ADVERTISEMENT

നമ്മുടെ അറിവില്‍ ജീവനും ജീവജാലങ്ങളുമുള്ള ഒരേയൊരു ഗ്രഹം ഭൂമിയാണ്. എന്നാല്‍, നൂറ്റാണ്ടുകളായി ഭൂമിക്ക് പുറത്ത് ജീവനുണ്ടോ എന്ന ചിന്തയും പരീക്ഷണങ്ങളും മനുഷ്യര്‍ ആരംഭിച്ചിട്ട്. ഇതിന്റെ ഭാഗമായി ഏതാണ്ട് 24 ഗ്രഹങ്ങളില്‍ ഭൂമിയോളമോ ഒരു പടി കൂടുതലോ ജീവന് അനുയോജ്യമായ സാഹചര്യങ്ങളുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു വാഷിങ്ടൺ സ്‌റ്റേറ്റ് സര്‍വ്വകലാശാലയിലെ ഒരു കൂട്ടം ജ്യോതിശാസ്ത്രജ്ഞര്‍.

 

ഭൂമിയേക്കാള്‍ അല്‍പം വലുപ്പം കൂടിയ, പ്രായം കൂടിയ, ജലസാന്നിധ്യം കൂടുതലുള്ള, ചൂട് കൂടിയ തുടങ്ങിയ വിവിധ ഘടകങ്ങള്‍ പരിഗണിച്ചായിരുന്നു ഗ്രഹങ്ങളെ തിരഞ്ഞെടുത്തത്. ഭൂമിയിലേതുപോലുള്ള സങ്കീര്‍ണ ജൈവ വ്യവസ്ഥ ഉടലെടുക്കാന്‍ വേണ്ട എല്ലാ സാഹചര്യങ്ങളും ഇവിടെയുണ്ടെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍. നേരത്തെ പറഞ്ഞ എല്ലാ അനുയോജ്യഘടകങ്ങളും ഒത്തു ചേര്‍ന്ന ഗ്രഹങ്ങളൊന്ന് പോലും ലഭിച്ചിട്ടില്ല. അതേസമയം, പട്ടികയിലെ പല ഗ്രഹങ്ങളും ഭൂമിയേക്കാള്‍ ജീവന് അനുയോജ്യമാണെന്നാണ് കണക്കുകൂട്ടല്‍.

 

എന്നുകരുതി ഈ ഗ്രഹങ്ങളിലേക്ക് ഇപ്പോഴങ്ങ് പോയ്ക്കളയാം എന്നൊന്നും കരുതരുത്. കണ്ടെത്തിയ എല്ലാ ഗ്രഹങ്ങളും 100 പ്രകാശവര്‍ഷത്തിലേറെ അകലത്തിലുള്ളവയാണ്. ലഭ്യമായ വിവരങ്ങളുടേയും കണക്കുകൂട്ടലുകളുടേയും അടിസ്ഥാനത്തിലാണ് ഡിര്‍ക് ഷൂള്‍സ് മാക്കുച്ചിന്റെ നേതൃത്വത്തിലുള്ള സംഘം ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ഇത്രയും ദൂരത്തിലായതുകൊണ്ടുതന്നെ പട്ടികയില്‍ പറഞ്ഞിരിക്കുന്ന ഗ്രഹങ്ങളില്‍ ഒന്നിന്റെ പോലും അന്തരീക്ഷം ടെലസ്‌കോപ് ഉപയോഗിച്ച് നേരിട്ട് നിരീക്ഷിക്കാന്‍ നിലവിലെ സാങ്കേതികവിദ്യകള്‍ക്കനുസരിച്ച് സാധിക്കില്ല. അത് ഭാവിയില്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷ. 

 

ഏതാണ്ട് 4500 അന്യഗ്രഹങ്ങളെ പരിശോധിച്ച ശേഷമാണ് 24 എണ്ണത്തിന്റെ പട്ടിക തയാറാക്കിയിരിക്കുന്നത്. നാസയുടെ ജെയിംസ് വെബ്ബ് ടെലസ്‌കോപും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്ലേറ്റോയും അടക്കമുള്ള ബഹിരാകാശ ടെലസ്‌കോപുകള്‍ വരും വര്‍ഷങ്ങളില്‍ സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ ടെലസ്‌കോപ്പുകള്‍ക്ക് ലക്ഷ്യങ്ങള്‍ തിരഞ്ഞെടുക്കപ്പെടേണ്ടതിന്റെ ആവശ്യവും പ്രധാനമാണെന്നും ഷൂള്‍സ് മാക്കുച്ച് കൂട്ടിച്ചേര്‍ക്കുന്നു. ജീവനുണ്ടെന്നു കരുതി ജീവന് ആവശ്യമായ ഏറ്റവും അനുയോജ്യമായ സാഹചര്യമുള്ള ഗ്രഹം ഭൂമിയാണെന്ന് കരുതരുതെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

 

നമ്മുടെ ക്ഷീരപഥത്തിന്റെ കേന്ദ്രമായ സൂര്യന് 1000 കോടി വര്‍ഷത്തെ ആയുസ്സാണ് കണക്കാക്കപ്പെടുന്നത്. ഇതനുസരിച്ച് മധ്യവയസ്സിലാണ് ഇപ്പോള്‍ സൂര്യനുള്ളത്. ഏതാണ്ട് നാല് ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭൂമിയില്‍ സങ്കീര്‍ണ്ണ ജീവന്‍ ഭൂമിയിലുണ്ടായത്. ജി നക്ഷത്രങ്ങള്‍ എന്ന് വിളിക്കുന്ന സൂര്യനോട് സമാനമായ നക്ഷത്രങ്ങളുടെ ഊര്‍ജ്ജം എരിഞ്ഞു തീരുമ്പോഴേക്കുമായിരിക്കും പല ഗ്രഹങ്ങളിലും സങ്കീര്‍ണ്ണ ജീവനുകള്‍ പിറവിയെടുക്കാന്‍ സാധ്യത. കെ നക്ഷത്രങ്ങള്‍ എന്നറിയപ്പെടുന്ന നക്ഷത്രങ്ങള്‍ക്ക് 20 മുതല്‍ 7000 കോടി വര്‍ഷങ്ങള്‍ വരെ ആയുസ്സുണ്ട്. അതുകൊണ്ടുതന്നെ ഇവയുടെ പരിധിയില്‍ വരുന്ന ഗ്രഹങ്ങളില്‍ ജീവനുവേണ്ട അനുകൂല സാഹചര്യങ്ങള്‍ കൂടുതല്‍ നീണ്ട കാലയളവില്‍ ഉണ്ടാകുമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍. 

 

ഗ്രഹങ്ങളുടെ വലുപ്പവും ഭാരവും കണക്കിലെടുക്കേണ്ടതുണ്ട്. ഭൂമിയേക്കാള്‍ പത്ത് ശതമാനം വലുപ്പം കൂടുതലുള്ള ഗ്രഹങ്ങളില്‍ ജീവനു വേണ്ട അനുകൂല സാഹചര്യങ്ങള്‍ കൂടുതലാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ജലത്തിന്റെ സാന്നിധ്യത്തിനുള്ള സാധ്യതയും നിര്‍ണായകമാണ്. അസ്‌ട്രോളജി ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിക്കരിച്ചിരിക്കുന്നത്.

 

English Summary: Some planets may be better for life than Earth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com