ADVERTISEMENT

കോവിഡ്-19മായി ബന്ധപ്പെട്ട വലിയൊരു തലവേദന ഒഴിവാക്കാനായേക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. കൊറോണാവൈറസിനെ ചെറുക്കാനുള്ള വാക്‌സീന്‍ വികസിപ്പിക്കല്‍ മാത്രമല്ല, അവ വിവിധ സ്ഥലങ്ങളിലെത്തിക്കുക എന്നതും വളരെ വിഷമംപിടിച്ച കാര്യമാണ്. പ്രോട്ടീനുകള്‍ അടങ്ങുന്ന മിക്ക വാക്‌സീനുകളും ശീതീകരിച്ചു മാത്രമെ കൊണ്ടുപോകാനാകൂ എന്നതാണ് പ്രശ്‌നങ്ങളിലൊന്ന്. ഫാക്ടറികളില്‍ നിന്ന് ഒരാള്‍ക്കു കുത്തിവയ്ക്കാനായി പുറത്തെടുക്കുന്ന സമയം വരെ അതിന്റെ ‘കോൾഡ് ചെയിൻ’ മുറിഞ്ഞാല്‍ വാക്‌സീന്‍ കുത്തിവയ്ക്കാനാകില്ല. (ഫാക്ടറിയില്‍ നിന്ന് ഡോക്ടറുടെ അടുത്തെത്തുന്നതു വരെ തണുപ്പിച്ചു കൊണ്ടുപോകുന്നതിനെയാണ് കോൾഡ് ചെയിൻ എന്നു വിളിക്കുന്നത്.)

 

ഇതിനാല്‍ തന്നെ വാക്‌സീന്‍ കേടാകാതെ വിവിധ സ്ഥലങ്ങളില്‍ എത്തിക്കുക എന്നത് ശ്രമകരമായ ജോലിയായാണ് ശാസ്ത്രജ്ഞര്‍ കാണുന്നത്. ലോകത്ത് ഏകദേശം 300 കോടി പേര്‍ക്കും ഇന്ത്യയില്‍ ഏകദേശം 30 കോടി പേര്‍ക്കും വാക്‌സീന്‍ എത്തിക്കുക എന്നത് വിഷമംപിടിച്ച കാര്യമായിരിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍, ഇപ്പോഴിതാ ഒരു ആശ്വാസ വാര്‍ത്ത വന്നിരിക്കുന്നു, ശീതീകരണം ഒഴിവാക്കി വാക്‌സീന്‍ കൊണ്ടുപോകാനുള്ള ശ്രമത്തില്‍ തങ്ങള്‍ വിജയിച്ചേക്കാമെന്നാണ് മിഷിഗണ്‍ ടെക്‌നോളജി യൂണിവേഴ്‌സിറ്റിയിലുള്ളവരടക്കം ഒരു സംഘം ശാസ്ത്രജ്ഞര്‍ അറിയിച്ചിരിക്കുന്നത്. സാധാരണഗതിയില്‍ വാക്‌സീന്‍ കൊണ്ടുപോകുന്നത് രണ്ടു മുതല്‍ എട്ടു വരെ ഡിഗ്രീസ് സെല്‍ഷ്യസിലായിരിക്കും. എന്നാൽ പോലും ഇതില്‍ പകുതി വാക്‌സീന്‍ പുറത്തെടുക്കുമ്പോള്‍ ഉപയോഗശൂന്യമായിരിക്കും.

 

