ADVERTISEMENT

നോര്‍വേയിലെ ഇരുമ്പുയുഗ പുരാവസ്തു കേന്ദ്രത്തിലെ മണ്ണിനടിയില്‍ നിന്നും കപ്പലും പ്രാര്‍ഥനാ മുറികളും കണ്ടെത്തി. മണ്ണ് കുഴിച്ചു നോക്കാതെ ആധുനിക റഡാറുകള്‍ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലൂടെ നോര്‍വീജിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കള്‍ചറല്‍ ഹെറിറ്റേജ് റിസര്‍ച്ചിലെ ഗവേഷകരാണ് ഈ നിര്‍ണായക കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ ഏറ്റവും പ്രധാന ഇരുമ്പുയുഗ കല്ലറ കുന്നുകളായ ജെല്‍ മൗണ്ടില്‍ നിന്നാണ് ഇവ കണ്ടെത്തിയിരിക്കുന്നത്. 

 

റഡാര്‍ സ്‌കാനിംഗിലൂടെ കണ്ടെത്തിയ 13 കല്ലറ കുന്നുകളില്‍ ഒരെണ്ണത്തിലാണ് കപ്പലുള്ളത്. ഏതാണ്ട് 62 അടി നീളമുള്ള കപ്പല്‍ ഭൂനിരപ്പില്‍ നിന്നും 4.6 അടി താഴ്ച്ചയിലാണ് കിടക്കുന്നത്. പുരാവസ്തു ഗവേഷകര്‍ മേഖലയില്‍ 2017ല്‍ ആരംഭിച്ച ശ്രമങ്ങളുടെ ഫലമായിട്ടാണ് 13 കല്ലറക്കുന്നുകളില്‍ ഒളിച്ചിരിക്കുന്ന അദ്ഭുതങ്ങള്‍ കണ്ടെത്തിയത്. ഈ കുന്നുകളില്‍ പലതും നൂറ് അടിയിലേറെ വ്യാസമുള്ളവയാണ്. 

 

സ്‌കാനര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ വിശ്വാസപരമായ അനുഷ്ടാനങ്ങള്‍ക്ക് ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന ആരാധനാലയങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഈ കെട്ടിടത്തിന്റെ ഘടന പരിശോധിച്ച ശേഷമാണ് സ്ഥിരതാമസത്തിന് ഉപയോഗിച്ചതല്ല ഈ കെട്ടിടമെന്ന നിഗമനത്തിലേക്ക് ഗവേഷകരെത്തിയത്. നീണ്ട കാലം ഈ കണ്ടെത്തിയ ആരാധനാലയവും മറ്റും ഉപയോഗിച്ചിരുന്നുവെന്നാണ് കരുതപ്പെടുന്നത്. അതായത് ഇരുമ്പയുഗത്തിലും ദൈവും ആരാധനാലയങ്ങളും ഉണ്ടായിരുന്നു എന്ന് വ്യക്തമാണ്.

 

ഏതാണ്ട് എഡി അഞ്ചാം നൂറ്റാണ്ട് മുതല്‍ ജെല്‍ മൗണ്ട് സജീവമായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇതിനും നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് സമുദ്രസഞ്ചാരികളുടെ വൈകിങ് സമൂഹം മേഖലയില്‍ ശക്തിപ്രാപിച്ചത്. എഡി 550നും 1050നും ഇടയിലുണ്ടായിരുന്ന നോര്‍ഡിക് അയേണ്‍ ഏജിന് ശേഷമാണ് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ വൈകിംഗുകളുടെ ഉയിര്‍പ്പുണ്ടാകുന്നത്. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളുടേയും യൂറോപിന്റെ തന്നെയും ചരിത്രത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഈ ഇരുമ്പുയുഗ പുരാവസ്തുകേന്ദ്രത്തില്‍ നിന്നും ലഭിക്കുമെന്നാണ് ഗവേഷകര്‍ കരുതുന്നത്. 

 

എഡി അഞ്ച്- ആറ് നൂറ്റാണ്ടുകള്‍ക്കിടയിലാണ് ജെല്‍ മൗണ്ടിലെ കല്ലറ കുന്നുകളും ആരാധനാലയങ്ങളും സ്ഥാപിക്കപ്പെട്ടതെന്നാണ് കണക്കാക്കപ്പെടുന്നത്. സ്‌കാന്‍ിഡനേവിയയില്‍ നിന്നും കണ്ടെടുക്കപ്പെട്ട രണ്ടാമത്തെ വലിയ ഇരുമ്പുയുഗ സംസ്‌കാര കേന്ദ്രമാണിത്. എഡി 19ാം നൂറ്റാണ്ടിലാണ് ഈ കല്ലറകള്‍ തകര്‍ക്കപ്പെട്ടത്. ഇതിലൊന്നാണ് ഇപ്പോള്‍ കണ്ടെടുക്കപ്പെട്ട ഭൂമിക്കടിയിലെ കപ്പലെന്നും കരുതപ്പെടുന്നു. 

 

സ്വകാര്യ ഭൂമിയിലാണ് ഈ പൗരാണിക അവശിഷ്ടങ്ങളുള്ളതെന്നതും ശ്രദ്ധേയമാണ്. സ്ഥലമുടമ തന്റെ ഭൂമിയിലൂടെ ഒരു മാലിന്യം ഒഴുക്കി കളയാനുള്ള തുരങ്കം നിര്‍മിക്കാന്‍ തീരുമാനിക്കുകയും അധികൃതരുടെ അനുമതി തേടുകയുമായിരുന്നു. നേരത്തെ തന്നെ പ്രദേശത്തിന്റെ പുരാവസ്തു പ്രാധാന്യം അറിയാവുന്നതുകൊണ്ട് കൂടുതല്‍ വിശദമായ റഡാര്‍ സര്‍വേക്ക് 2017ല്‍ നോര്‍വീജിയന്‍ അധികൃതര്‍ തയാറാവുകയായിരുന്നു. ഈ റഡാര്‍ പരിശോധനയിലാണ് ഭൂമിക്കടിയിലെ കപ്പലും കല്ലറ കുന്നുകളും കണ്ടെത്തുന്നത്. 

റഡാര്‍ പരിശോധന പൂര്‍ത്തിയായതോടെ 13 കല്ലറ കുന്നുകളും നാല് ആരാധനാലയങ്ങള്‍ പോലുള്ള വലിയ മുറികളും ഭൂമിക്കടിയിലുണ്ടെന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. മണ്ണിനടിയില്‍ മറഞ്ഞിരിക്കുന്ന കപ്പല്‍ അടക്കമുള്ളവയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ആന്റിക്വിറ്റി ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

English Summary: Ancient Viking ship buried in an Iron Age cemetery to symbolise 'safe passage into the afterlife' is uncovered using ground-penetrating radar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com