ADVERTISEMENT

കൊറോണവൈറസ് ബാധിച്ച രോഗികളില്‍ പലരിലും വിചിത്രമായ ന്യൂറോളജിക്കല്‍ (നാഡീവ്യൂഹ) വ്യതിയാനങ്ങള്‍ സംഭവിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. രുചിയും മണവും പൊടുന്നനെ നഷ്ടപ്പെടുന്നത് കോവിഡ് ബാധിക്കുന്നവരിലെ ആദ്യ അസാധാരണ ലക്ഷണങ്ങളിലൊന്നാണ്. എന്നാല്‍, രോഗികളില്‍ പലരിലും പക്ഷാഘാതം, ചുഴലി, മസ്തിഷ്‌ക വീക്കം എന്നിവയും കണ്ടുവരുന്നുണ്ട്. കോവിഡ് 19 രോഗികളില്‍ നടത്തിയ പഠനത്തില്‍ പലരും തളര്‍ച്ച, ആശയക്കുഴപ്പം, പിച്ചും പേയും പറയുക തുടങ്ങിയ ലക്ഷണങ്ങളും കാണിക്കുന്നുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.

 

മനുഷ്യരാശിക്കാകെ വെല്ലുവിളിയായി പടര്‍ന്നുപിടിച്ചതോടെ കോവിഡിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഡോക്ടര്‍മാരും ആരോഗ്യരംഗത്തെ വിദഗ്ധരും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. ഇതിനിടെയാണ് പൂര്‍ണമായും വിശദീകരിക്കാനാവാത്ത തലച്ചോറിനെ ബാധിക്കുന്ന ചില പ്രശ്‌നങ്ങള്‍ക്കുകൂടി കോവിഡ് 19 കാരണമാകുന്നുവെന്ന് തിരിച്ചറിഞ്ഞിരിക്കുന്നത്. കോവിഡ് രോഗികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളുടെ ഇഇജി (Electroencephalogram) എടുത്ത് പരിശോധിച്ചപ്പോള്‍ തിരിച്ചറിഞ്ഞ വിവരങ്ങളാണ് പഠനറിപ്പോര്‍ട്ടായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

84 വ്യത്യസ്ത പഠനങ്ങളിലെ 620 കോവിഡ് പോസിറ്റീവായ രോഗികളുടെ തലച്ചോറിന്റെ വിവിധ ഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തിയ ഇഇജി റിപ്പോര്‍ട്ടാണ് പഠനവിധേയമാക്കിയത്. കോവിഡുമായി ബന്ധപ്പെട്ട് വലിയൊരുവിഭാഗം രോഗികളിലും മസ്തിഷ്‌കവീക്കം ഉണ്ടാവുന്നുവെന്നാണ് ഈ പഠനത്തില്‍ തിരിച്ചറിഞ്ഞത്. ഇതോടെ കോവിഡ് 19 മനുഷ്യ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങളേയും നേരിട്ട് ബാധിക്കുന്നുവെന്ന നിഗമനത്തിലെത്തിയിരിക്കുകയാണ് ഗവേഷകര്‍.

 

പഠനവിധേയരാക്കിയ കോവിഡ് രോഗികളില്‍ മൂന്നില്‍ രണ്ടു പേരും പുരുഷന്മാരായിരുന്നു. രോഗികളുടെ ശരാശരി പ്രായം 61 വയസ്സും. ഇവരില്‍ പലരും നേരത്തെ തന്നെ മറവിരോഗമുള്ളവരാണ്. ഇത് ഇഇജി റിപ്പോര്‍ട്ടിന്റെ ഫലത്തെ ബാധിക്കുകയും ചെയ്യും. ഇക്കാര്യം കൂടി കണക്കിലെടുത്താണ് പഠനഫലം ക്രമീകരിച്ചതെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. 

 

ഇഇജി എടുത്ത കോവിഡ് രോഗികളില്‍ മൂന്നില്‍ രണ്ട് പേരും മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന് കാണിക്കുന്ന പിച്ചും പേയും പറയല്‍, ബോധക്ഷയം, ആശയക്കുഴപ്പം തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടമാക്കി. മുപ്പത് ശതമാനത്തോളം പേരില്‍ ചുഴലിക്ക് സമാനമായ അവസ്ഥയുണ്ടായി. ഇതാണ് പലപ്പോഴും ഡോക്ടര്‍മാര്‍ ഈ രോഗികള്‍ക്ക് ഇഇജിക്ക് നിര്‍ദേശിക്കാന്‍ തന്നെ കാരണമായത്. ചിലര്‍ക്ക് സംസാരിക്കുന്നതില്‍ പ്രശ്‌നങ്ങളും മറ്റു ചിലര്‍ക്ക് ഹൃദയാഘാതവും ഉണ്ടായി. ഹൃദയാഘാതം അനുഭവപ്പെടുന്നതോടെ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയാനുള്ള സാധ്യത വളരെ വലുതാണ്. 

 

രോഗികളില്‍ നെറ്റിയോട് ചേര്‍ന്നുള്ള മസ്തിഷ്‌കഭാഗത്താണ് മൂന്നിലൊന്ന് പ്രശ്‌നങ്ങളും ഉണ്ടായിട്ടുള്ളത്. യുക്തിപരമായി തീരുമാനമെടുക്കാന്‍ മസ്തിഷ്‌കത്തെ പ്രാപ്തമാക്കുന്ന ഭാഗമാണിത്. നമ്മുടെ വികാര വിക്ഷോഭങ്ങളുടെ നിയന്ത്രണ കേന്ദ്രവും ശ്രദ്ധയുടേയും പഠനത്തിന്റേയും ഭാഗവും ഇതു തന്നെ. 'ഇഇജി കൂടുതല്‍ കോവിഡ് രോഗികളില്‍ എടുക്കേണ്ടതുണ്ട്. കൂട്ടത്തില്‍ എംആര്‍ഐ, സിടി സ്‌കാന്‍ തുടങ്ങിയവയിലൂടെ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അറിയാനും ശ്രമിക്കണം' എന്നാണ് ന്യൂറോളജിസ്റ്റും പഠനത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളുമായ ഹൗസ്റ്റണിലെ ബേലോര്‍ കോളജ് ഓഫ് മെഡിസിനിലെ സുള്‍ഫി ഹനീഫ് പറയുന്നത്. 

 

കോവിഡ് ബാധിച്ച പലരും നെഗറ്റീവാകുന്നതോടെ രോഗം പൂര്‍ണ,മായും മാറിയെന്ന് കരുതുന്നവരാണ്. എന്നാല്‍ കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നതാണെന്ന സൂചനകളാണ് മസ്തിഷ്‌ക വീക്കം പോലുള്ള ലക്ഷണങ്ങളില്‍ നിന്നും തെളിയിക്കപ്പെടുന്നത്. കോവിഡ് എത്രത്തോളം മനുഷ്യ മസ്തിഷ്‌ക്കത്തെ ബാധിക്കുന്നുവെന്ന് തിരിച്ചറിയാന്‍ കൂടുതല്‍ വിശദമായ പഠനം ആവശ്യമാണെന്നാണ് പഠന റിപ്പോര്‍ട്ട് പറയുന്നത്. സീസ്വർ: യൂറോപ്യൻ ജേണൽ ഓഫ് എപ്പിലെപ്‌സി യിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

English Summary: Brain Scans Show a Whole Spectrum of COVID-19 Abnormalities We Can't Fully Explain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com