വാക്‌സീനുകളിലെ വൈറസുകളാണ് നമ്മുടെ ശരീരത്തിലെ കോശങ്ങള്‍ക്ക് വൈറല്‍ നുഴഞ്ഞു കയറ്റക്കാരെ കണ്ടെത്താനും തോല്‍പ്പിക്കാനുമുള്ള പരിശീലനം നല്‍കുന്നത്. ചൂടു ലഭിച്ചാല്‍ ഇവയുടെ ചുരുളുകളഴിയുന്നു (unfold), അല്ലെങ്കില്‍ വേര്‍പെട്ടു പോകുന്നു എന്നാണ് ബയോമെറ്റീരിയല്‍സ് സയന്‍സ് എന്ന ജേണലിലെ ലേഖനത്തില്‍ പറയുന്നത്. അവയ്ക്ക് നീങ്ങാന്‍ ഇടം കിട്ടിയാല്‍ അവയുടെ ഗുണം നഷ്ടപ്പെടുന്നു. നിശ്ചിത സമയത്തിലധികം തുറന്നുവച്ച മാംസക്കഷണങ്ങള്‍ക്കു വരുന്ന മാറ്റങ്ങളോടാണ് ഗവേഷകര്‍ ഇതിനെ ഉപമിച്ചത്. മാംസക്കഷണത്തില്‍ പ്രോട്ടീനുകളും നെയ്യും മറ്റു മോളിക്യൂളുകളും ഉണ്ട്. ഇവ വേണ്ട രീതിയില്‍ ചേര്‍ന്നിരിക്കണമെങ്കില്‍ അവ ശീതീകരിച്ചു സൂക്ഷിക്കണമെന്നും ലേഖനത്തിന്റെ സഹ രചയിതാവായ കാരിന്‍ ഹെല്‍ഡ്റ്റ് പറയുന്നത്. ചൂടു ലഭിച്ചാല്‍ വൈറസുകള്‍ക്ക് ഇളകി മാറാന്‍ സാധിക്കും. തിങ്ങിയല്ല ഇരിക്കുന്നതെങ്കില്‍ അവയ്ക്ക് ഇടയില്‍ സ്ഥലം ഉണ്ടാകും. വാക്‌സീനുകളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തണമെങ്കില്‍ വാക്‌സീനുകള്‍ക്ക് ശീതീകരണമോ, തിങ്ങിയിരിക്കലോ വേണം.

 

പുതിയ പഠനം നടത്തിയ ശാസ്ത്രജ്ഞര്‍ പറയുന്നത് തങ്ങള്‍ വാക്‌സീനുകളിലെ വൈറസുകളെ ശീതീകരണമില്ലാതെ തിങ്ങിയിരുത്തുന്ന കാര്യത്തില്‍ വിജയിച്ചിരിക്കുന്നു എന്നാണ്. മനുഷ്യ ശരീരത്തിന്റെ വ്യവസ്ഥയെ അനുകരിച്ചാണ് ഈ പുതിയ സാധ്യത ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. മനുഷ്യ ശരീരം വളരെ തിങ്ങിഞെരുങ്ങിയ ഒരിടമാണ്. വിവിധ തരത്തിലുള്ള കോശങ്ങള്‍ ഇടം നേടാനായി ശ്രമിക്കുന്നു. ഇതില്‍ വൈറസുകളും ഉള്‍പ്പെടുന്നു. അവ ബലപ്രയോഗത്തിലൂടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നു. കോശങ്ങളിലേക്കു കടക്കുന്ന വൈറസുകള്‍ അവയോട് പെരുകാന്‍ ആജ്ഞാപിക്കുന്നു. ഇതിനെ നിയന്ത്രിച്ചില്ലെങ്കില്‍ ബലൂണിലേക്ക് അമ്പെയ്യുന്നതു പോലെ വൈറസുകള്‍ കോശങ്ങളെ നശിപ്പിക്കും. പിന്നെ ഈ പകര്‍പ്പുകളെല്ലാം മറ്റു കോശങ്ങളെ ആക്രമിക്കും. ശരീരം അറിയുന്നതിനു മുൻപെ നിങ്ങള്‍ രോഗിയായിരിക്കും. ഈ പ്രക്രീയകളെക്കുറിച്ചുള്ള വിദഗ്ധപാഠമാണ് കൊറോണാവൈറസ് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, സാര്‍സ് കോവ്-2 മാത്രമല്ല ലോകത്തെ പ്രശ്‌നക്കാരിയായ ഏക വൈറസ്. മറ്റു വൈറസുകളുമുണ്ട്. ഇവയില്‍ പലതിനുമുള്ള വാക്‌സീനുകളും ശീതീകരിച്ചു മാത്രമെ കൊണ്ടുപോകാനാകൂ.

ശരീരത്തില്‍ കയറുന്ന വൈറസ് ചെയ്തുകൂട്ടുന്ന വിക്രീയകള്‍ക്ക് ഏകദേശം വിപരീത രീതിയിലുള്ള കാര്യങ്ങളാണ് വാക്‌സീനുകളിലുള്ളില്‍ നടക്കേണ്ടത്. അവയ്ക്ക് പ്രവര്‍ത്തിക്കാന്‍ ഇടം ലഭിക്കരുത്. അതിനാണ് അവ ശീതീകരിച്ചു കൊണ്ടുവരുന്നത്.

