ADVERTISEMENT

വയറിങ്ങിലെ ചെറിയൊരു അശ്രദ്ധമൂലം ഫ്രഞ്ച് വ്യോമയാന കമ്പനിയായ അരിയാന്‍സ്‌പേസ് എസ്എക്ക് നഷ്ടമായത് 281.5 ദശലക്ഷം പൗണ്ട് (ഏകദേശം 2772 കോടി രൂപ). രണ്ട് ഉപഗ്രഹങ്ങളുമായി പറന്നുയര്‍ന്ന ഇവരുടെ വിവി17 റോക്കറ്റ് മിനിറ്റുകള്‍ക്കകം ദിശമാറി പോവുകയായിരുന്നു. ഫ്രഞ്ച് ഗയാനയില്‍ നിന്നും നവംബര്‍ 17 നായിരുന്നു വിക്ഷേപണം. 

 

ദൗത്യം പരാജയപ്പെട്ട വിവരം വൈകാതെ അരിയാന്‍സ്‌പേസ് സിഇഒ സ്റ്റെഫാന്‍ ഇസ്‌റേല്‍ തന്നെ അറിയിച്ചു. വിക്ഷേപണം നടന്ന് എട്ട് മിനിറ്റിന് ശേഷം നിശ്ചിത പാതയില്‍ നിന്നും വ്യതിചലിച്ച റോക്കറ്റ് ഭൂമിയിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു. വിക്ഷേപണ കേന്ദ്രത്തിന് സമീപത്തെ വിജനമായ ഭാഗത്താണ് രണ്ട് സാറ്റലൈറ്റുകളേയും വഹിച്ചുകൊണ്ട് പറന്നുയര്‍ന്ന വിവി17 റോക്കറ്റ് തകര്‍ന്നുവീണത്. AVUM സ്‌റ്റേജ് എന്നറിയപ്പെടുന്ന നാലാംഘട്ടം ആരംഭിച്ച ഉടനെയായിരുന്നു നേരത്തെ നിശ്ചയിച്ച പാതയില്‍ നിന്നും റോക്കറ്റ് മാറിയതെന്നും ഇസ്‌റേല്‍ പറഞ്ഞു.

 

100 അടി ഉയരമുള്ള വെഗ വിവി17 റോക്കറ്റിന് നാല് ഘട്ടങ്ങളാണുള്ളത്. മൂന്ന് ഘട്ടങ്ങളില്‍ ഖര ഇന്ധനവും ഒരുഘട്ടത്തില്‍ ദ്രവ ഇന്ധനവുമാണ് ഉപയോഗിക്കുന്നത്. പരമാവധി 1500 കിലോഗ്രാം വരെ വഹിക്കാന്‍ ഈ റോക്കറ്റിനാകും. ഭൂമിയില്‍ നിന്നും പരമാവധി 700 കിലോമീറ്റര്‍ ഉയരത്തിലേക്ക് ഉപഗ്രഹങ്ങളെ എത്തിക്കുകയായിരുന്നു ലക്ഷ്യം. അപ്രതീക്ഷിതമായ സംഭവത്തെ തുടര്‍ന്ന് വിക്ഷേപണം പരാജയപ്പെട്ടതില്‍ തങ്ങളുടെ ഉപഭോക്താക്കളായ കമ്പനികളോട് മാപ്പ് ചോദിച്ച ഇസ്‌റേല്‍ അപകടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുമെന്നും പ്രഖ്യാപിച്ചു. 

 

റോക്കറ്റ് നിര്‍മാണത്തിനിടെയുണ്ടായ മനുഷ്യസഹജമായ വീഴ്ചയാണ് അപകടത്തിന് കാരണമെന്നാണ് സൂചന. ഇറ്റലിയില്‍ നിര്‍മിച്ച ഫൈനല്‍ ലോഞ്ചര്‍ ഘട്ടത്തിലെ കേബിളുകള്‍ ഘടിപ്പിച്ചതിലെ തകരാറിനെക്കുറിച്ച് പ്രത്യേകമായി അന്വേഷണം നടക്കുന്നുണ്ട്. ഫ്രഞ്ച് ബഹിരാകാശ ഏജന്‍സിയുടെ TARANIS സാറ്റലൈറ്റിനേയും സ്‌പെയിനിന്റെ SEOSAT സാറ്റലൈറ്റിനേയും ബഹിരാകാശത്തെത്തിക്കുന്ന ദൗത്യമായിരുന്നു വിവി 17 റോക്കറ്റിനുണ്ടായിരുന്നത്.

 

പത്ത് വര്‍ഷത്തോളമെടുത്ത് നിര്‍മ്മിച്ച TARANIS സാറ്റലൈറ്റിന് മാത്രം ഏതാണ്ട് 103 ദശലക്ഷം പൗണ്ട് ചെലവായിട്ടുണ്ട്. ഭൂമിയുടെ അന്തരീക്ഷത്തിലെ മുകള്‍ പാളിയിലെ റേഡിയേഷന്‍ പഠിക്കുകയായിരുന്നു ലക്ഷ്യം. SEOSAT-Ingenio  എന്ന നിരീക്ഷണ സാറ്റലൈറ്റിലെ രണ്ട് എച്ച്ഡി ക്യാമറകള്‍ ഉപയോഗിച്ച് ഭൂമിയിലെ ഏത് ഭാഗത്തേയും ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കുമായിരുന്നു. 

ഇതുവരെ 15 വിജയകരമായ വിക്ഷേപണങ്ങള്‍ നടത്തിയിട്ടുള്ള വിവി റോക്കറ്റുകളുടെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ രണ്ടാമത്തെ പരാജയമാണിത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ യുഎഇക്കു വേണ്ടി നടത്തിയ വിക്ഷേപണവും പരാജയമായിരുന്നു. 

ബൂസ്റ്റര്‍ റോക്കറ്റിലെ മോട്ടോറിനുണ്ടായ തകരാറാണ് പാളിച്ചക്ക് കാരണമായതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ 21 വ്യത്യസ്ത ഉപഭോക്താക്കളുടെ 53 ചെറു സാറ്റലൈറ്റുകള്‍ നിശ്ചിത പ്രദേശങ്ങളിലെത്തിച്ച് വിവി റോക്കറ്റുകള്‍ കരുത്തു തെളിയിച്ചിരുന്നു.

 

English Summary: One person’s ‘wiring error’ may have caused European Vega rocket to crash minutes after launch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com