ADVERTISEMENT

ഭൂമിയില്‍ ജീവനുണ്ടായത് എങ്ങനെ എന്ന ചോദ്യത്തിന് നിഗമനങ്ങളാണ് ഇപ്പോഴും ഉത്തരം. ഇക്കൂട്ടത്തില്‍ പുതിയൊന്നുകൂടി കൂട്ടിച്ചേര്‍ത്തിരിക്കുകയാണ് ചൈനീസ് ഗവേഷകര്‍. സമുദ്രത്തിനടിയില്‍ നിന്നും കണ്ടെത്തിയ ഒരു പാറയാണ് ജീവന്റെ പിറവിക്ക് വേദിയായതെന്നാണ് ഈ വാദം. 2017ല്‍ ചൈന നടത്തിയ ആഴക്കടല്‍ പര്യവേഷണത്തിനിടെ ശേഖരിച്ച പാറയാണിത്.

കാര്‍ബണ്‍ സമ്പുഷ്ടമായ കൊഴുപ്പ് നിറഞ്ഞ മിശ്രിതം ഈ പാറയില്‍ നിന്നും കണ്ടെത്തിയിരുന്നു. പാറക്കുമുകളില്‍ നിന്നും ലഭിച്ച ഈ വസ്തുവിന്റെ നിര്‍മാണത്തിന് പിന്നിലെ കാരണം തേടുകയാണ് ചൈനീസ് ഗവേഷകര്‍ ചെയ്തത്. എല്ലാത്തരം പരീക്ഷണങ്ങള്‍ക്കു ശേഷവും ജീവന്റെ ഒരു ബാക്ടീരിയ സാന്നിധ്യത്തെ പോലും പാറയില്‍ നിന്നും കണ്ടെത്താന്‍ ഗവേഷകര്‍ക്കായില്ല. ഇതോടെ ഈ കൊഴുപ്പു നിറഞ്ഞ മിശ്രിതം പാറയില്‍ നിന്നും ഉണ്ടായതാണെന്ന നിഗമനത്തിലെത്തുകയായിരുന്നു ഗവേഷകര്‍. 

പസഫിക് സമുദ്രത്തില്‍ 6400 മീറ്റര്‍ (ഏതാണ്ട് 21,000 അടി) ആഴത്തില്‍ നിന്നാണ് ഈ അസ്വാഭാവിക പാറയെ കണ്ടെടുത്തത്. ജീവന്റെ അടിസ്ഥാന ശിലകള്‍ ഈ പാറയില്‍ നിന്നും ലഭിച്ചുവെന്നാണ് ഗവേഷകസംഘത്തെ നയിച്ച പ്രൊഫ. പെങ് സിയോടോങ് പറയുന്നത്. ജിയോളജി ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ജീവന്റെ ഉറവിടം തേടി പല പരീക്ഷണങ്ങളും നേരത്തെയും ശാസ്ത്രജ്ഞര്‍ നടത്തിയിട്ടുണ്ട്. അതിലൊന്നാണ് 1953ല്‍ ചിക്കാഗോ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന സ്റ്റാന്‍ലി മില്ലര്‍ നടത്തിയത്. ജീവനുമായി ബന്ധപ്പെട്ട വസ്തുക്കള്‍ ജൈവ പ്രക്രിയയിലൂടെ മാത്രമേ ഉണ്ടാവൂ എന്നായിരുന്നു അന്നുവരെ പൊതുവേ കരുതപ്പെട്ടിരുന്നത്. മീഥെയ്ന്‍, അമോണിയ, ഹൈഡ്രജന്‍ എന്നിവ വെള്ളവുമായി കൂട്ടിച്ചേര്‍ത്ത് ചൂടാക്കുകയും വൈദ്യുതി കടത്തിവിടുകയും അള്‍ട്രാ വയലറ്റ് വെളിച്ചം കടത്തിവിടുകയുമാണ് മില്ലര്‍ ചെയ്തത്. ഒരാഴ്ച്ചക്ക് ശേഷം ഈ മിശ്രിതത്തില്‍ അമിനോ ആസിഡുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. അജൈവ വസ്തുക്കളുടെ പ്രവര്‍ത്തനം വഴി ജൈവ വസ്തുക്കള്‍ നിര്‍മിക്കപ്പെടാമെന്നാണ് ഈ പരീക്ഷണത്തിലൂടെ മില്ലര്‍ തെളിയിച്ചത്.