 

തമ്മില്‍ ചേര്‍ന്നിരിക്കാന്‍ പ്രേരിപ്പിക്കുന്ന, പോസിറ്റീവും നെഗറ്റീവും ചാര്‍ജുള്ള കൃത്രിമമായി നിര്‍മിച്ച പ്രോട്ടീനുകള്‍ വേറിട്ട ഒരു ദ്രവാവസ്ഥ സൃഷ്ടിക്കാനാണ് ഗവഷകര്‍ ശ്രമിക്കുന്നത്. ഈ പ്രക്രീയയെ കോംപ്ലെക്സ് കോആസെര്‍വേഷന്‍ (complex coacervation) എന്നാണ് വിളിക്കുന്നത്. ഈ ദ്രവാവവസ്ഥ വൈറസുകളുടെ പുറംചട്ടയെ പൊതിഞ്ഞു പിടിക്കുന്നു. ഇതിലൂടെ അവയുടെ ഉള്‍ദ്രവ്യങ്ങളെ ഒരുമിപ്പിച്ചു നിർത്തുന്നു. കൊആസെറേറ്റ് പദാര്‍ഥങ്ങള്‍ നമ്മള്‍ ദൈനംദിന ജീവിതത്തില്‍ ഇഷ്ടംപോലെ കാണാറുണ്ടെന്നാണ് പ്രബന്ധത്തിന്റെ മറ്റൊരു രചയിതാവായ സേറാ പെറി പറയുന്നത്. പല ഷാമ്പുകളിലു കോവാസെര്‍വേഷന്‍ ഉപയോഗിച്ചിരിക്കുന്നു. ഷാമ്പു നിങ്ങളുടെ നനഞ്ഞ തലമുടിയില്‍ പുരട്ടുമ്പോള്‍, മുടിയിലെ വെള്ളം ഷാമ്പുവിനെ നേര്‍പ്പിക്കുകയും അത് മുടിയിലെ അഴുക്കിനെയും എണ്ണയെയും വേര്‍തിരിച്ചു നീക്കംചെയ്യാനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്നും പെറി പറയുന്നു.

 

ഇതെല്ലാം അനാച്ഛാദനം ചെയ്ത വൈറസുകളുടെ കാര്യത്തിലും പ്രവര്‍ത്തിക്കുന്നു. പോളിയോ, ജലദോഷപ്പനി തുടങ്ങിയവയുടെ വൈറസുകള്‍ക്കെതിരെ ഇവ ഫലപ്രദമാണ്. ഇത്തരം വൈറസുകള്‍ക്കു ചുറ്റും കൊഴുപ്പു (lipid) പാളിയില്ല. അടുത്തപടിയായി കോആസെര്‍വേഷന്‍ നടത്താന്‍ കുടുതല്‍ ഉചിതമായ പദാര്‍ഥങ്ങള്‍ കണ്ടെത്തണമെന്ന് അവര്‍ പറയുന്നു. തിങ്ങിഇരിക്കുന്നു എന്നതു മാത്രം പോര വാക്‌സീനുകളിലെ വൈറസുകളുടെ സ്ഥിരത ഉറപ്പിക്കാനെന്നും അവര്‍ അറിയിച്ചു. അടുത്ത ഘട്ടത്തില്‍ വിവിധ തരം രാസസംയുക്തങ്ങള്‍ വൈറസുമായി ഇടപെടുമ്പോള്‍ എന്തു സംഭവിക്കുമെന്നതു കണ്ടെത്തണം. അതില്‍ നിന്ന് ഒരു ടൂള്‍ബോക്‌സ് നിര്‍മിച്ചുവേണം ഭാവി വെല്ലുവിളികളെ നേരിടാന്‍ എന്നാണ് പെറി അഭിപ്രായപ്പെടുന്നത്. ഇതിനായി ഉപയോഗിക്കുന്ന സിന്തെറ്റിക് പ്രോട്ടീനില്‍ അടങ്ങിയിരക്കുന്ന അമീനോ ആസിഡ് നമ്മുടെ ശരീരത്തിന്റെ നിര്‍മാണ വസ്തുക്കള്‍ തന്നെയാണ്. വാക്‌സീനുകളില്‍ കൃത്രിമമായി ഒന്നും ചേര്‍ക്കുന്നില്ല. നേരത്തെ അറിയാവുന്നതും സുരക്ഷിതമെന്ന് ഉറപ്പുള്ള ഘടകങ്ങളും മാത്രം  ഉള്‍ക്കൊള്ളിച്ചാണ് ഇവ ഉണ്ടാക്കുന്നത്.

 

English Summary: New ray of hope to avoid refrigeration while transporting vaccines

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com