ADVERTISEMENT

മുതിര്‍ന്ന ഒരു കൂട്ടം ആളുകളിലെ പ്രായമാകല്‍ പ്രക്രിയയെ തടഞ്ഞു നിർത്താന്‍ തങ്ങള്‍ക്കായെന്ന് ചില ഗവേഷകര്‍ അവകാശപ്പെട്ടു. ഇസ്രയേലിലെ ടെല്‍ അവീവ് യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ പറയുന്നതു ശരിയാണെങ്കില്‍ പ്രായമാകലിനെ പിടിച്ചുകെട്ടാനാകും. ഷമീര്‍ മെഡിക്കല്‍ സെന്ററില്‍ നടത്തിയ ഓക്‌സിജന്‍ തെറാപ്പിയാണ് അതീവ ഗുണകരമായി കണ്ടുവെന്ന് പറയുന്നത്. ഗവേഷകര്‍ 64 വയസിനുമേല്‍ പ്രായമുള്ള 35 സന്നദ്ധപ്രവര്‍ത്തകരില്‍ നടത്തിയ പരീക്ഷണം വിജയിച്ചാതായാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

 

സമ്മര്‍ദ്ദം നിലനിര്‍ത്തിയ അറയില്‍വച്ച് ദിവസവും സന്നദ്ധപ്രവര്‍ത്തകര്‍ക്ക് 90 മിനിറ്റു നേരത്തേക്ക് ശുദ്ധ ഓക്‌സിജന്‍ നല്‍കുകയാണ് ഗവേഷകര്‍ ചെയ്തത്. എല്ലാ ആഴ്ചയും അഞ്ചു ദിവസം വീതം മൂന്നു മാസത്തേക്കു നടത്തിയ പരീക്ഷണങ്ങളാണ് ശാസ്ത്രജ്ഞരെ ഞെട്ടിച്ചത്. മനൂഷ്യ ശരീരത്തില്‍ പ്രായമാകല്‍ ത്വരിതപ്പെടുത്തുന്ന രണ്ടു ഘടകങ്ങളുടെ മുനയൊടിക്കാനായി എന്നാണ് അവര്‍ പറയുന്നത്- ടെലമിയര്‍ ( telomere) കുറുകി കുറുകി വരുന്നത് കുറയ്ക്കാനും, ജീര്‍ണിച്ച (senescent) കോശങ്ങള്‍ കുമിഞ്ഞു കുടുന്നതു തടയാനും തങ്ങള്‍ക്കായെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ശാസ്ത്രജ്ഞര്‍ പറയുന്നത് പരീക്ഷണത്തില്‍ പങ്കെടുത്ത 35 പേരുടെയും ജൈവികമായ പ്രായമായല്‍ പ്രക്രിയ മരിവിപ്പിച്ചു നിർത്താനായി എന്നാണ്.

 

ക്രൊമസോമിന്റെ അഗ്രഭാഗത്തെ തൊപ്പിപോലെ തോന്നുന്ന ഭാഗമാണ് ടെലമിയര്‍ എന്നൊരു നിര്‍വചനം ഉണ്ട്. കോശങ്ങള്‍ സ്വയം പകര്‍പ്പുണ്ടാക്കുന്ന (replicate) സമയത്ത് കേടുപാടുസംഭവിക്കാതെ സംരക്ഷിച്ചു നിർത്തുന്നത് ഈ ഭാഗമാണ്. ഓരോ റിപ്ലിക്കേഷന്‍ സമയത്തും ടെലമിയറിന് പ്രശ്‌നം സംഭവിക്കുകയും അതു കുറുകുകയും ചെയ്യുന്നു. ഒരോ ദിവസം കഴിയും തോറും ഇത് ചെറുതായി ചെറുതായി വരുന്നു. അവ വളരെ ചെറുതാകുന്ന സമയത്ത് അവയ്ക്ക് റിപ്ലിക്കേറ്റു ചെയ്യാനാകാതെ വരുന്നു. പ്രായമാകല്‍ പ്രക്രിയ തുടങ്ങുന്നത് ഇവിടെ വച്ചാണ്. പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞര്‍ പറയുന്നത് ടെലമിയറിനുവരുന്ന നാശം നന്നെ കുറയ്ക്കാന്‍ തങ്ങള്‍ക്കു സാധിച്ചുവെന്നാണ്. അതു കൂടാതെ, നശിച്ചുപോകുന്ന കോശങ്ങളുടെ എണ്ണം കുറയ്ക്കാനും തങ്ങള്‍ക്കായി എന്നാണ് അവരുടെ കണ്ടെത്തല്‍. ശാസ്ത്രജ്ഞര്‍ വിജയകരമായി നടത്തിയ പരീക്ഷണത്തെ വിളിക്കുന്നത് ഹൈപ്പര്‍ബാറിക് (Hyperbaric) ഓക്‌സിജന്‍ തെറാപ്പി എന്നാണ്. രണ്ടു പ്രധാന പ്രായമാകല്‍ പ്രക്രിയകളുടെയും ആഘാതം കുറയ്ക്കാനായി എന്നാണ് അവകാശവാദം.

