ ഉത്തരം തേടാന്‍ ശ്രമിക്കുന്നില്ല എന്നതായിരുന്നു ഉയര്‍ന്നിരുന്ന ആരോപണം. സാറ്റലൈറ്റുകള്‍ ഉള്‍പ്പടെയുള്ളവയുടെ സഹായത്തില്‍ ഈ അസാധാരണ സാന്നിധ്യങ്ങളെ തിരിച്ചറിയണമെന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ തന്നെ ആവശ്യപ്പെടുന്നത്. 

 

ഇത്തരം വസ്തുക്കളുടെ സാന്നിധ്യം ഒഴിവാക്കി നമുക്ക് മുന്നോട്ട് പോകാനാവില്ലെന്നാണ് യൂറോപ്യന്‍ ബഹിരാശ ഏജന്‍സിയുടെ സ്പസ് റിസര്‍ച്ച് ആൻഡ് ടെക്‌നോളജി സെന്ററിലെ പ്രൊജക്ട് കണ്‍ട്രോളറായ ഫിലിപ്പെ ഐലെറിസ് പറയുന്നത്. തിരിച്ചറിയാത്ത വസ്തുക്കളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള തെളിവുകള്‍ സാധ്യമായ എല്ലാവരില്‍ നിന്നും ശേഖരിക്കണമെന്ന വാദക്കാരനാണ് അദ്ദേഹം. ഇത്തരമൊരു യുഎപിയുടെ സാന്നിധ്യം എവിടെ എപ്പോഴുണ്ടാകുമെന്ന് ആര്‍ക്കുമറിയില്ല. അതുതന്നെയാണ് ഇതിന്റെ ഗവേഷണത്തിന് പിന്നിലെ പ്രധാന വെല്ലുവിളിയും ഫിലിപ്പെ ഐലെറിസ് ഓര്‍മിപ്പിക്കുന്നു. 

 

എന്നാല്‍, അടുത്ത കാലത്ത് ശാസ്ത്ര സാങ്കേതികവിദ്യയില്‍ നമ്മള്‍ വളരെയേറെ മുന്നേറിയിട്ടുണ്ട്. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ അടക്കമുള്ള സാറ്റലൈറ്റുകള്‍ നല്‍കുന്ന വിവരങ്ങള്‍ ഇത്തരം വസ്തുക്കളുടെ സാന്നിധ്യം പരിശോധിക്കുന്നതിന് ഉപയോഗിക്കാനാകും. 2004 നവംബറിലെ പരിശീലനപ്പറക്കലിനിടെ പറക്കും തളികയെ പോലുള്ള വിചിത്ര വസ്തുവിനെ കണ്ടെന്ന് അമേരിക്കന്‍ നാവിക സേനാ പൈലറ്റുമാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ദ നിമിറ്റ്‌സ് എന്‍കൗണ്ടേഴ്‌സ് എന്ന ഡോക്യുമെന്ററിയിലായിരുന്നു നാവികസേനാ പൈലറ്റുമാരുടെ വെളിപ്പെടുത്തല്‍. ഇത്തരത്തില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ പ്രദേശത്തെ സാറ്റലൈറ്റ് ചിത്രങ്ങള്‍ ശേഖരിച്ച് വിശദമായി പഠനത്തിന് ഒരുങ്ങുകയാണ് അല്‍ബാനി സര്‍വ്വകലാശാലയിലെ ഭൗതികശാസ്ത്രവിഭാഗം അസോസിയേറ്റ് പ്രൊഫസറായ കെവിന്‍ നൂത്തും സംഘവും. UAPx എന്ന് പേരിട്ടിരിക്കുന്ന ഈ സംഘത്തില്‍ വിരമിച്ച സൈനികര്‍, ഭൗതികശാസ്ത്രജ്ഞര്‍, ഗവേഷകര്‍ തുടങ്ങി വിവിധ വിഭാഗത്തില്‍ നിന്നുള്ളവരുണ്ട്. ഇവരുടെയെല്ലാം ഒരൊറ്റ ലക്ഷ്യം 'പറക്കുംതളിക'കള്‍ക്ക് പിന്നിലെ യാഥാര്‍ഥ്യം കണ്ടെത്തുകയാണ്. 

 

ഭൗതികശാസ്ത്രത്തിന്റെ പല നിയമങ്ങളേയും വെല്ലുവിളിക്കുന്ന ഇത്തരം അജ്ഞാതവസ്തുക്കള്‍ക്ക് പിന്നിലെ യാഥാര്‍ഥ്യം തിരിച്ചറിയേണ്ടതുണ്ടെന്നാണ് നാസയിലെ ശാസ്ത്രജ്ഞനും ഇന്ത്യക്കാരനുമായ രവി കുമാര്‍ പറയുന്നത്. ഇത്തരം കാര്യങ്ങളെ അന്യഗ്രഹജീവികളെന്നും പറക്കുംതളികകളെന്നും മറ്റും വിളിക്കുന്നതിനോട് അദ്ദേഹം യോജിക്കുന്നില്ല. 'ഇത്തരം കാര്യങ്ങള്‍ ആദ്യം കേള്‍ക്കുമ്പോള്‍ തന്നെ പലരും അന്യഗ്രഹജീവികളെന്നാണ് പറയാറ്. അതിന് മനസ് കൊടുക്കരുതെന്നാണ് ശാസ്ത്രജ്ഞരോട് പറയാനുള്ളത്. ഇതൊരു ശാസ്ത്ര പ്രശ്‌നമായി വേണം കാണാന്‍. തെളിവുകളും വിവരങ്ങളും അവ എന്താണെന്ന് നമുക്ക് പറഞ്ഞു തരും' രവി കുമാര്‍ കൂട്ടിച്ചേര്‍ക്കുന്നു.

 

English Summary: Scientists call for serious study of 'unidentified aerial phenomena'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com