ADVERTISEMENT

ഇന്ത്യക്ക് അഭിമാനാര്‍ഹമായ നേട്ടവുമായി വീണ്ടും ഇസ്രോയുടെ ചൊവ്വാ ദൗത്യമായ മംഗള്‍യാന്‍. ചൊവ്വക്ക് പ്രതീക്ഷിച്ചതിലും വേഗത്തില്‍ അന്തരീക്ഷം നഷ്ടപ്പെടുന്നുവെന്നാണ് കണ്ടെത്തല്‍. ഇന്ത്യയുടെ മാര്‍സ് ഓര്‍ബിറ്റര്‍ മിഷനും (മംഗള്‍യാന്‍) നാസയുടെ മാവെനും അയച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി നടത്തിയ പഠനങ്ങളാണ് ഗവേഷകരെ ഈ നിഗമനത്തിലേക്കെത്തിച്ചത്. 

എല്ലാ ഗ്രഹങ്ങള്‍ക്കും നിശ്ചിത അളവില്‍ അവയുടെ അന്തരീക്ഷം ബഹിരാകാശത്തേക്ക് നഷ്ടപ്പെടുന്നുണ്ട്. ഗ്രഹങ്ങളുടെ വലുപ്പവും പുറത്തെ അന്തരീക്ഷത്തിലെ ഊഷ്മാവുമാണ് ഈ പ്രക്രിയയുടെ വേഗം തീരുമാനിക്കുന്നത്. ഭൂമിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെറിയ ഗ്രഹമായ ചൊവ്വയുടെ അന്തരീക്ഷം പ്രതീക്ഷിച്ചതിലും വേഗത്തില്‍ നഷ്ടമാകുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

 

ശാസ്ത്രജ്ഞരുടെ ഈ കണ്ടെത്തല്‍ ഇസ്രോ തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2018 ജൂണ്‍, ജൂലൈ മാസങ്ങളില്‍ ചൊവ്വയിലുണ്ടായ വന്‍ പൊടിക്കാറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് മാവെനും മംഗള്‍യാനും അയച്ച വിവരങ്ങള്‍ വിശകലനം ചെയ്താണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. അതിവേഗത്തില്‍ വീശിയടിക്കുന്ന പൊടിക്കാറ്റ് ചൊവ്വയിലെ പ്രത്യേക കാലാവസ്ഥാ പ്രതിഭാസമാണ്.

 

ചൊവ്വയില്‍ 2018 ജൂണില്‍ ആരംഭിച്ച പൊടിക്കാറ്റ് ജൂലൈ ആദ്യ വാരത്തോടെയാണ് അതി ശക്തമായത്. ഈ പൊടിക്കാറ്റിന്റെ ഫലമായി ചൊവ്വയുടെ അന്തരീക്ഷത്തിലെ മേല്‍പാളി കൂടുതല്‍ ചൂടായി. ഇത് ചൊവ്വയുടെ അന്തരീക്ഷ നഷ്ടത്തിന്റെ തോത് വര്‍ധിപ്പിച്ചുവെന്നാണ് കണ്ടെത്തല്‍. ചൊവ്വയോട് 155 കിലോമീറ്റര്‍ വരെ അടുത്തെത്തി മംഗള്‍യാന്‍ ശേഖരിച്ച വിവരങ്ങള്‍ ഈയൊരു തീര്‍പ്പിലെത്തുന്നതില്‍ നിര്‍ണായകമായി.

 

മാവെനും മംഗള്‍യാനും നല്‍കിയ വിവരങ്ങള്‍ പഠിച്ച ആന്ധ്രപ്രദേശിലെ നാഷണല്‍ അറ്റ്‌മോസ്‌ഫെറിക് റിസേര്‍ച്ച് ലബോറട്ടറിയിലെ ഗവേഷകര്‍ ചൊവ്വയുടെ അന്തരീക്ഷത്തിലെ താപനില വര്‍ധിക്കുന്നതായും അന്തരീക്ഷം വികസിക്കുന്നതായും കണ്ടെത്തി. പൊടിക്കാറ്റ് നിറഞ്ഞു നിന്ന ഒരു മാസക്കാലത്ത് ചൊവ്വയുടെ അന്തരീക്ഷത്തിലെ സാന്ദ്രത വര്‍ധിച്ചതായും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ഇസ്രോയുടെ മംഗള്‍യാന്‍ ദൗത്യം മാത്രമല്ല നാസയുടെ മാവെനും സ്ഥിരീകരിച്ചിട്ടുണ്ട്. 

 

2013 നവംബര്‍ അഞ്ചിനാണ് ഇസ്രോ ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മോമിനെ വിക്ഷേപിക്കുന്നത്. 2014 സെപ്റ്റംബര്‍ 24ന് ഇന്ത്യന്‍ അഭിമാന ദൗത്യം ചൊവ്വയുടെ അന്തരീക്ഷത്തിലെത്തി. 450 കോടി രൂപ മുതല്‍ മുടക്കില്‍ ഒരുക്കിയ മാര്‍സ് ഓര്‍ബിറ്റര്‍ ദൗത്യത്തിന്റെ പ്രതീക്ഷിച്ച കാലാവധി ആറ് മാസമായിരുന്നു. എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ച് ഏഴ് വര്‍ഷത്തിനുശേഷവും ചൊവ്വയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഇപ്പോഴും മംഗള്‍യാന്‍ ഭൂമിയിലേക്ക് അയച്ചുകൊണ്ടിരിക്കുന്നു.

 

English Summary: Mars losing its atmosphere to outer space at faster rate than Earth, reveals Isro's MOM study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com