ADVERTISEMENT

ബഹിരാകാശ മാലിന്യങ്ങളെ പിടികൂടി നശിപ്പിക്കാന്‍ ലോകത്തെ ആദ്യ സാറ്റലൈറ്റ് വിക്ഷേപിക്കാനൊരുങ്ങുകയാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി. സ്വിസ് സ്റ്റാര്‍ട്ട് അപ്പായ ക്ലിയര്‍സ്‌പേസും ബ്രിട്ടിഷ് കമ്പനിയായ എലെക്‌നോര്‍ ഡീമോസും ചേര്‍ന്നാണ് ഈ ദൗത്യം യാഥാര്‍ഥ്യമാക്കുക. 2025ല്‍ വിക്ഷേപിക്കുന്ന ഈ റോബോട്ടിക് സൂയിസൈഡ് മിഷന് 100 ദശലക്ഷം പൗണ്ട് (ഏകദേശം 985 കോടി രൂപ) ചിലവാകുമെന്നാണ് സൂചന. നിയന്ത്രണം നഷ്ടപ്പെട്ട സാറ്റലൈറ്റുകളെ പിടികൂടെ ഭൂമിയിലെ അന്തരീക്ഷത്തിലേക്ക് ഇറക്കി സുരക്ഷിതമായി നശിപ്പിക്കുകയാണ് ചെയ്യുക. 

 

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയില്‍ അംഗങ്ങളായ എട്ട് രാജ്യങ്ങളാണ് ഈ പദ്ധതിക്ക് വേണ്ട ചെലവ് സ്വരൂപിക്കുക. ബഹിരാകാശത്തു നിന്നും സാറ്റലൈറ്റ് മാലിന്യങ്ങള്‍ ശേഖരിച്ച ശേഷം ഭൂമിയിലേക്ക് സ്വയം പതിച്ച് നശിക്കുകയാണ് ഈ ദൗത്യത്തിനിടെ 'ദ ക്ലോ' എന്ന് വിളിക്കുന്ന സാറ്റലൈറ്റ് ചെയ്യുക. സ്വയം നശിക്കുന്നതുകൊണ്ടാണ് റോബോട്ടിക് ആത്മഹത്യാ ദൗത്യം എന്ന പേരിലും ഇത് അറിയപ്പെടുന്നത്. 

 

എയറോസ്‌പേസും പ്രതിരോധ കമ്പനിയായ എല്‍ക്‌നോര്‍ ഡെയ്‌മോസും ചേര്‍ന്നാണ് ക്ലിയര്‍ സ്‌പേസ് 1ന്റെ ആറ്റിറ്റിയൂഡ് ആൻഡ് ഓര്‍ബിറ്റ് കണ്‍ട്രോള്‍ സിസ്റ്റം (എഒസിഎസ്) നിര്‍മിക്കുക. ബഹിരാകാശത്തെ മനുഷ്യ നിര്‍മിത മാലിന്യങ്ങളെ കണ്ടെത്താനും പവര്‍ ജനറേറ്ററുകളും ട്രസ്റ്ററുകളും ആന്റിനകളും ഉപയോഗിച്ചാണ് സാറ്റലൈറ്റ് മാലിന്യങ്ങളെ പിടിച്ചെടുക്കുക. മഹാവിസ്‌ഫോടനം നടന്ന് 1957 വരെ ഭൂമിക്ക് പുറത്തെ അന്തരീക്ഷത്തില്‍ ഒരു മനുഷ്യ നിര്‍മിത വസ്തുവും ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീടു ഇന്നുവരെയുള്ള കാലമെടുത്താല്‍ പതിനായിരത്തിലേറെ സാറ്റലൈറ്റുകളാണ് ഭൂമിക്ക് ചുറ്റും ഭ്രമണം ചെയ്യുന്നത്. ഇതില്‍ ഭൂരിഭാഗവും കാലാവധി കഴിയുകയോ നിയന്ത്രണം നഷ്ടപ്പെടുകയോ ചെയ്തവയാണ്. ഇതുവഴി മനുഷ്യ നിര്‍മിതമായ 16 കോടി വസ്തുക്കളാണ് ഇപ്പോള്‍ ഭൂമിക്ക് ചുറ്റും കറങ്ങുന്നതെന്നാണ് കരുതപ്പെടുന്നത്. ഏതാനും സെന്റിമീറ്ററുകള്‍ മുതല്‍ മീറ്ററുകള്‍ വരെ വലിപ്പമുള്ള ഈ വസ്തുക്കളെയാണ് ബഹിരാകാശ മാലിന്യമെന്ന് പറയുന്നത്. 

 

പലരൂപത്തിലുള്ള ബഹിരാകാശ മാലിന്യങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. സാറ്റലൈറ്റുകളുടെ ഭാഗമായിരുന്ന ക്യാമറകള്‍ മുതല്‍ ബഹിരാകാശ സഞ്ചാരികളുടെ കൈയ്യില്‍ നിന്നും വീണുപോയ സ്പൂണ്‍ വരെ ബഹിരാകാശ മാലിന്യമായി ഭൂമിക്ക് ചുറ്റും കറങ്ങുന്നു. ഏതാനും സെന്റിമീറ്റര്‍ മാത്രമേ വലുപ്പമുള്ളൂവെങ്കില്‍ പോലും മണിക്കൂറില്‍ 27,000 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കുന്ന ഇവ സാറ്റലൈറ്റുകളിലും മറ്റും വന്നിടിച്ചാല്‍ അവയുടെ പ്രവര്‍ത്തനം താറുമാറാവുകയും ചെയ്യും. 

 

സാമ്പ്രദായികവും ഭൂമിയില്‍ സാധ്യമായതുമായ പല മാര്‍ഗങ്ങളും ഇത്തരം ബഹിരാകാശ മാലിന്യങ്ങള്‍ നശിപ്പിക്കുന്നതില്‍ പ്രായോഗികമല്ലെന്നതും ശ്രദ്ധേയമാണ്. പശവെച്ച് ഒട്ടിച്ച് വസ്തുക്കളെ പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ബഹിരാകാശത്തെ അതിശൈത്യം തടയും. വാക്വം കപ്പുകള്‍ പോലുള്ളവയും വായുവില്ലാത്ത ബഹിരാകാശത്ത് പ്രായോഗികമല്ല. കാന്തം ഉപയോഗിച്ച് ബഹിരാകാശ മാലിന്യങ്ങളെ ശേഖരിച്ചുകൂടേ എന്നാണ് നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍. ഭൂരിഭാഗം ബഹിരാകാശ മാലിന്യങ്ങളും കാന്തത്തില്‍ ഒട്ടിപ്പിടിക്കുന്നതല്ലെന്നതാണ് ഉത്തരം. ഇതിനേക്കാള്‍ വലിയ മറ്റൊരു വെല്ലുവിളി ഇതുവരെ 22,000 ബഹിരാകാശ മാലിന്യങ്ങളെ മാത്രമേ നമുക്ക് തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളൂ എന്നതാണ്.

 

English Summary: UK to help build 'The Claw' – the world's first 'space tug' that will remove a piece of space junk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com