മില്ലറുടെ പരീക്ഷണത്തിന് ശേഷവും ആദ്യ ജൈവ വസ്തു എങ്ങനെയുണ്ടായെന്ന തര്‍ക്കം തുടര്‍ന്നു. അഗ്നിപര്‍വ്വത സ്‌ഫോടനം, ഇടിമിന്നല്‍ തുടങ്ങിയവ മൂലമുണ്ടായ പ്രതിപ്രവര്‍ത്തനങ്ങളാണ് ജീവന് കാരണമായതെന്ന് ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ കരുതുന്നു. ഭൂമിയില്‍ പതിച്ച ഉല്‍ക്കയാണ് ജീവന്‍ കൊണ്ടുവന്നതെന്ന് കരുതുന്നവരുമുണ്ട്. പ്രത്യേകതരം പാറയില്‍ നിന്നാണ് ജീവനുണ്ടായതെന്ന വാദം കൂടി ഇക്കൂട്ടത്തിലേക്ക് ചേരുകയാണ്. 

ഭൂമിയുടെ പാളികളുടെ ചലനത്തെ തുടര്‍ന്നുണ്ടാകുന്ന സെര്‍പ്പന്റെയ്‌നൈറ്റ് എന്നയിനത്തില്‍ പെട്ട പാറയിലാണ് ചൈനീസ് ഗവേഷകര്‍ പഠനം നടത്തിയത്. ഇവയുടെ പ്രത്യേക ഘടനയാണ് ജീവന്റെ നിര്‍മിതിക്ക് കാരണമാകുന്നതെന്നാണ് പെങിന്റേയും സംഘത്തിന്റേയും വാദം. അസംഖ്യം ചെറു അറകളാണ് ഈ പാറക്കുള്ളിലുള്ളത്. കാര്‍ബണ്‍, ഓക്‌സിജന്‍, ഹൈഡ്രജന്‍ ആറ്റങ്ങള്‍ തമ്മിലുള്ള രാസ പ്രവര്‍ത്തനത്തിന് ഈ പ്രത്യേകഘടന സഹായിക്കുന്നു. അനുകൂലമായ സമ്മര്‍ദവും ചൂടും കൂടി വരുന്നതോടെ ജീവന്‍ ഉടലെടുക്കുന്നുവെന്നാണ് കരുതപ്പെടുന്നത്. 

അതേസമയം, ഈ വാദത്തിനെതിരെ ചൈനയില്‍ നിന്നുതന്നെ എതിര്‍വാദങ്ങളുയരുന്നുണ്ട്. ചൈനീസ് യൂണിവേഴ്‌സിറ്റി ഓഫ് പെട്രോളിയത്തിലെ ജിയോളജി വിഭാഗം പ്രൊഫസറായ ലു ഹോങ്‌ബോ പറയുന്നത് ഈ തെളിവുകള്‍ ജീവന്റെ ഉത്ഭവം തെളിയിക്കാന്‍ പര്യാപ്തമല്ലെന്നാണ്. ജലം ഉണ്ടായ ശേഷമാണ് ജീവനുണ്ടായതെന്ന കാര്യത്തില്‍ മാത്രമാണ് ശാസ്ത്ര സമൂഹത്തില്‍ പൊതുവേ ഏകാഭിപ്രായമുള്ളത്. ബാക്കിയുള്ളതെല്ലാം ഊഹങ്ങളാണെന്നാണ് ലു വിന്റെ ആരോപണം. 

ചൈനയുടെ 2017ലെ ജിയാലോങ് ദൗത്യത്തിനിടെ ശേഖരിച്ച പാറയിലാണ് പെങും സംഘവും പഠനം നടത്തിയത്. സമുദ്രത്തില്‍ ഏറ്റവും ആഴത്തില്‍ പര്യവേഷണം നടത്തിയ മനുഷ്യ സംഘങ്ങളിലൊന്നായിരുന്നു ഇത്. യാപ് ട്രഞ്ച് എന്ന പസിഫിക് സമുദ്രത്തിലെ തന്ത്രപ്രധാനമായ മേഖലയിലായിരുന്നു ഇത്. പലാവു ദ്വീപു സമൂഹത്തിനും അമേരിക്കന്‍ സൈനിക കേന്ദ്രമായ ഗുവാമിനും ഇടയിലാണിത്. തന്ത്രപ്രധാനമായ ഈ മേഖലയിലെ ചൈനീസ് നീക്കങ്ങളെ മറ്റു രാജ്യങ്ങള്‍ കരുതലോടെയാണ് സമീപിക്കുന്നത്. അതേസമയം തികച്ചും ശാസ്ത്ര പരീക്ഷണങ്ങള്‍ക്കുവേണ്ടിയുള്ളതാണ് തങ്ങളുടെ ആഴക്കടല്‍ പര്യവേഷണങ്ങളെന്നാണ് ചൈനീസ് അധികൃതരുടെ വാദം.

 

English Sumamry: Chinese scientists find material in rock that ‘may show origin of life’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com