 

പരീക്ഷണം കഴിഞ്ഞപ്പോള്‍ പങ്കെടുത്തവരുടെ ടെലമിയറുകളുടെ നീളം വര്‍ധിച്ചതായി ഗവേഷകര്‍ പറയുന്നു. ശരാശരി 20 ശതമാനം വരെയാണ് വര്‍ധിച്ചിരിക്കുന്നതത്രെ. ജീര്‍ണിച്ച കോശങ്ങളടിയുന്നത് 37 ശതമാനം കുറയ്ക്കാനുമായെന്നും അവര്‍ പറയുന്നു. ഇത് സന്നദ്ധപ്രവര്‍ത്തകരുടെ ശരീരം 25 വര്‍ഷം മുൻപത്തെ രീതിയിലേക്ക് എത്തിച്ചിരിക്കുന്നുവെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. ടെലമിയര്‍ കുറുകലാണ് പ്രായമാകല്‍ പ്രക്രീയയുടെ കേന്ദ്ര ഘടകങ്ങളിലൊന്ന്. പല ഔഷധശാസ്ത്രപരവും (pharmacological), പരിസ്ഥിതിപരവുമായ ഇടപെടലുകളും ടെലമിയറിന്റെ കാര്യത്തില്‍ മുൻപും നടത്തിയിട്ടുണ്ട്. കുറുകിപ്പോയെ ടെലമിയറുകളെ നീട്ടിയെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ വിജയിച്ചതായി ഗവേഷകര്‍ അവകാശപ്പെടുന്നത്. എന്തായാലും പരീക്ഷണത്തിനു മുൻപും ശേഷവും ടെലമിയറുകളുടെ ദൈര്‍ഘ്യത്തില്‍ വന്ന മാറ്റം ശാസ്ത്ര സമൂഹത്തിന് പുതിയൊരു പ്രതീക്ഷനല്‍കുന്നു. പ്രായമാകല്‍ പ്രക്രീയയെക്കുറിച്ചുള്ള പഠനങ്ങളെ വഴിതിരിച്ചുവിടാന്‍ ഇതിനു സാധിച്ചേക്കും. അടിസ്ഥാനപരമായി, കോശ-ജൈവിക തലത്തില്‍ തന്നെ പ്രായമാകല്‍ പ്രക്രിയയെ തടഞ്ഞു നിർത്താനാകുമോ എന്ന പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞര്‍ പുതിയ നിരീക്ഷണങ്ങള്‍ പരിഗണിക്കും.

 

പ്രായമാകല്‍ കുറയ്ക്കനോ ഒഴിവാക്കനോ നടക്കുന്ന പുതിയ പരീക്ഷണങ്ങളില്‍ ഒന്നു മാത്രമാണിത്. പ്രായമാകലിനെ മറികടക്കാനും കൂടുതല്‍ കാലം ജീവിച്ചിരിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. പ്രായമാകല്‍ മറ്റേതു രോഗവും പോലെ ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കുമെന്നാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ കരുതുന്നത്. കേവലം മൂന്നു മാസങ്ങള്‍ക്കുള്ളില്‍ തങ്ങള്‍ക്കു വരുത്താനായ മാറ്റങ്ങള്‍ അമ്പരപ്പിക്കുന്നതാണെന്നണ് ശാസ്ത്രജ്ഞരുടെ അവകാശവാദം.

