ADVERTISEMENT

പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്തെ ഏതോ നക്ഷത്ര സമൂഹത്തിലെ കാഴ്ച്ചകളാണിതെന്നാണ് ഒറ്റനോട്ടത്തില്‍ തോന്നുക. സത്യത്തില്‍ ഈ ചിത്രങ്ങളെല്ലാം ഭൂമിയില്‍ നിന്നുള്ളതാണ്. ഭൂമിയില്‍ പണ്ടെന്നോ ഉല്‍ക്കകളും ഛിന്ന ഗ്രഹങ്ങളും പതിച്ച പ്രദേശങ്ങളാണ് ഇവ. ആദ്യമായാണ് ഇത്തരം പ്രദേശങ്ങളുടെ വിശദമായ ചിത്രസഹിത ഭൂപടം ഗവേഷകര്‍ തയ്യാറാക്കുന്നത്. 

 

satellite-images

ഭൂമിയില്‍ അങ്ങോളമിങ്ങോളമുള്ള 200ഓളം പ്രദേശങ്ങളുടെ 600 പേജ് നീണ്ട സചിത്ര റിപ്പോര്‍ട്ടാണിത്. ഛിന്നഗ്രഹങ്ങളും ഉല്‍ക്കകളും പതിച്ച പ്രദേശങ്ങളുടെ ഹൈ റെസല്യൂഷന്‍ ഭൂപടങ്ങളും സാറ്റലൈറ്റ് ചിത്രങ്ങളുമാണ് ഇതിലുള്ളത്. ഒറ്റനോട്ടത്തില്‍ ഉല്‍ക്കകള്‍ പതിച്ചതെന്ന് തോന്നിപ്പിക്കുക പോലും ചെയ്യാത്ത പ്രദേശങ്ങളാണ് ഇതില്‍ പലതും. ഏതാനും ആയിരം വര്‍ഷങ്ങളുടെ കാലയളവില്‍ തന്നെ ഇത്തരം ഉല്‍കാ പതനത്തിന്റെ അവശേഷിപ്പുകളില്‍ കാര്യമായ മാറ്റം വരുമെന്നതായിരുന്നു ഗവേഷകര്‍ നേരിട്ട വെല്ലുവിളികളിലൊന്ന്.

 

satellite-images-2

ഏതൊരു നക്ഷത്ര സമൂഹത്തിന്റേയും അടിസ്ഥാനപരമായ പ്രവര്‍ത്തനമാണ് ഉല്‍ക്കകളും ഗ്രഹങ്ങളും ഛിന്നഗ്രഹങ്ങളും തമ്മിലുള്ള കൂട്ടിയിടികളും പതനങ്ങളും. അതുകൊണ്ടുതന്നെ ഇത്തരം ഉല്‍ക്കാപതനത്തെ തുടര്‍ന്നുണ്ടാകുന്ന വന്‍ കുഴികള്‍ക്കും വിള്ളലുകള്‍ക്കും വലിയ പ്രാധാന്യമാണുള്ളതെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകരിലൊരാളായ പ്രൊഫ. തോമസ് കെന്‍മാന്‍ പറയുന്നത്. ഭൂമിയില്‍ ജീവന്റെ വികാസത്തില്‍ പോലും നിര്‍ണായക പങ്കാണ് ഇത്തരം ഉല്‍ക്കാപതനങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

satellite-images-4

 

ഭൂമിയില്‍ നിന്നും അധികം ഉയരെയല്ലാതെയുള്ള കൃത്രിമോപഗ്രഹമായ TanDEM-X ന്റെ സഹായത്തിലാണ് ഇത്തരം പ്രദേശങ്ങളുടെ വിശദമായ സാറ്റലൈറ്റ് ചിത്രങ്ങള്‍ ശേഖരിച്ചത്. 2010നും 2016നും ഇടയിലുള്ള കാലയളവിലായിരുന്നു അത്. കാനഡയിലെ മാനികോഗന്‍ ക്രാറ്റര്‍, ബ്രസീലിലെ സെറോ ഡൊ ജാറൗ, പശ്ചിമ ഓസ്‌ട്രേലിയയിലെ ഷൂമേയ്ക്കര്‍, ആഫ്രിക്കയിലെ ഛാഡ് പ്രദേശത്തെ ഗ്വേനി ഫാദ തുടങ്ങി നിരവധി പ്രദേശങ്ങളുടെ വിവരങ്ങള്‍ ഇത്തരത്തില്‍ ശേഖരിക്കപ്പെട്ടു. 

 

ദിനോസറുകളുടെ വംശനാശത്തിന് കാരണമായി എന്ന് ഒരുവിഭാഗം ശാസ്ത്രജ്ഞര്‍ കരുതുന്ന മെക്‌സിക്കോയിലെ യുകാട്ടന്‍ പെനിന്‍സുലയിലെ ഛിന്നഗ്രഹ പതനത്തെ തുടര്‍ന്നുണ്ടായ വന്‍ കുഴിയുടേയും ചിത്രങ്ങളും ഭൂപടങ്ങളും തയാറാക്കിയിട്ടുണ്ട്. ഏതാണ്ട് 300 കിലോമീറ്റര്‍ വ്യാസവും 40 കിലോമീറ്റര്‍ ആഴവുമുള്ള വന്‍ ഗര്‍ത്തമാണ് അന്ന് രൂപപ്പെട്ടത്. 202 കോടി വര്‍ഷങ്ങള്‍ക്ക് മുൻപ് രൂപപ്പെട്ട ഈ ഉല്‍ക്കാ ഗര്‍ത്തം അറിവുള്ളതില്‍ വെച്ച് ഭൂമിയിലെ ഏറ്റവും പഴക്കമുള്ളതുമാണ്. 

 

നിരന്തരം മാറ്റം സംഭവിക്കുന്ന ഭൂവല്‍ക്കത്തില്‍ ഏതാനും ആയിരം വര്‍ഷങ്ങള്‍ക്കകം തന്നെ മിക്കവാറും ഉല്‍ക്കാ ഗര്‍ത്തങ്ങളും അപ്രത്യക്ഷമാവാറുണ്ട്. ചിലവ തടാകങ്ങളായും മറ്റു ചിലവ പിന്നീട് മണ്ണുമൂടിയുമാണ് മാറുകയെന്നും ഗവേഷകര്‍ പറയുന്നു. അതേസമയം, ഇത്തരം കൂട്ടിയിടിയുടെ അവസരങ്ങളില്‍ അപൂര്‍വ്വ ധാതുക്കള്‍ ഉടലെടുക്കാറുണ്ട്. ഈ അപൂര്‍വ്വ ധാതുക്കളെ തിരിച്ചറിഞ്ഞാണ് ഉല്‍ക്കകള്‍ വീണ മേഖലകള്‍ ഭൂമിയില്‍ തിരിച്ചറിയുന്നത്.

 

English Summary: Satellite images reveal the destructive power of asteroids and meteorites smashing into the Earth's surface

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com