 

പ്രായം കുറയ്ക്കാനുള്ള ആദ്യ ശ്രമമല്ല ഇത്. ആയിരക്കണക്കിനു വര്‍ഷങ്ങളായി ഇതിനുളള ശ്രമങ്ങള്‍ നടക്കുന്നു. ആയുര്‍വേദത്തില്‍ പ്രായം കുറയ്ക്കാനുള്ള ശ്രമം തുടങ്ങിയത് ഏകദേശം 5000 വര്‍ഷം മുൻപാണ്. ഇതിനെ രാസായാന (Rasayana) എന്നാണ് വിളിക്കുന്നത്. ഏകദേശം 5000 വര്‍ഷം മുൻപ് ഈജിപ്തിലെ രാജാവ് ഗില്‍ഗമെഷും ചൈനീസ് മരുന്നുകള്‍ ഉപയോഗിച്ച് പ്രായം കുറയ്ക്കല്‍ സാധ്യമാണോ എന്നു പരീക്ഷിച്ചിരുന്നു. ഏകദേശം 2000 വര്‍ഷം മുൻപ് ഈജിപ്ഷ്യന്‍ രാജ്ഞിയായിരുന്ന ക്ലിയോപാട്ര കഴുതപ്പാല്‍ ഉപയോഗിച്ച് പ്രായമാകല്‍ പ്രക്രിയയുടെ ആഘാതം കുറയ്ക്കാന്‍ ശ്രമിച്ചിരുന്നതായി പറയുന്നു. കഴുതപ്പാല്‍ ഇപ്പോഴും പല സൗന്ദര്യവര്‍ധക വസ്തുക്കളിലും ഉപയോഗിക്കുന്നു. പ്രായമാകലിനെതിരെ പ്രവര്‍ത്തിക്കുന്നു എന്നവകാശപ്പെടുന്ന പ്രൊഡക്ടുകളുടെ മാര്‍ക്കറ്റ് 88,000 കോടി രൂപയുടേതാണെന്നു പറയുന്നു. ഇവ ഏറ്റവുമധികം വില്‍ക്കപ്പെടുന്നത് ചൈനയിലും ഓസ്‌ട്രേലിയയിലും ഇന്ത്യയിലും ദക്ഷിണ കൊറിയയിലുമാണ്. ഗൂഗിള്‍ വെഞ്ച്വേഴ്‌സ് അവതരിപ്പിച്ച അമേരിക്കന്‍ വ്യവസായി ബില്‍ മാറിസ് പറയുന്നത് അധികം താമസിയാതെ മനുഷ്യര്‍ക്ക് 500 വര്‍ഷം വരെ ജിവിച്ചിരിക്കുന്ന രീതിയിലേക്ക് എത്തിപ്പെടാന്‍ സാധിച്ചേക്കുമെന്നാണ്. സയന്‍സും ടെക്‌നോളജിയും ഇതു സാധ്യമാക്കുമെന്നും അദ്ദേഹം പറയുന്നു.

 

എന്നാല്‍, എന്തുകൊണ്ടാണ് മനുഷ്യര്‍ പ്രായമാകല്‍ തടയാന്‍ ശ്രമിക്കുന്നതെന്ന് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ്. സൈക്കോളജിസ്റ്റുകള്‍ പറയുന്നത് ചെറുപ്പമായിരിക്കാനുള്ള താത്പര്യം മനുഷ്യരില്‍ ആയിരക്കണക്കിനു വര്‍ഷങ്ങളായി കാണാമെന്നാണ്. റിട്ടയര്‍മെന്റ് ഒഴിവാക്കാന്‍ ഇതു സഹായിക്കുമെന്നു കരുതുന്നു. എന്നാല്‍, ദീര്‍ഘകാലം ജീവിച്ചിരിക്കാന്‍ ശാസ്ത്രത്തെ മാത്രം ആശ്രയിക്കേണ്ട കാര്യമില്ലെന്നതിന്റെ ഉത്തമോദാഹരണമാണ് ചൈനയിലെ ചെമിയാങ് പ്രദേശം. ഇവിടെ മിക്കവരും 100 വയസിനു മുകളില്‍ വരെ ജിവിച്ചിരിക്കുന്നു. ഈ പ്രദേശത്തെ ആളുകള്‍ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നു. അടുത്തെങ്ങും വ്യവാസായ മേഖലകളുമില്ല. ചുരുക്കിപ്പറഞ്ഞാല്‍ അവര്‍ക്ക് വളരെ വൃത്തിയുള്ള അന്തരീക്ഷമാണ് ഉള്ളത്. മറ്റൊന്ന് അവരുടെ ഭക്ഷണ രീതിയാണ്. പഴകാത്ത പഴങ്ങളും പച്ചക്കറികളും അവര്‍ക്ക് നിർലോഭം ലഭിക്കുന്നു. കൂടാതെ, അവര്‍ അന്തിവരെ പാടങ്ങളില്‍ പണിയെടുക്കുന്നു.

 

English Summary: Human ageing reversed in ‘Holy Grail’ study, scientists say

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com